Wednesday, July 25, 2012

സി.എച്ചിന്റെ സര്‍വകലാശാലക്ക് 45-ാം പിറന്നാളിന്റെ ആഹ്ലാദം

തിരുവതാംകൂര്‍ മഹാരാജാവിന്റെ ഭരണ കാലത്ത് തിരുവനന്തപുരത്ത് സ്ഥാപിച്ച കേരള യൂനിവേഴ്‌സിറ്റിയെ വിഭജിച്ച് മലബാറിന് സ്വന്തമായി ഒരു സര്‍വകലാശാല എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിട്ട് ഇന്ന് നാല്‍പ്പത്തിയഞ്ച് വര്‍ഷം.
1968 ജൂലായ് 23നാണ് മലയാളി സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിനായി കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്ഥാപിച്ച് നല്‍കിയത്.
കേരളത്തിലെ ഏക സര്‍വകലാശാലയായ കേരളയെ വിഭജിച്ച് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ പരന്ന് കിടക്കുന്ന മലബാര്‍ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പുതിയൊരു സര്‍വകലാശാലയെന്ന സ്വപ്‌നം പങ്കുവെച്ച സി.എച്ചിന് നേരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ആക്ഷേപശരങ്ങളുമായി രംഗപ്രവേശം ചെയ്തു. എതിര്‍പ്പുകള്‍ തട്ടിമാറ്റി ആക്ഷേപങ്ങളെയും പരിഹാസങ്ങളേയും കണക്കാക്കാതെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. സര്‍വകലാശാല രൂപീകരണമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോയി. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (കൊത്താരി കമ്മീഷന്‍) റിപ്പോര്‍ട്ട് പൊടിതട്ടി എടുത്തു. കേരളത്തില്‍ മറ്റൊരു സര്‍വകലാശാല കൂടി മലബാര്‍ പ്രദേശത്ത് വേണമെന്ന കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് സി.എച്ചിന്റെ തീരുമാനങ്ങള്‍ക്ക് പിന്‍ബലമേകി.
പുതിയ ഒരു സര്‍വകലാശാലയെന്ന ലക്ഷ്യത്തിനായി സി.എച്ച്. മുന്നിട്ടിറങ്ങി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറായ പ്രൊഫ. സാമുവല്‍ മത്തായിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സമിതിയെ ഇതിനായി നിയമിച്ചു. കെ.പി. കേശവമേനോന്‍, കളത്തില്‍ വേലായുധന്‍ നായര്‍, ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, ഫാദര്‍ വടക്കന്‍, ജോസഫ് മുണ്ടശ്ശേരി, എന്‍.എം. പൈലി, പി.പി. ഹസ്സന്‍കോയ എന്നിവരടങ്ങിയ സമിതി കാലിക്കറ്റ് സര്‍വകലാശാല രൂപീകരണത്തിന് ശിപാര്‍ശ നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണ സെന്നിനെയും യു.ജി.സി. ചെയര്‍മാന്‍ ഡി.എസ്. കൊത്താരിയെയും കണ്ട് സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക അനുമതി നേടിയാണ് സി.എച്ച്. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്.

1968 മേയ് മാസത്തില്‍ യു.ജി.സി. പ്രതിനിധി സംഘം അലീഗര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എ. അബ്ദുല്‍ ഹലീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സന്ദര്‍ശിച്ചു. ഏറെ താമസിയാതെ കാലിക്കറ്റ് സര്‍വകലാശാല നിയമം 1968-ലെ 5-ാം നമ്പര്‍ ഓര്‍ഡിനന്‍സായി കേരള ഗവര്‍ണ്ണര്‍ പുറപ്പെടുവിച്ചപ്പോള്‍ സി.എച്ചിന്റെ സ്വപ്‌നത്തോടൊപ്പം മലബാറിന്റെ മുന്നേറ്റവുമാണ് യാഥാര്‍ത്ഥ്യമായത്.
സര്‍വകലാശാല നിലവില്‍ വന്നതോടെ എതിര്‍പ്പിന്റെ മൂര്‍ച്ചയും കൂടി. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തവര്‍ തന്നെയായിരുന്നു സര്‍വകലാശാലക്കെതിരെയും രംഗത്ത് വന്നത്. ”പാക്കിസ്താന്‍ സര്‍വകലാശാലയെന്ന്” വരെ ആക്ഷേപം ഉയര്‍ത്തി. കെ. കേളപ്പനെ പോലെയുള്ളവര്‍ ഇതിന് നേതൃത്വം നല്‍കി. എന്നാല്‍ പതറാതെ സി.എച്ച്. വിമര്‍ശകരെ മുട്ടുകുത്തിച്ചു. സര്‍വകലാശാലക്ക് എന്ത് പേരിടണമെന്നതിനെക്കുറിച്ചും തര്‍ക്കമുണ്ടാക്കി. കാലിക്കറ്റിന്റെ പേര് നല്‍കി സി.എച്ച്. പ്രശ്‌നം പരിഹരിച്ചു. പിന്നീട് മുദ്രയെ ചൊല്ലിയായി ആക്ഷേപം. ദീപത്തെ വികൃതമാക്കിയെന്ന ദുരാരോപണത്തെയും അദ്ദേഹം നേരിട്ടു. ”ഇതൊരു കലാകാരന്റെ കഴിവാണ്. നാമതിനെ മാനിക്കുന്നതല്ലെ ഭംഗി” സി.എച്ച്. വിശദീകരിച്ചതോടെ ആരോപണക്കാര്‍ക്ക് ഉള്‍വലിയേണ്ടി വന്നു.
വൈസ് ചാന്‍സലര്‍ പദവിക്കായി പലരും രംഗത്തുവന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ സി.എച്ച്. പ്രഗത്ഭനായ അക്കാദമീഷ്യനെ കണ്ടെത്തി. ബാംഗ്ലൂരിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തലവനായിരുന്ന ഡോ. എം. മുഹമ്മദ്ഗനിയെന്ന പ്രഗത്ഭ ഭരണ നിപുണനെ പ്രഥമ വൈസ് ചാന്‍സലറാക്കി സി.എച്ച്. എല്ലാവരേയുംഞെട്ടിച്ചു. സര്‍വകലാശാലയുടെ വളര്‍ച്ചക്ക് അടിത്തറ പാകിയത് ഇദ്ദേഹമായിരുന്നു.
1968 സെപ്തംബര്‍ 13ന് കേന്ദ്രമന്ത്രി ത്രിഗുണ്‍സെന്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നിറഞ്ഞ് കവിഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി കോഴിക്കോട് സര്‍വകലാശാല വിളംബരം ചെയ്തപ്പോള്‍ രോമത്തൊപ്പി ധരിച്ച സി.എച്ച്. മുഹമ്മദ്‌കോയയായിരുന്നു ശ്രദ്ധാ ബിന്ദു. കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കിന്റെ കെട്ടിടത്തിലായിരുന്നു സര്‍വകലാശാല താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്നത്. 1969 ഒക്‌ടോബര്‍ 2ന് തേഞ്ഞിപ്പലത്തെ വിശാലമായ 596 ഏക്ര വിസ്തൃതിയുള്ള ക്യാമ്പസിലേക്ക് മാറി.
അഞ്ച് പഠന വിഭാഗങ്ങളും ഒരു മെഡിക്കല്‍ എഞ്ചിനിയറിംഗ് കോളജുള്‍പ്പെടെ 50 അഫിലിയേറ്റഡ് കോളജുകളും മാത്രമാണുണ്ടായിരുന്നത്. ഇന്ന് 36 പഠന വിഭാഗങ്ങളും 350 അഫിലിയേറ്റഡ് കോളജുകളുമായി സംസ്ഥാനത്ത് തന്നെ വലിയ സര്‍വകലാശാലയായി കാലിക്കറ്റ് വളര്‍ന്നിരിക്കുന്നു.
രണ്ട് തവണ വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ എം.എം. ഗനിക്ക് ശേഷം പ്രൊഫ. എന്‍.എ. നൂര്‍ മുഹമ്മദ്, പ്രൊഫ. കെ.എ. ജലീല്‍, ഡോ. ടി.എന്‍. ജയചന്ദ്രന്‍, ഡോ. ടി.കെ. രവീന്ദ്രന്‍, ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. ഇഖ്ബാല്‍ ഹസ്‌നൈന്‍, പ്രൊഫ. അന്‍വര്‍ ജഹാന്‍ സുബേരി എന്നിവര്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ എത്തി. പ്രമുഖ കൃഷി ഗവേഷകനായ ഡോ. എം. അബ്ദുല്‍ സലാമാണ് ഇപ്പോഴത്തെ വൈസ്ചാന്‍സലര്‍. ”കാലിക്കറ്റ് സര്‍വകലാശാല കേവലം ഈ സംസ്ഥാനത്തെ മറ്റൊരുസര്‍വകലാശാല എന്നതില്‍ കവിഞ്ഞ് സംസ്ഥാനത്തെ പുതിയ ഒരു സര്‍വകലാശാലയാകണമെന്നുള്ള എന്റെ മോഹവും തീരുമാനവും തുറന്നു പറയുവാന്‍ ഞാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല.” പ്രഥമ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത് സി.എച്ച്. സര്‍വകലാശാലയുടെ സ്ഥാപന ലക്ഷ്യം വ്യക്തമാക്കി.
പിന്നിട്ട 45 വര്‍ഷങ്ങള്‍ ചികഞ്ഞ് നോക്കുമ്പോള്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ഇടക്കാലത്ത് രാഷ്ട്രീയാതിപ്രസരത്തിന്റെ വേദിയായി സര്‍വകലാശാല വഴിമാറി പോയി. അക്കാദമിക നിലവാരം ഉയര്‍ത്തുവാനുള്ള കഠിന യത്‌നത്തിലാണ് വിസി എം. അബ്ദുല്‍ സലാം ഏര്‍പ്പെട്ടിട്ടുള്ളത്. സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെതാണെന്ന വിസി.യുടെ പ്രഖ്യാപനം അന്വര്‍ത്ഥമാക്കുകയാണ്. കെട്ടികിടന്നിരുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാന്‍ ഇതിനകം സാധ്യമായി. സാധാരണഗതിയില്‍ 6 മാസം കൊണ്ട് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാന്‍ കഴിയും. തരിശായി കിടന്നിരുന്ന സര്‍വകലാശാല ക്യാമ്പസില്‍ മാവിന്‍ തൈകള്‍ നട്ടുവളര്‍ത്തി പരിസ്ഥിതിക്കനുയോജ്യമാക്കി മാറ്റി.കടലാസ് രഹിത സര്‍വകലാശാലക്കായി ഇ ഗവേണ്‍സ് നടപ്പാക്കി. പരീക്ഷാഭവന്‍ ഫലപ്രഖ്യാപനത്തിന് ഡിജിറ്റിലൈസേഷന്‍ നടപ്പാക്കി. മുങ്ങുന്ന ജീവനക്കാരെ കണ്ടെത്താനായി ബയോ മെട്രിക് അറ്റന്റെന്‍സ് ഏര്‍പ്പെടുത്തി. അലകും പിടിയും നഷ്ടപ്പെട്ടിരുന്നഭരണരംഗം ചിട്ടയിലാക്കി. സ്ഥിരം സമര കേന്ദ്രമായിരുന്ന ഭരണവിഭാഗം കാര്യാലയം സമര വിമുക്തമാക്കി. ക്യാമ്പസില്‍ നഷ്ടമായ അച്ചടക്കം തിരികെ കൊണ്ടുവരാന്‍ വി.സി.യുടെ ഇടപെടല്‍ മൂലം സാധിച്ചു. ഗവേഷക രംഗത്തിന് ഊന്നല്‍ നല്‍കി. അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിച്ചു. ഒഴിവുള്ള അധ്യാപക തസ്തികകള്‍ നികത്തി. കായിക വിഭാഗത്തെ ഊര്‍ജ്ജസ്വലമാക്കി. ഹരിത കായിക സമുച്ചയം പദ്ധതിക്ക് തുടക്കമായി. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. അക്കാദമിക മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പുതിയ വി.സി.യും സിന്‍ഡിക്കേറ്റും സര്‍വകലാശാലയെ പുതിയ ദിശയിലേക്ക് വഴി നടത്തുകയാണ്.
കാലിക്കറ്റ് സര്‍വകലാശാല സി.എച്ചിന്റെ വിചാര സന്താനമാണ്. എന്റെ സര്‍വകലാശാലയെന്ന് വിളിച്ച് അദ്ദേഹം താലോലിച്ച് വളര്‍ത്തിയ സര്‍വകലാശാല 45 വയസിലെത്തുമ്പോള്‍ സര്‍വകലാശാലയെ വരുതിയിലാക്കാനുള്ള നിഗൂഢ നീക്കങ്ങളാണ് ”പഴയ സര്‍വകലാശാല വിരോധികള്‍” നടത്തുന്നത്. ജില്ലാ രൂപീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ നുണ പ്രചരണങ്ങള്‍ നടത്തുന്ന ചിലര്‍ കാലിക്കറ്റ് സര്‍വകലാശാലയും തങ്ങളുടെതാക്കി മാറ്റാന്‍ കള്ള പ്രചരണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നു. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല സി.എച്ചിന്റെയും മുസ്‌ലിം ലീഗിന്റെയും ഇഛാശക്തിയുടെ സംഭാവനയാണെന്ന് ചരിത്രം വളച്ചു കെട്ടില്ലാതെ തന്നെ വിളിച്ചു പറയും.

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes