Saturday, October 5, 2013

മേഘജ്യോതിസ്സു പോലെ സി.എച്ചിന്റെ കഥ - നവാസ് പൂനൂര്‍

ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ചവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ വിരളമാണ്. ആ ഗണത്തില്‍പെടുന്നു സി.എച്ച്. മുഹമ്മദ്‌കോയ സാഹിബ്. അര്‍ഹമായ സ്ഥാനങ്ങള്‍ മാത്രം നേടുകയും നേടിയ പദവികളോട് നീതി പുലര്‍ത്തുകയും ചെയ്തു അദ്ദേഹം.

1969 ഒക്‌ടോബറില്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ വീഴുന്നു. കേരള രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം. എങ്ങും ചൂടേറിയ ചര്‍ച്ചകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ സഫാരി സൂട്ട് ധരിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍ കയ്യില്‍ ഒരു ബ്രീഫ് കേസുമായി ഡല്‍ഹിയില്‍ നിന്ന് വന്നിറങ്ങി. രാജ്യസഭാ അംഗമായിരുന്ന സി.അച്യുതമേനോനായിരുന്നു അത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയില്‍ ഡല്‍ഹി വിട്ട് വന്ന ഈ സി.പി.ഐ നേതാവിനെ പത്രക്കാര്‍ വളഞ്ഞു. കേരളത്തിലെ രാഷ്ട്രീയാനിശ്ചിതത്വവുമായി ബന്ധമുണ്ടോ താങ്കളുടെ പെട്ടെന്നുള്ള ഈ വരവിന് എന്ന് ചോദിച്ച പത്രക്കാരോട് സുസ്‌മേരവദനനായി മേനോന്‍ പറഞ്ഞു. ''എനിക്കറിയില്ല, ബാഫഖി തങ്ങള്‍ വരാന്‍ പറഞ്ഞു. ഞാന്‍ വന്നു. എനിക്ക് തങ്ങളെ കാണണം.'' കേരളത്തിലെ ചെറിയ പാര്‍ട്ടിയുടെ ഈ വലിയ നേതാവിനെ ബാഫഖിതങ്ങള്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി പദവി കയ്യില്‍ കൊടുത്തു. അദ്ദേഹത്തിന് പോലും അത് വിശ്വസിക്കാനായില്ല.


1969 നവംബര്‍ 1-ന് സി.അച്യുതമേനോന്‍ എം.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചൊല്ലി. ഇത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്ന ചരിത്രം. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളില്‍ ഉന്നത നേതാക്കള്‍ മുന്നോട്ട് വെച്ച ആശയം മറ്റൊന്നായിരുന്നു. സി.എച്ച് മുഖ്യമന്ത്രിയാവുക. ഈ നിര്‍ദേശം വന്നപ്പോള്‍ സി.എച്ച് പറഞ്ഞു. ''സമയമായില്ല.'' ഇത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കറിയില്ല. ചരിത്ര ഗവേഷകര്‍ക്ക് മാത്രമറിയുന്ന സത്യം. അത് കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷമാണ് സി.എച്ച് സര്‍വ്വസമ്മതനായി മുഖ്യമന്ത്രി പദവിയിലെത്തുന്നത്.
ആത്മഹര്‍ഷത്തിന്റെ ആരവങ്ങള്‍ ആകാശത്തോളമുയര്‍ത്തി മലയാള നാട് ആദരിച്ചോമനിച്ച സി.എച്ചുമായി ഏറെ അടുത്ത ഹൃദയ ബന്ധം സ്ഥാപിക്കാനായത് എന്റെ യോഗ്യതയല്ല, ഭാഗ്യമാണ്. ബന്ധത്തിന്റെ മുന്‍തലക്ക് എന്റെ പ്രായത്തേക്കാള്‍ പഴക്കം. ബാപ്പ റിട്ട. ജഡ്ജ് അബ്ദുല്‍മജീദ് അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്നു.

1952-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കുറ്റിച്ചിറ വാര്‍ഡില്‍ അങ്കംകുറിച്ചുകൊണ്ടാണ് സി.എച്ച് തെരഞ്ഞെടുപ്പ് രംഗത്ത് വരുന്നത്. മുഖദാറില്‍ മത്സരിക്കാന്‍ ബാഫഖിതങ്ങള്‍ പ്രഖ്യാപിച്ചത് സി.എച്ചിന്റെ സുഹൃത്തായ അഡ്വ.ടി.അബ്ദുല്‍മജീദിനെ. വാശിയേറിയ മത്സരത്തില്‍ രണ്ട് പേരും ജയിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് മജിസ്‌ട്രേറ്റ് സെലക്ഷന്‍ കിട്ടിയപ്പോള്‍ ബാപ്പയും സി.എച്ചും ബാഫഖിതങ്ങളും സീതിസാഹിബുമായി ചര്‍ച്ച ചെയ്തു. ബാഫഖി തങ്ങള്‍ സീതിസാഹിബിന്റെ അഭിപ്രായത്തിന് വിട്ടു. സീതിസാഹിബ് പറഞ്ഞു ''കൗണ്‍സിലറാവാന്‍ നമുക്ക് മിടുക്കന്മാരായ ധാരാളം ആളുകളുണ്ട്. ന്യായാധിപന്മാരാകാന്‍ നമുക്കധികം പേരില്ല.'' അങ്ങനെ രാജിവെച്ച് ജുഡീഷ്യറിയില്‍ ചേക്കേറിയെങ്കിലും അവസാനം വരെ അവരുടെ ആത്മബന്ധം തുടര്‍ന്നു.

ശൈശവ-ബാല-കൗമാര ഘട്ടങ്ങളിലൊക്കെ സി.എച്ചിന്റെ സ്‌നേഹവും പരിലാളനയും ഒരു പാട് കിട്ടിയിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ അദ്ദേഹം മുഖ്യപത്രാധിപരായ ചന്ദ്രികയില്‍ സഹപത്രാധിപരായി നിയമിച്ചു. ഒരു വിദേശയാത്ര കഴിഞ്ഞ് വന്നപ്പോള്‍ കറുത്ത ഒരു ഷീപേഴ്‌സ് പേന എനിക്ക് സമ്മാനിച്ചു.
സി.എച്ച് ആവേശമോ വികാരമോ ഒക്കെയായിരുന്നു മറ്റ് പലരെയുംപോലെ എനിക്കും. ഓര്‍മയില്‍ സൂക്ഷിക്കാന്‍, താലോലിക്കാന്‍ എത്രയെത്ര അനുഭവങ്ങള്‍ സമ്മാനിച്ചു സ്‌നേഹനിധിയായ സി.എച്ച്.

ആ വലിയ മനുഷ്യന്റെ ജീവിതം എന്നെപോലെ ഒരാള്‍എഴുതുക ധിക്കാരമാണെന്ന് തോന്നി. നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ ധൈര്യമുണ്ടായില്ല. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന കുടുംബബന്ധത്തിന്റെ ബലത്തില്‍ എന്റെ ഉള്ളില്‍ പതയുന്ന മോഹം കത്തിലൂടെ ഞാനറിയിച്ചു. നാലാം നാള്‍ മറുപടി. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്. അങ്ങനെ ഞാന്‍ തുടങ്ങി. തിരുവനന്തപുരം കണ്ടോണ്‍മെന്റില്‍, കോഴിക്കോട് ഗസ്റ്റ്ഹൗസില്‍, ബാംഗ്ലൂര്‍ ജിന്താല്‍ പ്രകൃതി ചികിത്സാലയത്തില്‍ അദ്ദേഹത്തോടൊപ്പം നിരവധി ദിവസങ്ങള്‍.
ആ ഹൃദയത്തിന്റെ കുളിര്‍മ്മയില്‍ നിന്ന് ഊറിവീണ മഞ്ഞ് തുള്ളികളുടെ അഴകും ആഴവും വായിച്ചെടുക്കാനായി. അര്‍ജുനന്റെ ശരമഴ പോലെ എതിര്‍ ചേരിയെ വാക് ശരങ്ങള്‍കൊണ്ട് കടന്നാക്രമിക്കാന്‍ കഴിഞ്ഞ യോദ്ധാവിന്റെ ആവനാഴി തൊട്ടറിയാനായി. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ ''സുന്ദരമായ ആ കൊടുങ്കാറ്റിന്റെ'' ശീതളിമ അടുത്തറിയാനായി. ഒരു കുലുങ്ങി ചിരിയുടെ പ്രസാദാത്മകത ആ ജീവിതത്തെ പൊതിഞ്ഞ് നില്‍ക്കുന്നതായി തോന്നി. സ്വന്തം പേര് കാലഘട്ടത്തിന്റെ പര്യായമാക്കിയ അപൂര്‍വ്വം ചിലരില്‍ എന്റെ നേതാവും ഉണ്ടെന്ന് ബോധ്യമായി.

ഖാഈദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നയതന്ത്രജ്ഞതയും സീതിസാഹിബിന്റെ വാഗ് വിലാസവും ബാഫഖിതങ്ങളുടെ മതസൗഹാര്‍ദ്ദ ചിന്തയും പോക്കര്‍ സാഹിബിന്റെ കൂര്‍മ്മ ബുദ്ധിയും പൂക്കോയ തങ്ങളുടെ സ്‌നഹോഷ്മളതയും ഒരു പോലെ സമന്വയിച്ചിരിക്കുന്നു സി.എച്ചില്‍.

സി.എച്ചിനോടൊപ്പമുള്ള യാത്രകളും താമസവും ചര്‍ച്ചകളും എല്ലാം രസകരമായിരുന്നു. പ്രത്യേകിച്ച് ബാംഗ്ലൂരില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ പ്രകൃതി ചികിത്സാലയമാണ് ജിന്താല്‍. ഒരു പാട് ഏക്കര്‍ സ്ഥലം. പ്രകൃതി രമണീയം. ആദ്യ ദിവസങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് വയറ് നിറഞ്ഞെന്ന് പറഞ്ഞ സി.എച്ച് പിന്നീടുള്ള ദിവസങ്ങളില്‍ വിശപ്പിന്റെ വിലയറിഞ്ഞു. ഭക്ഷണക്രമത്തില്‍ കടുത്ത നിയന്ത്രണമാണ്. ഇളനീര്‍ വെള്ളവും പപ്പായ കഷ്ണവും മറ്റുമാണ് പ്രധാനമായും കിട്ടുക. ആമിനത്താത്തയും ചികിത്സയിലാണ്. ഒരു ദിവസം ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ആമിനത്താത്ത കുളിമുറിയിലായിരുന്നു. സി.എച്ച് അദ്ദേഹത്തിന്റെ രണ്ട് കഷ്ണം പപ്പായയും ഇളനീരും കഴിച്ചു. വിശപ്പടങ്ങുന്നില്ല, അല്‍പം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഓഹരിയും മൂപ്പര്‍ അകത്താക്കി. നിസ്‌കാരം കഴിഞ്ഞ് വന്നപ്പോള്‍ സി.എച്ച് പറഞ്ഞു: ''ഇന്ന് നീ ഇളനീര്‍ മാത്രം കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു''. സി.എച്ചിനെ നന്നായറിയാവുന്ന ഭാര്യ ഹൃദ്യമായൊന്ന് ചിരിച്ചു. അമര്‍ത്തി ഒന്ന്മൂളി.

മണ്ണില്‍ കിടക്കുക, മണ്ണ് കൊണ്ട് മൂടുക ഇങ്ങനെ പല ചികിത്സാ രീതികളുമുണ്ട് അവിടെ. കാവേരി നദി ഒഴുകുന്നത് പ്രകൃതി ചികിത്സാലയത്തിന് അടുത്തുകൂടെയാണ്. ഒരു ദിവസം ദാഹിച്ച് വലഞ്ഞപ്പോള്‍ സി.എച്ച് പറഞ്ഞു: ''ഈ കാവേരി ഞാന്‍ കുടിച്ച് വറ്റിക്കും.''

ഇങ്ങനെ എത്രയെത്ര തമാശകളാണ് സി.എച്ച് പറഞ്ഞത്. പതിവ് പോലെ ഭാര്യയേയും സി.എച്ചിന്റെ നിഴലായ ബാബുവിനെയും മറ്റും കളിയാക്കലും തുടര്‍ന്നു.

സി.എച്ചിന്റെ കഥ എന്ന പേര് തന്നെ സി.എച്ചിന് നന്നേ ബോധിച്ചു. എഴുതീത്തീര്‍ത്ത ഓരോ അധ്യായങ്ങളും സി.എച്ചിനെ വായിച്ചു കേള്‍പ്പിച്ചു. വസ്തുതാപരമായ പിഴവുകള്‍ അദ്ദേഹം തിരുത്തും. എല്ലാ അധ്യായങ്ങളും വായിച്ച് കഴിഞ്ഞു. 1983 സപ്തംബര്‍ 25ന് രാവിലെ 9 മണിക്ക് വീട്ടില്‍ സി.എച്ചിന്റെ ഫോണ്‍. അദ്ദേഹം ഗസ്റ്റ് ഹൗസിലുണ്ടെന്ന്. ഉടനെ ഗസ്റ്റ് ഹൗസില്‍ ചെന്നു. കൈ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം ചോദിച്ചു ''എന്റെ കഥ കഴിഞ്ഞില്ലേ.''

ചിരിക്കാതെയുള്ള ചോദ്യം. ഞാന്‍ തളര്‍ന്നുപോയി. കേട്ട് നിന്ന അദ്ദേഹത്തിന്റെ പി.എ മലയില്‍ അബ്ദുല്ലക്കോയയും വല്ലാതായി. ''ഇല്ല'' ഞാന്‍ പറഞ്ഞൊപ്പിച്ചു. ''കഴിയാറായില്ലേ'' വീണ്ടും ചോദ്യം. ബൈന്റിംഗ് കഴിഞ്ഞില്ലെന്നറിയിച്ചപ്പോള്‍ പറഞ്ഞു. ''കുഴപ്പമില്ല അടിച്ച ഫോറങ്ങള്‍ മുഴുവന്‍ എനിക്ക് വേണം''. സി.എച്ചിന്റെ കഥാരചനയില്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്ന എം.എന്‍ കാരശ്ശേരിയും കൂടെ ഉണ്ടായിരുന്നു. സി.എച്ചിന്റെ ഒരുപുസ്തകത്തിന്റെ പുതിയ എഡിഷന്‍ എടുത്ത് അദ്ദേഹം എഴുതി: ''നിരൂപകനായ കാരശ്ശേരിക്ക് വിമര്‍ശനത്തിന്'' ഒപ്പിട്ട് പുസ്തകം കാരശ്ശേരിക്ക് നല്‍കി. തുറന്ന മനസോടെ വിമര്‍ശനം സ്വാഗതം ചെയ്യാനുള്ള സി.എച്ചിന്റെ ഹൃദയ വിശാലത. കാരശ്ശേരി വാചാലനായി, തിരിച്ചുള്ള ഞങ്ങളുടെ യാത്രയില്‍.

തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അടിച്ച ഫോറങ്ങള്‍ കൊണ്ടുപോയിക്കൊടുത്തു. ''റിലീസിംഗിന് ഒരാളെ വേണം'' ''സി.എം പോരെ'' സി.എച്ച് ചോദിച്ചു. ''ഗവര്‍ണ്ണറെ കിട്ടിയാല്‍ നന്നായിരുന്നു.'' എന്റെ ആഗ്രഹമറിയിച്ചു.

''ഹൈദരാബാദില്‍ പോയിവരട്ടെ. മൂന്നാം തിയ്യതി തിരുവനന്തപുരത്ത് വരൂ. നമുക്ക് ഗവര്‍ണറെ കാണാം''. ആ മുഖത്ത് പ്രസന്നത കൂടിയപോലെ. മൂന്നാം തിയ്യതി വന്നു, ഞാന്‍ തിരുവനന്തപുരത്ത് പോയില്ല, എനിക്ക് പോകേണ്ടി വന്നില്ല. അതിനിടയില്‍ സെപ്തംബര്‍ 28ന് സി.എച്ച് നമ്മെ പിരിഞ്ഞു. സുന്ദരമായി ആ കൊടുങ്കാറ്റ് നിലച്ചു. ഭാഷാ വൈഭവത്തിന്റെയും ശൈലീ സൗന്ദര്യത്തിന്റെയും അനര്‍ഗള പ്രവാഹം ഓര്‍മ്മയായി. ആശയത്തെ പുതുമയുടെ ആഘോഷമാക്കി മാറ്റിയ സി.എച്ച് നടന്നുപോയ വഴികളിലെല്ലാം അദ്ഭുതങ്ങള്‍ ബാക്കിവെച്ചു.
1983 നവംബര്‍ 5-ന് കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു സി.എച്ചിന്റെ കഥയുടെ പ്രകാശനം. സി.എച്ച് ആഗ്രഹിച്ചത് പോലെ മുഖ്യമന്ത്രി കരുണാകരന്‍ അത് നിര്‍വ്വഹിച്ചു. ആദ്യപ്രതി സി.എച്ചിന്റെ പുത്രന്‍ മുനീര്‍ ഏറ്റുവാങ്ങി. അഖിലേന്ത്യാ ലീഗ് നേതാക്കളെയും പ്രകാശന ചടങ്ങിന് ക്ഷണിക്കണമെന്ന് സി.എച്ച് ഒരിക്കല്‍ പറഞ്ഞിരുന്നു. പി.എം അബൂബക്കര്‍ പങ്കെടുക്കാമെന്നേറ്റു. പ്രകാശന ദിവസം പുലര്‍ച്ചെ അഖിലേന്ത്യാ പ്രസിഡണ്ട് എം.കെ ഹാജി മരണപ്പെട്ടു. പ്രകാശനം മാറ്റിവെക്കാനുള്ള എന്റെ താല്‍പര്യമറിഞ്ഞ പി.എം വിളിച്ചു: ''ചടങ്ങ് മാറ്റിവെക്കരുത്. ഖബറടക്കം കഴിഞ്ഞ് ഞാനെത്തും''. പി.എം ഓടിക്കിതച്ച് സമയത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗശേഷം പി.എം വികാരോജ്ജ്വലമായ പ്രസംഗം നടത്തി. സി.എച്ചും എം.കെയും ചെയ്ത സേവനങ്ങള്‍ വിവരിച്ച പി.എം പറഞ്ഞു: ''ആ രണ്ട് നേതാക്കളോടും നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഒന്ന്മാത്രം. അവരിരുവരം ആഗ്രഹിച്ചപോലെ സമുദായത്തിന്റെ ഐക്യം സാധ്യമാക്കുക. അതിന് പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക.അല്ലാഹു നമ്മെ അനുഗ്രഹിക്കും''. മാസങ്ങള്‍ക്കകം തന്നെ മുസ്‌ലിം ലീഗ് ഐക്യം യാഥാര്‍ത്ഥ്യമായി.

സി.എച്ചിന്റെ കഥയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ചവരില്‍ ആദ്യത്തെ ആള്‍ സി.എച്ചിന്റെ പത്‌നി ആമിന മുഹമ്മദ്‌കോയയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി.എസ്.സി ചെയര്‍മാനുമായിരുന്ന ടി.എം സാവാന്‍കുട്ടി, എം.എന്‍ കാരശ്ശേരി, ടി.പി ചെറൂപ്പ, കാനേഷ് പൂനൂര്‍ തുടങ്ങിയ ഒരുപാട് പേര്‍ കാര്യമായ സഹായം നല്‍കി.

മേഘജ്യോതിസ്സുപോലെ ക്ഷണികമായിരുന്നു ആ ജീവിതം. ചരിത്രം അതിന്റെ ചെറുതും വുലതുമായ നിയോഗം നിറവേറ്റാന്‍ ചിലരെ തെരഞ്ഞെടുക്കാറുണ്ട്. അത്തരക്കാരുടെ വിയോഗം മൂലം അവരുടെ ദേഹവിയോഗമേ സംഭവിക്കുന്നുള്ളൂ. അവരുടെ ജീവിതത്തിന്റെ തുടര്‍ച്ച നമുക്കിടയില്‍ പിന്നെയും നിലനില്‍ക്കും- അവര്‍ നയിച്ച പ്രസ്ഥാനത്തിലൂടെ, പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലൂടെ, പ്രചരിപ്പിച്ച ആശയത്തിലൂടെ.

Chandrika Daily
9/28/2013 1:39:31 AM

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes