മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ 34-ാം ചരമവാര്‍ഷികം കടന്നു വരുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരേ യോജിച്ചു പോരാടാനുള്ള സന്ദേശം ആ ജീവിതത്തില്‍ തെളിഞ്ഞുനില്‍പ്പുണ്ടെന്ന് കാണാം. സി.എച്ചിന്റെ ഏറ്റവും വലിയ നേട്ടം അദ്ദേഹം സ്വന്തം നാട്ടിലെ ജനങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നുവെന്നതാണ്. അത്തോളിയുടെ ഈ പ്രിയപുത്രന്‍ മതമൈത്രിയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും ദീപശിഖ ഉയര്‍ത്തിപ്പിടിച്ചു എന്നുമാത്രമല്ല അത് പ്രായോഗികമാക്കാന്‍ നാക്കും തൂലികയും അനവരതം ഉപയോഗിക്കുകയും ചെയ്തു.
കടലില്‍ ഏതാനും വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കം കരയില്‍ കലാപത്തിന് വഴിമരുന്നിട്ട സന്ദര്‍ഭം കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവില്ല. നടക്കാവ് പൊലിസ് സ്റ്റേഷനില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ഓടിയെത്തി ആദ്യം വിളിച്ചത് സി.എച്ചിനെയാണ്. കലാകാരനും സാഹിത്യകാരനുമായിരുന്ന കലക്ടര്‍ മലയാറ്റൂര്‍ രാമകൃഷ്ണന് സി.എച്ചിന്റെ സാന്നിധ്യം എന്തെന്നില്ലാത്ത...