Saturday, October 5, 2013

ഓര്‍മകള്‍ തോരാതെ- എം.കെ മുനീര്‍

എന്നെ ഒരു ഡോക്ടറാക്കുക എന്നതായിരുന്നു ബാപ്പയുടെ എക്കാലത്തെയും മോഹം. എത്രയോ കാലം ബാപ്പ മനസ്സില്‍ കൊണ്ടുനടന്ന മോഹമാണതെന്ന് മുതിരുംതോറും എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്റെ ചെറുപ്പത്തില്‍ തന്നെ ഉമ്മക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നു. 11 തവണ ഗര്‍ഭം ധരിച്ചെങ്കിലും മൂന്ന് കുട്ടികള്‍ മാത്രമാണുണ്ടായത്.

വൈദ്യന്മാരെയും ഡോക്ടര്‍മാരെയും നിരന്തരം സന്ദര്‍ശിക്കുക പതിവായിരുന്നു. വൈകാതെ ബാപ്പയെയും രോഗങ്ങള്‍ പിടികൂടി തുടങ്ങിയിരുന്നു. ഒരുപക്ഷെ ഇതും എന്നെ ഡോക്ടറാക്കാനുള്ള ആഗ്രഹത്തിന് പ്രേരകമായിട്ടുണ്ടാവാം. പഠിക്കുന്ന കാലത്ത് ശരാശരി നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. അന്ന് എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചിരുന്നില്ല. ഏറ്റവും കൂടിയ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് മെഡിസിനു പ്രവേശനം ലഭിച്ചിരുന്നത്.

എന്റെ ചെറുപ്പത്തില്‍ തന്നെ എനിക്ക് ബാപ്പ വാങ്ങിത്തന്ന കളിക്കോപ്പുകള്‍ അധികവും മെഡിക്കല്‍ ഉപകരണങ്ങളായിരുന്നു. ഒരിക്കല്‍ ഒരു മെഡിക്കല്‍ കിറ്റ് എനിക്ക് കൊണ്ടുവന്നു തന്നു. സ്‌തെതസ്‌കോപ്പും ഫസ്റ്റ്എയ്ഡ് ഉപകരണങ്ങളുമായിരുന്നു ആ പെട്ടിയില്‍. ഒരുപാടു കാലം ഞാന്‍ ആ സ്‌തെതസ്‌കോപ്പും തൂക്കി നടന്നിട്ടുണ്ട്. എന്റെ കൊച്ചു നാളില്‍ തന്നെ മനസ്സിലേക്ക് ഒരു ഡോക്ടറെ സന്നിവേശിപ്പിക്കുകയായിരുന്നു ബാപ്പയുടെ ലക്ഷ്യമെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

എസ്.എസ്.എല്‍.സി പാസായപ്പോള്‍ ഫസ്റ്റ് ഗ്രൂപ്പിന് ചേരാമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ബാപ്പയുടെ മോഹം വേറെയായിരുന്നു. ക്രിസ്ത്യന്‍ കോളജില്‍ എന്നെ ചേര്‍ക്കാന്‍ ബാപ്പ തന്നെ നേരിട്ടു വന്നു. അന്നു പ്രിന്‍സിപ്പല്‍ ചോദിച്ചു: എന്തിനാണ് നിങ്ങള്‍ ബുദ്ധിമുട്ടി വന്നത്. ആരെയെങ്കിലും കൂടെ അയച്ചാല്‍ മതിയായിരുന്നല്ലോ? ബാപ്പ ചിരിച്ചു. ആ ചിരിയില്‍ നിന്ന് എനിക്ക് എല്ലാം വായിക്കാമായിരുന്നു.

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വലിയ മാര്‍ക്കൊന്നുമില്ല. കേരളത്തില്‍ മെഡിസിനു ചേരാന്‍ കഴിയില്ലെന്ന് എനിക്കുറപ്പായി. അപ്പോഴും ബാപ്പ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. ബാംഗ്ലൂരില്‍ ആ വര്‍ഷം ഒരു പുതിയ മെഡിക്കല്‍ കോളജ് തുടങ്ങുന്നുണ്ടായിരുന്നു. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ഗുണ്ടുറാവുവുമായി ബാപ്പക്ക് അടുത്ത ബന്ധമാണ്. അദ്ദേഹമാണ് അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് ശരിയാക്കി തന്നത്.

മെഡിസിനു ചേര്‍ന്നതു മുതല്‍ ഞാന്‍ കോട്ട് ധരിച്ചു കാണാന്‍ ബാപ്പക്ക് വലിയ കൊതിയായിരുന്നു. പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ കോട്ടില്ലെങ്കില്‍ മുഖത്ത് പ്രസാദം നഷ്ടപ്പെടും. ബാപ്പയുടെ സന്തോഷത്തിന് ക്രസന്റ് ഹൗസില്‍ ഞാനൊരു കോട്ട് വാങ്ങിവെച്ചു. ബാപ്പ വീട്ടില്‍ വരുമ്പോഴെല്ലാം പിന്നീട് ആ കോട്ട് ധരിച്ചാണ് മുന്നില്‍ ചെല്ലാറുള്ളത്. അത് കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു.

ഞാന്‍ മെഡിസിനു ചേര്‍ന്നപ്പോഴേക്കും ബാപ്പയുടെ ആരോഗ്യം വല്ലാതെ മോശമായിരുന്നു. രോഗപീഡകള്‍ ശരീരത്തെ തളര്‍ത്തിയപ്പോഴും മനസ്സിന് ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ ഒരു കേണലിന്റെ വീടിന് മുകളില്‍ പേയിങ് ഗസ്റ്റായാണ് ഞാന്‍ താമസിച്ചിരുന്നത്. ബാപ്പ ജിന്റാലില്‍ പ്രകൃതിചികിത്സക്ക് വന്നപ്പോള്‍ എന്റെ മുറി കാണാന്‍ വന്നു. വീടിന്റെ മുകളിലേക്കുള്ള കോണി കയറാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും വളരെ കഷ്ടപ്പെട്ട് മുകളിലേക്ക് വന്നു. എന്റെ മെഡിക്കല്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആ കണ്ണിലുണ്ടായിരുന്ന തിളക്കം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.

വീട്ടില്‍ രാഷ്ട്രീയം പറയുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. മുസ്‌ലിംലീഗ് പിളര്‍പ്പിന്റെ ഏറ്റവും വാശിയേറിയ ഘട്ടത്തിലും ഞങ്ങള്‍ പലരെക്കുറിച്ചും ഓരോന്നു ചോദിക്കും. എന്നാല്‍ അതൊന്നും പറയാന്‍ ബാപ്പ കൂട്ടാക്കിയിരുന്നില്ല. സ്വതസിദ്ധമായ തമാശകളില്‍ മുഖരിതമായിരുന്നു ക്രസന്റ് ഹൗസിന്റെ അകത്തളം. പ്രസംഗിക്കാന്‍ പോകുമ്പോള്‍ പലപ്പോഴും എന്നെയും ഇത്താത്തയെയും കാറില്‍ കൂടെക്കൂട്ടും. ജനങ്ങള്‍ ബാപ്പയോട് കാണിക്കുന്ന സ്‌നേഹവും ആദരവും കാണുമ്പോള്‍ ഞങ്ങള്‍ കോരിത്തരിച്ചിട്ടുണ്ട്. ബാപ്പക്ക് എന്നും ഇഷ്ടം ആള്‍ക്കൂട്ടത്തിനകത്തു ജീവിക്കാനായിരുന്നു.

കോയമ്പത്തൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ ശേഷം രോഗം മൂര്‍ഛിച്ചു. ഒട്ടും സുഖമില്ലാതിരുന്നിട്ടും ആളുകളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കോയമ്പത്തൂരിലേക്ക് പോയത്. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ബാപ്പക്ക് അസുഖമാണെന്നും കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞ് അങ്ങോട്ടുപോയി. ബാപ്പ കണ്ണടച്ചുകിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. ഞാന്‍ കുറേനേരം ബാപ്പയെ നോക്കിനിന്നു. ഒരിക്കലും ഇങ്ങനെ കിടക്കുന്നത് കണ്ടിട്ടില്ല. ദു:ഖമടക്കാനാവാതെ ഞാന്‍ കരഞ്ഞു. പിന്നീടാണറിഞ്ഞത് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയിരിക്കുന്നു. മുഖം ഒരു വശത്തേക്ക് കോടുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ലണ്ടനില്‍ ചികിത്സക്കായി കൊണ്ടുപോകുന്നത്.

മണ്ടന്മാര്‍ ലണ്ടനില്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് ബാപ്പ ലണ്ടനില്‍ നിന്ന് തിരിച്ചുവന്നത്. സിനിമാ പോസ്റ്റര്‍ കണ്ടപ്പോള്‍ ഉമ്മയോട് പറഞ്ഞു. 'നമ്മള്‍ ലണ്ടനില്‍ പോയതും സിനിമയാക്കിക്കളഞ്ഞല്ലോ' എന്ന്. ബാപ്പയുടെ ഒരുപാട് തമാശകള്‍ ഞങ്ങള്‍ ആസ്വദിച്ച് ചിരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് ടൂര്‍ പോയി. ഉമ്മയും പെങ്ങന്മാരും ബാബുക്കയും കൂടെയുണ്ട്. ഡല്‍ഹിക്ക് പോകുമ്പോള്‍ തന്നെ ബാപ്പ ഉമ്മയോട് പറഞ്ഞു. രണ്ടു ഹിന്ദി വാക്കെങ്കിലും നീ പഠിക്കണം. 'തുമാരാ നാം ക്യാഹെ' എന്നു ചോദിച്ചാല്‍ 'മേരാ നാം ആമിന ഹെ' എന്നു പറയണം. 'ആപ്‌കോ കിത്‌നാ ബച്ചാഹെ'? എന്നു ചോദിച്ചാല്‍ 'ഹംകോ തീന്‍ ബച്ചെ ഹെ' എന്നും പറയണം. ഉമ്മ ഏതാണ്ട് ഇത് മന:പാഠമാക്കിയെങ്കിലും ഇടക്ക് ബാപ്പ ചോദിക്കുമ്പോള്‍ ഉത്തരം തലതിരിഞ്ഞായിരിക്കും പറയുക.

അങ്ങനെ ഞങ്ങളെല്ലാവരും ഒരു മൃഗശാല കാണാന്‍ പോയി. വ്യത്യസ്ത മൃഗങ്ങളുടെ മുരള്‍ച്ചയും അലറലും മൃഗശാലയെ ഭീതിദമാക്കിയിരുന്നു. അപ്പോഴാണ് ഒരു കൂട്ടമാളുകള്‍ നിലവിളിച്ച് ഓടുന്നു. കണ്ടവരെല്ലാം ഓടാന്‍ തുടങ്ങി. പലരും മരക്കൊമ്പില്‍ കയറി. ഞങ്ങളും ഓടുകയാണ്. അപ്പോള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണം സൂക്ഷിക്കുന്ന ഒരു മുറി കണ്ടു. ഞങ്ങള്‍ ആ മുറിയില്‍ കയറി കതകടച്ചു. ഞങ്ങള്‍ കരുതിയത് സിംഹമോ കടുവയോ കൂടുതുറന്നു പുറത്തെത്തിയെന്നായിരുന്നു. പിന്നീട് ഒരു ചിമ്പാന്‍സിയാണ് കൂട് തുറന്നോടിയതെന്ന് ബോധ്യമായി. രംഗം ശാന്തമായപ്പോള്‍ ബാപ്പയുടെ കമന്റ് വന്നു. ആമിനയുടെ ഹിന്ദി കേട്ടാണ് ചിമ്പാന്‍സി ഇറങ്ങി ഓടിയത്. യാത്രകളില്‍ അങ്ങനെ എത്രയോ അനുഭവങ്ങള്‍!

ബാംഗ്ലൂരില്‍ എന്റെ മുറിയില്‍ വന്നുപോയശേഷം ബാപ്പ എനിക്കൊരു കത്തയച്ചു. ആദ്യമായും അവസാനമായും ബാപ്പ എനിക്കയച്ച കത്തായിരുന്നു അത്. യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ സ്ഥിരമായി വായിക്കണമെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ നീ ബാംഗ്ലൂരില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ടെന്നും ആ കത്തിലുണ്ടായിരുന്നു. ഇന്നും ഒരു നിധിപോലെ ഞാന്‍ ആ കത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മൂത്ത പെങ്ങളെ ഇന്ദിരാഗാന്ധിയുടെ അടുത്ത് കൊണ്ടുപോയിരുന്നു. പിന്നീട് ഡോ. സക്കീര്‍ ഹുസൈനെയും ഇന്ദിരാഗാന്ധിയെയും കാണാന്‍ പോയപ്പോള്‍ എന്നെയും കൊണ്ടുപോയി. യാത്രകളിലെപ്പോഴും ഞങ്ങള്‍ ആരെങ്കിലും കൂടെയുണ്ടാവും.

ബാപ്പയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പലപ്പോഴും രോമാഞ്ചമുണ്ടാകുമായിരുന്നു. പരിപാടി നടക്കുമ്പോള്‍ എന്നെയും സ്റ്റേജിലിരുത്തും. അക്കാലത്ത് പാടത്തും പറമ്പിലുമൊക്കെയാണ് ഏറെയും വേദികളുണ്ടാവുക. സ്റ്റേജിന്റെ മേശപ്പുറത്ത് വന്നിരിക്കുന്ന ഈച്ചയെ പിടിക്കലായിരുന്നു എന്റെ പ്രധാന ഹോബി. 80-ലെ ഭാഷാസമരത്തിനുശേഷം ബാംഗ്ലൂരില്‍ ഒരു പ്രസംഗത്തിന് പോയപ്പോള്‍ ബാപ്പ എന്നേയും കൂടെ കൊണ്ടുപോയിരുന്നു. പ്രസംഗത്തിനിടയില്‍ ആവേശഭരിതരായ ജനങ്ങള്‍ക്ക് മുമ്പില്‍ ബാപ്പ തന്റെ തൊപ്പി ഊരി കാണിച്ചു. അതില്‍ പ്രവര്‍ത്തകര്‍ നിറച്ചത് ആയിരക്കണക്കിന് രൂപയായിരുന്നു.

ജീവിതത്തിലൊരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തത് ബാപ്പയുടെ മരണമാണ്. അന്നെനിക്ക് 21 വയസ്സായിരുന്നു. വ്യവസായമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാപ്പ ഹൈദരാബാദിലായിരുന്നു. ആയിടെ ഹൈദരാബാദില്‍ ഒരു കലാപവുമുണ്ടായിരുന്നു. കലാപത്തിനിരയായവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും യാത്രയിലുണ്ടായിരുന്നു. ഞാനും ഉമ്മയും അത്തോളിയില്‍ എളാപ്പയുടെ വീട്ടിലാണുണ്ടായിരുന്നത്.

ബാപ്പക്ക് തീരെ സുഖമില്ലെന്നും അടിയന്തരമായി ഹൈദരാബാദിലേക്ക് പോവണമെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ നടക്കാവിലേക്ക് പുറപ്പെട്ടു. ക്രസന്റ് ഹൗസില്‍ അപ്പോള്‍ ബി.വി അബ്ദുല്ലക്കോയ സാഹിബും എം.കെ.സി അബുഹാജിയും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും മുഖത്ത് ദു:ഖം തളംകെട്ടിനില്‍ക്കുന്നു. നമുക്ക് വേഗം പുറപ്പെടാമെന്ന് ഇരുവരും പറഞ്ഞു. ഞങ്ങള്‍ കാറില്‍ കയറി ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് വിമാനമാര്‍ഗം ഹൈദരാബാദിലെത്താനായിരുന്നു ആലോചന. യാത്ര തുടങ്ങിയപ്പോള്‍ തുടങ്ങിയ ചാറ്റല്‍മഴ കനത്തു. വയനാട് ചുരത്തിലെത്തിയതോടെ ഓരോ തടസ്സങ്ങള്‍ ഞങ്ങളുടെ യാത്ര മുടക്കിക്കൊണ്ടിരുന്നു. രണ്ടുതവണ ടയര്‍ പഞ്ചറായി. ഓരോ വളവിലും വണ്ടി ബ്രേക്ക് ഡൗണായി. എന്റെ മനസ്സില്‍ ആധി നിറഞ്ഞിരുന്നു. നേതാക്കള്‍ ഒന്നും പറയുന്നില്ല. ഉമ്മ ആകെ തളര്‍ന്നിരിക്കുകയാണ്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. എന്തോ അപകടം സംഭവിക്കുന്നുണ്ടെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ഇഴഞ്ഞും ഞെരങ്ങിയും കാര്‍ മൈസൂരിലെത്തി. പെട്രോള്‍ അടിക്കാന്‍ ഒരു പമ്പില്‍ കയറിയപ്പോള്‍ ബി.വി പുറത്തുപോയി ഫോണ്‍ ചെയ്തു വന്നു. അതോടെ ഇരുവരുടെയും മുഖം വല്ലാതെ വിളറിയിരുന്നു. യാത്ര തുടരുമ്പോള്‍ ഞാന്‍ പിറകിലേക്ക് തിരിഞ്ഞുനോക്കി. അപ്പോള്‍ എം.കെ.സിയുടെ കണ്ണുകള്‍ നിറഞ്ഞുതൂവുകയാണ്. എന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ബി.വി എന്റെ ചെവിയില്‍ പറഞ്ഞു. 'ബാപ്പ പോയി.'

തേങ്ങല്‍ ഉള്ളില്‍ തളംകെട്ടിനില്‍ക്കുകയാണ്. ഒരു തുള്ളി കണ്ണുനീര്‍പോലും പുറത്തുവരുന്നില്ല. ഹൃദയമിടിപ്പ് കൂടിയിരിക്കുന്നു. ബാംഗ്ലൂരിലെ വോള്‍ഗ ഹോട്ടലില്‍ ഞങ്ങളെത്തുമ്പോള്‍ അവിടെ വന്‍ ജനക്കൂട്ടമാണ്. പലരും പൊട്ടിക്കരയുന്നു. എന്നെ ബാംഗ്ലൂരിലേക്ക് കൊണ്ടുവരുമ്പോള്‍ ബാപ്പ ആദ്യം വന്നത് ഈ ഹോട്ടലിലാണ്. ഓര്‍മ്മകള്‍ തിരയടിച്ചുവന്നു. ബാപ്പയില്ലാത്ത ഒരു ലോകത്തേക്കാണ് എനിക്ക് ഇനി മടങ്ങാനുള്ളത്. ആശ്വാസവാക്കുകള്‍ക്കൊന്നും എന്നെ സമാധാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ യാന്ത്രികമായി നില്‍ക്കുകയാണ്. മടക്കയാത്രയില്‍ ഉമ്മ ബോധരഹിതയായി എന്റെ മടിയിലേക്ക് വീണു.

ക്രസന്റ് ഹൗസില്‍ തിരിച്ചെത്തുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ വിങ്ങിപ്പൊട്ടിനില്‍ക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ബാപ്പയുടെ മയ്യിത്ത് തിരുവനന്തപുരത്തേക്കാണ് കൊണ്ടുവരുന്നത്. പിന്നീട് കോഴിക്കോട്ടും പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ക്രസന്റിലേക്കെത്തുക. ഞാന്‍ പ്രാര്‍ത്ഥനയോടെ യാചിച്ചു. ഇതു താങ്ങാനുള്ള കരുത്ത് നല്‍കണേ അള്ളാ...

ചേതനയറ്റ ബാപ്പയുടെ മുഖത്തേക്ക് ഒരു നോട്ടം. അതുവരെ പിടിച്ചുനിര്‍ത്തിയ എല്ലാ ദു:ഖവും അണപൊട്ടി ഒഴുകി. ഞാന്‍ അനാഥനായിരിക്കുന്നുവെന്ന വേദന. എന്നെ സ്‌നേഹംകൊണ്ടുമൂടിയ ബാപ്പ പോയിക്കഴിഞ്ഞു. അണമുറിയാതെ ഞാന്‍ കരഞ്ഞു. പുറത്ത് മഴ ആര്‍ത്തലച്ചു പെയ്യുകയാണ്. ബാപ്പയുടെ കല്യാണത്തിനു പുതിയാപ്പിള വരുമ്പോഴും തോരാത്ത മഴയാണെന്ന് ഉമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ അവസാനത്തെ യാത്രയിലും മഴ തിമര്‍ത്തുപെയ്യുന്നു.

എന്റെ മനസ്സ് ശൂന്യമായിരുന്നു. വീടിന്റെ തെക്കുഭാഗത്ത് നടക്കാവ് പള്ളിയുടെ ഓരത്ത് അവസാനത്തെ ഒരുപിടി മണ്ണും ആ ഖബറിലേക്ക് വെച്ചു തിരിച്ചുനടന്ന 21 കാരന്‍ എന്നും എന്റെ മനസ്സിലുണ്ട്. ഓരോരുത്തരായി കോലായില്‍ വന്ന് എന്റെ കൈപിടിച്ച് പടിയിറങ്ങി പോവുന്നു. ആയിരക്കണക്കിനാളുകളെ ബാപ്പ സലാം ചൊല്ലി സ്വീകരിച്ച അതേ കോലായില്‍ ഞാന്‍ ആളുകളെ യാത്രയയക്കുകയാണ്. നെഞ്ചുപിളര്‍ത്തിയ മുറിവുകളില്‍ എരിയുന്ന വേദന അടക്കിപ്പിടിച്ച് ഞാന്‍ കോലായില്‍ തന്നെ നിന്നു. ഇനിയൊരിക്കലും ഈ കോലായില്‍ ബാപ്പ ഉണ്ടാവില്ലെന്ന് വിശ്വസിക്കാനാവാതെ....

Chandrika Daily
9/28/2013 1

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes