ആറുവര്‍ഷം മുമ്പ് സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി കോഴിക്കോട്ട് മുസ്‌ലിം ബുദ്ധിജീവികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു. തൊട്ടുമുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംഭവിച്ച ക്ഷീണത്തിന്റെ പശ്ചാതലത്തില്‍ ഈ ഒത്തുചേരലിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ചര്‍ച്ച തുടങ്ങിവെച്ച ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ.എ.ജലീല്‍ സാഹിബ് ഒരു കാര്യം പറഞ്ഞു : സമുദായത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും രാഷ്‌ട്രീയ ശക്തി അനിവാര്യമാണ്. രാഷ്‌ട്രീയശക്തിക്കു ക്ഷയം സംഭവിച്ചുകൂടാ. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായി അദ്ദേഹം പശ്ചിമബംഗാളിലെ സ്ഥിതി ഉദാഹരിക്കുകയും ചെയ്‌തു. അവിടെ മുസ്‌ലിംകള്‍ ജനസംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തിലധികം വരുമെങ്കിലും എല്ലാ തുറകളിലും അവര്‍ പിന്നോട്ടുപോയി. ഒരു രാഷ്‌ട്രീയ ശക്തിയായി വളരാന്‍ അവര്‍ക്ക് കഴിയാത്തതാണു പ്രധാന കാരണം.
സി.എച്ച്.മുഹമ്മദ് കോയാ സാഹിബും മുന്‍കാല നേതാക്കളും ചെയ്‌ത സേവനമിതാണ്. അവര്‍ കേരള മുസ്‌ലിംകളെ ഒരു രാഷ്‌ട്രീയ ശക്തിയാക്കി മാറ്റി. പ്രൊഫസര്‍ കെ.എ.ജലീല്‍ സാഹിബിനെപ്പോലെയുള്ള എത്രയോ സാമൂഹിക നിരീക്ഷകര്‍ ഇക്കാര്യം പല സന്ദര്‍ഭങ്ങളിലായി എടുത്തുപറഞ്ഞിട്ടുണ്ട്.
ഇരുപത്തൊമ്പത് വര്‍ഷം മുമ്പ് അന്തരിച്ച സി.എച്ചിന്റെ വ്യക്തി വൈശിഷ്‌ട്യത്തെക്കുറിച്ചും കേരള രാഷട്രീയത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും എത്രയോ പേര്‍ ഇപ്പോഴും അനുസ്‌മരിക്കുന്നുണ്ട്. പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു വരികയും മുസ്‌ലിം ലീഗിന്റെ അനിഷേധ്യ നേതാവായിത്തീരുകയും പൊതുസമൂഹത്തിന്റെ ആദരം നേടുകയും ചെയ്‌ത സി.എച്ചിന്റെ ജീവിതം, ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വഴികാട്ടുന്ന പാഠപുസ്‌തകമാണ്.
കേരള മുസ്‌ലിം സമുദായത്തില്‍ പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ വ്യക്തിയാണ് സി.എച്ച് എന്നു �മുസ്‌ലിംസ് ഓഫ് കേരള� എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ ഡോ : റൊളാങ് ഇ മില്ലര്‍ അടയാളപ്പെടുത്തുന്നുണ്ട്. മുസ്‌ലിം സമുദായത്തെ മതേതര ജനാധിപത്യ മാര്‍ഗത്തില്‍ രാഷ്‌ട്രീയമായി സംഘടിപ്പിക്കാനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മറ്റു പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുമാണ് സി.എച്ച്. പഠിപ്പിച്ചത്. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മാഈല്‍ സാഹിബ്, സയ്യിദ് അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കെ.എം. സീതിസാഹിബ്, പാണക്കാട് തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിന്‍ കീഴില്‍, മറ്റു സമകാലിക നേതാക്കളുടെ നേതാവാകാനും സംഘടനയുടെ ശബ്‌ദമാകാനും അദ്ദേഹത്തിനു കഴിഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സി.എച്ചിന്റെ പ്രയോഗങ്ങളും ഉപമകളും ഇന്നും രാഷ്‌ട്രീയ വേദികളില്‍ നിന്ന് മുഴങ്ങുന്നു. പണ്‌ഡിതോചിതമായ ആ പ്രഭാഷണങ്ങള്‍ വഴി പനമ്പിള്ളി ഗോവിന്ദമേനോന്റേയും ജോസഫ് മുണ്ടശ്ശേരിയുടേയും കൂടെ സി.എച്ച്. അനുസ്‌മരിക്കപ്പെടുന്നു. എത്രദൂരം താണ്ടിയും എത്രനേരം കാത്തിരുന്നും ആലക്തിക ശക്തിയുള്ള ആ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. അഭിസംബോധന കൊണ്ടു തന്നെ സദസ്സിനെ ഇളക്കി മറിക്കുന്ന വാഗ്‌ധോരണിയില്‍ ആരും ലയിച്ചിരുന്നു പോകും. ഒരു വാചകത്തില്‍ തന്നെ ശോകത്തിന്റെ നിഴല്‍ പരത്താനും ക്ഷോഭത്തിന്റെ കടലിരമ്പമുണ്ടാക്കാനും ഫലിതം ചേര്‍ത്ത് പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അനുപമ സിദ്ധിയായിരുന്നു അത്. സി.എച്ചിന്റെ പ്രസംഗം ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയ ആയതില്‍ അത്ഭുതമില്ല.
സത്താര്‍ സേട്ട് സാഹിബിന്റേയും സീതിസാഹിബിന്റേയും പരിലാളനയില്‍ ബാഫഖി തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്ന സി.എച്ച് വളരെ ചെറുപ്പത്തിലേ നേതൃനിരയിലെത്തിയ വ്യക്തിയാണ്. 23-ാം വയസ്സില്‍ അദ്ദേഹം ചന്ദ്രിക പത്രാധിപരായിരുന്നു. മുപ്പതുകാരനായിരിക്കെ കേരള നിയമസഭയില്‍ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി. കക്ഷി നേതാവായും സ്‌പീക്കറായും മുഖ്യമന്ത്രിയായും നിയമസഭയില്‍ പ്രവര്‍ത്തിച്ച റിക്കാര്‍ഡ് സി.എച്ചിന്റേത് മാത്രമാണ്. നഗരസഭാംഗമായി തുടങ്ങിയ ആ നിയമ സാമാജിക ജീവിതത്തിനിടയില്‍ രണ്ടുതവണ ലോക്‌സഭയിലുമെത്തി. 1957-ലെ ഒന്നാം കേരള നിയമസഭയുടെ കണ്ടുപിടുത്തം സി.എച്ച്. മുഹമ്മദ് കോയയായിരുന്നുവെന്നു രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ.ജയശങ്കര്‍ അദ്ദേഹത്തിന്റെ `കമ്മ്യൂണിസ്‌റ്റ് ഭരണവും വിമോചന സമരവും’�എന്ന പുസ്‌തകത്തില്‍ അഭിപ്രായപ്പെടുന്നത് കാണാം.
വാഗ്‌മിയായും പത്രാധിപരായും സഞ്ചാര സാഹിത്യകാരനായും ഭരണ കര്‍ത്താവായും അറിയപ്പെട്ട സി.എച്ച് സമകാലികരായ സാഹിത്യകാരന്മാരുമായും ബുദ്ധിജീവികളുമായും പുലര്‍ത്തിയ വ്യക്തിബന്ധം ശ്രദ്ധേയമായിരുന്നു. കവി യൂസഫലി കേച്ചേരിയെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നെഹ്‌റുവിനെക്കുറിച്ച് കേച്ചേരി എഴുതിയ കവിതയിലെ വരികള്‍ ഉറക്കെച്ചൊല്ലി സി.എച്ച് ആശ്ലേഷിച്ച കഥ കവി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രാന്തദര്‍ശിയായ സീതിസാഹിബിന്റെ കര്‍മ്മമാര്‍ഗ്ഗം പിന്തുടര്‍ന്ന ധിഷണാ ശാലിയായിരുന്നു സി.എച്ച്. കേരളത്തിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട് ജാമിഅ: നൂരിയ്യയുടെ ബിരുദദാനച്ചടങ്ങില്‍ യുവപണ്‌ഡിതന്മാര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാവരുത് എന്നു പ്രസംഗിക്കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അപ്പത്തരങ്ങള്‍ കൂമ്പാരമായുണ്ടാക്കുന്ന വടക്കെ മലബാറിലെ അമ്മായിമാരോട് �നിങ്ങള്‍ ഒരുവര്‍ഷം പലഹാരങ്ങള്‍ക്കു ചെലവാക്കുന്ന തുക എനിക്ക് തരൂ, ഞാനൊരു സര്‍വകലാശാലയുണ്ടാക്കിത്തരാം�എന്നു വാഗ്‌ദാനം ചെയ്യുന്ന സി.എച്ച്, വിദ്യാഭ്യാസപ്രവര്‍ത്തനവും രാഷ്‌ട്രീയ പ്രവര്‍ത്തനവും ഒന്നിച്ചു പോവണം എന്നു പറഞ്ഞുകൊണ്ടിരുന്നു.
സി.എച്ചിന്റെ ഉപമകളും ഉല്‍പ്രേക്ഷകളും ഇന്നും സജീവമാണ്. മന്ത്രിയുടെ കൈയില്‍ മാന്ത്രിക വടിയില്ല എന്നു നമ്മള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞിനേയും നാറാണത്ത് ഭ്രാന്തനേയും നക്രസംഹാരത്തിനിറങ്ങിയ ചക്രപാണിയേയും രാഷ്‌ട്രീയവേദികളില്‍ കേട്ടത് സി.എച്ചില്‍ നിന്നാണ്. മറ്റു സമുദായങ്ങളുടെ അവകാശങ്ങളില്‍ നിന്നു ഒരു തലനാരിഴ പോലും ഞങ്ങള്‍ക്കു വേണ്ട; ഞങ്ങളുടെ അവകാശങ്ങളില്‍ ഒരു അണുമണി പോലും വിട്ടുതരികയുമില്ല� എന്നു പ്രസംഗിച്ച സി.എച്ചിന്റെ വാക്കുകള്‍ ഒരു നയപ്രഖ്യാപനം പോലെ ഇന്നും പ്രസക്തമാണ്.
തികഞ്ഞ മതവിശ്വാസിയായിരിക്കേ കറകളഞ്ഞ മതേതരവാദിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു. മതാനുഷ്‌ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്ന യഥാര്‍ത്ഥ മുസ്‌ലിമായിരിക്കേ ആദരം നേടുന്ന മതേതരവാദിയാവാനും കഴിയുമെന്നു സി.എച്ച് കാണിച്ചുതന്നു. അപകര്‍ഷബോധം അദ്ദേഹത്തെ തൊട്ടു തീണ്ടിയിരുന്നില്ല. അഭിമാനബോധമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചെങ്കോട്ടയും കുത്തബ് മിനാറും താജ്‌മഹലുമെല്ലാം ഉയര്‍ത്തിക്കാട്ടി പിന്നാക്കത്തിന്റെ കാവടി ഇറക്കിവെക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തുകൊണ്ടിരുന്നു. വിദ്യാഭ്യാസം കൊണ്ടും സംഘടനകൊണ്ടും ശക്തരാവാനും അഭിമാനികളായ ഇന്ത്യക്കാരായി ജീവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും നേരിട്ടാണ് സി.എച്ചും ആദ്യകാല നേതാക്കളും മുസ്‌ലിം ലീഗ് സംഘടനാ പ്രവര്‍ത്തനം നടത്തിയത്. വര്‍ഗ്ഗീയതയുടെ ആരോപണങ്ങളില്‍ അവര്‍ പതറിയില്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ മതേതര ജനാധിപത്യത്തിനും മതസൗഹാര്‍ദ്ദത്തിനും സാമൂഹിക നീതിക്കും വേണ്ടി നിലകൊള്ളണമെന്നു ഈ നേതാക്കള്‍ പഠിപ്പിച്ചു. ബഹുസ്വര സമൂഹത്തില്‍ വ്യക്തിത്വം നിലനിറുത്തി മുഖ്യധാരയില്‍ നിലയുറപ്പിക്കാനുള്ള ദിശാബോധമാണ് സി.എച്ച്. നല്‍കിയത്. ആ സ്‌മരണകള്‍ എക്കാലവും ആവേശദായകമായിരിക്കുമെങ്കിലും ഇങ്ങനെയൊരാള്‍ക്കു വേണ്ടി നാം ഇനി എത്രനാള്‍ കാത്തിരിക്കേണ്ടിവരും.
പി.എ.റഷീദ്
Sep. 28
0 comments:
Post a Comment