Tuesday, April 8, 2014

വാതില്‍പുറം

സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതവും കര്‍മ മണ്ഡലങ്ങളും ആസ്പദമാക്കി ചന്ദ്രിക പ്രസിദ്ധീകരിച്ച സി.എച്ച് ഉപഹാരത്തിന് ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ എഴുതിയ ആമുഖം

സന്ധ്യയുടെ മറവില്‍, ഇരുട്ടിന്റെ കയങ്ങളിലൂടെ കൊള്ളിയാന്‍ മിന്നുന്നതുപോലെ ഒരു മഹാവെളിച്ചം പാഞ്ഞുപോവുന്നത് കാണുമായിരുന്നു ചെറുപ്പത്തില്‍. ഉമ്മാമ പറഞ്ഞിരുന്നത് മാണിക്യം വിഴുങ്ങിയ പാമ്പ് പറക്കുകയാണ് അതെന്നാണ്. സര്‍പ്പത്തിന്റെ കവിളില്‍ കുരുങ്ങിക്കിടന്നിട്ടും പുറത്തേക്ക് ഇത്ര വെളിച്ചമുണ്ടാക്കുന്ന ഐതിഹ്യത്തിലെ മാണിക്യം ഒന്ന് കാണാന്‍ കൊതിയായിരുന്നു. അങ്ങനെ വീണ്ടുമൊരിക്കല്‍ ആ വാക്ക് കേട്ടു: - സമുദായത്തിന്റെ മാണിക്യം!

കവിഹൃദയമുള്ള ഏതോ വാഗ്മിയുടെ കണ്ടുപിടുത്തമാവാം സി.എച്ചിനെക്കുറിച്ചുള്ള ഈ വിശേഷണം. മുസ്‌ലിം സമുദായം സി.എച്ചിനെ കാത്ത് സൂക്ഷിച്ചത് സര്‍പ്പം മാണിക്യത്തെ എന്നപോലെയാണ്. ഒരു കവിള്‍ മാറ്റിപ്പിടിക്കുമ്പോള്‍ താഴെ വീഴരുതെന്ന കരുതലോടെ.

1970കളില്‍ മാവൂരിലെ പുല്‍പ്പറമ്പില്‍, സ്വതന്ത്ര തൊഴിലാളി യൂണിയന്റെ വലിയൊരു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് സി.എച്ചിനെ ആദ്യമായി കാണുന്നത്. പിന്നെ പലയിടങ്ങളില്‍നിന്ന് പലവട്ടം കാണുകയും തിരമാലകള്‍പോലെ ചരിഞ്ഞും ചാഞ്ഞും ചാഞ്ചാടിയുമുള്ള ആ ഗര്‍ജ്ജനം കേള്‍ക്കുകയും ചെയ്തു. കുറേക്കൂടി അടുത്തിടപഴകാന്‍ ആശിച്ചപ്പോഴേക്കും വിധി വൈപരീത്യങ്ങള്‍ അതിനെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു. 1974ലെ മുസ്‌ലിംലീഗിലെ പിളര്‍പ്പിന്റെ ഇരുട്ടിലൂടെ ആ മാണിക്യവും കൊത്തി വിധിയുടെ സര്‍പ്പം പറന്നകന്നു.

വര്‍ഷങ്ങള്‍ കുറച്ചുകൂടി മുമ്പോട്ട് നീങ്ങി. 1980കളുടെ ആരംഭം. കേരള നിയമസഭയുടെ പ്രസ് ഗാലറിയിലിരുന്ന് സി.എച്ചിന്റെ പ്രകടനങ്ങളെ മൂന്നര വര്‍ഷക്കാലം നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി. ഈ കുറിപ്പുകാരന്റെ പത്ര പ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ നാളുകളും 'സി.എച്ച് യുഗ'ത്തിന്റെ അവസാന നാളുകളുമായിരുന്നു അത്. വേണ്ടതിലധികം അസുഖങ്ങളുടെ പിടിയിലായിരുന്നു അന്നദ്ദേഹം. പക്ഷേ, നിയമസഭയുടെ പ്രത്യേക ആകര്‍ഷണം അപ്പോഴും ഉപ മുഖ്യമന്ത്രിയായ സി.എച്ച് തന്നെയായിരുന്നു.

1982ല്‍, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് തൊട്ടടുത്ത്‌വന്ന ഒരു റമസാനില്‍ തലസ്ഥാനത്തെ മുസ്‌ലിം പത്ര പ്രവര്‍ത്തകര്‍ക്കും നിയമസഭാ സാമാജികര്‍ക്കുമായി മുഖ്യമന്ത്രി ഒരു നോമ്പുതുറ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു ഇഫ്താര്‍. നോമ്പ് തുറന്ന് ഭക്ഷണം കഴിഞ്ഞ് കൈ കഴുകാന്‍ ബേയ്‌സിനടുത്തേക്ക് ചെന്നപ്പോള്‍ സി.എച്ച് ചോദിച്ചു:

''എന്താണ് പേര്?''

ഞാന്‍ പറഞ്ഞു: ചെറൂപ്പ എന്ന് പറയും. ലീഗ്‌ടൈംസ് ലേഖകനാണ്.''

ഉടനെ സി.എച്ചിന്റെ മറുപടി:

ഞാന്‍ കരുതിയിരുന്നത് ചെറൂപ്പ, എം. അലിക്കുഞ്ഞിയെപ്പോലെ ഒരു വൃദ്ധനായിരിക്കും എന്നാണ്. ശരിപ്പേര് എന്താണ്?''

''ഉണ്ണിമൊയ്തീന്‍.''

''ഉണ്ണിമൊയ്തീനൊ? അതിന് അലിക്കുഞ്ഞിയെക്കാള്‍ പ്രായമുണ്ടല്ലൊ?''

തിരുവനന്തപുരത്ത് ഏറെക്കാലം ചന്ദ്രികയുടെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു 60 കഴിഞ്ഞ എം. അലിക്കുഞ്ഞി സാഹിബ്.

ഇതേ ദിവസം മറ്റൊരു സംഭവമുണ്ടായി. നോമ്പ്തുറയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് അതിഥികള്‍ പിരിയാന്‍ നേരം, കൊയിലാണ്ടി എം.എല്‍.എ മണിമംഗലത്ത് കുട്ട്യാലി ഒരു വലിയ തളിക നിറയെ കാരക്കയുമായി വന്നു. അത് കണ്ടപ്പോള്‍ സി.എച്ച് പറഞ്ഞു: കുട്ട്യാലി നോമ്പിനെ അട്ടിമറിച്ചു.''

നോമ്പ് മുറിക്കുന്ന സമയത്ത് നല്‍കേണ്ട കാരക്ക എല്ലാം കഴിഞ്ഞ ശേഷം കൊണ്ടുവന്നതിനെ കളിയാക്കുകയായിരുന്നു 'അട്ടിമറി'യിലൂടെ സി.എച്ച്.

വയ്യാണ്ടിരിക്കുമ്പോഴും ഫലിതത്തിന്റെ കാര്യത്തില്‍ ആരോഗ്യവാനായിരുന്നു സി.എച്ച്. ഒരിക്കല്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞ് പാന്റ്‌സും സ്യൂട്ടും അഴിച്ചു വെക്കാതെ നേരിട്ട് നിയമസഭയിലേക്ക് വന്ന സീതിഹാജിയെ കളിയാക്കാന്‍ സി.എച്ച് ഒരു പോയന്റ് ഓഫ് ഓര്‍ഡര്‍തന്നെ ഉന്നയിച്ചു. സ്പീക്കറടക്കം അംഗങ്ങളൊക്കെയും കൗതുകത്തോടെ സി.എച്ചിലേക്ക് ശ്രദ്ധ തിരിക്കവെ അദ്ദേഹം ചോദിച്ചു: സര്‍, ബഹുമാനപ്പെട്ട ഒരംഗം മുണ്ടുടുക്കാതെ സഭയില്‍ പ്രവേശിച്ചിരിക്കുന്നു. ഇത് ഓര്‍ഡറിലാണോ?''


രാഷ്ട്രീയ വൈരുധ്യത്തിന്റെ രണ്ടറ്റങ്ങളില്‍, മുറിച്ച് മാറ്റപ്പെട്ടതുപോലെ കഴിഞ്ഞുകൂടേണ്ടിവന്ന ദൗര്‍ഭാഗ്യങ്ങളുടെ കാലഘട്ടത്തിലും സി.എച്ച് എന്ന വികാരം ഹൃദയത്തിന്റെ നെരിപ്പോടില്‍ ഉമിത്തീ പോലെ നീറിപ്പിടിച്ചു കിടന്നിരുന്നു. അനുരാഗത്തോളം അതിക്രമിച്ചു കഴിഞ്ഞിരുന്ന സ്‌നേഹത്തിന്റെ തൂവലുകള്‍ അദ്ദേഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വിതറിയിട്ടു കഴിഞ്ഞിരുന്നു. പക്ഷേ, രണ്ട് മുസ്‌ലിംലീഗുകാര്‍ക്കിടയില്‍ ഒരു സേതുബന്ധനം സാധ്യമാകാത്ത അഭിശപ്ത കാലമായിരുന്നു അത്.

ആ കാലത്തും തിരുവനന്തപുരത്തെ ഒഴിവു വേളകളില്‍ ഞാന്‍ സ്റ്റാച്യുവിലെ ചന്ദ്രിക ആപ്പീസിലെത്തുമായിരുന്നു. ചന്ദ്രികയുടെ ചീഫ് റിപ്പോര്‍ട്ടര്‍ കുഞ്ഞമ്മദ് വാണിമേലിന് അഭിമുഖമായി ഇട്ട ഒരു കസേരയില്‍.

പത്രങ്ങളില്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ വേണ്ടത്ര വികാസം കൊണ്ടിട്ടില്ലായിരുന്നു അന്ന്. ഒരു ടെലിപ്രിന്റര്‍ വെക്കുകപോലും വലിയ വികസനമായി കണ്ടകാലം. ചന്ദ്രികയുടെ തലസ്ഥാന ഓഫീസില്‍ ഒരു ടെലിപ്രിന്റര്‍ സ്ഥാപിക്കാന്‍ മന്ത്രിമാരായ അഹമദ് സാഹിബിന്റെയും ബീരാന്‍ സാഹിബിന്റെയും സി.എച്ചിന്റെയും മുമ്പില്‍ കുഞ്ഞമ്മദ് സാഷ്ടാംഗം കൊള്ളുകയാണ്. കുഞ്ഞമ്മദിനെ കാണുമ്പോള്‍, ടെലിപ്രിന്റര്‍ ചോദിച്ചേക്കുമോ എന്ന് ലീഗ് മന്ത്രിമാരും പേടിക്കുകയാണ്. ഒരിക്കല്‍ കുഞ്ഞമ്മദ് പറഞ്ഞു: ഇന്നൊരു തമാശയുണ്ടായി. ഞാന്‍ സി.എച്ചിനെ കണ്ടപ്പോള്‍ എന്റെ ടി.പി (ടെലിപ്രിന്റര്‍) യുടെ കാര്യം ഓര്‍മിപ്പിച്ചു. എടുത്തപടി സി.എച്ചിന്റെ മറുപടി: ടി.പി ചെറൂപ്പയെയോ? അയാളെ നമുക്ക് വാങ്ങാം.''

മാസങ്ങള്‍ കഴിഞ്ഞ് മുസ്‌ലിംലീഗിലെ പുനഃസമാഗമത്തിനുശേഷം 1984ലെ ഒരിടവേളക്ക് ഞാന്‍ ചന്ദ്രികയില്‍ ചേര്‍ന്നപ്പോള്‍ പക്ഷേ, സി.എച്ച് ഇല്ലായിരുന്നു. 'ബലാല്‍സംഘം' എന്ന് തെറ്റായി എഴുതിയ സബ് എഡിറ്ററെപ്പറ്റി ചിന്തിച്ച് എന്റെ കുട്ടികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍പോലും അറിയുകയില്ലല്ലൊ എന്ന് പരിതപിച്ച ആ പത്രാധിപര്‍ക്ക് ഒരു ദിവസമെങ്കിലും ശിഷ്യപ്പെടാന്‍ കഴിയാത്തതിന്റെ ദണ്ണം പലപ്പോഴും പത്ര പ്രവര്‍ത്തന ജീവിതത്തിലെ ഒരക്ഷരത്തെറ്റുപോലെ നെഞ്ചില്‍ പുകയാറുണ്ട്.

1983 സപ്തംബര്‍ 28ന് പുലര്‍ച്ചയോട് അടുത്ത സമയം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഞങ്ങള്‍ കുറേ പത്രലേഖകര്‍ ഉറക്കൊഴിച്ച് കാത്തിരിക്കുകയാണ്. ഹൈദരാബാദില്‍നിന്ന് സി.എച്ചിന്റെ മൃതദേഹം ആകാശത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

അകലെ ചക്രവാളത്തിന്റെ ഉത്തരീയത്തിനുമപ്പുറത്ത് ചുകന്ന വെളിച്ചത്തിന്റെ ഒരു പൊട്ട് വിടര്‍ന്ന് വിടര്‍ന്ന് വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും വല്ലാത്തൊരു പ്രളയമായി തീര്‍ന്നു. സമുദായത്തിന്റെ 'മാണിക്യക്കല്ലു'മായി ഹൈദരാബാദില്‍നിന്ന് വിമാനം വരികയായിരുന്നു. അത് റണ്‍വെയില്‍ ഉരുണ്ട് പ്രിയപ്പെട്ട കേരളത്തിന്റെ നെഞ്ചില്‍ നിശ്ചലമായി, പിന്നീട് അവിടം ഒരു കണ്ണീര്‍ കയമായി മാറുകയായിരുന്നു.ജീവിതം എഴുതുക എന്നത് തീര്‍ത്തും സാഹസികമായ ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ഭാഷക്കും ഭാവനക്കും വലിയ ഇടം കിട്ടാത്ത ഒരു മേഖല എന്ന നിലക്ക് ജീവിതം പറയുമ്പോള്‍ രുചിനിഷ്യന്ദങ്ങള്‍ രസിപ്പിക്കാന്‍ എത്തിയെന്ന് വരില്ല. അപ്പോള്‍ ഡ്രൈനസ് വരും - വരള്‍ച്ച. ഈ വരള്‍ച്ച ഒഴിവാക്കാന്‍ കഴിയുക എന്നതാണ് ജീവിതമെഴുത്തുകാരന്റെ ക്രാഫ്റ്റ്.

ഈ സിദ്ധി വേണ്ടതിലധികമുണ്ടായിരുന്നിട്ടും സ്വന്തം ജീവിതമെഴുതാന്‍ സി.എച്ചിനെ നമ്മള്‍ അനുവദിച്ചില്ല. സി.എച്ചിന്റെ സമയം വൃഥാവിലാക്കുന്നതില്‍ മുസ്‌ലിം സമുദായം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പല നേതാക്കളുടെയും കാര്യത്തില്‍ സമുദായം ഇപ്പോഴും അതാവര്‍ത്തിക്കുന്നുമുണ്ട്. മുസ്‌ലിംലീഗില്‍ നില്‍ക്കാന്‍ സഹനശക്തി മാത്രമല്ല, ദഹനശക്തിയും വേണമെന്ന സി.എച്ചിന്റെതന്നെ പരാമര്‍ശം ഇത്തരം സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. നൂറ് തറക്കല്ലിടലുകള്‍ ഒഴിവാക്കിക്കൊടുത്തിരുന്നുവെങ്കില്‍ ആ സമയം കൊണ്ട് സി.എച്ച് സ്വന്തം ജീവിതത്തിന്റെ നൂറ് അധ്യായങ്ങള്‍ എഴുതുമായിരുന്നു. പക്ഷെ, നമ്മള്‍ ആ മഹാ മനുഷ്യനെ കൂടെത്തന്നെ കൊണ്ടുനടന്നു; സര്‍ഗാത്മകമായ ഒന്നിനും അനുവദിക്കാതെ.


ഗ്രാമ്യ നിഷ്‌കളങ്കതയും രാജ ധൈഷണികതയും നിസര്‍ഗ സിദ്ധിയും കൊണ്ട് അനുഗൃഹീതനായ, ഒരു കാലഘട്ടത്തിന്റെതന്നെ ഇതിഹാസമായിരുന്നു സി.എച്ച്. വാചാ വിലാസത്തിന്റെ അഴകാര്‍ന്ന വിവരണങ്ങളാല്‍ ബഹുസ്വര സമൂഹത്തിന്റെ, വിശേഷിച്ച് മുസ്‌ലിം സമുദായത്തിന്റെ ധമനികളില്‍ രക്തചംക്രമണ ധാര പ്രവൃദ്ധമാക്കി നിര്‍ത്തിയ സമുദ്ധാരകന്‍. എന്നാല്‍ ഇത്തരമൊരു വ്യക്തിത്വത്തെ ആഴത്തില്‍ അളന്നറിയാന്‍ അദ്ദേഹത്തിന്റെ നവോത്ഥാന കാലഘട്ടത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത.

സ്വന്തം കാലത്തെ എഴുത്തുകാരെയും സര്‍ഗ്ഗധനരെയും പ്രതിഭകളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ലുബ്ധലേശമെന്യെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു സി.എച്ച്. പക്ഷെ, സി.എച്ചിന് ആരില്‍നിന്നും അനശ്വരമെന്ന് കരുതാവുന്ന കാര്യമായ ഒന്നും തിരിച്ചുകിട്ടിയില്ല; സ്‌നേഹപ്പെരുമഴയില്‍ പൊടിയുന്ന കുമിള്‍ അല്ലാതെ. തിരുവനന്തപുരത്തും കോഴിക്കോട്ടും മുസ്‌ലിംലീഗ് മുന്‍കൈയെടുത്ത് നടത്തുന്ന സി.എച്ച് സെന്ററുകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പക്ഷെ ഒളിച്ചുവെക്കാനാവുകയില്ല. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ പി.എ റഷീദിന്റെ മേല്‍കൈയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കിയ സി.എച്ച് ചെയര്‍, രചനാത്മകമായ ചില സംഗതികള്‍ നിര്‍വഹിച്ചുവരുന്നുണ്ട്. പരലോകത്ത് സല്‍ക്കര്‍മ്മങ്ങള്‍ എന്നപോലെ, ഇഹലോകത്ത് ബാക്കി നില്‍ക്കുന്ന മനുഷ്യ സ്മാരകം അവര്‍ക്കായി/അവരാലായി വിരചിതമായ പുസ്തകങ്ങളാണെന്ന് വിചാരിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും തലമുറകള്‍ അത് വായിച്ചുകൊണ്ടിരിക്കും.

സി.എച്ചിന്റെ ജീവിതം പുരസ്‌കരിച്ച് അദ്ദേഹത്തിന്റെ തന്നെ കുറച്ച് കൃതികളും, എം.സി വടകര, ടി.സി മുഹമ്മദ്, നവാസ് പൂനൂര്, പി.എ മഹ്ബൂബ് തുടങ്ങിയവരുടേതായി ചില രചനകളും പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും സമഗ്രം എന്ന് പറയാവുന്ന ഒന്ന് ഉണ്ടായിത്തീര്‍ന്നിട്ടില്ല. ഇനി അങ്ങനെ ഒന്നുണ്ടാവുമൊ എന്ന് നിശ്ചയവുമില്ല. ഭാഷക്കും ചരിത്രത്തിനും രാജ്യത്തിനും സമൂഹത്തിനും വമ്പിച്ച നഷ്ടംതന്നെയാണത്. ഇത്തരമൊരു സാഹചര്യത്തിലാണ് സി.എച്ചിന്റെ കരള്‍തുണ്ടായ ചന്ദ്രിക, മരണാനന്തരം മുപ്പതാണ്ട് കഴിഞ്ഞ് ആ ഓര്‍മശേഷിപ്പുകള്‍ അന്വേഷിച്ചിറങ്ങിയത്. കര്‍മ നിരതവും കളങ്കരഹിതവുമായ സി.എച്ചിന്റെ ജീവിതത്തിലേക്ക് പുതിയ തലമുറയെ ഒരുമുഴം അടുപ്പിക്കാനായാല്‍ അത്രയെങ്കിലും ആയല്ലോ എന്ന ആശയോടെ.

ഉപജീവനം അന്വേഷിച്ച് വീടുവിട്ടിറങ്ങി, കിട്ടുന്ന അന്നപ്പൊതിയുമായി തിരിച്ചെത്തി, കുട്ടികളെ കുളിപ്പിച്ച് ഉടുപ്പുമാറ്റി, വിളക്കത്തിരുത്തി ഗൃഹപാഠം നല്‍കി, ഊട്ടി ഉറക്കുകയും ഉറക്കില്‍ അവര്‍ക്ക് കാവലിരിക്കുകയും ചെയ്യുന്ന ഒരു അച്ഛനെ/അമ്മയെ സങ്കല്‍പിക്കാനാവുമൊ. എങ്കില്‍ അതായിരുന്നു മുസ്‌ലിം സമുദായത്തില്‍ സി.എച്ച് നിര്‍വഹിച്ച ദൗത്യം. അദ്ദേഹം ചിന്തിച്ചു, അതെഴുതി, പ്രസംഗിച്ചു, അത് വാര്‍ത്തയാക്കി..... പ്രതിഭയുടെ അന്നം വിളമ്പി. അടിസ്ഥാന സൗകര്യ വികസനവും ആത്മീയ വിദ്യാഭ്യാസവും ഒരേ സമയം സി.എച്ച് നല്‍കി. ഭരണ നിര്‍വഹണത്തിലൂടെ സമുദായത്തിന് കൂട്ടിരിക്കുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളുടെ ഒരു ക്രോസ് സെക്ഷനാണ് ഈ ഉപഹാരമെന്ന് വിനയപൂര്‍വം അറിയിക്കട്ടെ. മഹാനായ ആ മനുഷ്യന്റെ പേരില്‍ ചന്ദ്രിക തയാറാക്കിയ ഈ കൃതി സാദരം സ്വീകരിച്ചാലും.

ടി.പി ചെറൂപ്പ (ചീഫ് എഡിറ്റര്‍)
Posted On: 4/1/2014 12:37:50 PM   

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes