Thursday, September 15, 2011

ബഹുമുഖ സ്വപ്നത്തിന്റെ സാക്ഷാത്കാരം കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. ചെയര്‍

സി.എച്ച്. മുഹമ്മദ് കോയയുടെ വിയോഗത്തിന് ഈ മാസം 28ന് 28 വര്‍ഷം പൂര്‍ത്തിയാവുന്നു. ഹൃദയഭേദകമായ ആ വിയോഗം മൂന്ന് പതിറ്റാണ്ടോടടുക്കുമ്പോഴും മഹാപുരുഷനെ കുറിച്ചുളള ഓര്‍മ്മകള്‍ ഇന്നും ജനഹൃദയങ്ങളെ ത്രസിപ്പിക്കുന്നു. സി.എച്ചിനെ കാണുകയോ അദ്ദേഹത്തെ കേള്‍ക്കുകയോ ചെയ്യാത്ത പുതിയ തലമുറപോലും അദ്ദേഹത്തെ കുറിച്ച് അറിയാനും പറയാനും കാണിക്കുന്ന ആവേശം തന്നെയാണ് മഹത് ജീവിതത്തിന്റെ സാഫല്യം അടയാളപ്പെടുത്തുന്നത്.
ഒരു മേഘജ്യോതിസ്സു പോലെ മറഞ്ഞുപോയെങ്കിലും സി.എച്ച്. പകര്‍ന്ന ആവേശത്തിന്റെ ഇന്ധനം ഇന്നും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാണ്. വ്യാപരിച്ച മേഖലകളിലെല്ലാം പ്രതിഭകൊണ്ടും പ്രയത്നംകൊണ്ടും വ്യക്തിമുദ്ര പതിപ്പിച്ച സി.എച്ച്. ഒരു അപൂര്‍വ്വ പ്രതിഭാസമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ വിശേഷിപ്പിച്ചതുപോലെ, ‘സുന്ദരമായ കൊടുങ്കാറ്റ്’.
സി.എച്ചിന്റെ ഓര്‍മ്മകളെ നിത്യഭാസുരമാക്കുന്ന ഒട്ടേറെ സ്മാരകങ്ങളുണ്ട്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഒരു യുഗസ്രഷ്ടാവിന്റെ സ്ഥാനം നേടിയ സി.എച്ചിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായിരുന്നു കാലിക്കറ്റ് സര്‍വ്വകലാശാല. എന്റെ സര്‍വ്വകലാശാല’എന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം പറയാറുള്ള ഈ സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ സി.എച്ച്. വഹിച്ച നേതൃത്വപരമായ പങ്ക് അനിഷേധ്യമാണ്. സര്‍വ്വകലാശാല ലൈബ്രറിക്ക് സി.എച്ചിന്റെ പേര് നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന്റെ ഓര്‍മ്മകളെ ആദരിക്കുകയും ചെയ്തു. അലീഗഡ് സര്‍വ്വകലാശാലയിലെ മൗലാനാ ആസാദ് ലൈബ്രറി പോലെ കാലിക്കറ്റില്‍ ഒരു സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറി.

മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ലോകോത്തര സര്‍വ്വകലാശാല എന്ന മഹാലക്ഷ്യവുമായി സ്ഥാപിതമായ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അതിന്റെ ശില്‍പിയായ സി.എച്ചിന്റെ പേരില്‍ ഒരു ചെയര്‍ സ്ഥാപിതമായിരിക്കുകയാണ്. സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും സയ്യിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി സെക്രട്ടറിയുമായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷനാണ് ചെയര്‍ ഏര്‍പ്പെടുത്താന്‍ മുന്‍കയ്യെടുത്തത്. ഇതിനാവശ്യമായ 25 ലക്ഷം രൂപയുടെ നിക്ഷേപം നല്‍കാന്‍ മുന്‍ എം.പി. പി.വി. അബ്ദുല്‍ വഹാബ്, ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡോ. പുത്തൂര്‍ റഹ്മാന്‍, യഹിയ തളങ്കര, എ.പി. ശംസുദ്ദീന്‍, കുഞ്ഞിമുഹമ്മദ് ഹാജി ദിബ്ബ എന്നിവര്‍ മുന്നോട്ട് വന്നു. നിരവധി വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്രേസിന്റെ ഈ പുതിയ സംരംഭത്തില്‍ പിന്തുണയും നേതൃത്വവുമായി ഡോ. എം. കെ. മുനീര്‍, കെ.എം. ഷാജി, ടി. മുജീബ് റഹ്മാന്‍ എന്നിവര്‍ കൂടി കര്‍മ്മ നിരതരായതോടെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ യാഥാര്‍ത്ഥ്യമായി.

മുന്‍ വൈസ് ചാന്‍സലര്‍ അന്‍വര്‍ജഹാന്‍ സുബേരി, അന്നത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.കെ. അബ്ദുറബ്ബ്, സി.പി. അബൂബക്കര്‍, രജിസ്ട്രാര്‍ ഡോ. പി.കെ. നാരായണന്‍, ഫിനാന്‍സ് ഓഫീസര്‍ പി. രമേശ് തുടങ്ങിയവര്‍ ചെയര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വ്യക്തിപരമായ താല്‍പര്യം കാണിച്ചവരാണ്. ചെയറിന്റെ ഔപചാരിക ഉദ്ഘാടനം സെപ്തംബര്‍ 16ന് വെള്ളിയാഴ്ച 3 മണിക്ക് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ കേന്ദ്ര മാനവ വിഭവശേഷി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വ്വഹിക്കും.

പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിംഗ് സൊസൈറ്റീസ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളില്‍ ഗവേഷണം നടത്തുന്നവര്‍ക്കും അതിന് ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചെയര്‍ മുന്‍കയ്യെടുക്കും. സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍, പ്രത്യേകിച്ച് ഇന്ന് ഗൗരവപൂര്‍വ്വമായ പഠനങ്ങള്‍ ആവശ്യമാണ്. സമൂഹ പുരോഗതിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി ശാസ്ത്രീയമായ പഠന ഗവേഷണങ്ങള്‍ നടത്തി നേടുന്ന അറിവ് ഏറ്റവും ആവശ്യമാണിന്ന്. നയ രൂപവല്‍കരണത്തിന് ദിശാനിര്‍ദ്ദേശം നല്‍കുന്ന ഇത്തരം പഠനങ്ങള്‍ക്കുവേണ്ടി എന്‍ഡോവ്മെന്റുകള്‍ ഏര്‍പ്പെടുത്തി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പുകള്‍ നല്‍കുക എന്നതാണ് വിഭാവനം ചെയ്യുന്ന പ്രധാന പദ്ധതികളില്‍ ഒന്ന്. ചെയര്‍ ഉദ്ഘാടന ചടങ്ങില്‍ ആദ്യ എന്‍ഡോവ്മെന്റ് സ്വീകരിച്ച് വ്യവസായ എെ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇതിന് തുടക്കം കുറിക്കും.

സി.എച്ച് ചെയറിനെ ഒരംഗീകൃത ഗവേഷണ കേന്ദ്രമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ആധുനികമായ ലൈബ്രറി സൗകര്യങ്ങള്‍ ആവശ്യമാണ്. ഏഴ് വര്‍ഷമായി ഗ്രേയ്സ് എഡ്യുക്കേഷണല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാപ്പിള ഹെരിറ്റേജ് ലൈബ്രറിയുടേതടക്കം പുസ്തകങ്ങള്‍ സി.എച്ച്. ചെയറില്‍ ലഭ്യമാക്കും. ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് നിര്‍വ്വഹിക്കുന്നത്.

സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും സമൂഹത്തെ തൊട്ടുണര്‍ത്തുന്ന നിരവധി പദ്ധതികളും ആശയങ്ങളും അവതരിപ്പിച്ചതായി കാണാം. ലൈബ്രറി, ഗവേഷണ പഠന കേന്ദ്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍. ഭരണാധികാരി എന്ന നിലയില്‍ പല സംരംഭങ്ങളും തുടങ്ങിവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളം അഭിമാനപൂര്‍വ്വമാണ് അക്കാര്യങ്ങള്‍ ഓര്‍ക്കുന്നത്. സി.എച്ചിന്റെ സ്മാരകമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഒരു പഠന കേന്ദ്രം തീര്‍ച്ചയായും ഉചിത സ്മാരകമായിരിക്കും.

പുതിയ വൈസ് ചാന്‍സ്ലര്‍ ഡോ. എം. അബ്ദുല്‍സലാം കര്‍മ്മനിരതമായ ഒരു അദ്ധ്യായത്തിന് കാലിക്കറ്റില്‍ തുടക്കമിടുകയാണ്. സി.എച്ച്. ചെയറിനെ സംബന്ധിച്ച് അദ്ദേഹം വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുകയുണ്ടായി. അക്കാദമിക സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണ ഈ സംരംഭത്തിനുണ്ട്. ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. എം. ഗംഗാധരന്‍, ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. വി. കുഞ്ഞാലി, ഡോ. ടി.പി. അഹമ്മദ്, ഡോ. പി.പി. മുഹമ്മദ്, ഡോ. എം.എച്ച്. ഇല്ല്യാസ്, ഡോ. ഷീനാ ഷുക്കൂര്‍, ഡോ. എസ്.എം. മുഹമ്മദ് കോയ, ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി. ഡോ. പി.പി. അബ്ദുല്‍ഹഖ്, ഡോ. സി.പി. അബ്ദുല്‍ ഹമീദ്, ഡോ. സുബൈര്‍ ഹുദവി, എം.സി. ഇബ്രാഹിം, എം.എെ തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങി അക്കാദമിക വിദഗ്ധരാണ് സി.എച്ച്. ചെയറിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

കേരളത്തിലെ മുസ്ലിം സമുദായത്തിന് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ആദ്യകാല നേതാക്കളുടെ അമര സ്മൃതികളാണ് സി.എച്ച്. എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ദേശീയ ജീവിതത്തിനു കേരളത്തിലെ മുസ്ലിം സമൂഹം നല്‍കിയ തിളക്കമാര്‍ന്ന സംഭാവനയാണ് സി.എച്ച്. സംസ്ഥാന ജനസംഖ്യയില്‍ കാല്‍ഭാഗം വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തിയ ഏക വ്യക്തി സി.എച്ച്. മുഹമ്മദ് കോയ ആയത് ആകസ്മികമല്ല. പത്രപ്രവര്‍ത്തകനായും ഗ്രന്ഥകാരനായും പ്രഭാഷകനായും നിയമ നിര്‍മ്മാണ സാമാജികനായും ഭരണാധികാരിയായും ആവേശവും ആശയങ്ങളും വാരി വിതറുന്ന മഹാ നായകനായും ചരിത്രത്തില്‍ ഇടംപിടിച്ച സി.എച്ചിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല. അദ്ദേഹത്തിന്റെ പേരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉയരുന്ന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് സി.എച്ചിന്റെ രാഷ്ട്രീയ ശിഷ്യന്‍ കൂടിയായ ഇ. അഹമ്മദാണ് കേന്ദ്രത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെകൂടി സഹമന്ത്രിസ്ഥാനം വഹിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഈ ഉദ്ഘാടനം നിര്‍വഹിക്കുന്നത് എന്നത് അസുലഭമായ ചരിത്ര സാക്ഷ്യമായി അവശേഷിക്കുന്നു.

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes