പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)
പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്‌കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത സൗഹാര്‍ദ്ദത്തിലൂടെ അതിനെ ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തരാക്കുക എന്നതാണ് രാഷ്ട്രീയ ധര്‍മ്മമെന്ന് സി.എച്ച് ഓര്‍മ്മിപ്പിച്ചു. മതം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതി വീഴാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു സി.എച്ചിന്റേത്. വര്‍ഗീയ-തീവ്രവാദ സ്വാധീനങ്ങളെ വലിയൊരളവില്‍ ചെറുക്കുന്നതില്‍ അതു വഴിവെച്ചു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഇന്ത്യന്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സി.എച്ച് പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.
ജനാധിപത്യവും മത നിരപേക്ഷതയും ദേശീയതയും മത വിരുദ്ധമാണെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിച്ചിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് സ്വ സമുദായത്തെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ തന്നെ ഇതര സമുദായങ്ങളോട് സാഹോദര്യവും സഹവര്‍ത്തിത്വവും പുലര്‍ത്തി. ഇതര സമുദായങ്ങളുടെ അവകാശങ്ങളിലേക്ക് കടന്നു കയറാതിരിക്കാനുള്ള ജനാധിപത്യ ബോധവും സഹിഷ്ണുതയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സി.എച്ച് പുലര്‍ത്തി. മികച്ച വാഗ്മിയായിരുന്ന സി.എച്ച് മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചു. വാക്കുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ മറ്റ് ആയുധങ്ങളൊന്നും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല. വാക്കുകള്‍ തോല്‍ക്കുന്നിടത്തേ ആയുധം വേണ്ടൂ. സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല. നിശ്ചിത മൂര്‍ച്ചയോടെ അതു ലക്ഷ്യസ്ഥാനങ്ങളില്‍ തറച്ചു.
1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്തു പുരോഗമന ആശയങ്ങള്‍ നടപ്പാക്കുന്നതിന്റെ വക്താവായി. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന മുസ്്‌ലിം സമൂഹത്തെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രാദേശിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്‌കൂളുകള്‍ തുറന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകള്‍ കൊണ്ടുവന്നതിന് പിന്നിലും സി.എച്ചിന്റെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു.
തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും പ്രഗല്‍ഭനായ പത്രാധിപരായി ശോഭിക്കാന്‍ സി.എച്ചിനായി. സാഹിത്യ തല്‍പരനായ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം മികച്ച വായനക്കാരനുമായിരുന്നു. ഇക്കാലത്തെ പ്രശസ്തരായ പല എഴുത്തുകാരും സി.എച്ചിന്റെ പ്രോത്സാഹനത്താല്‍ സാഹിത്യ മണ്ഡലത്തില്‍ ചുവടുറപ്പിച്ചവരാണ്. നിയമസഭാംഗം, സ്പീക്കര്‍, പ്രതിപക്ഷ പാര്‍ട്ടി നേതാവ്, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെ പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം കളങ്കമില്ലാത്ത സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്‍ സി.എച്ചിന് സാധിച്ചു. സ്പീക്കര്‍ എന്ന നിലക്ക് നിയമസഭാ നടപടികള്‍ ജനാധിപത്യ മൂല്യങ്ങളിലുറപ്പിച്ച് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അസാധാരണമായ പ്രാഗത്ഭ്യമാണ് കാണിച്ചത്.
ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തിച്ചോ അവിടെയെല്ലാം തന്റെ മികവാര്‍ന്ന വ്യക്തിത്വത്തിന്റെ മുദ്ര പതിപ്പിക്കാന്‍ സി.എച്ചിന് കഴിഞ്ഞിരുന്നു. സ്പീക്കറായും മുഖ്യമന്ത്രിയായും പല ചുമതലകളില്‍ കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നൊരാളായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സി.എച്ചിന് എന്നും പ്രത്യേക കഴിവുണ്ടായിരുന്നു. മുമ്പില്‍ വന്നു നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കാണാതെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനം ഒരിക്കലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ശേഷം ആ നാടിനെകുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന് സത്യങ്ങള്‍ കാണുന്നതിന് ഒരിക്കലും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ തടസ്സമായില്ല. ഇങ്ങനെ പൊതുവില്‍ വിശാലമായൊരു സമീപനം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു.
ന്യൂനപക്ഷ പുരോഗതിക്ക് തന്റേതായ വഴികളിലൂടെ സഞ്ചരിച്ച നേതാവായിരുന്നു സി.എച്ച്. എന്നാല്‍, അതൊരിക്കലും ഇതര മതങ്ങളോടുള്ള ആദരവില്‍ കുറവുവരുത്തികൊണ്ടായിരുന്നില്ല. തന്റെ സമുദായം ഏതെങ്കിലും സ്വാധീനത്തിനു വഴങ്ങി മത വിദ്വേഷത്തിലേക്കു വഴുതി വീഴാതിരിക്കാനുള്ള ഉയര്‍ന്ന രാഷ്ട്രീയ ജാഗ്രത അദ്ദേഹം എന്നും പുലര്‍ത്തിയിരുന്നു. പൊതുമണ്ഡലത്തില്‍ മതേതര വീക്ഷണത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് അത്തരം ദര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി അവയുടെ സാക്ഷാത്കാരത്തിനു വേണ്ടി ധീരമായി നിലയുറപ്പിച്ച സി.എച്ച് മുഹമ്മദ്‌കോയയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഏതൊരു പ്രവൃത്തിയും അഭിനന്ദനാര്‍ഹമാണ്.
(കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്റെ സി.എച്ച് അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് )
News @ Chandrika Daily
22.12.2016
0 comments:
Post a Comment