Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Monday, November 25, 2013

വൈജ്ഞാനിക വിപ്ലവത്തിന് അടിക്കല്ല് പാകിയത് സി.എച്ച് എന്ന പ്രസ്ഥാനം: ഇ.ടി




ദോഹ: ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗത്തിന് കൈവന്ന വൈജ്ഞാനിക മുന്നേറ്റത്തിന്റെ കുതിപ്പിന് നാന്ദികുറിച്ചത് സി.എച്ച് മുഹമ്മദ് കോയയെന്ന ഭരണകര്‍ത്താവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സി.എച്ച് ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ വിദ്യാഭ്യാസ മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് പിന്നീട് വന്ന ഭരണാധികാരികള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഇന്നത്തെ നിലയില്‍ പ്രശോഭിതമാക്കാന്‍ സഹായകരമാക്കിയതെന്നും അദ്ദേഹം തുടര്‍ന്നു.

ഇന്ന് നാട്ടില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.എച്ച് തുടക്കംകുറിച്ചുപോയ വൈജ്ഞാനിക വിപ്ലവത്തിന്റെ ഉത്പന്നങ്ങളാണ്. തന്റെ സമുദായത്തിന് അര്‍ഹമായത് പിടിച്ചുപറ്റുമ്പോഴും സഹോദര സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനും സി.എച്ച് ഏറെ ശ്രദ്ധിച്ചു. അതിന്റെ പരിണിതഫലമാണ് കേരളത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷമെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ചിനുശേഷം വന്ന ഭരണാധികാരികള്‍ക്ക് സംസ്‌കൃത സര്‍വകലാശാലയും മലയാളം സര്‍വകലാശാലയും സ്ഥാപിക്കാന്‍ പ്രചോദനമായതും സി.എച്ച് ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളില്‍നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടുകൊണ്ടാണെന്നും ഇ.ടി പറഞ്ഞു.

ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം 'സ്മൃതി പഥങ്ങളില്‍ സി.എച്ച്' അനുസ്മരണവും പൊതു സമ്മേളനവും കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ടി.

സി മോയിന്‍ കുട്ടി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, കെ എം സി സി സംസ്ഥാന ഉപദേശകസമിതിയംഗം എസ്.എ.എം ബഷീര്‍, പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.വി അബ്ദുല്ല, താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.എസ് മുഹമ്മദലി പ്രസംഗിച്ചു.

സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ തായമ്പത്ത് കുഞ്ഞാലി, എ.പി അബ്ദുര്‍റഹ്മാന്‍, നിഅ്മതുള്ള കോട്ടക്കല്‍, എം.പി ഷാഫി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ഹറമൈന്‍ സംബന്ധിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി സീറോ ബാലന്‍സ് നേട്ടം കൈവരിച്ചു കുടിശ്ശിക രഹിത മണ്ഡലമായി പ്രഖ്യാപിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പറക്കല്‍ അബ്ദുല്ലയില്‍ നിന്നും ഉമ്മര്‍ പൂനൂര്‍, പി.സി മജീദ് എന്നിവര്‍ ഏറ്റുവാങ്ങി.

ജില്ലാ കെ.എം.സി.സി മലബാര്‍ മഹോത്സവം 2014 ബ്രോഷര്‍ പ്രകാശനം കലോത്സവം ചെയര്‍മാന്‍ അന്‍വര്‍ ബാബു വടകര, കായികോത്സവം ചെയര്‍മാന്‍ അസീസ് നരിക്കുനി, മിജിയാസ് മുക്കം മുജീബ് ദേവര്‍കൊവില്‍ എന്നിവര്‍ പ്രകാശനം ചെയ്തു. ബഷീര്‍ ഖാന്‍ കെ.പി, മുഹമ്മദ് അലി കെ.കെ.വി, ഫൈസല്‍ അരോമ എന്നിവര്‍ അതിഥി കള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ നല്‍കി കെ.കെ മൊയ്തു മൗലവി പ്രാര്‍ത്ഥന നടത്തി. ആക്ടിംഗ് പ്രസിഡന്റ് പുതുക്കുടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ തയ്യില്‍ സ്വാഗതവും സെക്രട്ടറി സി.പി സദഖത്തുല്ല നന്ദിയും പറഞ്ഞു. ഇസ്മാഈല്‍ കണ്ണൂക്കര, നവാസ് കോട്ടക്കല്‍, അജ്മല്‍ നബീല്‍, കെ.പി സലാം, മുജീബ് കൊയിശ്ശേരി, റിയാസ് ബാബു, അജ്മല്‍ ടി.കെ, മുനീര്‍ പയന്തോങ്ങ്, സാബിത്ത് തലായി, ഷാനവാസ് സി.പി, സഹദ് കാര്‍ത്തികപ്പള്ളി, സൂപ്പി, കല്ലറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday, October 8, 2013

സി.എച്ച് സ്മരണയില്‍ : ഡി. ബാബുപോള്‍ (മുന്‍ ചീഫ് സെക്രട്ടറി)


നേരില്‍ കാണുന്നതിന് മുമ്പ് സി.എച്ച്. മുഹമ്മദ്കോയ ആയി വേഷം കെട്ടിയ കഥ ആദ്യം പറയാം. ഇടത്തോട്ടുടുത്ത മുണ്ട്, അക്കാലത്തൊക്കെ പരിഷ്കാരമായി കരുതിവന്ന ബുഷ്കോട്ട് എന്ന് സായിപ്പ് പേരിട്ട ഷര്‍ട്ട്, പോക്കറ്റില്‍ സ്വര്‍ണക്യാപ്പുള്ള ഒരു പേന, തലയില്‍ ഒരു സി.എച്ച് തൊപ്പി. കാലം 1957-58. സ്ഥലം ആലുവ യു.സി കോളജിലെ ഓഡിറ്റോറിയം. സന്ദര്‍ഭം ഒരു മോക്ക് അസംബ്ളി. ഫൈനലിയറിലെ ഏതോ ഒരു പ്രസംഗശ്രീ ആയിരുന്നു പി.ടി. ചാക്കോ, പ്രതിപക്ഷ നേതാവ്. അദ്ദേഹം അവിശ്വാസപ്രമേയം അവതരിപ്പിച്ചു. സി.എച്ച്, അതായത് ഞാന്‍, പിന്താങ്ങി. അന്ന് പ്രമേയം വോട്ടിനിടുകയായിരുന്നോ, മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് എം.എല്‍.എമാര്‍ ബഹളം വെച്ചതിനാല്‍ സഭ പിരിച്ചുവിടുകയായിരുന്നോ എന്നൊന്നും ഓര്‍മവരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ 16 വയസ്സില്‍ കിട്ടിയ അംഗീകാരമായിരുന്നു സി.എച്ചായി പ്രസംഗിക്കാനുള്ള നിയോഗം എന്ന് ഗ്രഹിക്കാനാവുന്നുണ്ട്. കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ വാഗ്മികളുടെ നിരയിലാണല്ളോ സി.എച്ചിന്‍െറ സ്ഥാനം. മനോഹരമായ മലയാളം, വരമൊഴിയിലെ ശയ്യാസുഖ വാമൊഴിഭാവം കൈക്കൊള്ളുമ്പോള്‍ ശ്രോതാവിന് ലഭിക്കുന്ന ശ്രവണസുഖം, കടലിലെ അലകളെപ്പോലെ ഇടക്കിടെ ഉയര്‍ന്നും പിന്നെ താഴ്ന്നും പിന്നെപ്പിന്നെ പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ശാന്തമായും വീണ്ടും തുടിച്ചും. എന്തൊരു ചേലായിരുന്നു സി.എച്ചിന്‍െറ വാഗ്മിതയില്‍ അഭിരമിച്ചങ്ങനെ ഇരിക്കാന്‍!
1979. സി.എച്ച് മുഖ്യമന്ത്രിയാണ്. പെരുമ്പാവൂരിലെ ഞങ്ങളുടെ പള്ളിമുറ്റത്ത് ഒരു മഹാസമ്മേളനം. എന്‍െറ അച്ഛന്‍ വൈദികനായിട്ട് അരനൂറ്റാണ്ട് തികയുന്ന നാള്‍. ഏതാണ്ട് മൂന്ന് വ്യാഴവട്ടക്കാലം ഹെഡ്മാസ്റ്റര്‍ ആയിരുന്ന അച്ഛന്‍െറ വിപുലമായ ശിഷ്യസമൂഹം ജാതിമതഭേദമില്ലാതെ നടത്തിയ ആഘോഷം. ഗവര്‍ണര്‍ ജ്യോതി വെങ്കടചെല്ലവും മുഖ്യമന്ത്രിയും ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും എല്ലാം ഉള്ള വേദി. സി.എച്ച് 20 മിനിറ്റ് പ്രസംഗിച്ചു. അതിനിടെ ആ സദസ്സ് രണ്ട് പ്രാവശ്യം കൈയടിച്ചു. സദസ്സിനെ ഒപ്പംകൂട്ടി ഒരു യാത്ര. ഒരു ഗിരിശൃംഗത്തില്‍ എത്തുമ്പോള്‍ കരഘോഷം. പിന്നെ താഴ്വരയിലൂടെ ജനത്തെ നയിച്ച് അടുത്ത ഗിരിശൃംഗത്തിലേക്ക്. ഇടക്ക് യാത്രാക്ഷീണം അകറ്റാന്‍ ഒന്നുരണ്ട് നര്‍മോക്തികള്‍.
അതേ, സി.എച്ചിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന സിദ്ധി ആ വാഗ്വൈഭവംതന്നെയാണ്.
1960 കാലത്താണ് സി.എച്ചിനെ ആദ്യം നേരില്‍ കണ്ടത്. കോഴിക്കോടന്‍ സുഹൃത്തുക്കളായിരുന്ന പി.എം. മുഹമ്മദ്കോയ (പിന്നീട് ചീഫ് എന്‍ജിനീയര്‍), ബിച്ച എന്ന ടി.പി. ഇമ്പിച്ചമ്മദ് (എം.ഇ.എസ് നേതാവ്, വ്യവസായി), എന്‍ജിനീയറിങ് കോളജിന് തൊട്ടടുത്ത ലോ കോളജിലെ ഇ.അഹമ്മദ് (ലീഗ് നേതാവ്) തുടങ്ങിയവര്‍ക്കൊപ്പമാണ് സായാഹ്നസവാരിയെങ്കില്‍ പാളയത്തെ ക്രിസ്ത്യന്‍പള്ളിക്കും മുസ്ലിം പള്ളിക്കും ഒത്തനടുവില്‍, ക്ഷേത്രത്തിനും രക്തസാക്ഷിമണ്ഡപത്തിനും അടുത്ത്, നില്‍ക്കുന്ന സ്ഥാനംകൊണ്ട് നിലപാടും വീക്ഷണവും പ്രഖ്യാപിക്കുന്നു എന്ന മാതിരി നില്‍ക്കുന്ന യുവസുമുഖനായ നിയമസഭാ സ്പീക്കറെ കാണുകയും കോഴിക്കോട്ടുകാര്‍ കുശലംപറയുന്നതിന് സാക്ഷിയാവുകയും ചെയ്യുമായിരുന്നു. അവര്‍ക്കൊപ്പമല്ളെങ്കില്‍ ഞങ്ങള്‍ ശേഷം പേര്‍ ഒരിക്കലും അടുത്തുപോയില്ല. അദ്ദേഹം സ്പീക്കറാണല്ളോ.
അതിലും ഉണ്ടായിരുന്നു പ്രത്യേകത. സി.എച്ച് ഇന്ത്യയിലത്തെന്നെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കര്‍ ആയിരുന്നു. 30ഓ മറ്റോ ആയിരുന്നിരിക്കണം പ്രായം. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സി.എച്ച് ശ്രദ്ധേയനാവുന്നത് രണ്ട് സംഗതികള്‍ മൂലമാണ്. ഒന്ന്, വിദ്യാഭ്യാസത്തിന്‍െറ, പ്രത്യേകിച്ചും സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ, ഉള്ളടക്കത്തില്‍ സി.എച്ച് ശ്രദ്ധിച്ചു. ഒരു മന്ത്രിക്ക് ഉറങ്ങിയുണരുന്ന വേഗത്തില്‍ നടത്തിയെടുക്കാവുന്നതല്ല വിദ്യാഭ്യാസ പരിഷ്കരണം. സ്വാഭാവികമായും ഈ രംഗത്തെ സംഭാവനകള്‍ ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ട് പ്രസിദ്ധമാവുന്നതുവരെ സാമാന്യജനങ്ങള്‍ക്ക് തിരിച്ചറിയാനാവുകയില്ല. എങ്കിലും കൊച്ചി സര്‍വകലാശാല ഒരു തെളിവാണ്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കാനുള്ള ബില്‍ നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ മുണ്ടശ്ശേരി ഒരു പ്രഭാഷണം നടത്തി. ആ ദര്‍ശനം സി.എച്ചിനെ ആകര്‍ഷിച്ചു. മുണ്ടശ്ശേരിയെക്കൊണ്ട് രാജിവെപ്പിച്ച് അദ്ദേഹത്തെ വൈസ് ചാന്‍സലറാക്കി സി.എച്ച്. കക്ഷിരാഷ്ട്രീയത്തിനതീതമായ ദീര്‍ഘവീക്ഷണം. രണ്ടാമത്തെ സംഗതി, വിദ്യാഭ്യാസത്തെ സി.എച്ച് സാമൂഹികവിപ്ളവത്തിന്‍െറയും പ്രാദേശിക വികസനത്തിന്‍െറയും ആയുധമാക്കി എന്നതാണ്. കോഴിക്കോട് സര്‍വകലാശാലയും മലബാര്‍ പ്രദേശത്ത് ആരംഭിച്ച പള്ളിക്കൂടങ്ങളും കലാശാലകളും എല്ലാം അതിന് ദൃശ്യമായ തെളിവുകളാണല്ളോ. കുട നന്നാക്കുന്ന കാക്കാമാരെ അറബിമുന്‍ഷി എന്ന് പേരിട്ട് സര്‍ക്കാര്‍ ശമ്പളക്കാരാക്കി എന്ന ക്രൂരമായ ആരോപണം ഒക്കെ ഉണ്ടായി എന്നത് മറക്കുന്നില്ല. എന്നാല്‍, ആരോപണം ഉന്നയിച്ചവര്‍ക്കാണ് തെറ്റിയത് എന്നതിന് കാലമാണ് സാക്ഷി.
കെ.ടി. ജലീല്‍ ഇന്ന് ലീഗില്‍ അല്ളെങ്കിലും ജലീലുമാരുടെ തലമുറ സി.എച്ചിന്‍െറ സൃഷ്ടിയാണ് എന്ന് ‘മധ്യരേഖ’ നേരത്തേ നിരീക്ഷിച്ചിട്ടുള്ളതാണ്. ചേര്‍ത്തുപറയേണ്ടതാണ് മുസ്ലിംസ്ത്രീകളുടെ വിദ്യാഭ്യാസം പുരോഗതി പ്രാപിച്ചതും. ഏത് സമൂഹത്തിന്‍െറയും പുരോഗതി ആ സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരത്തോട് ബന്ധപ്പെട്ടിരിക്കുന്നു. 1968-71 കാലത്ത് മലബാറില്‍ വടക്ക് കണ്ണൂരും തെക്ക് പാലക്കാട്ടും ജോലി ചെയ്തിട്ടുണ്ട് ഞാന്‍. അന്നത്തെ അവസ്ഥയല്ല ഇന്ന് മുസ്ലിം സമുദായത്തിന്‍േറത്. കുറെപ്പേര്‍ പണക്കാരായി എന്നതല്ല സൂചിതം. വമ്പിച്ച തുക ചെലവാക്കി വലിയ പള്ളികള്‍ പണിതു എന്നതുമല്ല. ആധുനിക വിദ്യാഭ്യാസത്തില്‍ മുസ്ലിം സമുദായം കൈവരിച്ചിട്ടുള്ള പുരോഗതിയാണ് എന്നെ ആഹ്ളാദിപ്പിക്കുന്നത്. എം.എസ്.എഫിന്‍െറ ഒരു യോഗത്തില്‍ പോയത് ഓര്‍ക്കുന്നു. പത്തുനാലായിരം പേര്‍ ഇരിക്കുന്ന പന്തലില്‍ പകുതിയിലേറെ സര്‍വകലാശാലാ വിദ്യാര്‍ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍. 1957ല്‍ ആലുവ യു.സി കോളജിലെ പ്രീ പ്രഫഷനല്‍ ക്ളാസില്‍ ആയിഷ (എന്നാണോര്‍മ) എന്നൊരു സുന്ദരി മാത്രം ആണ് പ്രീ മെഡിസിന്‍ പഠിക്കാന്‍ ഉണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടി. ആയിഷക്ക് പിന്നെ എന്തുസംഭവിച്ചു എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഒരു ‘ഗൈനക്കോളജിസ്റ്റ് (റിട്ട.) ആയിരിക്കാം. ഏതായാലും ആയിഷ ഉമ്മുമ്മയുടെ കൊച്ചുമകള്‍ എം.ബി.ബി.എസ് ക്ളാസില്‍ ഒറ്റക്കായിരിക്കില്ല എന്നതുറപ്പാണ്. അത് സംവരണംകൊണ്ട് മാത്രം ഉണ്ടാകുന്ന പ്രതിഭാസം അല്ല.
സംവരണം പ്രയോജനപ്പെടുത്താന്‍ കഴിയുമാറ് പ്രാഗല്ഭ്യം ആര്‍ജിച്ച ഒരു തലമുറ ഉള്ളതുകൊണ്ടാണ് ഈ സ്ഥിതി സംജാതമാകുന്നത്. ഒരൊറ്റയാളുടെ മാന്ത്രികദണ്ഡുകൊണ്ട് സാധിക്കുന്നതല്ല അത് എന്നത് ശരിതന്നെ. എങ്കിലും ഒരൊറ്റയാളുടെ പേര് പറയേണ്ടിവന്നാല്‍ സി.എച്ച്. മുഹമ്മദ്കോയ എന്നുതന്നെ പറയണം. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരകാലത്ത് മലബാറിന്‍െറയും വിശേഷിച്ച് മുസ്ലിം സമുദായത്തിന്‍െറയും നവോത്ഥാന നായകന്‍ എന്ന് ചരിത്രം സി.എച്ചിനെ അടയാളപ്പെടുത്തുന്നത്.
സി.എച്ച് ഉണ്ടായിരുന്നെങ്കില്‍ മുളയില്‍ നുള്ളപ്പെടുമായിരുന്ന വിവാദങ്ങള്‍ നാം ഇന്ന് കാണുന്നുണ്ട്. സി.എച്ച് ഉണ്ടായിരുന്നെങ്കില്‍ മുള പൊട്ടുകപോലും അസാധ്യമായിരുന്ന വിവാദങ്ങള്‍ നാം ശ്രദ്ധിക്കുന്നുമുണ്ട്. ഋതുമതിയായാലുടനെ കെട്ടിച്ചുവിടണമെന്നും നാല്കെട്ടാനുള്ള അനുവാദം അങ്ങനെ ചെയ്തുകൊള്ളണമെന്നുള്ള നിയമമായി പരിഗണിച്ചുകൊള്ളണമെന്നും മറ്റും പറയുന്നവര്‍ സൂക്ഷ്മന്യൂനപക്ഷം ആണെങ്കിലും അവര്‍ അസ്മാദൃശന്മാരെ അനുസ്മരിപ്പിക്കുന്നത് ആ അതികായന്‍െറ അസാന്നിധ്യത്തെക്കുറിച്ചാണ്.

Saturday, September 28, 2013

അബുദാബിയില്‍ സി.എച്ച് അനുസ്മരണ വാരത്തിന് ഇന്നാരംഭം

അബുദാബിയില്‍ സി.എച്ച് അനുസ്മരണ വാരത്തിന് ഇന്നാരംഭം
- gulf desk
Posted On: 9/27/2013 6:44:12 PM  


അബുദാബി: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ സമ്മേളനത്തിന് ഇന്ന് അബുദാബിയില്‍ തുടക്കം കുറിക്കും. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് പ്രമുഖ പ്രവാസി കാര്‍ട്ടൂണിസ്റ്റ് നസീര്‍ രാമന്തളിയുടെ സി.എച്ചിന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്ര പ്രദര്‍ശനം നടക്കും. ഒരാഴ്ച നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഭാരവാഹികള്‍ വ്യക്തമാക്കി.

അടുത്ത മാസം മൂന്നു വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഗായകരുടെ നേതൃത്വത്തില്‍ സി.എച്ച് അനുസ്മരണ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സദസ് നടക്കും. മൂന്നിന് നടക്കുന്ന അനുസ്മരണ സമാപന സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.

Thursday, May 16, 2013

ഇങ്ങനെയൊരാള്‍ ഇനി എത്രനാള്‍ കഴിഞ്ഞ്‌

ആറുവര്‍ഷം മുമ്പ്‌ സംസ്ഥാന മുസ്‌ലിംലീഗ്‌ കമ്മിറ്റി കോഴിക്കോട്ട്‌ മുസ്‌ലിം ബുദ്ധിജീവികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. തൊട്ടുമുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംഭവിച്ച ക്ഷീണത്തിന്റെ പശ്ചാതലത്തില്‍ ഈ ഒത്തുചേരലിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ചര്‍ച്ച തുടങ്ങിവെച്ച ഫാറൂഖ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ.എ.ജലീല്‍ സാഹിബ്‌ ഒരു കാര്യം പറഞ്ഞു : സമുദായത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും രാഷ്‌ട്രീയ ശക്തി അനിവാര്യമാണ്‌. രാഷ്‌ട്രീയശക്തിക്കു ക്ഷയം സംഭവിച്ചുകൂടാ. ഈ അഭിപ്രായത്തിന്‌ ഉപോല്‍ബലകമായി അദ്ദേഹം പശ്ചിമബംഗാളിലെ സ്ഥിതി ഉദാഹരിക്കുകയും ചെയ്‌തു. അവിടെ മുസ്‌ലിംകള്‍ ജനസംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തിലധികം വരുമെങ്കിലും എല്ലാ തുറകളിലും അവര്‍ പിന്നോട്ടുപോയി. ഒരു രാഷ്‌ട്രീയ ശക്തിയായി വളരാന്‍ അവര്‍ക്ക്‌ കഴിയാത്തതാണു പ്രധാന കാരണം.

സി.എച്ച്‌.മുഹമ്മദ്‌ കോയാ സാഹിബും മുന്‍കാല നേതാക്കളും ചെയ്‌ത സേവനമിതാണ്‌. അവര്‍ കേരള മുസ്‌ലിംകളെ ഒരു രാഷ്‌ട്രീയ ശക്തിയാക്കി മാറ്റി. പ്രൊഫസര്‍ കെ.എ.ജലീല്‍ സാഹിബിനെപ്പോലെയുള്ള എത്രയോ സാമൂഹിക നിരീക്ഷകര്‍ ഇക്കാര്യം പല സന്ദര്‍ഭങ്ങളിലായി എടുത്തുപറഞ്ഞിട്ടുണ്ട്‌.
ഇരുപത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ അന്തരിച്ച സി.എച്ചിന്റെ വ്യക്തി വൈശിഷ്‌ട്യത്തെക്കുറിച്ചും കേരള രാഷട്രീയത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും എത്രയോ പേര്‍ ഇപ്പോഴും അനുസ്‌മരിക്കുന്നുണ്ട്‌. പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു വരികയും മുസ്‌ലിം ലീഗിന്റെ അനിഷേധ്യ നേതാവായിത്തീരുകയും പൊതുസമൂഹത്തിന്റെ ആദരം നേടുകയും ചെയ്‌ത സി.എച്ചിന്റെ ജീവിതം, ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വഴികാട്ടുന്ന പാഠപുസ്‌തകമാണ്‌.

കേരള മുസ്‌ലിം സമുദായത്തില്‍ പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ വ്യക്തിയാണ്‌ സി.എച്ച്‌ എന്നു �മുസ്‌ലിംസ്‌ ഓഫ്‌ കേരള� എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ ഡോ : റൊളാങ്‌ ഇ മില്ലര്‍ അടയാളപ്പെടുത്തുന്നുണ്ട്‌. മുസ്‌ലിം സമുദായത്തെ മതേതര ജനാധിപത്യ മാര്‍ഗത്തില്‍ രാഷ്‌ട്രീയമായി സംഘടിപ്പിക്കാനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മറ്റു പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുമാണ്‌ സി.എച്ച്‌. പഠിപ്പിച്ചത്‌. ഖാഇദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബ്‌, സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കെ.എം. സീതിസാഹിബ്‌, പാണക്കാട്‌ തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിന്‍ കീഴില്‍, മറ്റു സമകാലിക നേതാക്കളുടെ നേതാവാകാനും സംഘടനയുടെ ശബ്‌ദമാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സി.എച്ചിന്റെ പ്രയോഗങ്ങളും ഉപമകളും ഇന്നും രാഷ്‌ട്രീയ വേദികളില്‍ നിന്ന്‌ മുഴങ്ങുന്നു. പണ്‌ഡിതോചിതമായ ആ പ്രഭാഷണങ്ങള്‍ വഴി പനമ്പിള്ളി ഗോവിന്ദമേനോന്റേയും ജോസഫ്‌ മുണ്ടശ്ശേരിയുടേയും കൂടെ സി.എച്ച്‌. അനുസ്‌മരിക്കപ്പെടുന്നു. എത്രദൂരം താണ്ടിയും എത്രനേരം കാത്തിരുന്നും ആലക്തിക ശക്തിയുള്ള ആ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. അഭിസംബോധന കൊണ്ടു തന്നെ സദസ്സിനെ ഇളക്കി മറിക്കുന്ന വാഗ്‌ധോരണിയില്‍ ആരും ലയിച്ചിരുന്നു പോകും. ഒരു വാചകത്തില്‍ തന്നെ ശോകത്തിന്റെ നിഴല്‍ പരത്താനും ക്ഷോഭത്തിന്റെ കടലിരമ്പമുണ്ടാക്കാനും ഫലിതം ചേര്‍ത്ത്‌ പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അനുപമ സിദ്ധിയായിരുന്നു അത്‌. സി.എച്ചിന്റെ പ്രസംഗം ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയ ആയതില്‍ അത്ഭുതമില്ല.

സത്താര്‍ സേട്ട്‌ സാഹിബിന്റേയും സീതിസാഹിബിന്റേയും പരിലാളനയില്‍ ബാഫഖി തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്ന സി.എച്ച്‌ വളരെ ചെറുപ്പത്തിലേ നേതൃനിരയിലെത്തിയ വ്യക്തിയാണ്‌. 23-ാം വയസ്സില്‍ അദ്ദേഹം ചന്ദ്രിക പത്രാധിപരായിരുന്നു. മുപ്പതുകാരനായിരിക്കെ കേരള നിയമസഭയില്‍ മുസ്‌ലിം ലീഗ്‌ നിയമസഭാ കക്ഷി നേതാവായി. കക്ഷി നേതാവായും സ്‌പീക്കറായും മുഖ്യമന്ത്രിയായും നിയമസഭയില്‍ പ്രവര്‍ത്തിച്ച റിക്കാര്‍ഡ്‌ സി.എച്ചിന്റേത്‌ മാത്രമാണ്‌. നഗരസഭാംഗമായി തുടങ്ങിയ ആ നിയമ സാമാജിക ജീവിതത്തിനിടയില്‍ രണ്ടുതവണ ലോക്‌സഭയിലുമെത്തി. 1957-ലെ ഒന്നാം കേരള നിയമസഭയുടെ കണ്ടുപിടുത്തം സി.എച്ച്‌. മുഹമ്മദ്‌ കോയയായിരുന്നുവെന്നു രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ.ജയശങ്കര്‍ അദ്ദേഹത്തിന്റെ `കമ്മ്യൂണിസ്‌റ്റ്‌ ഭരണവും വിമോചന സമരവും’�എന്ന പുസ്‌തകത്തില്‍ അഭിപ്രായപ്പെടുന്നത്‌ കാണാം.

വാഗ്‌മിയായും പത്രാധിപരായും സഞ്ചാര സാഹിത്യകാരനായും ഭരണ കര്‍ത്താവായും അറിയപ്പെട്ട സി.എച്ച്‌ സമകാലികരായ സാഹിത്യകാരന്മാരുമായും ബുദ്ധിജീവികളുമായും പുലര്‍ത്തിയ വ്യക്തിബന്ധം ശ്രദ്ധേയമായിരുന്നു. കവി യൂസഫലി കേച്ചേരിയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നെഹ്‌റുവിനെക്കുറിച്ച്‌ കേച്ചേരി എഴുതിയ കവിതയിലെ വരികള്‍ ഉറക്കെച്ചൊല്ലി സി.എച്ച്‌ ആശ്ലേഷിച്ച കഥ കവി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ക്രാന്തദര്‍ശിയായ സീതിസാഹിബിന്റെ കര്‍മ്മമാര്‍ഗ്ഗം പിന്തുടര്‍ന്ന ധിഷണാ ശാലിയായിരുന്നു സി.എച്ച്‌. കേരളത്തിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട്‌ ജാമിഅ: നൂരിയ്യയുടെ ബിരുദദാനച്ചടങ്ങില്‍ യുവപണ്‌ഡിതന്മാര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുത്‌ എന്നു പ്രസംഗിക്കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അപ്പത്തരങ്ങള്‍ കൂമ്പാരമായുണ്ടാക്കുന്ന വടക്കെ മലബാറിലെ അമ്മായിമാരോട്‌ �നിങ്ങള്‍ ഒരുവര്‍ഷം പലഹാരങ്ങള്‍ക്കു ചെലവാക്കുന്ന തുക എനിക്ക്‌ തരൂ, ഞാനൊരു സര്‍വകലാശാലയുണ്ടാക്കിത്തരാം�എന്നു വാഗ്‌ദാനം ചെയ്യുന്ന സി.എച്ച്‌, വിദ്യാഭ്യാസപ്രവര്‍ത്തനവും രാഷ്‌ട്രീയ പ്രവര്‍ത്തനവും ഒന്നിച്ചു പോവണം എന്നു പറഞ്ഞുകൊണ്ടിരുന്നു.

സി.എച്ചിന്റെ ഉപമകളും ഉല്‍പ്രേക്ഷകളും ഇന്നും സജീവമാണ്‌. മന്ത്രിയുടെ കൈയില്‍ മാന്ത്രിക വടിയില്ല എന്നു നമ്മള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞിനേയും നാറാണത്ത്‌ ഭ്രാന്തനേയും നക്രസംഹാരത്തിനിറങ്ങിയ ചക്രപാണിയേയും രാഷ്‌ട്രീയവേദികളില്‍ കേട്ടത്‌ സി.എച്ചില്‍ നിന്നാണ്‌. മറ്റു സമുദായങ്ങളുടെ അവകാശങ്ങളില്‍ നിന്നു ഒരു തലനാരിഴ പോലും ഞങ്ങള്‍ക്കു വേണ്ട; ഞങ്ങളുടെ അവകാശങ്ങളില്‍ ഒരു അണുമണി പോലും വിട്ടുതരികയുമില്ല� എന്നു പ്രസംഗിച്ച സി.എച്ചിന്റെ വാക്കുകള്‍ ഒരു നയപ്രഖ്യാപനം പോലെ ഇന്നും പ്രസക്തമാണ്‌.
തികഞ്ഞ മതവിശ്വാസിയായിരിക്കേ കറകളഞ്ഞ മതേതരവാദിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു. മതാനുഷ്‌ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്ന യഥാര്‍ത്ഥ മുസ്‌ലിമായിരിക്കേ ആദരം നേടുന്ന മതേതരവാദിയാവാനും കഴിയുമെന്നു സി.എച്ച്‌ കാണിച്ചുതന്നു. അപകര്‍ഷബോധം അദ്ദേഹത്തെ തൊട്ടു തീണ്ടിയിരുന്നില്ല. അഭിമാനബോധമുണ്ടാക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ചെങ്കോട്ടയും കുത്തബ്‌ മിനാറും താജ്‌മഹലുമെല്ലാം ഉയര്‍ത്തിക്കാട്ടി പിന്നാക്കത്തിന്റെ കാവടി ഇറക്കിവെക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തുകൊണ്ടിരുന്നു. വിദ്യാഭ്യാസം കൊണ്ടും സംഘടനകൊണ്ടും ശക്തരാവാനും അഭിമാനികളായ ഇന്ത്യക്കാരായി ജീവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും നേരിട്ടാണ്‌ സി.എച്ചും ആദ്യകാല നേതാക്കളും മുസ്‌ലിം ലീഗ്‌ സംഘടനാ പ്രവര്‍ത്തനം നടത്തിയത്‌. വര്‍ഗ്ഗീയതയുടെ ആരോപണങ്ങളില്‍ അവര്‍ പതറിയില്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ മതേതര ജനാധിപത്യത്തിനും മതസൗഹാര്‍ദ്ദത്തിനും സാമൂഹിക നീതിക്കും വേണ്ടി നിലകൊള്ളണമെന്നു ഈ നേതാക്കള്‍ പഠിപ്പിച്ചു. ബഹുസ്വര സമൂഹത്തില്‍ വ്യക്തിത്വം നിലനിറുത്തി മുഖ്യധാരയില്‍ നിലയുറപ്പിക്കാനുള്ള ദിശാബോധമാണ്‌ സി.എച്ച്‌. നല്‍കിയത്‌. ആ സ്‌മരണകള്‍ എക്കാലവും ആവേശദായകമായിരിക്കുമെങ്കിലും ഇങ്ങനെയൊരാള്‍ക്കു വേണ്ടി നാം ഇനി എത്രനാള്‍ കാത്തിരിക്കേണ്ടിവരും.



പി.എ.റഷീദ്‌
Sep. 28

പറഞ്ഞാല്‍, ഓര്‍ത്താല്‍ തീരാത്ത "ബാപ്പ"......


സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന,വാത്സല്യം വാരിചോരിയുന്ന ഒരു പിതാവ് - അതായിരുന്നു എന്റെ ബാപ്പ;അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നും ഞങ്ങളില്‍ അവസാനിക്കാത്ത ദുഃഖത്തിന്റെ കരിനിഴല്‍ പരത്തുന്നു.അദ്ദേഹത്തോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചിരുന്ന അവസരങ്ങളെല്ലാം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ആകാറുണ്ടായിരുന്നു.സമുദായ സേവനത്തിനും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ സമുദ്ധാരണത്തിനും വേണ്ടിയുള്ള നെട്ടോട്ടതിനെല്ലാം ഇടയില്‍ അദ്ദേഹത്തിന്റെ സാമീപ്യം വളരെ അധികം ലഭിക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരാനു ഞങ്ങള്‍...
എങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്.അദ്ദേഹം ഞങ്ങളുടെ കൂടെ എപ്പോഴല്ലം ഉണ്ടായിരുന്നുവോ അപ്പ്ഴെല്ലാം ഞങ്ങളെ സ്നേഹം കൊട് വീര്‍പ്പുമുട്ടിചിട്ടുണ്ട്.കര്മശേഷിയും കാര്യബോധവുമുള്ള രാഷ്ട്രീയ നേതാവായിരുന്നുവെന്നും,അറിവും പക്വതയുമുള്ള പത്രപ്രവര്തകനായിരുന്നുവെന്നും,കരുത്തനായ മന്ത്രിയായിരുന്നുവെന്നും മറ്റും അദ്ദേഹത്തെപറ്റി മറ്റുള്ളവര്‍ പറയുമ്പോള്‍ യാതൊരു സംശയവും കൂടാതെ ഞങ്ങള്‍ പറയും:അദ്ദേഹം കര്‍ത്തവ്യബോധമുള്ള ഒരു കുടുംബനാഥനായിരുന്നു......

അദ്ദേഹത്തിന്റെ അസാമാന്യ കഴിവ് കണ്ടു അദ്ദേഹത്തിന്റെ മകനെന്ന നിലക്കല്ലാതെ ഞാന്‍ അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിച്ചിരുന്നു...എന്നാല്‍ പരിപൂര്‍ണമായി മനസ്സിലാകും മുന്‍പ്‌ അദ്ദേഹം വിട്ടു പിരിഞ്ഞു പോയി...

മറ്റുള്ളവരുടെ മനസ്സ് പരിപൂര്‍ണമായി പഠിച്ചു അതിനനുസരിച്ച് അവരോടു പെരുമാറാന്‍ കഴിവുള്ള ഒരു മന:ശാസ്ത്രജ്ഞനായിരുന്നു എന്റെ ബാപ്പ എന്ന് പറയുന്നതില്‍ തെറ്റില്ല.ഗൌരവമുള്ളവരോട് ഗൌരവത്തിലും,രസികന്മാരോട് രസികനായും,കുഞ്ഞുങ്ങളോട് പിഞ്ചു കുഞ്ഞിനപ്പോലെയുള്ള പെരുമാറ്റം
എന്നെ വളരെ അത്ബുദപ്പെടുത്തിയിട്ടുണ്ട്.സ്വതസിദ്ധമായ പുഞ്ചിരി അദ്ദേഹത്തിന്റെ വലിയൊരു കൈമുതലായി ഞാന്‍ കരുതുന്നു...ഇതൊന്നു തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ എതിരാളികളുടെ എണ്ണം കുറച്ചത്..വെട്ടാന്‍ വരുന്ന ശത്രുവിനെപ്പോലും കീഴടക്കാനുള്ള ശക്തി ആ പുഞ്ചിരിക്കുണ്ടായിരുന്നു.. ആ പുഞ്ചിരിക്കുന്ന മുഖമാല്ലാതെ കറുത്ത മുഖം അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല..

നര്‍മബോധമുള്ള ഒരു കുടുംബത്തിലെ അംഗമായി ജനിച്ചതുകൊണ്ടായിരിക്കാം സദാസമയം ഫലിതം പൊട്ടിച്ചു കൊണ്ടിരിക്കാന്‍ അദ്ദേഹം തല്പ്പരനായത്.ഒരിക്കല്‍ ഹജ്ജിനു പോകാനൊരുങ്ങിയ ബാപ്പയുടെ ഒരു സുഹൃത്ത്‌,വിവരം പറയാന്‍ വീട്ടില്‍ വന്നു.ആ മനുഷ്യന്‍ പോകുന്നതിനു മുന്‍പ് ബാപ്പ ഓര്‍മിപ്പിച്ചു 'നീ മിനായില്‍ കല്ലെറിയുമ്പോള്‍ സൂക്ഷിക്കണം .'അതെന്താ?അയാള്‍ അത്ബുദപ്പെട്ടൂ.'തന്നെക്കാളും വലിയ ഒരു ചെകുത്താന്‍ തന്നെ കല്ലെടുതെറിയുമ്പോള്‍ യഥാര്‍ത്ഥ ചെകുത്താന്‍ തിരിച്ചു കല്ലെടുത്ത്‌ എറിഞ്ഞെക്കും'.ആ മനുഷ്യന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
എന്റെ പിതാവ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌ കാരണം നമുക്ക് ഒരു വലിയ എഴുത്തുകാരനാണ്‌ നഷ്ടപ്പെട്ടത് എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകും.ഇത്രയും ആകര്‍ഷകമായ ശൈലിയില്‍ എങ്ങിനെ ബാപ്പ എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്..അതുപോലെ എന്തെങ്കിലുമൊക്കെ എഴുതണമെന്നു ആശിച്ചു പോകാറുണ്ട്.അതിനു ബാപ്പ പ്രോത്സാഹിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ.സാഹിത്യ രംഗത്തെ പ്രഗത്ഭന്മാരും പ്രശസ്തരും എഴുതിയ കൃതികള്‍ അദ്ദേഹം ഞങ്ങള്‍ക്ക് വാങ്ങി തരുമായിരുന്നു.അവ നിര്‍ബന്ധ പൂര്‍വ്വം ഞങ്ങളെക്കൊണ്ട് വായിപ്പിക്കുമായിരുന്നു. കഥകള്‍ മാത്രം വായിച്ചാല്‍ പോര ,ചരിത്രവും ,സഞ്ചാര സാഹിത്യവും മറ്റും പഠിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.കേരള ചരിത്രം,എസ് .കെ .പൊറ്റെക്കാടിന്റെ സഞ്ചാര സാഹിത്യം,ലെനിന്റെ തിരഞ്ഞെടുത്ത കൃതികള്‍ മുതലായവ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്ന സന്ധോഷതോടെ അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മതപരമായ അറിവ് നല്‍കുന്നതിലും അദ്ദേഹം വിട്ടു വീഴ്ച ചെയ്തില്ല...യുസുഫ് അലിയുടെ ഖുര്‍-ആന്‍ പരിഭാഷ അദ്ദേഹം ഞങ്ങള്‍ക്ക് വാങ്ങി തന്നിട്ടുണ്ട്.സീ.എന്‍ .അഹ്മദ് മൌലവിയുടെ മലയാള ഖുര്‍-ആന്‍ പരിഭാഷയും ,ജെ .എം റോഡ്‌വേല്‍ എഴുതിയ ദി ഖുര്‍-ആന്‍ എന്ന പുസ്തകവും
പിറന്നാള്‍ സംമാനങ്ങളായി അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുകയുണ്ടായി..വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് തരാന്‍ കഴിയുന്ന എല്ലാ സഹായവും അദ്ദേഹം നല്‍കി.

ഇത്രയും സ്നേഹ നിധിയായ ഒരു പിതാവിന്റെ പുത്രനാകാന്‍ സാധിച്ചതില്‍ ഞാന്‍ പലപ്പോളും സ്വയം അഹങ്കരിച്ചു പോയിട്ടുണ്ട്.ഇന്ന് ഞാന്‍ വേദനിക്കുന്നു.ആ അഹങ്കാരമാണോ അദ്ദേഹത്തെ എന്നില്‍ നിന്നും ഇത്ര പെട്ടന്ന് വേര്‍പെടുത്തിയത്??
എന്റെ പിതാവിന് ചില കാര്യങ്ങളില്‍ കര്‍ക്കശമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.ഭരണ കാര്യത്തിലും ,രാഷ്ട്രീയ കാര്യത്തിലും ഞങ്ങള്‍ ഇടപെടുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു.'പഠിക്കുമ്പോള്‍ പഠിക്കുക.കളിക്കുമ്പോള്‍ കളിക്കുക .'അതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായം.
പലപ്പോളും ഞാന്‍ ബാപ്പയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.മന:പൂര്‍വ്വം അദ്ദേഹം ആ വിഷയത്തില്‍ നിന്ന് വിട്ടു മാറി മറ്റെന്തെങ്കിലും സംസാരിക്കുന്നതായാണ് എനിക്ക് അനുഭവം.

ആരെയും അവഹേളിക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു .എതിര്ചേരിയിലുള്ള നേതാക്കന്മാര്‍ക്ക് നേരെ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു ,യോഗങ്ങള്‍ കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ,അതെ നേതാക്കന്മാരെ കുറിച്ച് പരിഹാസപൂര്‍വ്വം ഞങ്ങള്‍ എന്തെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചാല്‍
അദ്ദേഹം ഉടനെ തടയുമായിരുന്നു.അദ്ദേഹത്തിനു ഒന്നേ അറിയുമായിരുന്നുള്ളൂ-സ്നേഹിക്കുക.ഞങ്ങളെ സ്നേഹിക്കുന്ന അതെ വാത്സല്യത്തോടെ അദ്ദേഹം സമുദായത്തെയും സ്നേഹിച്ചു.സമുദായം ഇന്നു അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹവും ആദരവും അതിനു വലിയ ഒരു തെളിവാണ്...
അങ്ങ് ഇന്ന് ഞങ്ങളുടെ കണ്മുന്നിലില്ല.പക്ഷെ ഞങ്ങളുടെ മനസ്സ് നിറയെ അങ്ങാണ്-അങ്ങയെ സംബന്ധിച്ച മരിക്കാത്ത ഓര്‍മകളാണ്.

അനുഭവം ഓര്‍മ യാത്ര എന്ന ഞാന്‍ എഴുതിയ പുസ്തകത്തില്‍ നിന്ന്.......

സീ എച്ച് മുഹമ്മദ് കോയ, രാഷ്ട്രീയത്തിനപ്പുറത്തെ ഓർമ്മപ്പെടുത്തലുകളുമായ് വീണ്ടും

ഓർമ്മകൾക്ക് മുന്നിൽ ശമനമില്ലാത്ത വേദനകളായ് ചില വിയോഗങ്ങൾ നമ്മെ പിന്തുടരുമെങ്കിലും, സീ എച്ച് എന്ന് രാഷ്ട്രീയ നേതാവിന്റെ വിയോഗം ഇന്നും വലിയൊരു വിഭാഗത്തിന്റെ കരൾ പിളർത്തുന്ന വേദനകളായ് അവശേഷിക്കുകയാണ്.   സീ.എച്ചിന്റെ രാഷ്ട്രീയ കാലം അതി വിദൂരമൊന്നുമല്ലായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ സീ.എച്ച് നമുക്കിടയിലെ ഓർമ്മപ്പെടുത്തലിന്റെ പ്രഭാകിരണമായിരുന്നു. പലരുടേയും സാന്നിദ്ധ്യവും, അസാന്നിദ്ധ്യവും കൊണ്ട് നമ്മെ നേരു പറഞ്ഞ് അത് പിന്തുടരുവാനുള്ള പ്രചോദന പ്രഘോഷണങ്ങൾ നിരന്തരം കേട്ടുവെങ്കിലും, “കേൾവിയും, കേൾപ്പോരുമില്ലാത്ത ഒരു സമുദായത്തെ”‌ എന്ന് സീഎച്ച് പറഞ്ഞറിഞ്ഞ ഒരു സമുദായമാണിന്ന് സീ എച്ചിനെ ഓർത്തുകൊണ്ടിരിക്കുന്നത്. സാധാരണക്കാരെ തൊട്ട്കൊണ്ടുള്ള സീ എച്ചിന്റെ രാഷ്ട്രീയം സീ.എച്ച് തൊട്ട മേഖലകളിലാകമാനം പ്രഭ പരത്തുകയായിരുന്നു.
   സവിശേഷതകളുടെ കലവറയായി വെറും മൂന്ന് പതിറ്റാണ്ട് മാത്രം കേരള രാഷ്ട്രീയത്തിന്റെ മർമ്മത്ത് നിന്ന് പയറ്റിയ രാഷ്ട്രീയം കൊണ്ട് സീ.എച്ച് പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ സമുദ്ധരിക്കുന്നതിൽ വമ്പിച്ച വിജയം വരിക്കുക തന്നെ ചെയ്തു. കർമ്മം രാഷ്ട്രീയം തന്നെ എന്ന നിലയിലേക്ക് സീ എച്ചിനെ ഉയർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചത് അദ്ദേഹത്തിന്റെ നിസ്തുലമായ നിരീക്ഷങ്ങളായിരുന്നു. 1983-സപ്തമ്പർ 28-നു 56-ആം വയസ്സിൽ ജീവിതത്തോട് വിടപറയുന്ന വേളയിൽ പോലും ഒരു സമുദായത്തിന്റെ ഭാവിയെകുറിച്ച് ആശങ്കയും, പ്രതീക്ഷയും ഒരുപോലെ കൊണ്ട് നടക്കാൻ സീ എച്ച് എന്ന യുഗപുരുഷനെ പ്രേരിപ്പിച്ചത് തന്റെ ജീവിത പ്രയത്നം കൊണ്ട് വരും തലമുറയെ ഉയർത്തികൊണ്ട് വരാൻ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയും, തന്നോടൊപ്പം സഞ്ചരിക്കുന്ന വലിയ വിഭാഗത്തിന്റെ സ്നേഹാർദ്രമായ സാമീപ്യവുമായിരുന്നു.
   നിയമ സഭയുടെ തുടക്കം സീ എച്ച് എന്ന മിടുക്കന്റെ പ്രകടനം അമ്പരപ്പിച്ചത് അന്നത്തെ പ്രഗൽഭരായ പട്ടം താണുപ്പിള്ള, പി.ടി ചാക്കോ, നമ്പൂതിരിപ്പാട്, സി.അച്ചുതമേനോൻ, ജോസഫ് മുണ്ടശ്ശേരി, വി.ആർ കൃഷ്ണയ്യർ തുടങ്ങിയ പ്രഗൽഭരുടെ നിരയിൽ നിന്നും വേറിട്ടൊരു ശബ്ദം നിയമ സഭയിൽ ഉയർത്തിയപ്പോളായിരുന്നു. ആരോരുമില്ലാതിരുന്ന ഒരു സമുദായത്തിന്റെ പ്രാധിനിത്യ ശബ്ദമായി സീ.എച്ചിന്റെ  തീ പാറുന്ന പ്രകടനം  പരിഗണിക്കപ്പെടുകയായിരുന്നു. സീ എച്ചിന്റെ സൌമ്യ സൌന്ദര്യ  പ്രകടനങ്ങൾ പലരേയും മുറിവേൽ‌പ്പിച്ചത് അന്യായമായി അടിച്ചേൽ‌പ്പിച്ച ചില നിയമങ്ങൾക്കെതിരെ  പട നയിക്കാൻ സീ എച്ച് നിയുക്തനായപ്പോളായിരുന്നു.
   മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ച് സീ.എച്ച് വാചാലനാവുമ്പോൾ,  അതിനെതിരെ വാ‍ളും പരിചയുമായ് രംഗത്ത് വരുന്നത് കാണാം, “മുസ്ലിംകൾ വെള്ളം കോരികളും, വിറക് വെട്ടികളുമായി കഴിയേണ്ടവല്ല. വിദ്യഭ്യാസത്തെ ആത്മീയമെന്നും, ഭൌതികമെന്നും വേർതിരിച്ചു നിർത്തിയതാരാണെന്നെനിക്കറിയില്ല. കാലത്തിനൊത്ത വിദ്യഭ്യാസം മുസ്ലിംകൾ നേടണം. ശാസ്ത്രീയ രംഗത്ത് അവർ കൂടുതൽ ഉത്സുകരാകണം. ‘ഒന്നുമില്ലെങ്കിൽ ഞാൻ മീൻ വിറ്റുകഴിഞ്ഞോളാം’ എന്ന മനോഭാവം മാറ്റണം. മത്സ്യം പിടിക്കുന്നത് കൂടി ഇന്ന് ശാസ്ത്രീയ മാർഗ്ഗത്തിലാണ്.”
മുസ്ലിം രാഷ്ട്രീയത്തെ വിദ്യഭ്യാസവുമായി സീ.എച്ച് ബന്ധിപ്പിച്ചത്  “വിദ്യഭ്യാസ പുരോഗതി കൈവരിച്ചില്ലെങ്കിൽ മുസ്ലിം സമുദായം എടുക്കാത്ത നാണയമായി മാറും. മുസ്ലിം സമുദായം വിദ്യാസമ്പന്നമാകുമ്പോൾ ലീഗ് നശിക്കുമെന്ന് ചിലർ പ്രചാരവേല ചെയ്തിരുന്നു. എന്നാൽ ഓരൊ പഞ്ചായത്തിലും ഓരോ ഹൈസ്കൂളുകൾ സ്ഥാപിച്ച് ലീഗ് അതിനെ വെല്ലുവിളിച്ചിരിക്കുന്നു. വിദ്യഭ്യാസമുള്ള പുതിയ തലമുറ യൂത്ത്ലീഗിന്റെ പിന്നിലാണ്.”

   ആ ജീവിതത്തിന്റെ അധികസമയവും വിനിയോഗിച്ചത് വിദ്യഭ്യാസ രംഗത്തെ സംഘർഷങ്ങൾക്കിടയിൽ നമ്മുടെ സമൂഹത്തെ എങ്ങിനെ പഠിപ്പിച്ചെടുക്കാം എന്ന ചിന്തയായിരുന്നെന്ന്  നമുക്ക് തോന്നിയെങ്കിൽ അതും ശരിയായിരിക്കാം. “നമ്മുടെ ഭാവി ഭാഗധേയം നിർണ്ണയിക്കേണ്ട വിദ്യാർത്ഥികൾ അസ്വസ്ഥരാണ്. ഈ രാജ്യത്തിന്റെ ഭരണ സാരഥ്യം വഹിക്കേണ്ടവർ, ഇന്ന് ഒരു നിലയുള്ള ട്രാൻപോർട്ട് ബസുകൾ ഇരു നിലയും, മൂന്ന് നിലകളുമാക്കേണ്ടവർ, അണ്ടർഗ്രൌണ്ട് തീവണ്ടികൾ ഓടിക്കേണ്ടവർ, ആറ്റം ശക്തി ഉപയോഗിച്ച് എങ്ങിനെ തീവണ്ടി ഓടിക്കാം എന്നു ചിന്തിക്കേണ്ടവർ, ഇന്നുള്ള ട്രാൻസ്പോർട്ട് ബസുകൾ തല്ലിപൊളിക്കാനും കല്ലെറിയാനും, കണ്ടക്ടറുടെ തലയുടെ ഉറപ്പ് പരിശോധിക്കാനും പുറപ്പെടുന്നത് എങ്ങിനെ നീതീകരിക്കാനാകുമെന്ന് മനസ്സിലാകുന്നില്ല.”

  പത്രപ്രവർത്തകനായി രംഗത്തു വരികയും മലയാള ഭാഷയുടെ നവരസങ്ങൾ മുഴുവൻ ആവാഹിക്കുകയും ചെയ്ത സാഹിത്യകാരൻ, വാഗ്വിലാസം കൊണ്ട് കോരിതരിപ്പിച്ച പ്രഭാഷണ കലയുടെ കുലപതി,  ഭരണ നിർവ്വാഹണ രംഗത്തെ നീതി കൊണ്ട് നേർക്ക് നടത്തിയ ഭരണാധികാരി, എല്ലാത്തിലും തികഞ്ഞ മനുഷ്യ സ്നേഹി. വിശേഷങ്ങൾ കൊണ്ട് വീർപ്പ് മുട്ടിച്ചാലും മതിവരാത്ത എല്ലാം തികഞ്ഞ മഹാൻ. അതായിരുന്നു സീ.എച്ച് മുഹമ്മദ് കോയ. അതുകൊണ്ട് തന്നെ മറ്റേതൊരു നേതാവിനും ഇടം കിട്ടാത്ത ഓർമ്മപ്പെടുത്തലുകളുമായി സീ.എച്ചിനെ നേരിൽ കാണാത്ത വലിയൊരു വിഭാഗം യുവജനങ്ങളും സീ.എച്ചിനെ പഠിച്ച് പറയുന്നത്, അങ്ങ് മഹാനായിരുന്നെന്ന്!

Source:

Thursday, September 27, 2012

സി.എച്ച്‌ അനുസ്മരണം


സി.എച്ച്‌ അനുസ്മരണം: അഡ്വ.റഹ്മത്തുല്ലയും സമദ്‌ പൂക്കോട്ടൂരും പങ്കെടുക്കും

ജിദ്ദ: മുസ്ലിം ലീഗ്‌ നേതാവും കേരളത്തിലെ മുന്‍മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്‌ മുഹമ്മദ്‌ കോയ സാഹിബിന്റെ 30ാ‍ം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച്‌ അനുസ്മരണ സമ്മേളനം നാളെ വൈകീട്ട്‌ ഏഴിന്‌ ഷറഫിയ്യ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കും.

മുസ്ലിം ലീഗ്‌ മലപ്പുറം ജില്ല സെക്രട്ടറിയും എഴുത്തുകാരനുമായ അഡ്വക്കേറ്റ്‌ എം റഹ്മത്തുല്ല പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയംഗവുമായ അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ സി.എച്ച്‌ അനുസ്മരണ പ്രഭാഷണം നടത്തും. ജിദ്ദയിലെ മതസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ഞാനറിയുന്ന സി.എച്ച്‌ എന്ന വിഷയത്തില്‍ ഇന്ന്‌ വൈകീട്ട്‌ ഏഴിന്‌ ഷറഫിയ്യ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സി.എച്ച്‌ സ്മൃതിയില്‍ ശ്രോതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുമെന്ന്‌ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

Thursday, August 23, 2012

Sunday, June 17, 2012

സി.എച്ച് കസേരയെക്കാള്‍ വലിയ മനുഷ്യന്‍

ഹജൂര്‍കച്ചേരിയുടെ ഒരു മഹാഭാഗ്യം, അവിടെ മുഖ്യമന്ത്രിമാരായിരുന്നവരെല്ലാം തന്നെ വീയെസ് അച്യുതാനന്ദന്‍ ആ മാതൃകയുടെ അപചയത്തിന് നിര്‍വ്വചനം കുറിക്കുവോളം പ്രാഗല്‍ഭ്യവും മഹത്വവും ഉള്ളവരായിരുന്നു. പട്ടം താണുപിള്ള, പറവൂര്‍ ടി.കെ. നാരായണപിളള, സി. കേശവന്‍, എ.ജെ. ജോണ്‍, പനമ്പളളി, ഈയെമ്മസ്, ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, സീയെച്ച്. മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ മുഖ്യമന്ത്രി പദവിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പട്ടത്തിന്റെ ആജ്ഞാശക്തി, ടി.കെ.യുടേയും പനമ്പിളളിയുടേയും ബുദ്ധിശക്തി, കേശവന്റെ ലാളിത്യം, ജോണിന്റേയും ആന്റണിയുടേയും ആരോപണാതീതമായ സത്യസന്ധത, ഈയെമ്മസിന്റെ ദര്‍ശനം, ആര്‍. ശങ്കറിന്റെ മസ്തിഷ്കബലവും അറിവും, അച്യുതമേനോന്റെ നേതൃപാടവം, പി.കെ.വിയുടെ നയചാതുരിയും സൗമ്യതയും, നായനാരുടെ 'നമ്മിലൊരാള്‍' എന്ന ഭാവം, കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണപാടവവും ജനകീയതയും, സീയെച്ചിന്റെ സാമൂഹിക പ്രതിബദ്ധതയും ദീര്‍ഘദൃഷ്ടിയും ഇങ്ങനെ സംഗ്രഹിക്കാമെങ്കിലും ഈ സംഗ്രഹത്തിലൊന്നും തളച്ചിടാവുന്നതല്ല ആ വ്യക്തിത്വങ്ങള്‍ ഒന്നും.

സീയെച്ചിനെ തന്നെ എടുക്കുക. കുട നന്നാക്കി നടന്നവരെ അറബി മുന്‍ഷിമാരാക്കി എന്നു പറഞ്ഞവര്‍ അതു പറഞ്ഞത് പരിഹസിക്കാനാണ്. എന്നാല്‍ അതില്‍ സ്വാഭിമാനം വളര്‍ത്തിയ ഒരു സമുദായ നേതാവിനെയാണ് സി.എച്ചില്‍ ഞാന്‍ കാണുന്നത്. അറബി ധന്യമായ ഒരു ഭാഷയാണെന്നും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അറബി ദേവഭാഷയാകയാല്‍ അത് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും അമുസ്ലിമുകളെ ആ ധന്യാരാമത്തിന്റെ ഭംഗിക്ക് അന്യരാക്കി നിര്‍ത്തേണ്ടതില്ലെന്നും ഒക്കെയുളള തിരിച്ചറിവ് സീയെച്ചിന്റെ നയങ്ങളെ സ്വാധീനിച്ചിരുന്നു. ഒരു അന്തര്‍ജനം അറബ് പഠിപ്പിക്കുന്ന ആശാട്ടി ആയതും എണ്ണമറ്റ അമുസ്ലിമുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ എം.എ. ബിരുദം നേടിയതും സീയെച്ചിന്റെ വിദ്യാഭ്യാസ നയത്തിന്റെ സല്‍ഫലമായി കണക്കെഴുതണം. അത് ഇസ്ലാമിനെ ശക്തിപ്പെടുത്തുക എന്ന പരമിത ലക്ഷ്യത്തിനപ്പുറം ഇസ്ലാമിക സരണികളെ പൊതു സരണിയുമായി കൂട്ടിയിണക്കുക എന്ന മഹാലക്ഷ്യവും മുന്നില്‍ കാണാന്‍ കഴിഞ്ഞ ഒരു മഹാത്മാവിന് മാത്രം തുടക്കമിടുവാന്‍ കഴിയുമായിരുന്ന സംഗതിയായിരുന്നു; അര നൂറ്റാണ്ടിനപ്പുറം.
196870 കാലത്ത് ഞാന്‍ കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. ഇന്നത്തെ NH  അന്ന് ഉപനയനത്തിനൊരുങ്ങുന്ന ഉണ്ണിയുടെ കൗപീനം പോലെ നടുവിലെവിടെയോ ഒരു ടാറിട്ട റിബണ്‍ മാത്രമായിരുന്നു. അക്കാലത്ത് മലപ്പുറം പ്രദേശത്തും മലബാറില്‍ പൊതുവേയും ധാരാളം പളളിക്കൂടങ്ങള്‍ ഉണ്ടായി; ധാരാളം പുതിയ കോളജുകള്‍ ഉണ്ടായി. അതൊന്നും അറബിയും ഇസ്ലാമിക ചരിത്രവും മാത്രം പഠിപ്പിക്കുന്ന ഇടങ്ങള്‍ ആയിരുന്നില്ല. അതിന്റെ ഗുണഭോക്താക്കള്‍ മുസ്ലിമുകള്‍ മാത്രവും ആയിരുന്നില്ല. ഒരു ഭൂപ്രദേശത്തിന്റെയും അവിടെ അധിവസിച്ചിരുന്ന നാനാ ജാതി മതസ്ഥരായിരുന്ന ജനസമൂഹത്തിന്റെയും നന്മ ലക്ഷ്യമിടാന്‍ സീയെച്ചിനു കഴിഞ്ഞു എന്നതാണ് സത്യം.

സീയെച്ചിന്റെ പരിപ്രേക്ഷ്യം അവികസിത മേഖലയെ മാത്രമല്ല ഉള്‍ക്കൊണ്ടത്. കൊച്ചി സര്‍വ്വകലാശാലയുടെ സ്ഥാപനം സൂചിപ്പിക്കുന്നത് വികസിത മേഖലയില്‍ അനുയോജ്യമായ ഉപരിപഠന സൗകര്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത സീയെച്ച് തിരിച്ചറിഞ്ഞിരുന്നു എന്നതാണ്. അന്ന് മുണ്ടശ്ശേരി മാസ്റ്റര്‍ എമ്മെല്ലേയാണ്. അദ്ദേഹം കൊച്ചി സര്‍വ്വകലാശാലയെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ പ്രൗഢമായ ഒരു അസംബ്ലി പ്രസംഗത്തില്‍ വരച്ചിട്ടു. സീയെച്ച് അത് ശ്രദ്ധിക്കുകമാത്രമല്ല അതിന്റെ വെളിച്ചത്തില്‍ കരട് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അവിടെയും തീരുന്നില്ല കഥ. കമ്മ്യൂണിസ്റ്റ് എമ്മെല്ലെയായിരുന്ന മുണ്ടശ്ശേരി മാസ്റ്ററെ കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സിലറായി ക്ഷണിച്ച് നിയമിച്ചു മഹാനായ സീയെച്ച്.

സീയെച്ചിനെ ആദ്യം കാണുന്നത് 1960ല്‍ രൂപപ്പെട്ട നിയമസഭയില്‍ കെ.എം. സീതി സാഹിബിനെ പിന്‍തുടര്‍ന്ന് അദ്ദേഹം സ്പീക്കറായപ്പോഴാണ്. അന്ന് എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന കോയ, ഇമ്പിച്ചമ്മദ്, ഇഖ്ബാല്‍ തുടങ്ങിയവരും ലോ കോളേജിലെ അഹമ്മദും (ഇപ്പോള്‍ അങ്ങനെ പറയാമോ എന്തോ? ആള്‍ ജനാബ് ഇ. അഹമ്മദ് ഹാജി, കേന്ദ്രമന്ത്രി, ലീഗ് പ്രസിഡന്റ് തന്നെ. അഹമ്മദ് സാഹിബിനെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു ലേഖനത്തിന്
"അബനാണ് ബമ്പന്‍" എന്നായിരുന്നു ശീര്‍ഷകം നല്‍കിയത്.) മെഡിക്കല്‍ കോളേജിലെ താഹിറും കൂട്ടരും അദ്ദേഹത്തിന്റെ വീട്ടില്‍ ഹാജര്‍ വച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരത്ത് നഗരത്തിന്റെ തിരക്ക് ഒന്നുമില്ല. സീയെച്ച് സാനഡുവിലായിരുന്നു താമസം. വൈകുന്നേരം ഒരു കുട്ടിയുടെ കൈപിടിച്ച് നടക്കാനിറങ്ങും. അന്ന് മുനീര്‍ ഉമ്മയുടെ കിനാവ് മാത്രമാണ്. മുനീറിന് മൂത്ത കുട്ടികളാരോ ആവണം അഞ്ചു വയസ്സില്‍ താഴെ എന്നാണ് മനസ്സിലെ ചിത്രം. സീയെച്ചിന് തൊപ്പി ഉണ്ടായിരുന്നു. വാക്കിംഗ് സ്റ്റിക്കും ഉണ്ടായിരുന്നോ? അതോ മഴക്കാറുളള നാളില്‍ എടുത്ത കുടയോ ? വഴുതക്കാട് നിന്ന് പാളയം വരെ നടന്ന് അന്നത്തെ പഴയ താജ് ഹോട്ടലിന്റെ മുന്നില്‍ പ്രത്യേകിച്ച് ആരെയും ശ്രദ്ധിക്കാതെ, എന്നാല്‍ തന്നെ ശ്രദ്ധിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കാതെ അങ്ങനെ നില്‍ക്കും. ഞങ്ങള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വൈകീട്ട് നഗരവീഥികളിലാണ് അന്ന് പദസഞ്ചലനം നടത്തിയിരുന്നത്. ആ നേരത്താണ് യുവസുമുഖനായ സ്പീക്കറെ ഞങ്ങള്‍ വീരാരാധനയോടെ നോക്കിയിരുന്നത്. കോയയോ ബിച്ചയോ ഉണ്ടെങ്കില്‍ അവര്‍ സലാം പറയും. ഒപ്പമുളളവരെ സീയെച്ച് വിളിച്ച് പരിചയപ്പെടും. വല്ലാത്തൊരു ആകര്‍ഷണം ഞങ്ങള്‍ക്കൊക്കെ അന്നേ തോന്നിയിരുന്നു.

1967ല്‍ സീയെച്ച് മന്ത്രിയായപ്പോഴേക്കും ഞാന്‍ എെ.എ.എസില്‍ എത്തിയിരുന്നു. എന്നാല്‍ സബ്കലക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ഇടപഴകാന്‍ ഏറെ സന്ദര്‍ഭം ഉണ്ടാവുകയില്ലല്ലോ. കല്ലുവാതുക്കല്‍ സര്‍ക്കാര്‍ സ്കൂളിന്റെ ഉദ്ഘാടന വേളയിലാണ് സീയെച്ചിന്റെ കോപം കണ്ടത്. നോമ്പുകാലം, സ്വാഗത പ്രസംഗകന്‍ നിര്‍ത്തിയില്ല. ഒടുവില്‍ സീയെച്ചിന്റെ ഊഴം വന്നപ്പോള്‍ "സ്വാഗതപ്രസംഗകന്‍ കാര്യങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി ഞാന്‍ ഒന്നും പറയുന്നില്ല. ഉദ്ഘാടനം ചെയ്തിരിക്കുന്നു. പോകട്ടെ, തിരുവനന്തപുരത്താണ് നോമ്പുതുറ " എന്നു പറഞ്ഞു സ്ഥലംവിട്ടു വിദ്യാഭ്യാസ മന്ത്രി. പിറ്റേന്ന് പത്രങ്ങളില്‍ വേലിക്കെട്ട് വാര്‍ത്തയായിരുന്നു സീയെച്ചിന്റെ ഈ നീരസ പ്രകടനം. ഇപ്പോഴും കല്ലുവാതുക്കല്‍വഴി യാത്ര ചെയ്യുമ്പോള്‍ സീയെച്ചിനെ ഓര്‍ക്കും ഞാന്‍.

അച്യുതമേനോന്‍ മന്ത്രിസഭയില്‍ സീയെച്ച് ആഭ്യന്തര മന്ത്രിയായിരുന്നു. ഞാന്‍ പാലക്കാട് കലക്ടറായിരിക്കെ മലബാര്‍ പ്രദേശത്തെ കലക്ടര്‍മാരുടെ യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായിരുന്നോ വിഷയം? ഓര്‍മ്മയില്ല. സീയെച്ചായിരുന്നു അധ്യക്ഷന്‍. പഴയ കലക്ടറേറ്റിലാണ്; മാനാഞ്ചിറയില്‍. അവിടെ മലബാര്‍ കലക്ടറുടെ കസേരയില്‍ സീയെച്ച്. ഞങ്ങള്‍ നാലു കലക്ടര്‍മാര്‍ യേശുദാസന്‍ (കണ്ണൂര്‍), ഭാസ്കരന്‍ നായര്‍ (മലപ്പുറം?), ജോസഫ് (കോഴിക്കോട്), ഞാനും അഭിമുഖമായി ഇരുന്നു. ചരിത്ര കൗതുകവും മന:ശാസ്ത്ര പരിചയവുമൊക്കെയാകാം, എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്ത പ്രധാനമായും മലബാര്‍ കലക്ടറുടെ കസേരയില്‍ സീയെച്ച് ഇരിക്കുന്നത് മണ്‍മറഞ്ഞ മലബാര്‍ മുസ്ലിം നേതാക്കളുടെ ആത്മാക്കള്‍ കാണുന്നുണ്ടാവുമോ എന്നതായിരുന്നു! ആ കസേരയില്‍ ഇരിക്കുന്നതിന്റെ സുഖം സീയെച്ചിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നു.
ഔദ്യോഗികമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം ഉണ്ടായിരുന്നില്ലെങ്കിലും പ്രസംഗത്തൊഴിലാളികള്‍ എന്ന നിലയില്‍ പല അധ്യക്ഷ വേദികളിലും ഞങ്ങള്‍ കണ്ടുമുട്ടിവന്നു. ആ ഉജ്ജ്വല വാഗ്മിതയുടെ മുന്നില്‍ എന്റെ നമോവാകം. കോമള പദാവലി, സാഹിത്യത്തില്‍ നിന്ന് തിരഞ്ഞെടുത്ത ബിംബ കല്‍പനകള്‍, സദസ്സിനെ കയ്യിലെടുക്കുന്ന ചില്ലറ പരിപാടികള്‍; ഇപ്പോള്‍ വാഗ്മികളായി വാഴ്ത്തപ്പെടുന്ന മിക്കവരും അത്ഭുതാദരവുകളോടെയാണ് സീയെച്ചിന്റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നത്. സമദാനിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ഇപ്പോള്‍ ആ വഴി സഞ്ചരിക്കുന്നവര്‍. സമദാനിയുടെ പ്രസംഗത്തില്‍ ""ഈ വിനീതന്‍'' എന്ന പ്രയോഗത്തിന്റെ എണ്ണം കുറച്ചാല്‍ സീയെച്ചിലേക്കുളള ദൂരം കുറയും!

1979ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. കെ.എ. മാത്യു എന്ന കോളേജ് പ്രിന്‍സിപ്പല്‍ കാലുമാറി മന്ത്രിയായ സമയം. സീയെച്ച് ക്ലിഫ് ഹൗസിലാണ് താമസം. മാത്യു അവിടെ ഒളിച്ചിരിക്കയാണ്. മാണിയുടെ മനസ്സാക്ഷി അക്കാലത്ത് സൂക്ഷിച്ചിരുന്നത് സ്കറിയാ തോമസ് എന്ന എം.പി(മിണ്ടാത്ത പാര്‍ലമെന്റംഗം എം.പി) ആണ്. അദ്ദേഹം എന്റെ വീട്ടില്‍ വന്നു. മാത്യു ഞങ്ങളുടെ ഒരു മെത്രാന്‍ തിരുമേനിയുടെ അനന്തിരവളെയാണ് വിവാഹം ചെയ്തിരുന്നത്. ആ മെത്രാപ്പൊലീത്തായുടെ മറ്റൊരനന്തിരവളായിരുന്നു സ്കറിയാ തോമസിന്റെ പത്നി. ഈ ബന്ധങ്ങള്‍ മാണിക്കുവേണ്ടി പ്രയോജനപ്പെടുത്തി മാത്യുവിനെ തിരിച്ചുപിടിക്കുവാന്‍ കഴിയുമോ എന്ന പ്രശ്നത്തില്‍ അഭിപ്രായം ചോദിക്കാന്‍ വന്നതാണ്.

പല രാഷ്ട്രീയക്കാരും ഇങ്ങനെ ഓരോന്ന് എന്നോട് ചോദിക്കാറുണ്ട്; സര്‍വ്വീസിലുളള കാലത്തും. ബൗദ്ധിക സത്യസന്ധത പുലര്‍ത്തി വസ്തു നിഷ്ഠമായ ഉപദേശം കൊടുക്കുമ്പോള്‍ എന്റെ കൗതുകം തീര്‍ന്നു. ഒരേ സമയം മാണിക്കും ജോസഫിനും ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കും ഞാന്‍ സ്വീകാര്യനായിരുന്നത് ഈ നിസ്സംഗതമൂലമാണ്.
ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഫോണ്‍. "പ്രൊഫസര്‍ മാത്യുവിന് ്നിങ്ങളെയൊന്ന് കാണണം. ആള്‍ ആകെ വിറച്ചിരിക്കയാണ്, ഉടനെ എത്തണം' എന്ന്. തൊട്ടുപുറകേ അടുത്ത കോള്‍. മാത്യു തന്നെയാണ് സംസാരിക്കുന്നത്. "ഒരു കുപ്പി സ്കോച്ച് കൂടെ കൊണ്ടുവരണം. ഒരു ധൈര്യത്തിനാണ്.' ലീഗ് മന്ത്രിയുടെ വീട്ടില്‍ മദ്യം എത്തിക്കണമെങ്കില്‍ മറ്റെന്തുവഴി? സ്കറിയാ തോമസിനെ യാത്രയാക്കിയിട്ട് ഞാന്‍ കൈവശമുണ്ടായിരുന്ന ഒരു കുപ്പി എന്റെ ബ്രീഫ്കേസില്‍ വച്ച് സ്വന്തം ഫിയറ്റ് കാര്‍ (കെ.ഇ.ടി 1) സ്വയം ഓടിച്ച് ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രി പോര്‍ട്ടിക്കോയില്‍ നിന്ന് കയറുന്നിടത്ത് തന്നെയുണ്ട്. രാത്രി എട്ടരയായിക്കാണും. ബ്രീഫ്കേസുമായി പടികയറിയ എന്നോട് സീയെച്ച് "ഇത്ര വൈകുംവരെ ഓഫീസിലായിരുന്നു അല്ലേ' എന്ന് ചോദിച്ചത് ബ്രീഫ്കേസിലെ ഫയല്‍ ദ്രവരൂപത്തിലാണ് എന്നറിഞ്ഞിട്ടാണോ എന്ന കാര്യം ഇപ്പോഴും തീരുമാനിക്കാന്‍ പറ്റുന്നില്ല. ഞാന്‍ മുകളിലേക്ക് പോയി. കൊലക്കേസിലെ പ്രതി ഒളിച്ചു പാര്‍ക്കുന്ന മട്ടിലാണ് മാത്യു എന്ന നാളത്തെ മന്ത്രി. വാതില്‍ അടച്ചു കുറ്റിയിട്ടു. "സി.എം. എങ്ങാന്‍ മുകളിലേക്ക് വന്നാലോ? "സോഡ വരുത്താന്‍ വഴിയില്ല. പച്ചവെള്ളം തന്നെ ശരണം. (പോറ്റി സാര്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും ഇതായിരുന്നു വഴി. അക്കഥ വേറെ). മുഖ്യമന്ത്രിയുടെ മുന്നിലൂടെ മടങ്ങാനുളളതാണ്. അരക്കുപ്പി ചെന്നപ്പോള്‍' എവിടെ കെ.എം. മാണി? അയാളെ ഒരു പാഠം പഠിപ്പിച്ചിട്ട് ബാക്കി കാര്യം' എന്നായി പ്രൊഫസര്‍. ഞാന്‍ മടങ്ങുമ്പോള്‍ സീയെച്ച് വരാന്തയിലുണ്ട്. "ബാബു വന്നത് നന്നായി. പാവം പേടിച്ചിരിക്കയായിരുന്നു. താങ്ക് യൂ. ഗുഡ് നൈറ്റ്" എന്നു മുഖ്യമന്ത്രി ഉത്തരവായി.

സീയെച്ച് പ്രഗല്‍ഭനായ മന്ത്രിയായിരുന്നു. മുസ്ലീം താല്‍പര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാവാം. എന്നാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും മുസ്ലിം സമുദായത്തിന്റെ ആധുനീകരണത്തെക്കുറിച്ചും സീയെച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1967 ല്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ മലപ്പുറത്തും ഇതര മലബാര്‍ ജില്ലകളിലും വിദ്യാഭ്യാസത്തിന്റെ നവയുഗം തുറക്കാന്‍ സഹായിച്ചു. പൊതുമരാമത്ത് അദ്ദേഹത്തിന്റെ രുചിക്കു ചേര്‍ന്ന വകുപ്പായിരുന്നില്ല.
അപ്പോഴേക്കും ആരോഗ്യവും മോശമായി എന്നു തോന്നുന്നു. എങ്കിലും അലങ്കരിച്ച കസേരകള്‍ക്ക് അലങ്കാരമായി മാറിയ അനതിസാധാരണ പ്രതിഭയായി തന്നെ ചരിത്രം സീയെച്ചിനെ അടയാളപ്പെടുത്തും. സീയെച്ച് ഇരുന്ന ഒരു കസേരയും സീയെച്ചിനേക്കാള്‍ വലുതായിരുന്നില്ല.
സീയെച്ചിനു ശേഷം അതുപോലൊരാളെ സൃഷ്ടിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. മുനീര്‍ വളര്‍ന്ന് ബാപ്പയോളമായാലായി. അത്ര തന്നെ. തത്കാലം ഒരു മഹാമേരുവിന്റെ ഓര്‍മ്മയുടെ നിഴലില്‍ അഭയം തേടുക നാം.

ശൈലീവല്ലഭനായ സി എച്ച്‌ മുഹമ്മദ്‌ കോയ

താജ്മഹല്‍ പോലെ മനോഹരവും ചെങ്കോട്ടയെപ്പോലെ സുശക്തവും കുതുബ്മിനാറിനെ പോലെ സമുന്നതവുമെന്ന്‌ സ്വന്തം സാംസ്കാരികപാരമ്പര്യത്തെ അഭിമാനപൂര്‍വം വിശേഷിപ്പിച്ച സി എച്ച്‌ മുഹമ്മദ്‌ കോയ, താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പുരോഗതിക്കു നല്‍കിയ സംഭാവനകള്‍ സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന അനുസ്മരണച്ചടങ്ങുകള്‍ കഴിഞ്ഞാലും ഓര്‍മിക്കപ്പെടുന്നവയാണ്‌. രാഷ്ട്രീയനേതാവും ഭരണാധികാരിയും സാമൂഹികപരിഷ്കര്‍ത്താവും പത്രാധിപരുമൊക്കെയായി ശോഭിച്ച അദ്ദേഹം ജനമനസ്സുകളില്‍ ആഴ്ന്നിറങ്ങുന്ന ശൈലിയുടെ ഉടമകൂടിയായിരുന്നു. അഖിലേന്ത്യാതലത്തിലോ സംസ്ഥാനനിലവാരത്തിലോ ഉള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ വിമര്‍ശനാതീതരാണെന്നു കരുതപ്പെട്ടിരുന്ന കാലത്താണ്‌, മുസ്ലിംലീഗിനെ 'ചത്ത കുതിര'യെന്നു ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചതിന്‌ മറുപടിയായി, 'അല്ല, അത്‌ ഉറങ്ങിക്കിടക്കുന്ന സിംഹമാണെ'ന്ന്‌ സി എച്ച്‌ പ്രതികരിച്ചത്‌. ഒറ്റക്കൊമ്പില്‍ മൂന്നു കൊടികെട്ടി തിരഞ്ഞെടുപ്പുവിജയം നേടിയപ്പോള്‍ ലീഗിനെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ഗൂഢാലോചനകളെ 'ജന്തര്‍ മന്ദര്‍ റോഡിലെ തന്ത്രങ്ങള്‍' എന്നു വിശേഷിപ്പിക്കാനും തദാവശ്യാര്‍ഥം സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ പണ്ഡിറ്റ്‌ പന്തിനെ
'കേരളത്തിലേക്ക്‌ ഉരുണ്ടുവന്ന പന്ത്‌' എന്നു പരിഹസിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്സിസ്റ്റ്‌) എന്ന ബോര്‍ഡിനെപ്പറ്റി പ്രസവാശുപത്രി (സ്ത്രീകള്‍ക്ക്‌) എന്നെഴുതിയതുപോലെ എന്ന ഉപമ കേട്ട്‌ കമ്മ്യൂണിസ്റ്റുകള്‍ പോലും ചിരിച്ചിട്ടുണ്ടാവും. മഹാകവി കുമാരനാശാനെ അനുസ്മരിക്കുന്ന ചടങ്ങില്‍, ഈഴവസമുദായത്തിന്റെ പുരോഗതിക്കുവേണ്ടി ആശാനും ആശാന്റെ ആശാനായ ശ്രീനാരായണഗുരുവും വഹിച്ച പങ്ക്‌ നിസ്തുലമാണെന്ന വാക്യം കേട്ട്‌ ഭാഷയുടെ ആശാന്‍മാരാണു ഞെട്ടിയത്‌. കേരള നിയമസഭയില്‍നിന്നു റിട്ടയര്‍ ചെയ്ത ഒരു ഉന്നത ഉദ്യോഗസ്ഥന്റെ യാത്രയയപ്പുവേളയില്‍, ഞാന്‍ ഈ സഭയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ കഴിവ്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌ എന്നായിരുന്നു ഇ എം എസ്‌ പറഞ്ഞത്‌. 'ഞാന്‍ ഈ സഭയുടെ അപ്പുറത്തും ഇപ്പുറത്തും മധ്യത്തിലും ഇരുന്നപ്പോഴെല്ലാം' എന്നായിരുന്നു സ്പീക്കര്‍പ്പദവി കൂടി അലങ്കരിച്ച സി എച്ച്‌ പറഞ്ഞത്‌.
ഗുല്‍സാരിലാല്‍ നന്ദ ആഭ്യന്തരമന്ത്രിയായിരിക്കെ ഗോവധനിരോധനം ആവശ്യപ്പെട്ടുകൊണ്ട്‌ ഒരുകൂട്ടം നഗ്നസന്ന്യാസിമാര്‍ പാര്‍ലമെന്റിനു മുമ്പില്‍ നടത്തിയ പ്രകടനത്തെപ്പറ്റി എഴുതിയ, 'നാലുകാലും വാലുമായി നടക്കുന്ന പയ്യേ, നീയെത്ര ഭാഗ്യവതിയാണ്‌...' എന്നു തുടങ്ങുന്ന വരികള്‍ ഒരു കവിതപോലെ മനോഹരമായിരുന്നു.
1967ലെ ഇ എം എസ്‌ മന്ത്രിസഭയില്‍ അംഗമായപ്പോള്‍ തനിക്കും സഹപ്രവര്‍ത്തകനായ അഹ്മദ്‌ കുരിക്കള്‍ക്കും വടകരയിലെ ലീഗ്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനു മറുപടിയായി സി എച്ച്‌ ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകള്‍, പഞ്ചായത്ത്‌ തൊട്ട്‌ പാര്‍ലമെന്റില്‍ വരെ അംഗങ്ങളായ പാര്‍ട്ടിപ്രവര്‍ത്തകര്‍ തേച്ചുമിനുക്കി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്‌: "പുതുതായി സ്ഥാനമേറ്റതുകൊണ്ട്‌ ഒരുപക്ഷേ, ഞങ്ങള്‍ കഴിവുകുറഞ്ഞവരാണെന്നു നിങ്ങള്‍ കേട്ടേക്കും. എന്നാല്‍, അല്ലാഹുവിനെയും പ്രവാചകനെയും സാക്ഷിയാക്കി ഞങ്ങള്‍ ഉറപ്പുതരുന്നു- അഴിമതിക്കാരെന്ന പേര്‌ ഞങ്ങള്‍ കേള്‍പ്പിക്കില്ല."
സി.എച്ചിന്റെ മഹനീയ മാതൃകയും വ്യക്തി വിശുദ്ധിയും കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്‌ അനിവാര്യമായ ഒരു സന്ദര്‍ഭത്തിലാണ്‌ അദ്ദേഹത്തിന്റെ ഓര്‍മ പുതുക്കുന്നത്‌.

മുഹമ്മദ്‌ പാറക്കടവ്‌
Thejas Daily

Wednesday, June 13, 2012

സി.എച്ച്: ഓര്‍മകളിലെ അതിശയപര്‍വം

സി.എച്ച്: ഓര്‍മകളിലെ അതിശയപര്‍വം (k സി. വി. മുഹമ്മദലി, താനൂര്‍)

രണ്ടുകൊല്ലം ഒരേ ബഞ്ചിലിരുന്നു പഠിച്ചവരാണ് ഞാനും സി. എച്ച്. മുഹമ്മദ് കോയയും. കോഴിക്കോട് സാമൂതിരി കോളജില്‍. 1943 മുതല്‍ 45 വരെയുള്ള ആ രണ്ടുവര്‍ഷം എന്നെസംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. ചെറുപ്പത്തിലേ സി. എച്ചുമായി അടുത്ത് ഇടപെടാന്‍ കഴിഞ്ഞ എനിക്കു ആ പ്രിയ സ്നേഹിതന്‍ ഇന്നും ഒരത്ഭുതമാണ്. പഠിക്കുമ്പോള്‍ ഒരു സാധാരണ വിദ്യാര്‍ത്ഥി, ഇന്റര്‍മീഡിയറ്റില്‍ എന്നെപ്പോലെ തോറ്റ വ്യക്തി, എങ്ങനെ ഇത്ര പ്രാഗത്ഭ്യം തെളിയിച്ചു എന്നതിനു ഒരുത്തരമേ ഉള്ളൂ. "അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹം'. ദൈവാനുഗ്രഹം എന്നും സി. എച്ചിനുണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ അസുലഭ സിദ്ധിയാണ് സി. എച്ചിന്റെ ജീവിതത്തിലുടനീളം കാണുന്നത്.

കോഴിക്കോട് ചാലപ്പുറത്തായിരുന്നു സാമൂതിരി കോളജ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊക്കുന്നില്‍ അത് ഗുരുവായൂരപ്പന്‍ കോളജ് ആയി മാറിയത്. (ഇപ്പോള്‍ പേര് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്). സാമൂതിരി കോളജില്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ അവിടെ പ്രഗത്ഭരായ നിരവധി അധ്യാപകരുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ആര്‍. രവിവര്‍മ്മ, സാഹിത്യകാരന്‍ എം. പി. ശിവദാസമേനോന്‍, കെ. എസ്. കൃഷ്ണയ്യര്‍, എസ്. കെ. സഭാപതി, പി. കെ. എന്‍. രാജ, പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ കെ. പി. കൃഷ്ണയ്യര്‍ എന്നിവര്‍ അവരില്‍ ചിലരായിരുന്നു.
എന്റെ സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട്ടായിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍. പ്രമുഖ വ്യാപാരിയായ പിതാവ് സി. എ. കുഞ്ഞിമൂസ എന്നിവരുടെ കൂടെ എം. ബാവുട്ടിഹാജി (മുന്‍ കോഴിക്കോട് മേയര്‍), ഡോ. എം. കെ. കോയ എന്നീ ജ്യേഷ്ഠന്‍മാരോടൊപ്പം കോഴിക്കോട്ടെ കുടുംബവീട്ടിലാണ് ഞാന്‍ വളര്‍ന്നത്. കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ ഫൈനല്‍ പാസായി സി. എച്ച്. കോഴിക്കോട്ടെത്തുകയായിരുന്നു.

അക്കാലത്ത് തന്നെ സി. എച്ച്. അറിയപ്പെടുന്ന പ്രാസംഗികനാണ്. മുസ്ലിംലീഗ് പൊതുയോഗങ്ങളിലെ മുഖ്യ ആകര്‍ഷണം സി. എച്ചിന്റെ പ്രസംഗങ്ങളായിരുന്നു. ഫിസിക്സ്, കെമിസ്ട്രി ക്ലാസുകളില്‍ അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ സി. എച്ച്. നോട്ടുപുസ്തകത്തില്‍ ശ്രദ്ധാപൂര്‍വ്വം എഴുതിക്കൊണ്ടിരിക്കുകയാവും. അവസാന ബെഞ്ചിലാണ് ഞങ്ങളുടെ ഇരിപ്പിടം. സി. എച്ച്. ലക്ചര്‍ നോട്ട് കുറിക്കുകയാണ് എന്നാവും അധ്യാപകരുടെ വിചാരം. അദ്ദേഹം, പക്ഷേ പ്രസംഗത്തിന്റെ കുറിപ്പെഴുതുകയാവും, അല്ലെങ്കില്‍ ലേഖനങ്ങള്‍.ഇത്ര അശ്രദ്ധമായ രീതിയില്‍ ക്ലാസില്‍ വരുന്ന മറ്റൊരാളുണ്ടാവില്ല. ഒന്നിലും ഒരു നിര്‍ബന്ധവും കാണിക്കാത്ത പ്രകൃതം. കിട്ടിയത് തിന്ന്, ഉള്ളത് ഉടുത്ത് കഴിയും. എവിടെ കിടന്നുറങ്ങാനും എവിടെ പോകാനും ഒരു മടിയും കാണിക്കില്ല.

വ്യക്തിപരമായ ചിട്ടവട്ടങ്ങളില്‍ ഒരു ശ്രദ്ധയും കാണിക്കാത്ത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ചിലപ്പോള്‍ ഉടുത്തൊരുങ്ങി വെട്ടിത്തിളങ്ങി വരും. മറ്റു ചിലപ്പോള്‍ മുഷിഞ്ഞ് വലഞ്ഞെത്തും.
മലബാര്‍ ജില്ലാ എം. എസ്. എഫിന്റെ സ്ഥാപകരിലൊരാളായിരുന്നു സി. എച്ച്. അന്നത്തെ പ്രമുഖ നേതാക്കളിലൊരാള്‍ എന്റെ കൂട്ടുകാരനും നാട്ടുകാരനുമായ സി. എം. കുട്ടിയാണ്. അദ്ദേഹവും സി. എച്ചും തമ്മില്‍ അഗാധമായ അടുപ്പമുണ്ടായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജിലാണ് സി. എം. കുട്ടിയുടെ ഇന്റര്‍മീഡിയറ്റ് പഠനം. താമസം വൈ. എം. സി. എ.യില്‍. അവിടെ സി. എച്ചും സി. എം. കുട്ടിയും ഞാനും സുഹൃത്തുക്കളും പലപ്പോഴും സന്ധിക്കും. ബി. വി. മമ്മദ് കോയ, അഹമ്മദ് കോയ എന്നിവരുമുണ്ടാവും. എല്ലാവരും ചേര്‍ന്ന് കടപ്പുറത്തേക്ക് പോകും. അവിടത്തെ ഉല്ലാസവും ചൂടേറിയ ചര്‍ച്ചകളുമായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടികള്‍.

സി. എച്ചും സി. എം. കുട്ടിയും മലബാര്‍ ജില്ലാ എം. എസ്. എഫ് നേതാക്കളായിരിക്കെ ഞാന്‍ കോഴിക്കോട് ടൗണ്‍ എം. എസ്. എഫ്. സെക്രട്ടറിയായിരുന്നു. സംഘടനാരംഗത്തും വ്യക്തിജീവിതത്തിലും സി. എച്ചിന്റെ വഴികാട്ടി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളായിരുന്നു. കൊയിലാണ്ടിയില്‍ നിന്നു സി. എച്ചിനെ കോഴിക്കോട്ട് കോളജ് പഠനത്തിന് കൊണ്ടു വരുന്നതില്‍ ബാഫഖി തങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നേതാക്കളുമായുള്ള ഈ അടുപ്പവും "വെടിപ്പെട്ടിക്കോയ' എന്നു പേരുകിട്ടാനിടയാക്കിയ അത്യുജ്ജ്വല പ്രസംഗവും സി. എച്ചിനെ നേതൃത്വത്തിലേക്കുയര്‍ത്തി.
അദ്ദേഹത്തിന്റെ പ്രസംഗശൈലിക്കും പുതുമകളുണ്ടായിരുന്നു. വസ്തുതകള്‍ യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കുന്ന രീതിയായിരുന്നു അത്. അതിന് വേണ്ടി ഫലിതങ്ങളും പരിഹാസവുമെല്ലാം കോര്‍ത്തിണക്കി വളരെ സ്ഫുടതയോടെ ഗംഭീരമായ ശബ്ദ നിയന്ത്രണത്തോടെയാണ് സി. എച്ച്. പ്രസംഗിക്കുക. അങ്ങനെ വികാരം കോരിയൊഴിക്കുന്ന ഒരു പ്രസംഗകനെ അക്കാലത്തോ പിന്നീടോ ഞാന്‍ കണ്ടിട്ടില്ല. സി. എച്ചിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്ര ദൂരവും ആളുകള്‍ യാത്ര ചെയ്യും. എത്ര മണിക്കൂറും കാത്തിരിക്കും. പ്രസംഗത്തിലെ ഉപമകളും കഥകളും പ്രയോഗങ്ങളും എത്രയോ നാള്‍ അവര്‍ ഓര്‍ത്തു കൊണ്ടിരിക്കും. മുസ്ലിംലീഗിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ സി. എച്ച്. വഹിച്ച പങ്ക് വളരെ വലുതാണ്

Friday, September 30, 2011

സി.എച്ചിന്റെ ജീവിതം വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത ഗ്രന്ഥം: ഹൈദരലി തങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ്കോയയുടെ ജീവിതം വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത ഗ്രന്ഥമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സി.എച്ച് എന്ന മഹാമനുഷ്യന്‍ വലിയ വടവൃക്ഷമായിരുന്നു. അദ്ദേഹം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയ ചരിത്രമാണുള്ളത്. ഇത്രയും ആദരവ് പിടിച്ചുപറ്റിയ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണെന്നും തങ്ങള്‍ പറഞ്ഞു.

സ്വന്തം കാര്യലാഭത്തിനോ കുടുംബ നേട്ടത്തിനോ വേണ്ടിയല്ല സി.എച്ച് ജീവിച്ചത്. അദ്ദേഹം പ്രതിനിധാനം ചെയ്ത സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതി ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ സി.എച്ച് വിമര്‍ശകരുടെ പേടിസ്വപ്നമായിരുന്നു. വിമര്‍ശകര്‍ക്ക് "ഉരുളക്ക് ഉപ്പേരി' എന്ന മട്ടില്‍ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍മോത്സുകതയോടെ ചുമതലയേറ്റ സി.എച്ച് ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുവെന്നു തങ്ങള്‍ വ്യക്തമാക്കി. വിദ്യാഭ്യാസ ചരിത്രത്തില്‍ സി.എച്ചിന്റെ സംഭാവന ചെറുതായി കാണാന്‍ സാധിക്കില്ല. തല ഉയര്‍ത്തി നില്‍ക്കുന്ന പല സ്ഥാപനങ്ങളും സി.എച്ചിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പ്രതിഭാധനതയുടെയും പ്രതീകമാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മിപ്പിച്ചു. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ച സി.എച്ച് അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പാണക്കാട്ടെ നിത്യസന്ദര്‍ശകനായ സി.എച്ചിനെ കുട്ടിക്കാലം മുതല്‍ പരിചയപ്പെടാന്‍ സാധിച്ചതായി തങ്ങള്‍ അനുസ്മരിച്ചു. മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങളുടെ പ്രചാരണത്തില്‍ അദ്ദേഹം നല്‍കിയ സംഭാവന എന്നും സ്മരിക്കപ്പെടും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സിറ്റി സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, എം.എെ തങ്ങള്‍, എം.എെ. ഷാനവാസ് എം.പി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ ടി.ടി ഇസ്മാഈല്‍, വൈസ് പ്രസിഡണ്ട് അഡ്വ. എസ്.വി ഉസ്മാന്‍കോയ പ്രസംഗിച്ചു. പി.എ മഹബൂബ് സംവിധാനം ചെയ്ത "ഓര്‍മ്മകളിലെ സി.എച്ച്' ഡി.വി.ഡി പ്രകാശനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ സ്വാഗതവും കെ.ടി ബീരാന്‍കോയ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുസ്ലിംലീഗിന്റെ മുന്‍കാല നേതാക്കളെ ആദരിച്ചു.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes