Wednesday, June 13, 2012

സി.എച്ച്: ഓര്‍മകളിലെ അതിശയപര്‍വം

സി.എച്ച്: ഓര്‍മകളിലെ അതിശയപര്‍വം (k സി. വി. മുഹമ്മദലി, താനൂര്‍)

രണ്ടുകൊല്ലം ഒരേ ബഞ്ചിലിരുന്നു പഠിച്ചവരാണ് ഞാനും സി. എച്ച്. മുഹമ്മദ് കോയയും. കോഴിക്കോട് സാമൂതിരി കോളജില്‍. 1943 മുതല്‍ 45 വരെയുള്ള ആ രണ്ടുവര്‍ഷം എന്നെസംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. ചെറുപ്പത്തിലേ സി. എച്ചുമായി അടുത്ത് ഇടപെടാന്‍ കഴിഞ്ഞ എനിക്കു ആ പ്രിയ സ്നേഹിതന്‍ ഇന്നും ഒരത്ഭുതമാണ്. പഠിക്കുമ്പോള്‍ ഒരു സാധാരണ വിദ്യാര്‍ത്ഥി, ഇന്റര്‍മീഡിയറ്റില്‍ എന്നെപ്പോലെ തോറ്റ വ്യക്തി, എങ്ങനെ ഇത്ര പ്രാഗത്ഭ്യം തെളിയിച്ചു എന്നതിനു ഒരുത്തരമേ ഉള്ളൂ. "അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹം'. ദൈവാനുഗ്രഹം എന്നും സി. എച്ചിനുണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ അസുലഭ സിദ്ധിയാണ് സി. എച്ചിന്റെ ജീവിതത്തിലുടനീളം കാണുന്നത്.

കോഴിക്കോട് ചാലപ്പുറത്തായിരുന്നു സാമൂതിരി കോളജ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊക്കുന്നില്‍ അത് ഗുരുവായൂരപ്പന്‍ കോളജ് ആയി മാറിയത്. (ഇപ്പോള്‍ പേര് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്). സാമൂതിരി കോളജില്‍ ഞങ്ങള്‍ പഠിക്കുമ്പോള്‍ അവിടെ പ്രഗത്ഭരായ നിരവധി അധ്യാപകരുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ആര്‍. രവിവര്‍മ്മ, സാഹിത്യകാരന്‍ എം. പി. ശിവദാസമേനോന്‍, കെ. എസ്. കൃഷ്ണയ്യര്‍, എസ്. കെ. സഭാപതി, പി. കെ. എന്‍. രാജ, പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ കെ. പി. കൃഷ്ണയ്യര്‍ എന്നിവര്‍ അവരില്‍ ചിലരായിരുന്നു.
എന്റെ സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട്ടായിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍. പ്രമുഖ വ്യാപാരിയായ പിതാവ് സി. എ. കുഞ്ഞിമൂസ എന്നിവരുടെ കൂടെ എം. ബാവുട്ടിഹാജി (മുന്‍ കോഴിക്കോട് മേയര്‍), ഡോ. എം. കെ. കോയ എന്നീ ജ്യേഷ്ഠന്‍മാരോടൊപ്പം കോഴിക്കോട്ടെ കുടുംബവീട്ടിലാണ് ഞാന്‍ വളര്‍ന്നത്. കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ ഫൈനല്‍ പാസായി സി. എച്ച്. കോഴിക്കോട്ടെത്തുകയായിരുന്നു.

അക്കാലത്ത് തന്നെ സി. എച്ച്. അറിയപ്പെടുന്ന പ്രാസംഗികനാണ്. മുസ്ലിംലീഗ് പൊതുയോഗങ്ങളിലെ മുഖ്യ ആകര്‍ഷണം സി. എച്ചിന്റെ പ്രസംഗങ്ങളായിരുന്നു. ഫിസിക്സ്, കെമിസ്ട്രി ക്ലാസുകളില്‍ അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ സി. എച്ച്. നോട്ടുപുസ്തകത്തില്‍ ശ്രദ്ധാപൂര്‍വ്വം എഴുതിക്കൊണ്ടിരിക്കുകയാവും. അവസാന ബെഞ്ചിലാണ് ഞങ്ങളുടെ ഇരിപ്പിടം. സി. എച്ച്. ലക്ചര്‍ നോട്ട് കുറിക്കുകയാണ് എന്നാവും അധ്യാപകരുടെ വിചാരം. അദ്ദേഹം, പക്ഷേ പ്രസംഗത്തിന്റെ കുറിപ്പെഴുതുകയാവും, അല്ലെങ്കില്‍ ലേഖനങ്ങള്‍.ഇത്ര അശ്രദ്ധമായ രീതിയില്‍ ക്ലാസില്‍ വരുന്ന മറ്റൊരാളുണ്ടാവില്ല. ഒന്നിലും ഒരു നിര്‍ബന്ധവും കാണിക്കാത്ത പ്രകൃതം. കിട്ടിയത് തിന്ന്, ഉള്ളത് ഉടുത്ത് കഴിയും. എവിടെ കിടന്നുറങ്ങാനും എവിടെ പോകാനും ഒരു മടിയും കാണിക്കില്ല.

വ്യക്തിപരമായ ചിട്ടവട്ടങ്ങളില്‍ ഒരു ശ്രദ്ധയും കാണിക്കാത്ത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ചിലപ്പോള്‍ ഉടുത്തൊരുങ്ങി വെട്ടിത്തിളങ്ങി വരും. മറ്റു ചിലപ്പോള്‍ മുഷിഞ്ഞ് വലഞ്ഞെത്തും.
മലബാര്‍ ജില്ലാ എം. എസ്. എഫിന്റെ സ്ഥാപകരിലൊരാളായിരുന്നു സി. എച്ച്. അന്നത്തെ പ്രമുഖ നേതാക്കളിലൊരാള്‍ എന്റെ കൂട്ടുകാരനും നാട്ടുകാരനുമായ സി. എം. കുട്ടിയാണ്. അദ്ദേഹവും സി. എച്ചും തമ്മില്‍ അഗാധമായ അടുപ്പമുണ്ടായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജിലാണ് സി. എം. കുട്ടിയുടെ ഇന്റര്‍മീഡിയറ്റ് പഠനം. താമസം വൈ. എം. സി. എ.യില്‍. അവിടെ സി. എച്ചും സി. എം. കുട്ടിയും ഞാനും സുഹൃത്തുക്കളും പലപ്പോഴും സന്ധിക്കും. ബി. വി. മമ്മദ് കോയ, അഹമ്മദ് കോയ എന്നിവരുമുണ്ടാവും. എല്ലാവരും ചേര്‍ന്ന് കടപ്പുറത്തേക്ക് പോകും. അവിടത്തെ ഉല്ലാസവും ചൂടേറിയ ചര്‍ച്ചകളുമായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടികള്‍.

സി. എച്ചും സി. എം. കുട്ടിയും മലബാര്‍ ജില്ലാ എം. എസ്. എഫ് നേതാക്കളായിരിക്കെ ഞാന്‍ കോഴിക്കോട് ടൗണ്‍ എം. എസ്. എഫ്. സെക്രട്ടറിയായിരുന്നു. സംഘടനാരംഗത്തും വ്യക്തിജീവിതത്തിലും സി. എച്ചിന്റെ വഴികാട്ടി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളായിരുന്നു. കൊയിലാണ്ടിയില്‍ നിന്നു സി. എച്ചിനെ കോഴിക്കോട്ട് കോളജ് പഠനത്തിന് കൊണ്ടു വരുന്നതില്‍ ബാഫഖി തങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നേതാക്കളുമായുള്ള ഈ അടുപ്പവും "വെടിപ്പെട്ടിക്കോയ' എന്നു പേരുകിട്ടാനിടയാക്കിയ അത്യുജ്ജ്വല പ്രസംഗവും സി. എച്ചിനെ നേതൃത്വത്തിലേക്കുയര്‍ത്തി.
അദ്ദേഹത്തിന്റെ പ്രസംഗശൈലിക്കും പുതുമകളുണ്ടായിരുന്നു. വസ്തുതകള്‍ യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കുന്ന രീതിയായിരുന്നു അത്. അതിന് വേണ്ടി ഫലിതങ്ങളും പരിഹാസവുമെല്ലാം കോര്‍ത്തിണക്കി വളരെ സ്ഫുടതയോടെ ഗംഭീരമായ ശബ്ദ നിയന്ത്രണത്തോടെയാണ് സി. എച്ച്. പ്രസംഗിക്കുക. അങ്ങനെ വികാരം കോരിയൊഴിക്കുന്ന ഒരു പ്രസംഗകനെ അക്കാലത്തോ പിന്നീടോ ഞാന്‍ കണ്ടിട്ടില്ല. സി. എച്ചിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്ര ദൂരവും ആളുകള്‍ യാത്ര ചെയ്യും. എത്ര മണിക്കൂറും കാത്തിരിക്കും. പ്രസംഗത്തിലെ ഉപമകളും കഥകളും പ്രയോഗങ്ങളും എത്രയോ നാള്‍ അവര്‍ ഓര്‍ത്തു കൊണ്ടിരിക്കും. മുസ്ലിംലീഗിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ സി. എച്ച്. വഹിച്ച പങ്ക് വളരെ വലുതാണ്

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes