Saturday, September 17, 2011

സി.എച്ച് ചെയര്‍ ഉല്‍ഘാടനം ചെയ്‌തു


സര്‍വകലാശാലയ്ക്കുള്ള യു.ജി.സി ഗ്രാന്റ് ഗണ്യമായി കൂട്ടും- ഇ. അഹമ്മദ്‌



തേഞ്ഞിപ്പലം: പഞ്ചവത്സര പദ്ധതിയില്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ക്ക് യു.ജി.സി ധനസഹായം കൂട്ടുമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഇ. അഹമ്മദ് പ്രസ്താവിച്ചു. ആറുമാസത്തിനകം 12-ാം പഞ്ചവത്സര പദ്ധതി തുടങ്ങും. അതില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ ആനുകൂല്യം നല്‍കും- അഹമ്മദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 'സി.എച്ച്.മുഹമ്മദ്‌കോയ ചെയര്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

'അറിവ് ശേഖരിക്കുക മാത്രമല്ല, നിര്‍മിക്കാന്‍കൂടി സര്‍വകലാശാലയ്ക്ക് കഴിയണം. ബിരുദം കൊടുക്കുന്ന കേന്ദ്രമായിമാത്രം ചുരുങ്ങുന്നത് അഭിലഷണീയമല്ല'- അഹമ്മദ് പറഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സി.എച്ച് ചെയറിനായുള്ള ആദ്യ എന്‍ഡോവ്‌മെന്റ് സ്വീകരിച്ചു. പി.എന്‍. ആലിക്കുട്ടി ഹാജിയുടെ പേരിലാണ് ആദ്യ എന്‍ഡോവ്‌മെന്റ്. മുസ്‌ലിം സമൂഹത്തെയാകെ സാക്ഷരതയിലേക്ക് നയിച്ച നേതാവായിരുന്നു സി.എച്ച് എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. മതസ്​പര്‍ദ്ധയുണ്ടാക്കാതെ സമുദായത്തിനും സമൂഹത്തിനും വേണ്ടത് ഒരുക്കിയെടുക്കാന്‍ കഴിഞ്ഞ ഇന്ത്യയിലെ ഏക നേതാവാണ് അദ്ദേഹം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ചെയറി'ന്റെ ഗവേഷണ ലൈബ്രറി വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം സമൂഹത്തിന് അന്തസ്സും അഭിമാനവും സമ്മാനിച്ച മഹദ്‌വ്യക്തിയാണ് സി.എച്ച്. മുഹമ്മദ്‌കോയയെന്ന് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമെടുത്ത രാഷ്ട്രീയ മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതിന്റെ ഓര്‍മ അദ്ദേഹം പങ്കുവെച്ചു.

പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പുമന്ത്രി എം.കെ.മുനീര്‍, എം.കെ.രാഘവന്‍ എം.പി, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, കെ.പി.എ.മജീദ്, പി.വി.അബ്ദുള്‍വഹാബ്, ഡോ. പി.എ.ഇബ്രാഹിം ഹാജി എന്നിവരും ചെയറിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
സി.എച്ച്. മുഹമ്മദ്‌കോയയെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമ 'ഓര്‍മയിലെ സി.എച്ചി'ന്റെ ഡി.വി.ഡി ഇ. അഹമ്മദിന് നല്‍കി ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. 'സി.എച്ചിന്റെ യാത്ര', പ്രഭാഷണങ്ങള്‍, സഞ്ചാരസാഹിത്യം എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു.

വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം സ്വാഗതവും രജിസ്ട്രാര്‍ പി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് 'ഓര്‍മകളിലെ സി.എച്ച്' ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടന്നു.

'സി.എച്ച്. മുഹമ്മദ്‌കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ്' എന്നതാണ് ചെയറിന്റെ മുഴുവന്‍ പേര്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഒമ്പതാമത്തെ 'ചെയറാ'ണിത്.

1 comments:

Sabu Kottotty said...

ഉം...........

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes