സിഎച്ച്, എന്റെ ബാപ്പ
എം.കെ. മുനീര്‍
ഒരു തണല്‍മരമായിരുന്നു ബാപ്പ. ഓര്‍മവച്ച നാള്‍മുതല്‍ സംരക്ഷണത്തിന്റെ കരുത്തുറ്റ ചില്ലകള്‍കൊണ്ടു സുരക്ഷിതത്വത്തിന്റെ ഊഷ്മളതയുള്ള തണലൊരുക്കിയ വടവൃക്ഷം.
ആ വലിയ വിലാസം നല്കിയ സൌഭാഗ്യങ്ങള്‍ ചെറുതായിരുന്നില്ല. എവിടെയും എപ്പോഴും സിഎച്ചിന്റെ മകനെന്ന തലക്കുറി തുറന്നുതന്ന വാതിലുകള്‍ ഒട്ടേറെയായിരുന്നു. ഏതെങ്കിലും കലാപരിപാടിക്കു പോകുമ്പോഴാകട്ടെ, മേളകള്‍ക്കു പോകുമ്പോഴാകട്ടെ, ആ സ്നേഹം ഞങ്ങള്ക്കൊയ്പ്പോഴും കിട്ടിയിരുന്നു. അധികാരവും രാഷ്ട്രീയവും നല്കുന്ന സൌകര്യങ്ങളായിരുന്നില്ല, അതിനൊക്കെ അപ്പുറത്തുള്ള അതിരുകളില്ലാത്ത സ്നേഹവും ബഹുമാനവും മാത്രമായിരുന്നു അവിടെ മാനദണ്ഡം.
ബാപ്പയെന്ന തിരക്കുള്ള മനുഷ്യന് ഞങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്നത് അങ്ങനെയൊക്കെയായിരുന്നു. അഴിച്ചിട്ട, മുഷിഞ്ഞ വസ്ത്രങ്ങളിലൂടെയായിരുന്നു ബാപ്പയുടെ സാന്നിധ്യം ഞങ്ങള്‍ അറിഞ്ഞിരുന്നത്. വാഹനസൌകര്യവും നിരത്തുകളും ഇന്നത്തെപ്പോലെ ഇല്ലാതിരുന്ന കാലത്ത് ചെളിപുരണ്ട ഷര്‍ട്ടും മുണ്ടുമായിരുന്നു ബാപ്പ ഇവിടെ വന്നിരുന്നു എന്ന് ഓര്‍മപ്പെടുത്തിയിരുന്നത്. ഞങ്ങളുറങ്ങുമ്പോളെപ്പോഴോ ആയിരിക്കണം ബാപ്പ വന്നത്. ഉണരുംമുന്‍പേ പോവുകയും ചെയ്തിരിക്കണം. എങ്കിലും ആ വലിയ മനുഷ്യന് ഞങ്ങളുടെ ജീവിതത്തില്‍ നിറസ്സാന്നിധ്യമായിരുന്നു. മറ്റുള്ളവരുടെ ചര്‍ച്ചകളിലുടെയും വാക്കുകളിലൂടെയുമൊക്കെയായിരുന്നു അതു ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നത്.
എങ്കിലും അപൂര്‍വമായ ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്ക്കുവേണ്ടിമാത്രം ബാപ്പ ഒതുങ്ങാറുണ്ടായിരുന്നു. ഒരു പുരുഷായുസ്സിന്റെ മുഴുവന്‍ സന്തോഷവും അനുഭൂതിയും പകര്‍ന്നാണ് ആ നിമിഷങ്ങള്‍ അവസാനിക്കാറുള്ളത്. ഞങ്ങളുടെ കൈ പിടിച്ച് ക്ലിഫ് ഹൌസ് കോംപൌണ്ടില്‍ നടക്കുമ്പോഴും ശംഖുമുഖത്തെ മണല്‍ത്തരികളോടു കിന്നാരം പറയുമ്പോഴും രാഷ്ട്രീയമോ തിരക്കുകളോ കടന്നുവരാതിരിക്കാന്‍ ബാപ്പ ശ്രദ്ധിച്ചിരുന്നു. സ്നേഹത്തിന്റെ നിറകുടമായ പിതാവു മാത്രമായിരുന്നു അപ്പോള്‍ ബാപ്പ.
അക്കാലത്ത് ഉമ്മയായിരുന്നു എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നത്. രോഗങ്ങള്‍ ഉമ്മയുടെ സഹയാത്രികരായിരുന്നു. ഹയറ്റസ് ഹെര്‍ണിയ എന്ന പ്രത്യേക അസുഖമുണ്ടായിരുന്നു ഉമ്മയ്ക്ക്. കിടപ്പായിരുന്നു അതിനുള്ള പ്രതിവിധി. മരുന്നുകളുടെ ലോകത്തുനിന്ന് എഴുന്നേറ്റു കഴിഞ്ഞാല്‍ ഉമ്മ സജീവ സാന്നിധ്യമായിരുന്നു. ഉമ്മയായിരുന്നു ഞങ്ങളുടെ വീട്ടിലെ ഫിനാന്‍സ് കണ്ട്രോളര്. ബാപ്പ ഇടുന്ന ഷര്‍ട്ടും മുണ്ടും വാങ്ങുന്നതുവരെ ഉമ്മയായിരുന്നു. ഉമ്മ എല്ലാം നോക്കുമെന്നായിരുന്നു ബാപ്പയുടെയും ഞങ്ങളുടെയുമൊക്കെ ധാരണ.
അക്കാലത്താണ് ബാപ്പയ്ക്കുനേരെ ആസിഡ് ബള്‍ബ് ആക്രമണമുണ്ടായത്. വീട്ടില്‍ റേഡിയോ കേട്ടുനില്‍ക്കവേ, ഉമ്മ ബോധംകെട്ടു വീണതു മാത്രമാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.
ആസിഡ് എന്താണെന്നോ ബോംബ് എന്താണെന്നോ അറിയേണ്ട കാര്യം ഞങ്ങള്‍ക്കില്ലായിരുന്നു. ഉമ്മയ്ക്കെന്തു പറ്റി എന്നായിരുന്നു വേവലാതി.അല്‍പ്പസമയത്തിനകം ബാപ്പ ഉമ്മയെ വിളിച്ചു. തലശേരിയില്‍ ഒരു യോഗത്തില്‍ അന്നു ബാപ്പ പ്രസംഗിക്കേണ്ടിയിരുന്നു. പോകാതിരുന്നാല്‍ സിഎച്ചിന് എന്തോ പറ്റിയെന്ന പ്രചാരണം കുഴപ്പങ്ങള്‍ക്കു കാരണമായേക്കുമെന്നു കരുതി ലാക്ടോകലാമിന് പുരട്ടി വേദന സഹിച്ചുകൊണ്ടു ബാപ്പ പ്രസംഗിച്ചു.
പിന്നീടു വീട്ടില്‍ വന്നപ്പോഴും ഇതൊന്നും പ്രശ്നമല്ലന്ന മട്ടിലായിരുന്നു ബാപ്പയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ സംഗതിയുടെ ഗൌരവം പിന്നെയും കുറേക്കാലം കഴിഞ്ഞാണ് ഞങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലായത്. ചെന്നൈയില്‍ ഡിഎംകെക്കാര്‍ തെറ്റിദ്ധരിച്ച് ആക്രമിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. തൊപ്പി വച്ചതു കണ്ട് എംജിആറാണെന്നു കരുതിയായിരുന്നു അക്രമം. കാറിനു തീവച്ചപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ബാപ്പയെ ചവിട്ടി പുറത്തേക്കു തള്ളുകയായിരുന്നു. ഭാഗ്യത്തിന് അവിടെയുണ്ടായിരുന്ന മലയാളി ഓട്ടോഡ്രൈവര്‍ ബാപ്പയെ തിരിച്ചറിഞ്ഞു. അദ്ദേഹം ഡിഎംകെയുടെ ഒരു കൊടി വാങ്ങി തന്റെ ഓട്ടോയില്‍ കെട്ടിയാണു ബാപ്പയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഒരു ചെവി അറ്റുപോയിരുന്നു. വെളുത്ത ബാപ്പയുടെ ശരീരം മുഴുവന്‍ നീലനിറത്തിലുള്ള പാടുകളായിരുന്നു. ചെവി അവിടെനിന്നു തുന്നിക്കെട്ടുകയായിരുന്നു. ചെവി മൂടിക്കെട്ടി, ഒന്നും സംഭവിക്കാത്തതുപോലെയാണു പിന്നീടു ബാപ്പ വീട്ടിലേക്കു വന്നത്. ഇത്തരം പ്രശ്നങ്ങള്‍ കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടാക്കരുതെന്നു നിര്‍ബന്ധമുള്ള കുടുംബനാഥനായിരുന്നു ബാപ്പ.
പിന്നീടൊരിക്കല്‍ ഞാന്‍ ട്യൂഷന് സാക്ഷാല്‍ എംജിആര്‍ വീട്ടിലേക്കു കടന്നുവരുന്നത്. ചെന്നൈയിലുണ്ടായ സംഭവത്തിനു മാപ്പു ചോദിക്കാനായിരുന്നു വരവ്. ട്യൂഷന്റെ കാര്യം മറന്നു ഞാന്‍ എംജിആറിനു പുറകേ പാഞ്ഞു. ഓട്ടോഗ്രാഫ് വാങ്ങി. തിരിഞ്ഞു നോക്കുമ്പോള്‍ ട്യൂഷന് സാറുമുണ്ട് ഓട്ടോഗ്രാഫിനായി തിക്കിത്തിരക്കി നില്ക്കുന്നു.
പിന്നീട് ഓര്‍ക്കുമ്പോഴാണ്, അന്ന് പ്രൈവറ്റ് സെക്രട്ടറി മീരാന്‍ സാഹിബ് തന്റെ ബോസാണെന്നു ചിന്തിക്കാതെ ചവിട്ടി പുറത്തിട്ടില്ലായിരുന്നെങ്കില്‍, ദൈവദൂതനെപ്പോലെ എത്തിയ മലയാളി ഓട്ടോ ഡ്രൈവര്‍ ബാപ്പയെ തിരിറിഞ്ഞില്ലായിരുന്നെങ്കില്‍... എന്നൊക്കെ ആലോചിക്കുന്നത്.
രാഷ്ട്രീയക്കാരനായ സിഎച്ച്
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന പാഠം നന്നായി മനസ്സിലാക്കുകയും രാഷ്ട്രീയവും വ്യക്തിജീവിതവും രണ്ടായിത്തന്നെ കാണുകയും ചെയ്തയാളായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. ആസിഡ് ബള്ബെറിഞ്ഞ മാരാര്‍ ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്കു വന്നു.
ബാപ്പയെ ബോംബെറിഞ്ഞയാള്‍ വന്നപ്പോള്‍ ഞങ്ങളെല്ലാവരും പേടിച്ചുപോയി. ബാപ്പ പറഞ്ഞത് "മാരാര്‍ക്കു ചായ കൊടുക്കൂ എന്നായിരുന്നു. പിന്നീട് തന്റെ ആത്മകഥയെഴുതണമെന്നു പറഞ്ഞ് മാരാര്‍ പോയതും ബാപ്പയുടെ അടുത്തേക്കായിരുന്നു. എന്തിനാണു സിഎച്ചിന്റെ നേരെ വധശ്രമം നടത്തിയതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലന്നൊയിരുന്നു പിന്നീടൊരിക്കല്‍ മാരാര്‍ പറഞ്ഞത്.
ബാപ്പ വിദ്യാഭ്യാസവകുപ്പു കൈകാര്യം ചെയ്തപ്പോള്‍ സംഗീതത്തെയും കലയെയും വെറുക്കുന്നയാളാണെന്നു പ്രചാരണമുണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് കൂടിയായ പി.കെ. മന്ത്രി ജോലിയില്‍നിന്നു പുറത്തായ സാഹചര്യത്തിലായിരുന്നു. എന്നാല്‍ എന്റെ ചിത്രരചനയെ ഏറ്റവുമധികം പ്രോത്സാഹിപ്പിിരുന്നതു ബാപ്പയായിരുന്നു.
ബാപ്പയെ നിശിതമായി വിമര്‍ശിച്ചു കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ള പി.കെ. മന്ത്രിയുമായി ബാപ്പ അങ്ങേയറ്റം സൌഹൃദത്തിലായിരുന്നു. ബാപ്പയുടെ നിര്‍ബന്ധപ്രകാരം എനിക്കു മന്ത്രി കാര്‍ട്ടൂണ്‍ പരിശീലനവും തന്നിരുന്നു. പഠനം കഴിഞ്ഞപ്പോള്‍ സമ്മാനമായി മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരവും തന്നു.
ഒരു തരത്തില്‍ അന്നത്തെ സമൂഹവും നേതാക്കളുമെല്ലാം ഇന്നത്തെ അപേക്ഷിച്ച് ഏറെ സഹിഷ്ണുതയുള്ളവരായിരുന്നു എന്നു തോന്നുന്നു. അതികായന്മാരായ നേതാക്കള്‍ക്കൊപ്പമായിരുന്നു ബാപ്പ പ്രവര്‍ത്തിച്ചിരുന്നത്. നിശിതമായ വിമര്‍ശനമുന്നയിക്കുമ്പോഴും വ്യക്തിബന്ധങ്ങളിലേക്ക് അതു കടന്നുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇന്ന് ഒരു പാര്‍ട്ടിയിലുള്ളവര്‍തന്നെ കണ്ടാല്‍ മിണ്ടാത്ത അവസ്ഥ നമ്മള് കാണുന്നുണ്ട്.
ഇഎംഎസുമായി നിയമസഭയില്‍ പൊരിഞ്ഞ പോരാട്ടം നടത്തിയാലും പരസ്പരമുള്ള സ്നേഹത്തിലും സൌഹൃദത്തിലും ഒരു കുറവുമില്ലായിരുന്നു. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുമായി സാമ്പത്തിക സംവരണത്തിന്റെ പേരില്‍ വലിയ വാക്പയറ്റുതന്നെയാണു നടന്നിരുന്നത്. എന്‍എസ്എസ് സമ്മേളനത്തില്‍ ചെന്ന് അവരുടെ നിലപാടുകള്‍ക്കെതിരെ പ്രസംഗിക്കാനുള്ള കരുത്ത് ബാപ്പയും അതു സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള മനസ്സ് അവരും കാണിച്ചു. ആ സഹിഷ്ണുതയും തിരിച്ചറിവും ഇന്നു നഷ്ടപ്പെടുന്നുണ്ട്.
പറയേണ്ട കാര്യങ്ങള്‍ വ്യക്തമായും ശക്തമായും പറയാന്‍ സിഎച്ചിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ആഴത്തിലുള്ള വായനയും കാര്യങ്ങള്‍ സമര്‍ഥമായി അപഗ്രഥിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചു. പുതിയ വാക്കുകള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് ഞങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. 'കാണ്ടാമൃഗത്തെപ്പോലും മൃദുലചര്മനാക്കുന്ന എന്ന പ്രയോഗം എങ്ങിനെയുണ്ടെന്ന് തലേന്നു ഞങ്ങളോടു ചോദിച്ചത് ഓര്‍ക്കുന്നു.
മാത്രമല്ല, ഓരോ പ്രദേശത്തെയും സാധാരണ പ്രവര്‍ത്തകരുമായിപ്പോലും ആത്മബന്ധമുണ്ടായിരുന്നു. കുളിമുറിയില്‍ ഷേവ് ചെയ്യുന്ന സമയത്തുപോലും പ്രവര്‍ത്തകര്‍ കടന്നുവരാറുണ്ടായിരുന്നു. 'നിങ്ങള്‍ ഷേവ് ചെയ്തോളൂ, ഞങ്ങള്‍ക്കു ബുദ്ധിമുട്ടി എന്നായിരുന്നു അവരുടെ നിലപാട്. ജീവിതമെന്തെന്ന് അനുഭവങ്ങളിലൂടെയും വായനയിലൂടെയും മനസ്സിലാക്കിയ ആളായിരുന്നു സി.എച്ച്. ജവഹര്‍ലാല്‍ നെഹ്റുവിനോടുപോലും മറുപടി പറയാനുള്ള ആര്‍ജവം സിഎച്ചിനു നല്കിയതും അനുഭവങ്ങളുടെ ആഴവും പരപ്പും തന്നെയായിരുന്നു.
തമാശക്കാരനായ സിഎച്ച്
എത്ര സന്നിഗ്ധ ഘട്ടത്തിലും നര്‍മം ബാപ്പയെ കൈവിട്ടിരുന്നില്ല. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മനസ്സ് ഏറെ വേദനിച്ചിരുന്നു. എല്ലാം നിര്‍ത്തി അത്തോളിയിലേക്കു തിരിച്ചു പോകുന്നതിനെക്കുറിച്ചുവരെ സിഎച്ച് ആലോചിച്ചിരുന്നു. ആ
സന്ദര്‍ഭത്തിലൊരിക്കല്‍ ചിലര്‍ വന്ന് ബാപ്പയുടെ ഏറ്റവും വിശ്വസ്തരായിരുന്ന ചിലര്‍ പാര്‍ട്ടി വിട്ട് മറുഭാഗത്തേക്കു പോയി എന്ന വിവരം വന്നു പറഞ്ഞു. "ഓഹോ! അതിന് അവര്‍ക്കു ഞാന്‍ കാര്യമായ ഉപകാരമൊന്നും ചെയ്തു കൊടുത്തിട്ടില്ലല്ലോ എന്നായിരുന്നു ബാപ്പയുടെ മറുപടി. വന്നവരുടെ സമ്മര്‍ദം ചിരിയാക്കി മാറ്റുന്നതായിരുന്നു ആ കമന്റ്.
ഇ. അഹമ്മദ് സാഹിബിന് ആദ്യത്തെ കുഞ്ഞു പിറന്ന സമയത്ത് എന്തോ തിരക്കു കാരണം ബാപ്പയ്ക്കു വിളിക്കാനൊത്തില്ല. അഹമ്മദ് പിന്നീടെപ്പോഴോ പരിഭവം പറഞ്ഞപ്പോള്‍ "സ്വന്തം ഭാര്യയില്‍ ഒരു കുഞ്ഞുണ്ടാകുന്നതു വലിയ സംഭവമല്ലല്ലോ, പിന്നെന്തിനാണു പ്രത്യേകം വിളിച്ച് അഭിനന്ദിക്കുന്നത്? എന്നായിരുന്നു ബാപ്പയുടെ ചോദ്യം.
മറ്റൊരിക്കല്‍ ഷേവ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ബ്ലേഡ് പാളി മീശയുടെ കുറേ ഭാഗം പോയി. 11 എന്ന രൂപത്തിലുള്ള മീശ സിഎച്ചിന്റെ ഐഡന്റിറ്റിയായിരുന്നു. അതു നിലനിര്‍ത്താനാകാത്തവിധം ഒരു ഭാഗം പോയപ്പോള്‍ ബാപ്പ ക്ലീന്‍ ഷേവ് ചെയ്തു. അപ്പോള്‍ത്തന്നെ ഒരു പത്രസമ്മേളനവുമുണ്ടായിരുന്നു.
ഹാളിലെത്തിയപ്പോള്‍ ആദ്യത്തെ ചോദ്യം മീശയെക്കുറിച്ചായിരുന്നു. ഷേവ് ചെയ്യനറിയില്ലെ എന്ന മട്ടില്‍. "എന്തു ചെയ്യാം, എനിക്കിതു ചെയ്തുതന്നവരൊക്കെ പത്രക്കാരായിപ്പോയി. അതുകൊണ്ട് എനിക്കിതു തനിയേ ചെയ്യേണ്ടി വന്നു. എന്നായിരുന്നു ബാപ്പയുടെ മറുപടി. ആ കാലത്തായതുകൊണ്ട് അവരെല്ലാം ആസ്വദിച്ചു ചിരിച്ചു.
ബാപ്പ പോയതിനിപ്പുറം
ബാപ്പയില്ലാത്ത കാല്‍നൂറ്റാണ്ടിനിപ്പുറവും ആ സാന്നിധ്യം ഞാനറിയുന്നുണ്ട്. ഇന്നും ഗ്രാമങ്ങളിലെവിടെയെങ്കിലും യോഗത്തിനു പോയാല്‍ ബാപ്പയെ സ്മരിക്കുന്ന ആരെങ്കിലുമുണ്ടാകും. ബാപ്പ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്നു പറയുന്നവരും ഒട്ടേറെയുണ്ട്. കല്യാണവീട്ടില്‍ ചെന്നിരിക്കുമ്പോള്‍ കൈ പിടിച്ച്, ബാപ്പയും താനും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്നു പറയുന്നവരെ മിക്കപ്പോഴും കണ്ടുമുട്ടാറുണ്ട്.
ബാപ്പ ഉണ്ടായിരുന്നെങ്കില്‍...
രാഷ്ട്രീയത്തില്‍ പത്തരമാറ്റുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണു ബാപ്പയുണ്ടായിരുന്നത്. ഇന്നുണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യത്തിന്റെ പ്രസക്തി ആ സാഹചര്യത്തിലാണു വിലയിരുത്തപ്പെടേണ്ടതെങ്കിലും ബാപ്പയുണ്ടായിരുന്നെങ്കില് അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയിാത്ത പോരാട്ടത്തിന്റെ മുന്പന്തിയിലുണ്ടാകുമായിരുന്നു. വിദ്യാഭ്യാസമേലയില് ഇന്നുള്ള അസന്തുലിതാവസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നു. അടിത്തട്ടിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി കൈമെയ് മറന്നു പോരാടുമായിരുന്നു.
മകന്റെ രാഷ്ട്രീയം...
ഇത്രയും സമ്പന്നവും ആര്ജവവുമുള്ളൊരു പാരമ്പര്യത്തിന്റെ പിന്തുടര്ച്ചയുടെ ഭാരം പലപ്പോഴും അനുഭവപ്പെടാറുണ്ട്. രാഷ്ട്രീയത്തിലെന്നും റോള്‍ മോഡലായിരുന്നു ബാപ്പ. എങ്കിലും ബാപ്പയുടെതുപോലെ എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും കരളുറപ്പും പലപ്പോഴും കിട്ടിയോ എന്നു സംശയം തോന്നാറുണ്ട്. പ്രതിസന്ധികളില്‍ പലപ്പോഴും പതറിപ്പോകാറുണ്ട്. അവിടെയെല്ലാം തുണയാകുന്നത് ആ ശാന്തഗംഭീരമായ പാരമ്പര്യംതന്നെയാണ്.
Manorama
7 comments:
വളരെ നന്ദി സി എച്ച് സാഹിബിന്റെ ശബ്ദം തിരയുകയായിരുന്നു കണ്ടെത്തിയതില്‍ വളരെ സന്തോഷം
km.mohammedali@gmail.com
അഭിനന്ദനന്ങ്ങള്.. മുനീര്‍ സാഹിബിനും..ബഷീറ് പൂക്കോടൂറിനും..
സി എച്ചിന്റെ ചരിത്രം കടം കയറിയതാണ്. പിണറായിയുടെ മാതിരി പണം കയറിയതല്ല. മഹാനായ സി എച്ച് നമ്മെ വിട്ടു പിരിന്നിട്ടു ഇന്നേക്ക് ഇരുപത്തിയേഴ് വര്‍ഷം. മഗ്ഫിറത്തു നല്കട്ടെ ആമീന്‍
very proud to say his tha no 1 off tha polititon etc i know all so c h mohammad koya sahib! p.k.hashim
good wishes muneer m.k@tha presenter
പഠിച്ചാലും പഠിച്ചാലും അത് തന്നെ വീണ്ടും വീണ്ടും വായിക്കാനും പഠിക്കാനും തോന്നി തുടങ്ങുന്നു
Post a Comment