Thursday, May 16, 2013

പറഞ്ഞാല്‍, ഓര്‍ത്താല്‍ തീരാത്ത "ബാപ്പ"......


സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന,വാത്സല്യം വാരിചോരിയുന്ന ഒരു പിതാവ് - അതായിരുന്നു എന്റെ ബാപ്പ;അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നും ഞങ്ങളില്‍ അവസാനിക്കാത്ത ദുഃഖത്തിന്റെ കരിനിഴല്‍ പരത്തുന്നു.അദ്ദേഹത്തോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചിരുന്ന അവസരങ്ങളെല്ലാം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ആകാറുണ്ടായിരുന്നു.സമുദായ സേവനത്തിനും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ സമുദ്ധാരണത്തിനും വേണ്ടിയുള്ള നെട്ടോട്ടതിനെല്ലാം ഇടയില്‍ അദ്ദേഹത്തിന്റെ സാമീപ്യം വളരെ അധികം ലഭിക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരാനു ഞങ്ങള്‍...
എങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്.അദ്ദേഹം ഞങ്ങളുടെ കൂടെ എപ്പോഴല്ലം ഉണ്ടായിരുന്നുവോ അപ്പ്ഴെല്ലാം ഞങ്ങളെ സ്നേഹം കൊട് വീര്‍പ്പുമുട്ടിചിട്ടുണ്ട്.കര്മശേഷിയും കാര്യബോധവുമുള്ള രാഷ്ട്രീയ നേതാവായിരുന്നുവെന്നും,അറിവും പക്വതയുമുള്ള പത്രപ്രവര്തകനായിരുന്നുവെന്നും,കരുത്തനായ മന്ത്രിയായിരുന്നുവെന്നും മറ്റും അദ്ദേഹത്തെപറ്റി മറ്റുള്ളവര്‍ പറയുമ്പോള്‍ യാതൊരു സംശയവും കൂടാതെ ഞങ്ങള്‍ പറയും:അദ്ദേഹം കര്‍ത്തവ്യബോധമുള്ള ഒരു കുടുംബനാഥനായിരുന്നു......

അദ്ദേഹത്തിന്റെ അസാമാന്യ കഴിവ് കണ്ടു അദ്ദേഹത്തിന്റെ മകനെന്ന നിലക്കല്ലാതെ ഞാന്‍ അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിച്ചിരുന്നു...എന്നാല്‍ പരിപൂര്‍ണമായി മനസ്സിലാകും മുന്‍പ്‌ അദ്ദേഹം വിട്ടു പിരിഞ്ഞു പോയി...

മറ്റുള്ളവരുടെ മനസ്സ് പരിപൂര്‍ണമായി പഠിച്ചു അതിനനുസരിച്ച് അവരോടു പെരുമാറാന്‍ കഴിവുള്ള ഒരു മന:ശാസ്ത്രജ്ഞനായിരുന്നു എന്റെ ബാപ്പ എന്ന് പറയുന്നതില്‍ തെറ്റില്ല.ഗൌരവമുള്ളവരോട് ഗൌരവത്തിലും,രസികന്മാരോട് രസികനായും,കുഞ്ഞുങ്ങളോട് പിഞ്ചു കുഞ്ഞിനപ്പോലെയുള്ള പെരുമാറ്റം
എന്നെ വളരെ അത്ബുദപ്പെടുത്തിയിട്ടുണ്ട്.സ്വതസിദ്ധമായ പുഞ്ചിരി അദ്ദേഹത്തിന്റെ വലിയൊരു കൈമുതലായി ഞാന്‍ കരുതുന്നു...ഇതൊന്നു തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ എതിരാളികളുടെ എണ്ണം കുറച്ചത്..വെട്ടാന്‍ വരുന്ന ശത്രുവിനെപ്പോലും കീഴടക്കാനുള്ള ശക്തി ആ പുഞ്ചിരിക്കുണ്ടായിരുന്നു.. ആ പുഞ്ചിരിക്കുന്ന മുഖമാല്ലാതെ കറുത്ത മുഖം അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല..

നര്‍മബോധമുള്ള ഒരു കുടുംബത്തിലെ അംഗമായി ജനിച്ചതുകൊണ്ടായിരിക്കാം സദാസമയം ഫലിതം പൊട്ടിച്ചു കൊണ്ടിരിക്കാന്‍ അദ്ദേഹം തല്പ്പരനായത്.ഒരിക്കല്‍ ഹജ്ജിനു പോകാനൊരുങ്ങിയ ബാപ്പയുടെ ഒരു സുഹൃത്ത്‌,വിവരം പറയാന്‍ വീട്ടില്‍ വന്നു.ആ മനുഷ്യന്‍ പോകുന്നതിനു മുന്‍പ് ബാപ്പ ഓര്‍മിപ്പിച്ചു 'നീ മിനായില്‍ കല്ലെറിയുമ്പോള്‍ സൂക്ഷിക്കണം .'അതെന്താ?അയാള്‍ അത്ബുദപ്പെട്ടൂ.'തന്നെക്കാളും വലിയ ഒരു ചെകുത്താന്‍ തന്നെ കല്ലെടുതെറിയുമ്പോള്‍ യഥാര്‍ത്ഥ ചെകുത്താന്‍ തിരിച്ചു കല്ലെടുത്ത്‌ എറിഞ്ഞെക്കും'.ആ മനുഷ്യന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
എന്റെ പിതാവ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌ കാരണം നമുക്ക് ഒരു വലിയ എഴുത്തുകാരനാണ്‌ നഷ്ടപ്പെട്ടത് എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകും.ഇത്രയും ആകര്‍ഷകമായ ശൈലിയില്‍ എങ്ങിനെ ബാപ്പ എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്..അതുപോലെ എന്തെങ്കിലുമൊക്കെ എഴുതണമെന്നു ആശിച്ചു പോകാറുണ്ട്.അതിനു ബാപ്പ പ്രോത്സാഹിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ.സാഹിത്യ രംഗത്തെ പ്രഗത്ഭന്മാരും പ്രശസ്തരും എഴുതിയ കൃതികള്‍ അദ്ദേഹം ഞങ്ങള്‍ക്ക് വാങ്ങി തരുമായിരുന്നു.അവ നിര്‍ബന്ധ പൂര്‍വ്വം ഞങ്ങളെക്കൊണ്ട് വായിപ്പിക്കുമായിരുന്നു. കഥകള്‍ മാത്രം വായിച്ചാല്‍ പോര ,ചരിത്രവും ,സഞ്ചാര സാഹിത്യവും മറ്റും പഠിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.കേരള ചരിത്രം,എസ് .കെ .പൊറ്റെക്കാടിന്റെ സഞ്ചാര സാഹിത്യം,ലെനിന്റെ തിരഞ്ഞെടുത്ത കൃതികള്‍ മുതലായവ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്ന സന്ധോഷതോടെ അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മതപരമായ അറിവ് നല്‍കുന്നതിലും അദ്ദേഹം വിട്ടു വീഴ്ച ചെയ്തില്ല...യുസുഫ് അലിയുടെ ഖുര്‍-ആന്‍ പരിഭാഷ അദ്ദേഹം ഞങ്ങള്‍ക്ക് വാങ്ങി തന്നിട്ടുണ്ട്.സീ.എന്‍ .അഹ്മദ് മൌലവിയുടെ മലയാള ഖുര്‍-ആന്‍ പരിഭാഷയും ,ജെ .എം റോഡ്‌വേല്‍ എഴുതിയ ദി ഖുര്‍-ആന്‍ എന്ന പുസ്തകവും
പിറന്നാള്‍ സംമാനങ്ങളായി അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുകയുണ്ടായി..വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് തരാന്‍ കഴിയുന്ന എല്ലാ സഹായവും അദ്ദേഹം നല്‍കി.

ഇത്രയും സ്നേഹ നിധിയായ ഒരു പിതാവിന്റെ പുത്രനാകാന്‍ സാധിച്ചതില്‍ ഞാന്‍ പലപ്പോളും സ്വയം അഹങ്കരിച്ചു പോയിട്ടുണ്ട്.ഇന്ന് ഞാന്‍ വേദനിക്കുന്നു.ആ അഹങ്കാരമാണോ അദ്ദേഹത്തെ എന്നില്‍ നിന്നും ഇത്ര പെട്ടന്ന് വേര്‍പെടുത്തിയത്??
എന്റെ പിതാവിന് ചില കാര്യങ്ങളില്‍ കര്‍ക്കശമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.ഭരണ കാര്യത്തിലും ,രാഷ്ട്രീയ കാര്യത്തിലും ഞങ്ങള്‍ ഇടപെടുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു.'പഠിക്കുമ്പോള്‍ പഠിക്കുക.കളിക്കുമ്പോള്‍ കളിക്കുക .'അതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായം.
പലപ്പോളും ഞാന്‍ ബാപ്പയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.മന:പൂര്‍വ്വം അദ്ദേഹം ആ വിഷയത്തില്‍ നിന്ന് വിട്ടു മാറി മറ്റെന്തെങ്കിലും സംസാരിക്കുന്നതായാണ് എനിക്ക് അനുഭവം.

ആരെയും അവഹേളിക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു .എതിര്ചേരിയിലുള്ള നേതാക്കന്മാര്‍ക്ക് നേരെ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു ,യോഗങ്ങള്‍ കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ,അതെ നേതാക്കന്മാരെ കുറിച്ച് പരിഹാസപൂര്‍വ്വം ഞങ്ങള്‍ എന്തെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചാല്‍
അദ്ദേഹം ഉടനെ തടയുമായിരുന്നു.അദ്ദേഹത്തിനു ഒന്നേ അറിയുമായിരുന്നുള്ളൂ-സ്നേഹിക്കുക.ഞങ്ങളെ സ്നേഹിക്കുന്ന അതെ വാത്സല്യത്തോടെ അദ്ദേഹം സമുദായത്തെയും സ്നേഹിച്ചു.സമുദായം ഇന്നു അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹവും ആദരവും അതിനു വലിയ ഒരു തെളിവാണ്...
അങ്ങ് ഇന്ന് ഞങ്ങളുടെ കണ്മുന്നിലില്ല.പക്ഷെ ഞങ്ങളുടെ മനസ്സ് നിറയെ അങ്ങാണ്-അങ്ങയെ സംബന്ധിച്ച മരിക്കാത്ത ഓര്‍മകളാണ്.

അനുഭവം ഓര്‍മ യാത്ര എന്ന ഞാന്‍ എഴുതിയ പുസ്തകത്തില്‍ നിന്ന്.......

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes