Thursday, May 16, 2013

കോഴിക്കോടിന്റെ സി.എച്ച്,- സി.എച്ചിന്റെ കോഴിക്കോട്


കോഴിക്കോട് നഗരസഭയുടെ ജൂബിലി ആഘോഷങ്ങള്‍ ഈ വേളയില്‍ കിഴക്കെ നടക്കാവ് ജുമഅത്ത് പള്ളിയിലെ ഖബറിടത്തില്‍ ഒരു ആത്മാവ് അഭിമാനപൂര്‍വ്വം സ്പന്ദിക്കുന്നുണ്ടാവും. കേരളത്തില്‍ മുഖ്യമന്ത്രിപദം അലങ്കരിച്ച ഒരേ ഒരു മുസ്‌ലിം നേതാവായ സി.എച്ച്. മുഹമ്മദ് കോയയുടെ മഖ്ബറയില്‍ നിന്നുള്ള മിടിപ്പുകള്‍.

കൊയിലാണ്ടിക്കടുത്ത അത്തോളിയിലാണ് ചെറിയാരംകണ്ടി മുഹമ്മദ്‌കോയ ജനിച്ചതെങ്കിലും 56 വസന്തങ്ങള്‍ക്കിടയില്‍ പൊലിഞ്ഞുപോയ ആ ധന്യജീവിതത്തില്‍ ഏറെക്കാലം ചെലവഴിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്ത് കോഴിക്കോട്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ സി.കെ. മുഹമ്മദ്‌കോയയെ സി.എച്ച്. മുഹമ്മദ് കോയയാക്കി മാറ്റിയ പട്ടണം.

കുറ്റിച്ചിറയിലെ കല്‍പടവുകള്‍ക്കും മാനാഞ്ചിറയിലെ പുല്‍ക്കൊടികള്‍ക്കും കടപ്പുറത്തെ മണല്‍ത്തരികള്‍ക്കും ടൗണ്‍ഹാളിലെ ചുമര്‍ചിത്രങ്ങള്‍ക്കുമെല്ലാം ജീവനുണ്ടായിരുന്നെങ്കില്‍ നഗരത്തെ വളര്‍ത്തിയ നഗരത്തോടൊപ്പം വളര്‍ന്ന ആ ബഹുപ്രമുഖ പ്രതിഭയെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു.

കോളജ് വിദ്യാഭ്യാസം തേടി പതിനഞ്ചാം വയസില്‍ കോഴിക്കോട്ടെത്തിയതാണ് സി.എച്ച്. എന്ന ബാലന്‍. അതിനിടയിലാണ് അന്നത്തെ മുനിസിപ്പാലിറ്റിയില്‍ ഒരു ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി കടന്നുചെല്ലുന്നത്. ഇടക്കു തന്നെ രാഷ്ട്രീയ രംഗത്ത് മേല്‍വിലാസം അടയാളപ്പെടുത്തി ആ വിദ്യാര്‍ത്ഥി നേതാവ്. 1952-ല്‍ കുറ്റിച്ചിറയില്‍ നിന്ന് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറുന്നു.

അടുത്തവര്‍ഷം തന്നെ, ലീഗ് പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ അദ്ദേഹം കൗണ്‍സിലില്‍ ഒരു പ്രമേയമവതരിപ്പിച്ചു. നൂറ്റാണ്ട് പിന്നിടുന്ന മുനിസിപ്പല്‍ കൗണ്‍സിലിനെ കോര്‍പ്പറേഷന്‍ പദവി നല്‍കി ഉയര്‍ത്തണം. കൗണ്‍സില്‍ അത് ഏകകണ്ഠമായി അംഗീകരിച്ചു. അതില്‍ പിന്നീട് കല്ലായിപ്പുഴയിലൂടെ വെള്ളം ഏറെ ഒഴുകിപ്പോയി. 1961- ല്‍ കേരള നിയമസഭ ആ പ്രമേയം പാസാക്കി. ഇന്ത്യയിലെ 22-ാമത് കോര്‍പ്പറേഷനായി കോഴിക്കോടിനെ ഉയര്‍ത്തിക്കൊണ്ട് പാസാക്കിയ ബില്ലില്‍ നിയമസഭാധ്യക്ഷന്‍ എന്ന നിലയില്‍ ഒപ്പുവെക്കാന്‍ ഭാഗ്യമുണ്ടായതും അന്ന് സ്പീക്കര്‍ സ്ഥാനം അലങ്കരിച്ചിരുന്ന സി.എച്ചിനു തന്നെ.

ഇരുപത്തി രണ്ടാം വയസില്‍ പത്രാധിപ സ്ഥാനത്തിരുന്ന് ‘ചന്ദ്രിക’ ഭരിച്ച സി.എച്ച് കേരള നിയമസഭയുടെ പ്രതിപക്ഷ ബെഞ്ചിലും ഭരണകക്ഷിയിലും ഇരുന്നു. നിയമനിര്‍മ്മാണ രംഗത്ത് തിളക്കം കൂട്ടിയിരുന്നു. അതിനു തുടക്കം കുറിച്ചുകൊണ്ടാണ് 1961-ല്‍ സ്പീക്കര്‍ സ്ഥാനത്തെത്തിയത്.

മന്ത്രി എന്ന നിലയില്‍ വിദ്യാഭ്യാസം, ആഭ്യന്തരം, പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ ഒരുപാട് വകുപ്പുകള്‍ ഭരിച്ച അദ്ദേഹം 1981-82ല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും അതിനുമുമ്പ് 1979-ല്‍ രണ്ടുമാസത്തോളം മുഖ്യമന്ത്രി പദവും അലങ്കരിച്ചിരുന്നു.

കോഴിക്കോട് സര്‍വ്വകലാശാലയും വനിതാ പോളിടെക്‌നിക്കും റീജണല്‍ എഞ്ചിനീയറിങ്ങ് കോളജും (ഇന്ന് എന്‍.ഐ.ടി.) സ്ഥാപിച്ച് കോഴിക്കോടിന്റെ മുഖഛായതന്നെ മാറ്റുന്നതില്‍ വിജയിച്ചു അദ്ദേഹം. കെ.എം. സീതി സാഹിബിനെ പോലും പരാജയപ്പെടുത്തിയ കോഴിക്കോട് ലോക്‌സഭാ മണ്ഡലം 1962-ല്‍ സി.എച്ചിനെ പാര്‍ലമെന്റിലുമെത്തിച്ച് പ്രായശ്ചിത്തം ചെയ്തു.

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദില്‍ ഒരു ഔദ്യോഗിക യാത്രക്കിടയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു – 56-ാം വയസില്‍. അപ്പോഴും അദ്ദേഹത്തിന്റെ ശരീരം മണ്ണോട് ചേര്‍ന്നത് കോഴിക്കോട് നഗരഹൃദയത്തിലെ പള്ളി മുറ്റത്ത് തന്നെ. മനുഷ്യമഹാസാഗരത്തിന്റെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിക്കൊണ്ട്, സ്വന്തം വീട്ടിന്റെ ഒരു മതിലിന്നപ്പുറത്ത് തന്നെ അന്ത്യവിശ്രമം.

 News @ Chandrika

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes