തിരുവനന്തപുരം: ചരിത്രത്തെ പിന്നിലാക്കി നടന്നുപോയ മഹാന്‍. കേരള രാഷ്‌ട്രീയത്തിലെ
എക്കാലത്തെയും മഹാ പ്രതിഭ. അശരണരുടെയും ആലംബഹീനരുടെയും രക്ഷകന്‍......അങ്ങനെ
പോകുന്നു സി.എച്ച്.മുഹമ്മദ് കോയ കുറിച്ചുള്ള വിശേഷണങ്ങള്‍. `സി.എച്ച്.മുഹമ്മദ്
കോയ, നവോത്‌ഥാനത്തിന്റെ ഹരിതാക്ഷരി' എന്ന ഡോക്യുമെന്ററിയിലാകെട്ട,
ഇതിനെല്ലാമപ്പുറത്തേക്കുള്ള സി.എച്ചിനെയാണ് ആഖ്യാനം ചെയ്യുന്നത്.
ജ്യോതിപ്രകാശ് സംവിധാനം ചെയ്‌ത നവോത്‌ഥാനത്തിന്റെ ഹരിതാക്ഷരി എന്ന ഡോക്യുമെന്ററി
ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമായിരുന്നു. 26 മിനിട്ട് ദൈര്‍ഘ്യമുള്ള
ഡോക്യുമെന്ററി സി.എച്ചിന്റെ ഇതിഹാസം തീര്‍ത്ത ജീവിതം മുഴുവന്‍
ഒപ്പിയെടുത്തതായിരുന്നു. ബഹുമുഖ പ്രതിഭയായ സി.എച്ചിന്റെ ജനനം മുതല്‍ മരണംവരെയുള്ള
ചരിത്രദിനങ്ങള്‍ അഭ്രപാളിയില്‍ മിന്നിമറഞ്ഞപ്പോള്‍, പുതുതലമുറക്കത്
വിസ്‌മയകാഴ്‌ചയായിമാറി.
രാഷ്‌ട്രീയ ദര്‍ശകന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, ഭരണാധികാരി തുടങ്ങി
സമസ്‌തമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സി.എച്ച്, കേരളത്തിന്റെ സാമൂഹ്യ
സാംസ്‌കാരിക പുരോഗതിക്ക് പ്രത്യേകിച്ച് പിന്നോക്ക അധ:സ്ഥിത ജനവിഭാഗങ്ങളുടെ
മുന്നേറ്റത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ ഡോക്യുമെന്ററിയില്‍ അക്കമിട്ട്
നിരത്തുന്നുണ്ട്. പത്താം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത്, മുസ്‌ലീം,
നാടാര്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്, അങ്ങനെ പട്ടിക
നീളുകയാണ്.
ഡോ.എ.ഗംഗാധരന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.പി.കുഞ്ഞുമൂസ, യു.എ.ഖാദര്‍
തുടങ്ങിയവര്‍ക്ക് പുറമെ സി.എച്ചിന്റെ കുടുംബാംഗങ്ങളും പീഡിതരുടെ വേദന
നെഞ്ചിലേറ്റി, അവരുടെ മുന്നേറ്റത്തിന് ഇന്ധനമാക്കിയ ജനനായകന്റെ സ്‌മരണ
ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നു. പി.വി ഷൗക്കത്തലിയായിരുന്നു ഡോക്യുമെന്ററിയുടെ
തിരക്കഥ ഒരുക്കിയത്.
കേരളത്തിന്റെ മഹത്‌വ്യക്തികളെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്
വകുപ്പ് തയ്യാറാക്കിയ 15 ഡോക്യുമെന്ററികളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ്
കലാഭവനില്‍ `സി.എച്ച്.മുഹമ്മദ് കോയ, നവോത്‌ഥാനത്തിന്റെ ഹരിതാക്ഷരി'
പ്രദര്‍ശിപ്പിച്ചത്. ജി.ഗോപികുട്ടിക്കോല്‍ സംവിധാനം ചെയ്‌ത പി.കൃഷ്‌ണപിള്ള എന്ന
ഡോക്യുമെന്ററിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് വൈക്കം മുഹമ്മദ്
ബഷീറിനെക്കുറിച്ചുള്ള ശബ്‌ദങ്ങള്‍ (സംവിധാനം എം.ആര്‍.ശശിധരന്‍), സ്വാമി
ആനന്ദതീര്‍ത്‌ഥ (സംവിധാനം ദാമോദര്‍ പ്രസാദ്), എന്നിവയും പ്രദര്‍ശിപ്പിച്ചു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ഒ.എന്‍.വി കുറുപ്പ് തുടങ്ങിയവര്‍ പ്രദര്‍ശനം
കാണാന്‍ എത്തിയിരുന്നു.