Sunday, June 17, 2012

ശൈലീവല്ലഭനായ സി എച്ച്‌ മുഹമ്മദ്‌ കോയ

താജ്മഹല്‍ പോലെ മനോഹരവും ചെങ്കോട്ടയെപ്പോലെ സുശക്തവും കുതുബ്മിനാറിനെ പോലെ സമുന്നതവുമെന്ന്‌ സ്വന്തം സാംസ്കാരികപാരമ്പര്യത്തെ അഭിമാനപൂര്‍വം വിശേഷിപ്പിച്ച സി എച്ച്‌ മുഹമ്മദ്‌ കോയ, താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പുരോഗതിക്കു നല്‍കിയ സംഭാവനകള്‍ സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന അനുസ്മരണച്ചടങ്ങുകള്‍ കഴിഞ്ഞാലും ഓര്‍മിക്കപ്പെടുന്നവയാണ്‌. രാഷ്ട്രീയനേതാവും ഭരണാധികാരിയും സാമൂഹികപരിഷ്കര്‍ത്താവും പത്രാധിപരുമൊക്കെയായി ശോഭിച്ച അദ്ദേഹം ജനമനസ്സുകളില്‍ ആഴ്ന്നിറങ്ങുന്ന ശൈലിയുടെ ഉടമകൂടിയായിരുന്നു. അഖിലേന്ത്യാതലത്തിലോ സംസ്ഥാനനിലവാരത്തിലോ ഉള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ വിമര്‍ശനാതീതരാണെന്നു കരുതപ്പെട്ടിരുന്ന കാലത്താണ്‌, മുസ്ലിംലീഗിനെ 'ചത്ത കുതിര'യെന്നു ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചതിന്‌ മറുപടിയായി, 'അല്ല, അത്‌ ഉറങ്ങിക്കിടക്കുന്ന സിംഹമാണെ'ന്ന്‌ സി എച്ച്‌ പ്രതികരിച്ചത്‌. ഒറ്റക്കൊമ്പില്‍ മൂന്നു കൊടികെട്ടി തിരഞ്ഞെടുപ്പുവിജയം നേടിയപ്പോള്‍ ലീഗിനെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ഗൂഢാലോചനകളെ 'ജന്തര്‍ മന്ദര്‍ റോഡിലെ തന്ത്രങ്ങള്‍' എന്നു വിശേഷിപ്പിക്കാനും തദാവശ്യാര്‍ഥം സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ പണ്ഡിറ്റ്‌ പന്തിനെ
'കേരളത്തിലേക്ക്‌ ഉരുണ്ടുവന്ന പന്ത്‌' എന്നു പരിഹസിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്സിസ്റ്റ്‌) എന്ന ബോര്‍ഡിനെപ്പറ്റി പ്രസവാശുപത്രി (സ്ത്രീകള്‍ക്ക്‌) എന്നെഴുതിയതുപോലെ എന്ന ഉപമ കേട്ട്‌ കമ്മ്യൂണിസ്റ്റുകള്‍ പോലും ചിരിച്ചിട്ടുണ്ടാവും. മഹാകവി കുമാരനാശാനെ അനുസ്മരിക്കുന്ന ചടങ്ങില്‍, ഈഴവസമുദായത്തിന്റെ പുരോഗതിക്കുവേണ്ടി ആശാനും ആശാന്റെ ആശാനായ ശ്രീനാരായണഗുരുവും വഹിച്ച പങ്ക്‌ നിസ്തുലമാണെന്ന വാക്യം കേട്ട്‌ ഭാഷയുടെ ആശാന്‍മാരാണു ഞെട്ടിയത്‌. കേരള നിയമസഭയില്‍നിന്നു റിട്ടയര്‍ ചെയ്ത ഒരു ഉന്നത ഉദ്യോഗസ്ഥന്റെ യാത്രയയപ്പുവേളയില്‍, ഞാന്‍ ഈ സഭയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ കഴിവ്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌ എന്നായിരുന്നു ഇ എം എസ്‌ പറഞ്ഞത്‌. 'ഞാന്‍ ഈ സഭയുടെ അപ്പുറത്തും ഇപ്പുറത്തും മധ്യത്തിലും ഇരുന്നപ്പോഴെല്ലാം' എന്നായിരുന്നു സ്പീക്കര്‍പ്പദവി കൂടി അലങ്കരിച്ച സി എച്ച്‌ പറഞ്ഞത്‌.
ഗുല്‍സാരിലാല്‍ നന്ദ ആഭ്യന്തരമന്ത്രിയായിരിക്കെ ഗോവധനിരോധനം ആവശ്യപ്പെട്ടുകൊണ്ട്‌ ഒരുകൂട്ടം നഗ്നസന്ന്യാസിമാര്‍ പാര്‍ലമെന്റിനു മുമ്പില്‍ നടത്തിയ പ്രകടനത്തെപ്പറ്റി എഴുതിയ, 'നാലുകാലും വാലുമായി നടക്കുന്ന പയ്യേ, നീയെത്ര ഭാഗ്യവതിയാണ്‌...' എന്നു തുടങ്ങുന്ന വരികള്‍ ഒരു കവിതപോലെ മനോഹരമായിരുന്നു.
1967ലെ ഇ എം എസ്‌ മന്ത്രിസഭയില്‍ അംഗമായപ്പോള്‍ തനിക്കും സഹപ്രവര്‍ത്തകനായ അഹ്മദ്‌ കുരിക്കള്‍ക്കും വടകരയിലെ ലീഗ്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനു മറുപടിയായി സി എച്ച്‌ ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകള്‍, പഞ്ചായത്ത്‌ തൊട്ട്‌ പാര്‍ലമെന്റില്‍ വരെ അംഗങ്ങളായ പാര്‍ട്ടിപ്രവര്‍ത്തകര്‍ തേച്ചുമിനുക്കി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്‌: "പുതുതായി സ്ഥാനമേറ്റതുകൊണ്ട്‌ ഒരുപക്ഷേ, ഞങ്ങള്‍ കഴിവുകുറഞ്ഞവരാണെന്നു നിങ്ങള്‍ കേട്ടേക്കും. എന്നാല്‍, അല്ലാഹുവിനെയും പ്രവാചകനെയും സാക്ഷിയാക്കി ഞങ്ങള്‍ ഉറപ്പുതരുന്നു- അഴിമതിക്കാരെന്ന പേര്‌ ഞങ്ങള്‍ കേള്‍പ്പിക്കില്ല."
സി.എച്ചിന്റെ മഹനീയ മാതൃകയും വ്യക്തി വിശുദ്ധിയും കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്‌ അനിവാര്യമായ ഒരു സന്ദര്‍ഭത്തിലാണ്‌ അദ്ദേഹത്തിന്റെ ഓര്‍മ പുതുക്കുന്നത്‌.

മുഹമ്മദ്‌ പാറക്കടവ്‌
Thejas Daily

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes