Tuesday, October 8, 2013

സി.എച്ച് സ്മരണയില്‍ : ഡി. ബാബുപോള്‍ (മുന്‍ ചീഫ് സെക്രട്ടറി)


നേരില്‍ കാണുന്നതിന് മുമ്പ് സി.എച്ച്. മുഹമ്മദ്കോയ ആയി വേഷം കെട്ടിയ കഥ ആദ്യം പറയാം. ഇടത്തോട്ടുടുത്ത മുണ്ട്, അക്കാലത്തൊക്കെ പരിഷ്കാരമായി കരുതിവന്ന ബുഷ്കോട്ട് എന്ന് സായിപ്പ് പേരിട്ട ഷര്‍ട്ട്, പോക്കറ്റില്‍ സ്വര്‍ണക്യാപ്പുള്ള ഒരു പേന, തലയില്‍ ഒരു സി.എച്ച് തൊപ്പി. കാലം 1957-58. സ്ഥലം ആലുവ യു.സി കോളജിലെ ഓഡിറ്റോറിയം. സന്ദര്‍ഭം ഒരു മോക്ക് അസംബ്ളി. ഫൈനലിയറിലെ ഏതോ ഒരു പ്രസംഗശ്രീ ആയിരുന്നു പി.ടി. ചാക്കോ, പ്രതിപക്ഷ നേതാവ്. അദ്ദേഹം അവിശ്വാസപ്രമേയം അവതരിപ്പിച്ചു. സി.എച്ച്, അതായത് ഞാന്‍, പിന്താങ്ങി. അന്ന് പ്രമേയം വോട്ടിനിടുകയായിരുന്നോ, മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് എം.എല്‍.എമാര്‍ ബഹളം വെച്ചതിനാല്‍ സഭ പിരിച്ചുവിടുകയായിരുന്നോ എന്നൊന്നും ഓര്‍മവരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ 16 വയസ്സില്‍ കിട്ടിയ അംഗീകാരമായിരുന്നു സി.എച്ചായി പ്രസംഗിക്കാനുള്ള നിയോഗം എന്ന് ഗ്രഹിക്കാനാവുന്നുണ്ട്. കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ വാഗ്മികളുടെ നിരയിലാണല്ളോ സി.എച്ചിന്‍െറ സ്ഥാനം. മനോഹരമായ മലയാളം, വരമൊഴിയിലെ ശയ്യാസുഖ വാമൊഴിഭാവം കൈക്കൊള്ളുമ്പോള്‍ ശ്രോതാവിന് ലഭിക്കുന്ന ശ്രവണസുഖം, കടലിലെ അലകളെപ്പോലെ ഇടക്കിടെ ഉയര്‍ന്നും പിന്നെ താഴ്ന്നും പിന്നെപ്പിന്നെ പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ശാന്തമായും വീണ്ടും തുടിച്ചും. എന്തൊരു ചേലായിരുന്നു സി.എച്ചിന്‍െറ വാഗ്മിതയില്‍ അഭിരമിച്ചങ്ങനെ ഇരിക്കാന്‍!
1979. സി.എച്ച് മുഖ്യമന്ത്രിയാണ്. പെരുമ്പാവൂരിലെ ഞങ്ങളുടെ പള്ളിമുറ്റത്ത് ഒരു മഹാസമ്മേളനം. എന്‍െറ അച്ഛന്‍ വൈദികനായിട്ട് അരനൂറ്റാണ്ട് തികയുന്ന നാള്‍. ഏതാണ്ട് മൂന്ന് വ്യാഴവട്ടക്കാലം ഹെഡ്മാസ്റ്റര്‍ ആയിരുന്ന അച്ഛന്‍െറ വിപുലമായ ശിഷ്യസമൂഹം ജാതിമതഭേദമില്ലാതെ നടത്തിയ ആഘോഷം. ഗവര്‍ണര്‍ ജ്യോതി വെങ്കടചെല്ലവും മുഖ്യമന്ത്രിയും ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും എല്ലാം ഉള്ള വേദി. സി.എച്ച് 20 മിനിറ്റ് പ്രസംഗിച്ചു. അതിനിടെ ആ സദസ്സ് രണ്ട് പ്രാവശ്യം കൈയടിച്ചു. സദസ്സിനെ ഒപ്പംകൂട്ടി ഒരു യാത്ര. ഒരു ഗിരിശൃംഗത്തില്‍ എത്തുമ്പോള്‍ കരഘോഷം. പിന്നെ താഴ്വരയിലൂടെ ജനത്തെ നയിച്ച് അടുത്ത ഗിരിശൃംഗത്തിലേക്ക്. ഇടക്ക് യാത്രാക്ഷീണം അകറ്റാന്‍ ഒന്നുരണ്ട് നര്‍മോക്തികള്‍.
അതേ, സി.എച്ചിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന സിദ്ധി ആ വാഗ്വൈഭവംതന്നെയാണ്.
1960 കാലത്താണ് സി.എച്ചിനെ ആദ്യം നേരില്‍ കണ്ടത്. കോഴിക്കോടന്‍ സുഹൃത്തുക്കളായിരുന്ന പി.എം. മുഹമ്മദ്കോയ (പിന്നീട് ചീഫ് എന്‍ജിനീയര്‍), ബിച്ച എന്ന ടി.പി. ഇമ്പിച്ചമ്മദ് (എം.ഇ.എസ് നേതാവ്, വ്യവസായി), എന്‍ജിനീയറിങ് കോളജിന് തൊട്ടടുത്ത ലോ കോളജിലെ ഇ.അഹമ്മദ് (ലീഗ് നേതാവ്) തുടങ്ങിയവര്‍ക്കൊപ്പമാണ് സായാഹ്നസവാരിയെങ്കില്‍ പാളയത്തെ ക്രിസ്ത്യന്‍പള്ളിക്കും മുസ്ലിം പള്ളിക്കും ഒത്തനടുവില്‍, ക്ഷേത്രത്തിനും രക്തസാക്ഷിമണ്ഡപത്തിനും അടുത്ത്, നില്‍ക്കുന്ന സ്ഥാനംകൊണ്ട് നിലപാടും വീക്ഷണവും പ്രഖ്യാപിക്കുന്നു എന്ന മാതിരി നില്‍ക്കുന്ന യുവസുമുഖനായ നിയമസഭാ സ്പീക്കറെ കാണുകയും കോഴിക്കോട്ടുകാര്‍ കുശലംപറയുന്നതിന് സാക്ഷിയാവുകയും ചെയ്യുമായിരുന്നു. അവര്‍ക്കൊപ്പമല്ളെങ്കില്‍ ഞങ്ങള്‍ ശേഷം പേര്‍ ഒരിക്കലും അടുത്തുപോയില്ല. അദ്ദേഹം സ്പീക്കറാണല്ളോ.
അതിലും ഉണ്ടായിരുന്നു പ്രത്യേകത. സി.എച്ച് ഇന്ത്യയിലത്തെന്നെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കര്‍ ആയിരുന്നു. 30ഓ മറ്റോ ആയിരുന്നിരിക്കണം പ്രായം. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സി.എച്ച് ശ്രദ്ധേയനാവുന്നത് രണ്ട് സംഗതികള്‍ മൂലമാണ്. ഒന്ന്, വിദ്യാഭ്യാസത്തിന്‍െറ, പ്രത്യേകിച്ചും സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ, ഉള്ളടക്കത്തില്‍ സി.എച്ച് ശ്രദ്ധിച്ചു. ഒരു മന്ത്രിക്ക് ഉറങ്ങിയുണരുന്ന വേഗത്തില്‍ നടത്തിയെടുക്കാവുന്നതല്ല വിദ്യാഭ്യാസ പരിഷ്കരണം. സ്വാഭാവികമായും ഈ രംഗത്തെ സംഭാവനകള്‍ ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ട് പ്രസിദ്ധമാവുന്നതുവരെ സാമാന്യജനങ്ങള്‍ക്ക് തിരിച്ചറിയാനാവുകയില്ല. എങ്കിലും കൊച്ചി സര്‍വകലാശാല ഒരു തെളിവാണ്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കാനുള്ള ബില്‍ നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ മുണ്ടശ്ശേരി ഒരു പ്രഭാഷണം നടത്തി. ആ ദര്‍ശനം സി.എച്ചിനെ ആകര്‍ഷിച്ചു. മുണ്ടശ്ശേരിയെക്കൊണ്ട് രാജിവെപ്പിച്ച് അദ്ദേഹത്തെ വൈസ് ചാന്‍സലറാക്കി സി.എച്ച്. കക്ഷിരാഷ്ട്രീയത്തിനതീതമായ ദീര്‍ഘവീക്ഷണം. രണ്ടാമത്തെ സംഗതി, വിദ്യാഭ്യാസത്തെ സി.എച്ച് സാമൂഹികവിപ്ളവത്തിന്‍െറയും പ്രാദേശിക വികസനത്തിന്‍െറയും ആയുധമാക്കി എന്നതാണ്. കോഴിക്കോട് സര്‍വകലാശാലയും മലബാര്‍ പ്രദേശത്ത് ആരംഭിച്ച പള്ളിക്കൂടങ്ങളും കലാശാലകളും എല്ലാം അതിന് ദൃശ്യമായ തെളിവുകളാണല്ളോ. കുട നന്നാക്കുന്ന കാക്കാമാരെ അറബിമുന്‍ഷി എന്ന് പേരിട്ട് സര്‍ക്കാര്‍ ശമ്പളക്കാരാക്കി എന്ന ക്രൂരമായ ആരോപണം ഒക്കെ ഉണ്ടായി എന്നത് മറക്കുന്നില്ല. എന്നാല്‍, ആരോപണം ഉന്നയിച്ചവര്‍ക്കാണ് തെറ്റിയത് എന്നതിന് കാലമാണ് സാക്ഷി.
കെ.ടി. ജലീല്‍ ഇന്ന് ലീഗില്‍ അല്ളെങ്കിലും ജലീലുമാരുടെ തലമുറ സി.എച്ചിന്‍െറ സൃഷ്ടിയാണ് എന്ന് ‘മധ്യരേഖ’ നേരത്തേ നിരീക്ഷിച്ചിട്ടുള്ളതാണ്. ചേര്‍ത്തുപറയേണ്ടതാണ് മുസ്ലിംസ്ത്രീകളുടെ വിദ്യാഭ്യാസം പുരോഗതി പ്രാപിച്ചതും. ഏത് സമൂഹത്തിന്‍െറയും പുരോഗതി ആ സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരത്തോട് ബന്ധപ്പെട്ടിരിക്കുന്നു. 1968-71 കാലത്ത് മലബാറില്‍ വടക്ക് കണ്ണൂരും തെക്ക് പാലക്കാട്ടും ജോലി ചെയ്തിട്ടുണ്ട് ഞാന്‍. അന്നത്തെ അവസ്ഥയല്ല ഇന്ന് മുസ്ലിം സമുദായത്തിന്‍േറത്. കുറെപ്പേര്‍ പണക്കാരായി എന്നതല്ല സൂചിതം. വമ്പിച്ച തുക ചെലവാക്കി വലിയ പള്ളികള്‍ പണിതു എന്നതുമല്ല. ആധുനിക വിദ്യാഭ്യാസത്തില്‍ മുസ്ലിം സമുദായം കൈവരിച്ചിട്ടുള്ള പുരോഗതിയാണ് എന്നെ ആഹ്ളാദിപ്പിക്കുന്നത്. എം.എസ്.എഫിന്‍െറ ഒരു യോഗത്തില്‍ പോയത് ഓര്‍ക്കുന്നു. പത്തുനാലായിരം പേര്‍ ഇരിക്കുന്ന പന്തലില്‍ പകുതിയിലേറെ സര്‍വകലാശാലാ വിദ്യാര്‍ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍. 1957ല്‍ ആലുവ യു.സി കോളജിലെ പ്രീ പ്രഫഷനല്‍ ക്ളാസില്‍ ആയിഷ (എന്നാണോര്‍മ) എന്നൊരു സുന്ദരി മാത്രം ആണ് പ്രീ മെഡിസിന്‍ പഠിക്കാന്‍ ഉണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടി. ആയിഷക്ക് പിന്നെ എന്തുസംഭവിച്ചു എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഒരു ‘ഗൈനക്കോളജിസ്റ്റ് (റിട്ട.) ആയിരിക്കാം. ഏതായാലും ആയിഷ ഉമ്മുമ്മയുടെ കൊച്ചുമകള്‍ എം.ബി.ബി.എസ് ക്ളാസില്‍ ഒറ്റക്കായിരിക്കില്ല എന്നതുറപ്പാണ്. അത് സംവരണംകൊണ്ട് മാത്രം ഉണ്ടാകുന്ന പ്രതിഭാസം അല്ല.
സംവരണം പ്രയോജനപ്പെടുത്താന്‍ കഴിയുമാറ് പ്രാഗല്ഭ്യം ആര്‍ജിച്ച ഒരു തലമുറ ഉള്ളതുകൊണ്ടാണ് ഈ സ്ഥിതി സംജാതമാകുന്നത്. ഒരൊറ്റയാളുടെ മാന്ത്രികദണ്ഡുകൊണ്ട് സാധിക്കുന്നതല്ല അത് എന്നത് ശരിതന്നെ. എങ്കിലും ഒരൊറ്റയാളുടെ പേര് പറയേണ്ടിവന്നാല്‍ സി.എച്ച്. മുഹമ്മദ്കോയ എന്നുതന്നെ പറയണം. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരകാലത്ത് മലബാറിന്‍െറയും വിശേഷിച്ച് മുസ്ലിം സമുദായത്തിന്‍െറയും നവോത്ഥാന നായകന്‍ എന്ന് ചരിത്രം സി.എച്ചിനെ അടയാളപ്പെടുത്തുന്നത്.
സി.എച്ച് ഉണ്ടായിരുന്നെങ്കില്‍ മുളയില്‍ നുള്ളപ്പെടുമായിരുന്ന വിവാദങ്ങള്‍ നാം ഇന്ന് കാണുന്നുണ്ട്. സി.എച്ച് ഉണ്ടായിരുന്നെങ്കില്‍ മുള പൊട്ടുകപോലും അസാധ്യമായിരുന്ന വിവാദങ്ങള്‍ നാം ശ്രദ്ധിക്കുന്നുമുണ്ട്. ഋതുമതിയായാലുടനെ കെട്ടിച്ചുവിടണമെന്നും നാല്കെട്ടാനുള്ള അനുവാദം അങ്ങനെ ചെയ്തുകൊള്ളണമെന്നുള്ള നിയമമായി പരിഗണിച്ചുകൊള്ളണമെന്നും മറ്റും പറയുന്നവര്‍ സൂക്ഷ്മന്യൂനപക്ഷം ആണെങ്കിലും അവര്‍ അസ്മാദൃശന്മാരെ അനുസ്മരിപ്പിക്കുന്നത് ആ അതികായന്‍െറ അസാന്നിധ്യത്തെക്കുറിച്ചാണ്.

1 comments:

Unknown said...

അറിവ് പകരുന്ന അനുസ്മരണം...... സുനില്‍

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes