Thursday, September 28, 2017

സി.എച്ചിന്റെ ജീവിതം നമ്മെ ഓര്‍മപ്പെടുത്തുന്നത്

മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ 34-ാം ചരമവാര്‍ഷികം കടന്നു വരുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരേ യോജിച്ചു പോരാടാനുള്ള സന്ദേശം ആ ജീവിതത്തില്‍ തെളിഞ്ഞുനില്‍പ്പുണ്ടെന്ന് കാണാം. സി.എച്ചിന്റെ ഏറ്റവും വലിയ നേട്ടം അദ്ദേഹം സ്വന്തം നാട്ടിലെ ജനങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നുവെന്നതാണ്. അത്തോളിയുടെ ഈ പ്രിയപുത്രന്‍ മതമൈത്രിയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും ദീപശിഖ ഉയര്‍ത്തിപ്പിടിച്ചു എന്നുമാത്രമല്ല അത് പ്രായോഗികമാക്കാന്‍ നാക്കും തൂലികയും അനവരതം ഉപയോഗിക്കുകയും ചെയ്തു.

കടലില്‍ ഏതാനും വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കം കരയില്‍ കലാപത്തിന് വഴിമരുന്നിട്ട സന്ദര്‍ഭം കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവില്ല. നടക്കാവ് പൊലിസ് സ്റ്റേഷനില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ഓടിയെത്തി ആദ്യം വിളിച്ചത് സി.എച്ചിനെയാണ്. കലാകാരനും സാഹിത്യകാരനുമായിരുന്ന കലക്ടര്‍ മലയാറ്റൂര്‍ രാമകൃഷ്ണന് സി.എച്ചിന്റെ സാന്നിധ്യം എന്തെന്നില്ലാത്ത ആത്മവിശ്വാസം നല്‍കി.

കോഴിക്കോട്ടെ പത്രാധിപ പ്രതിഭകളേയും സാംസ്‌കാരിക നായകരേയും കലക്ടറും സി.എച്ചും ചേര്‍ന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പിന്നെ വെള്ളയിലേക്കുള്ള ജാഥ. തടിച്ചുകൂടിയ ജനക്കൂട്ടത്തോടുള്ള സി.എച്ചിന്റെ സാരഗംഭീരമായ പ്രസംഗം. പ്രശ്‌നം ആളിക്കത്തിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഊതിക്കെടുത്തുകയാണുത്തമമെന്നും അദ്ദേഹം തീരവാസികളെ ഉണര്‍ത്തി.

നാടിന്റെ പേരിനെ ചൊല്ലി കലഹം മൂത്ത കാസര്‍കോട്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയെ കൂട്ടുപിടിച്ച് ‘വിദ്യാനഗര്‍’ എന്ന് പേരിട്ട സി.എച്ച് തലശ്ശേരിക്ക് കണ്ടുവച്ച പേര് ‘വിദ്യാപുരി’ എന്നായിരുന്നു. വിദ്യാഭ്യാസത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയ അദ്ദേഹം ‘പഠിക്കുക, കൂടുതല്‍ പഠിക്കുക’ എന്ന സന്ദേശമാണ് യുവതലമുറക്ക് നല്‍കിയത്. ഒരു നേതാവിന് നല്‍കുന്ന ആര്‍ഭാടസ്വീകരണത്തിന് പകരം ആ തുകകൊണ്ട് പാവപ്പെട്ട കുട്ടിയെ പഠിപ്പിക്കുന്നത് പുണ്യമാണെന്നും മിടുക്കന്മാരായ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി മാതൃക സൃഷ്ടിക്കണമെന്നും സി.എച്ച് നിര്‍ദേശിച്ചു.

സ്‌കോളര്‍ഷിപ്പ് എന്ന ആശയം വിദ്യാര്‍ഥി സംഘടനയെക്കൊണ്ട് അദ്ദേഹം പ്രാവര്‍ത്തികമാക്കി. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ അപഹസിച്ചവര്‍ക്ക് അദ്ദേഹം ഉരുളക്കുപ്പേരി നല്‍കി. കെ.പി കേശവമേനോന്‍ മുതല്‍ എസ്.കെ പൊറ്റക്കാട് വരെയുള്ളവരോട് ആത്മബന്ധം പുലര്‍ത്തിയ സി.എച്ച് അക്ഷരങ്ങളെ അളവറ്റ് സ്‌നേഹിച്ച് അക്ഷരവിപ്ലവം നടത്തി. അഴിമതി എന്താണെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു. സ്വജനപക്ഷപാതം അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല. നര്‍മത്തിന്റെ തേന്‍ ചാലിച്ച വാക്കുകളിലൂടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സാമ്രാജ്യം സി.എച്ച് കെട്ടിപ്പടുത്തു. മതത്തെ വിറ്റ് കാശാക്കുകയും മതത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരോട് അദ്ദേഹം സന്ധി ചെയ്തില്ല.

ഗള്‍ഫിലെ ഒരു പ്രതിനിധിയോടൊപ്പം യാത്ര ചെയ്യവെ വഴിവക്കില്‍ മൂത്രമൊഴിക്കുന്ന ഗ്രാമീണരെക്കണ്ട് സഹയാത്രികന്‍ ഷെയിം വിളിച്ചപ്പോള്‍ സി.എച്ചിന്റെ മനം നൊന്തു. ഗള്‍ഫിലെ യാത്രയില്‍ പകരം വീട്ടാനുറച്ച് ഇതേ രംഗം കണ്ട് ഷെയിം വിളിച്ച സി.എച്ചിന് സിന്ദാബാദുമായി വന്ന പ്രതി തന്റെ നാട്ടുകാരനാണെന്നറിഞ്ഞ് സി.എച്ച് അന്തംവിട്ടു. ‘വഴിതെറ്റുന്ന മലയാളിത്തനിമ’യെ കളിയാക്കിയ സി.എച്ച് അക്ഷരാര്‍ഥത്തില്‍ ഒരു കാലഘട്ടത്തെ ഇളക്കിമറിച്ചു.

നാട്ടിലും മറുനാട്ടിലും അജ്ഞരും അവശരും ആലംബഹീനരുമായ ജനതയെ മുഴുവന്‍ വാചാലതയിലൂടെ ഹര്‍ഷപുളകിതരാക്കിയ സി.എച്ചിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മൊഴിമുത്തുകളും ഗ്രന്ഥങ്ങളുമാണ്. സി.എച്ചിന്റെ പേരില്‍ അവാര്‍ഡ് സ്വീകരിക്കുന്നവര്‍ ഈ രീതിയാണ് അനുവര്‍ത്തിക്കേണ്ടത്.

കെ.പി കുഞ്ഞിമൂസ

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes