ഹജൂര്‍കച്ചേരിയുടെ ഒരു മഹാഭാഗ്യം, അവിടെ മുഖ്യമന്ത്രിമാരായിരുന്നവരെല്ലാം തന്നെ വീയെസ് അച്യുതാനന്ദന്‍ ആ മാതൃകയുടെ അപചയത്തിന് നിര്‍വ്വചനം കുറിക്കുവോളം പ്രാഗല്‍ഭ്യവും മഹത്വവും ഉള്ളവരായിരുന്നു. പട്ടം താണുപിള്ള, പറവൂര്‍ ടി.കെ. നാരായണപിളള, സി. കേശവന്‍, എ.ജെ. ജോണ്‍, പനമ്പളളി, ഈയെമ്മസ്, ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, സീയെച്ച്. മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ മുഖ്യമന്ത്രി പദവിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പട്ടത്തിന്റെ ആജ്ഞാശക്തി, ടി.കെ.യുടേയും പനമ്പിളളിയുടേയും ബുദ്ധിശക്തി, കേശവന്റെ ലാളിത്യം, ജോണിന്റേയും ആന്റണിയുടേയും ആരോപണാതീതമായ സത്യസന്ധത, ഈയെമ്മസിന്റെ ദര്‍ശനം, ആര്‍. ശങ്കറിന്റെ മസ്തിഷ്കബലവും അറിവും, അച്യുതമേനോന്റെ നേതൃപാടവം, പി.കെ.വിയുടെ നയചാതുരിയും സൗമ്യതയും, നായനാരുടെ 'നമ്മിലൊരാള്‍' എന്ന ഭാവം, കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണപാടവവും ജനകീയതയും, സീയെച്ചിന്റെ സാമൂഹിക പ്രതിബദ്ധതയും ദീര്‍ഘദൃഷ്ടിയും ഇങ്ങനെ സംഗ്രഹിക്കാമെങ്കിലും ഈ സംഗ്രഹത്തിലൊന്നും തളച്ചിടാവുന്നതല്ല ആ വ്യക്തിത്വങ്ങള്‍ ഒന്നും.
സീയെച്ചിനെ തന്നെ എടുക്കുക. കുട നന്നാക്കി നടന്നവരെ അറബി മുന്‍ഷിമാരാക്കി എന്നു പറഞ്ഞവര്‍ അതു പറഞ്ഞത് പരിഹസിക്കാനാണ്. എന്നാല്‍ അതില്‍ സ്വാഭിമാനം വളര്‍ത്തിയ ഒരു സമുദായ നേതാവിനെയാണ് സി.എച്ചില്‍ ഞാന്‍ കാണുന്നത്. അറബി ധന്യമായ ഒരു ഭാഷയാണെന്നും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അറബി ദേവഭാഷയാകയാല്‍ അത് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും അമുസ്ലിമുകളെ ആ ധന്യാരാമത്തിന്റെ ഭംഗിക്ക് അന്യരാക്കി നിര്‍ത്തേണ്ടതില്ലെന്നും ഒക്കെയുളള തിരിച്ചറിവ് സീയെച്ചിന്റെ നയങ്ങളെ സ്വാധീനിച്ചിരുന്നു. ഒരു അന്തര്‍ജനം അറബ് പഠിപ്പിക്കുന്ന ആശാട്ടി ആയതും എണ്ണമറ്റ അമുസ്ലിമുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ എം.എ. ബിരുദം നേടിയതും സീയെച്ചിന്റെ വിദ്യാഭ്യാസ നയത്തിന്റെ സല്‍ഫലമായി കണക്കെഴുതണം. അത് ഇസ്ലാമിനെ ശക്തിപ്പെടുത്തുക എന്ന പരമിത ലക്ഷ്യത്തിനപ്പുറം ഇസ്ലാമിക സരണികളെ പൊതു സരണിയുമായി കൂട്ടിയിണക്കുക എന്ന മഹാലക്ഷ്യവും മുന്നില്‍ കാണാന്‍ കഴിഞ്ഞ ഒരു മഹാത്മാവിന് മാത്രം തുടക്കമിടുവാന്‍ കഴിയുമായിരുന്ന സംഗതിയായിരുന്നു; അര നൂറ്റാണ്ടിനപ്പുറം.
196870 കാലത്ത് ഞാന്‍ കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. ഇന്നത്തെ NH അന്ന് ഉപനയനത്തിനൊരുങ്ങുന്ന ഉണ്ണിയുടെ കൗപീനം പോലെ നടുവിലെവിടെയോ ഒരു ടാറിട്ട റിബണ്‍ മാത്രമായിരുന്നു. അക്കാലത്ത് മലപ്പുറം പ്രദേശത്തും മലബാറില്‍ പൊതുവേയും ധാരാളം പളളിക്കൂടങ്ങള്‍ ഉണ്ടായി; ധാരാളം പുതിയ കോളജുകള്‍ ഉണ്ടായി. അതൊന്നും അറബിയും ഇസ്ലാമിക ചരിത്രവും മാത്രം പഠിപ്പിക്കുന്ന ഇടങ്ങള്‍ ആയിരുന്നില്ല. അതിന്റെ ഗുണഭോക്താക്കള്‍ മുസ്ലിമുകള്‍ മാത്രവും ആയിരുന്നില്ല. ഒരു ഭൂപ്രദേശത്തിന്റെയും അവിടെ അധിവസിച്ചിരുന്ന നാനാ ജാതി മതസ്ഥരായിരുന്ന ജനസമൂഹത്തിന്റെയും നന്മ ലക്ഷ്യമിടാന്‍ സീയെച്ചിനു കഴിഞ്ഞു എന്നതാണ് സത്യം.
സീയെച്ചിന്റെ പരിപ്രേക്ഷ്യം അവികസിത മേഖലയെ മാത്രമല്ല ഉള്‍ക്കൊണ്ടത്. കൊച്ചി സര്‍വ്വകലാശാലയുടെ സ്ഥാപനം സൂചിപ്പിക്കുന്നത് വികസിത മേഖലയില്‍ അനുയോജ്യമായ ഉപരിപഠന സൗകര്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത സീയെച്ച് തിരിച്ചറിഞ്ഞിരുന്നു എന്നതാണ്. അന്ന് മുണ്ടശ്ശേരി മാസ്റ്റര്‍ എമ്മെല്ലേയാണ്. അദ്ദേഹം കൊച്ചി സര്‍വ്വകലാശാലയെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ പ്രൗഢമായ ഒരു അസംബ്ലി പ്രസംഗത്തില്‍ വരച്ചിട്ടു. സീയെച്ച് അത് ശ്രദ്ധിക്കുകമാത്രമല്ല അതിന്റെ വെളിച്ചത്തില്‍ കരട് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അവിടെയും തീരുന്നില്ല കഥ. കമ്മ്യൂണിസ്റ്റ് എമ്മെല്ലെയായിരുന്ന മുണ്ടശ്ശേരി മാസ്റ്ററെ കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സിലറായി ക്ഷണിച്ച് നിയമിച്ചു മഹാനായ സീയെച്ച്.
സീയെച്ചിനെ ആദ്യം കാണുന്നത് 1960ല്‍ രൂപപ്പെട്ട നിയമസഭയില്‍ കെ.എം. സീതി സാഹിബിനെ പിന്‍തുടര്‍ന്ന് അദ്ദേഹം സ്പീക്കറായപ്പോഴാണ്. അന്ന് എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന കോയ, ഇമ്പിച്ചമ്മദ്, ഇഖ്ബാല്‍ തുടങ്ങിയവരും ലോ കോളേജിലെ അഹമ്മദും (ഇപ്പോള്‍ അങ്ങനെ പറയാമോ എന്തോ? ആള്‍ ജനാബ് ഇ. അഹമ്മദ് ഹാജി, കേന്ദ്രമന്ത്രി, ലീഗ് പ്രസിഡന്റ് തന്നെ. അഹമ്മദ് സാഹിബിനെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു ലേഖനത്തിന്
"അബനാണ് ബമ്പന്‍" എന്നായിരുന്നു ശീര്‍ഷകം നല്‍കിയത്.) മെഡിക്കല്‍ കോളേജിലെ താഹിറും കൂട്ടരും അദ്ദേഹത്തിന്റെ വീട്ടില്‍ ഹാജര്‍ വച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരത്ത് നഗരത്തിന്റെ തിരക്ക് ഒന്നുമില്ല. സീയെച്ച് സാനഡുവിലായിരുന്നു താമസം. വൈകുന്നേരം ഒരു കുട്ടിയുടെ കൈപിടിച്ച് നടക്കാനിറങ്ങും. അന്ന് മുനീര്‍ ഉമ്മയുടെ കിനാവ് മാത്രമാണ്. മുനീറിന് മൂത്ത കുട്ടികളാരോ ആവണം അഞ്ചു വയസ്സില്‍ താഴെ എന്നാണ് മനസ്സിലെ ചിത്രം. സീയെച്ചിന് തൊപ്പി ഉണ്ടായിരുന്നു. വാക്കിംഗ് സ്റ്റിക്കും ഉണ്ടായിരുന്നോ? അതോ മഴക്കാറുളള നാളില്‍ എടുത്ത കുടയോ ? വഴുതക്കാട് നിന്ന് പാളയം വരെ നടന്ന് അന്നത്തെ പഴയ താജ് ഹോട്ടലിന്റെ മുന്നില്‍ പ്രത്യേകിച്ച് ആരെയും ശ്രദ്ധിക്കാതെ, എന്നാല്‍ തന്നെ ശ്രദ്ധിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കാതെ അങ്ങനെ നില്‍ക്കും. ഞങ്ങള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വൈകീട്ട് നഗരവീഥികളിലാണ് അന്ന് പദസഞ്ചലനം നടത്തിയിരുന്നത്. ആ നേരത്താണ് യുവസുമുഖനായ സ്പീക്കറെ ഞങ്ങള്‍ വീരാരാധനയോടെ നോക്കിയിരുന്നത്. കോയയോ ബിച്ചയോ ഉണ്ടെങ്കില്‍ അവര്‍ സലാം പറയും. ഒപ്പമുളളവരെ സീയെച്ച് വിളിച്ച് പരിചയപ്പെടും. വല്ലാത്തൊരു ആകര്‍ഷണം ഞങ്ങള്‍ക്കൊക്കെ അന്നേ തോന്നിയിരുന്നു.
1967ല്‍ സീയെച്ച് മന്ത്രിയായപ്പോഴേക്കും ഞാന്‍ എെ.എ.എസില്‍ എത്തിയിരുന്നു. എന്നാല്‍ സബ്കലക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ഇടപഴകാന്‍ ഏറെ സന്ദര്‍ഭം ഉണ്ടാവുകയില്ലല്ലോ. കല്ലുവാതുക്കല്‍ സര്‍ക്കാര്‍ സ്കൂളിന്റെ ഉദ്ഘാടന വേളയിലാണ് സീയെച്ചിന്റെ കോപം കണ്ടത്. നോമ്പുകാലം, സ്വാഗത പ്രസംഗകന്‍ നിര്‍ത്തിയില്ല. ഒടുവില്‍ സീയെച്ചിന്റെ ഊഴം വന്നപ്പോള്‍ "സ്വാഗതപ്രസംഗകന്‍ കാര്യങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി ഞാന്‍ ഒന്നും പറയുന്നില്ല. ഉദ്ഘാടനം ചെയ്തിരിക്കുന്നു. പോകട്ടെ, തിരുവനന്തപുരത്താണ് നോമ്പുതുറ " എന്നു പറഞ്ഞു സ്ഥലംവിട്ടു വിദ്യാഭ്യാസ മന്ത്രി. പിറ്റേന്ന് പത്രങ്ങളില്‍ വേലിക്കെട്ട് വാര്‍ത്തയായിരുന്നു സീയെച്ചിന്റെ ഈ നീരസ പ്രകടനം. ഇപ്പോഴും കല്ലുവാതുക്കല്‍വഴി യാത്ര ചെയ്യുമ്പോള്‍ സീയെച്ചിനെ ഓര്‍ക്കും ഞാന്‍.
അച്യുതമേനോന്‍ മന്ത്രിസഭയില്‍ സീയെച്ച് ആഭ്യന്തര മന്ത്രിയായിരുന്നു. ഞാന്‍ പാലക്കാട് കലക്ടറായിരിക്കെ മലബാര്‍ പ്രദേശത്തെ കലക്ടര്‍മാരുടെ യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായിരുന്നോ വിഷയം? ഓര്‍മ്മയില്ല. സീയെച്ചായിരുന്നു അധ്യക്ഷന്‍. പഴയ കലക്ടറേറ്റിലാണ്; മാനാഞ്ചിറയില്‍. അവിടെ മലബാര്‍ കലക്ടറുടെ കസേരയില്‍ സീയെച്ച്. ഞങ്ങള്‍ നാലു കലക്ടര്‍മാര്‍ യേശുദാസന്‍ (കണ്ണൂര്‍), ഭാസ്കരന്‍ നായര്‍ (മലപ്പുറം?), ജോസഫ് (കോഴിക്കോട്), ഞാനും അഭിമുഖമായി ഇരുന്നു. ചരിത്ര കൗതുകവും മന:ശാസ്ത്ര പരിചയവുമൊക്കെയാകാം, എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്ത പ്രധാനമായും മലബാര്‍ കലക്ടറുടെ കസേരയില്‍ സീയെച്ച് ഇരിക്കുന്നത് മണ്‍മറഞ്ഞ മലബാര്‍ മുസ്ലിം നേതാക്കളുടെ ആത്മാക്കള്‍ കാണുന്നുണ്ടാവുമോ എന്നതായിരുന്നു! ആ കസേരയില്‍ ഇരിക്കുന്നതിന്റെ സുഖം സീയെച്ചിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നു.
ഔദ്യോഗികമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം ഉണ്ടായിരുന്നില്ലെങ്കിലും പ്രസംഗത്തൊഴിലാളികള്‍ എന്ന നിലയില്‍ പല അധ്യക്ഷ വേദികളിലും ഞങ്ങള്‍ കണ്ടുമുട്ടിവന്നു. ആ ഉജ്ജ്വല വാഗ്മിതയുടെ മുന്നില്‍ എന്റെ നമോവാകം. കോമള പദാവലി, സാഹിത്യത്തില്‍ നിന്ന് തിരഞ്ഞെടുത്ത ബിംബ കല്‍പനകള്‍, സദസ്സിനെ കയ്യിലെടുക്കുന്ന ചില്ലറ പരിപാടികള്‍; ഇപ്പോള്‍ വാഗ്മികളായി വാഴ്ത്തപ്പെടുന്ന മിക്കവരും അത്ഭുതാദരവുകളോടെയാണ് സീയെച്ചിന്റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നത്. സമദാനിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ഇപ്പോള്‍ ആ വഴി സഞ്ചരിക്കുന്നവര്‍. സമദാനിയുടെ പ്രസംഗത്തില്‍ ""ഈ വിനീതന്‍'' എന്ന പ്രയോഗത്തിന്റെ എണ്ണം കുറച്ചാല്‍ സീയെച്ചിലേക്കുളള ദൂരം കുറയും!
1979ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. കെ.എ. മാത്യു എന്ന കോളേജ് പ്രിന്‍സിപ്പല്‍ കാലുമാറി മന്ത്രിയായ സമയം. സീയെച്ച് ക്ലിഫ് ഹൗസിലാണ് താമസം. മാത്യു അവിടെ ഒളിച്ചിരിക്കയാണ്. മാണിയുടെ മനസ്സാക്ഷി അക്കാലത്ത് സൂക്ഷിച്ചിരുന്നത് സ്കറിയാ തോമസ് എന്ന എം.പി(മിണ്ടാത്ത പാര്‍ലമെന്റംഗം എം.പി) ആണ്. അദ്ദേഹം എന്റെ വീട്ടില്‍ വന്നു. മാത്യു ഞങ്ങളുടെ ഒരു മെത്രാന്‍ തിരുമേനിയുടെ അനന്തിരവളെയാണ് വിവാഹം ചെയ്തിരുന്നത്. ആ മെത്രാപ്പൊലീത്തായുടെ മറ്റൊരനന്തിരവളായിരുന്നു സ്കറിയാ തോമസിന്റെ പത്നി. ഈ ബന്ധങ്ങള്‍ മാണിക്കുവേണ്ടി പ്രയോജനപ്പെടുത്തി മാത്യുവിനെ തിരിച്ചുപിടിക്കുവാന്‍ കഴിയുമോ എന്ന പ്രശ്നത്തില്‍ അഭിപ്രായം ചോദിക്കാന്‍ വന്നതാണ്.
പല രാഷ്ട്രീയക്കാരും ഇങ്ങനെ ഓരോന്ന് എന്നോട് ചോദിക്കാറുണ്ട്; സര്‍വ്വീസിലുളള കാലത്തും. ബൗദ്ധിക സത്യസന്ധത പുലര്‍ത്തി വസ്തു നിഷ്ഠമായ ഉപദേശം കൊടുക്കുമ്പോള്‍ എന്റെ കൗതുകം തീര്‍ന്നു. ഒരേ സമയം മാണിക്കും ജോസഫിനും ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കും ഞാന്‍ സ്വീകാര്യനായിരുന്നത് ഈ നിസ്സംഗതമൂലമാണ്.
ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഫോണ്‍. "പ്രൊഫസര്‍ മാത്യുവിന് ്നിങ്ങളെയൊന്ന് കാണണം. ആള്‍ ആകെ വിറച്ചിരിക്കയാണ്, ഉടനെ എത്തണം' എന്ന്. തൊട്ടുപുറകേ അടുത്ത കോള്‍. മാത്യു തന്നെയാണ് സംസാരിക്കുന്നത്. "ഒരു കുപ്പി സ്കോച്ച് കൂടെ കൊണ്ടുവരണം. ഒരു ധൈര്യത്തിനാണ്.' ലീഗ് മന്ത്രിയുടെ വീട്ടില്‍ മദ്യം എത്തിക്കണമെങ്കില്‍ മറ്റെന്തുവഴി? സ്കറിയാ തോമസിനെ യാത്രയാക്കിയിട്ട് ഞാന്‍ കൈവശമുണ്ടായിരുന്ന ഒരു കുപ്പി എന്റെ ബ്രീഫ്കേസില്‍ വച്ച് സ്വന്തം ഫിയറ്റ് കാര്‍ (കെ.ഇ.ടി 1) സ്വയം ഓടിച്ച് ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രി പോര്‍ട്ടിക്കോയില്‍ നിന്ന് കയറുന്നിടത്ത് തന്നെയുണ്ട്. രാത്രി എട്ടരയായിക്കാണും. ബ്രീഫ്കേസുമായി പടികയറിയ എന്നോട് സീയെച്ച് "ഇത്ര വൈകുംവരെ ഓഫീസിലായിരുന്നു അല്ലേ' എന്ന് ചോദിച്ചത് ബ്രീഫ്കേസിലെ ഫയല്‍ ദ്രവരൂപത്തിലാണ് എന്നറിഞ്ഞിട്ടാണോ എന്ന കാര്യം ഇപ്പോഴും തീരുമാനിക്കാന്‍ പറ്റുന്നില്ല. ഞാന്‍ മുകളിലേക്ക് പോയി. കൊലക്കേസിലെ പ്രതി ഒളിച്ചു പാര്‍ക്കുന്ന മട്ടിലാണ് മാത്യു എന്ന നാളത്തെ മന്ത്രി. വാതില്‍ അടച്ചു കുറ്റിയിട്ടു. "സി.എം. എങ്ങാന്‍ മുകളിലേക്ക് വന്നാലോ? "സോഡ വരുത്താന്‍ വഴിയില്ല. പച്ചവെള്ളം തന്നെ ശരണം. (പോറ്റി സാര്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും ഇതായിരുന്നു വഴി. അക്കഥ വേറെ). മുഖ്യമന്ത്രിയുടെ മുന്നിലൂടെ മടങ്ങാനുളളതാണ്. അരക്കുപ്പി ചെന്നപ്പോള്‍' എവിടെ കെ.എം. മാണി? അയാളെ ഒരു പാഠം പഠിപ്പിച്ചിട്ട് ബാക്കി കാര്യം' എന്നായി പ്രൊഫസര്‍. ഞാന്‍ മടങ്ങുമ്പോള്‍ സീയെച്ച് വരാന്തയിലുണ്ട്. "ബാബു വന്നത് നന്നായി. പാവം പേടിച്ചിരിക്കയായിരുന്നു. താങ്ക് യൂ. ഗുഡ് നൈറ്റ്" എന്നു മുഖ്യമന്ത്രി ഉത്തരവായി.
സീയെച്ച് പ്രഗല്‍ഭനായ മന്ത്രിയായിരുന്നു. മുസ്ലീം താല്‍പര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാവാം. എന്നാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും മുസ്ലിം സമുദായത്തിന്റെ ആധുനീകരണത്തെക്കുറിച്ചും സീയെച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1967 ല്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ മലപ്പുറത്തും ഇതര മലബാര്‍ ജില്ലകളിലും വിദ്യാഭ്യാസത്തിന്റെ നവയുഗം തുറക്കാന്‍ സഹായിച്ചു. പൊതുമരാമത്ത് അദ്ദേഹത്തിന്റെ രുചിക്കു ചേര്‍ന്ന വകുപ്പായിരുന്നില്ല.
അപ്പോഴേക്കും ആരോഗ്യവും മോശമായി എന്നു തോന്നുന്നു. എങ്കിലും അലങ്കരിച്ച കസേരകള്‍ക്ക് അലങ്കാരമായി മാറിയ അനതിസാധാരണ പ്രതിഭയായി തന്നെ ചരിത്രം സീയെച്ചിനെ അടയാളപ്പെടുത്തും. സീയെച്ച് ഇരുന്ന ഒരു കസേരയും സീയെച്ചിനേക്കാള്‍ വലുതായിരുന്നില്ല.
സീയെച്ചിനു ശേഷം അതുപോലൊരാളെ സൃഷ്ടിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. മുനീര്‍ വളര്‍ന്ന് ബാപ്പയോളമായാലായി. അത്ര തന്നെ. തത്കാലം ഒരു മഹാമേരുവിന്റെ ഓര്‍മ്മയുടെ നിഴലില്‍ അഭയം തേടുക നാം.
Sunday, June 17, 2012
സി.എച്ച് കസേരയെക്കാള്‍ വലിയ മനുഷ്യന്‍
12:40 PM
Unknown
1 comment
1 comments:
1982 ല് ഏകദേശം എനിക്ക് 10 വയസ്സുള്ളപ്പോള്‍ താമരശ്ശേരി പഞ്ചായത്തിലെ ഒരു കുടിയേറ്റ മേഖലയായ കല്ലുള്ളതോടിനടുത്തു ഒരു പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കാന്‍ CH എത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ധേഹത്തെ കാണുന്നത്.അദ്ധേഹത്തിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പ്രസംഗം തീര്‍ത്തും കേട്ട് കഴിഞ്ഞു.അദ്ദേഹം മടങ്ങുമ്പോള്‍ തടിച്ചു കൂടിയ ജനത്തെ കൈവീശി യാത്രപരഞ്ഞപ്പോള്‍ എന്റെ കണ്ണുകള് നിറഞ്ഞത് ഞാന്‍ അറിഞ്ഞില്ല.എന്റെ മാത്രമല്ല അവിടെ ഒത്തു കൂടിയ പലരുടെയും മുഖം ഞാന്‍ ശ്രദ്ധിച്ചു.ഞങ്ങളുടെ ഏറ്റവും അടുത്ത ഒരു കുടുംബാംഗം ഞങ്ങളെ തനിച്ചാക്കി മറഞ്ഞു കളയുന്നത് പോലെ തോന്നിയപ്പോള്‍.എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അടുപ്പം എനിക്ക് അദ്ദേഹത്ത്തോടുണ്ടായി.പിന്നീടു പത്രതാളുകളില്‍ മാത്രമേ ആ മുഖം എനിക്ക് കാണാന്‍ പറ്റിയുള്ളൂ.1983 ല് അതേഹത്തിന്റെ മരണ വാര്‍ത്ത കേട്ട് ഞാന്‍ ആരും കാണാതെ ഒരിടത്ത് പോയി പൊട്ടിക്കരഞ്ഞത് ഇപ്പോഴും വേദനയോടെ ഓര്‍ക്കുന്നു.
Post a Comment