Wednesday, July 11, 2012

സി.എച്ച്‌ സെന്ററിന്റെ ഡയാലിസിസ്‌ സെന്റര്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ദുബയ്്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളജിനടുത്ത്‌ സി.എച്ച്‌ സെന്റര്‍ ആരംഭിച്ച സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സ്മാരക ഡയാലിസിസ്‌ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഈ മാസം 18 ന്‌ ബുധനാഴ്ചയാണ്‌ സെന്ററിലെ പുതിയ ബ്ലോക്ക്‌ പ്രവര്‍ത്തനമാരംഭിക്കുക. ഇതോടെ, സെന്റര്‍ മുഖേന കൂടുതല്‍ വൃക്ക രോഗികള്‍ക്ക്‌ ചികില്‍സ ലഭ്യമാകും.
2010 മാര്‍ച്ചിലാണ്‌ ഡയാലിസിസ്‌ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പരിസരത്ത്‌ നിര്‍ധനരായ രോഗികള്‍ക്ക്‌ സൌജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്തു കൊണ്ടാരംഭിച്ച സി.എച്ച്‌ സെന്റര്‍ ഡയാലിസിസ്‌ സെന്റര്‍ തുടങ്ങുന്നത്‌ ചികില്‍സ തേടി മെഡിക്കല്‍ കോളജിലെത്തുന്ന വൃക്ക രോഗികളുടെ എണ്ണം കൂടുകയും മെഡിക്കല്‍ കോളജിലെ സൌകര്യങ്ങള്‍ മതിയാകാതെ വരികയും ചെയ്തപ്പോഴാണ്‌. 13,500 ഡയാലിസിസുകളാണ്‌ സി.എച്ച്‌ സെന്റര്‍ ഡയാലിസിസ്‌ കേന്ദ്രത്തില്‍ ഇതിനകം നടന്നത്‌.
ചികില്‍സ തേടുന്ന അഞ്ഞൂറിലേറെ വൃക്ക രോഗികളുടെ അപേക്ഷകള്‍ സെന്ററില്‍ ലഭിച്ച സാഹചര്യത്തിലാണ്‌ ഡയാലിസിസ്‌ സെന്റര്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചത്‌. നേരത്തെ പ്രവര്‍ത്തിച്ചു വരുന്ന 9 മെഷീനുകള്‍ക്ക്‌ പുറെം 8 പുതിയ മെഷീനുകള്‍ കൂടി സ്ഥാപിച്ചാണ്‌ സെന്റര്‍ കൂടുതല്‍ രോഗികള്‍ക്ക്‌ സഹായത്തിനെത്തുന്നത്‌. വിപുലീകരിച്ച ഡയാലിസിസ്‌ സെന്റര്‍ പ്രവര്‍ത്തിക്കുക ദുബയിലെ പ്രമുഖ മലയാളി പ്രവാസിയായിരുന്ന അസ്ലം മുഹയിദ്ദീന്റെ പേരിലുള്ള ബ്ലോക്കിലാണ്‌. തീര്‍ത്തും സൌജന്യമായി, വെറും കയ്യോടെ വന്ന്‌ ചികില്‍സ തേടി, വൃക്ക രോഗികള്‍ക്ക്‌ ഡയാലിസിസ്‌ കഴിഞ്ഞു പോകാവുന്ന ഒരു കേന്ദ്രം ഒരുപക്ഷേ കേരളത്തില്‍ ഇതു മാത്രമാണ്‌.
വിപുലീകരിച്ച ഡയാലിസിസ്‌ സെന്ററിലെ പുതിയ യൂനിറ്റുകള്‍ അടക്കം 17 ഡയാലിസിസ്‌ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇനി ദിവസവും 68 രോഗികള്‍ക്ക്‌ ഡയാലിസിസ്‌ നടത്താനാകും. ഡയാലിസിസ്‌ കിറ്റുകളുടെ വില വളരെ കൂടുതലാണിപ്പോള്‍. ഇത്കൂടാതെ, അവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും സിസ്റ്റര്‍മാരുടെയും ടെക്നീഷ്യന്‍മാരുടെയും വേതനമടക്കം ഒന്നര കോടി രൂപയിലേറെ ചേലവു വരും ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍. ഈ തുകയത്രയും സെന്റര്‍ പ്രവര്‍ത്തകര്‍ സമാഹരിക്കുന്നത്‌ നാട്ടിലും മറുനാടുകളിലുമുള്ള ഉദാരമതികളുടെയും വ്യവസായ-വ്യാപാര പ്രമുഖരുടെയും ധനസഹായം സ്വീകരിച്ചാണ്‌. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ റമസാനില്‍ നടത്തുന്ന സഹായ അഭ്യര്‍ത്ഥന പരിഗണിച്ച്‌ കേരളത്തിലെ ആയിരക്കണക്കിന്‌ മഹല്ലുകളില്‍ നിന്നും പരോപകാരികളായ സുമനസ്സുകളില്‍ നിന്നും ലഭിക്കുന്ന ധനസഹായവും സെന്ററിന്‌ വലിയ ആശ്വാസമാകുന്നു.
ഡയാലിസിസ്‌ സെന്ററിനു പുറമെ, സി.എച്ച്‌ സെന്റര്‍ ലഭ്യമാക്കുന്ന സേവനങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ മെഡിക്കല്‍ കോളജിലെത്തുന്ന രണ്ടായിരത്തിലേറെ പേര്‍ക്ക്‌ സെന്റര്‍ നടത്തുന്ന സൌജന്യ ഭക്ഷണ വിതരണം. റമസാനില്‍ സെന്റര്‍ സംഘടിപ്പിക്കുന്ന നോമ്പു തുറകളും നോമ്പെടുക്കുന്നവര്‍ക്കുള്ള അത്താഴ വിതരണവും
ഈ വര്‍ഷവും തുടരും. നോമ്പെടുക്കുന്ന മുസ്ലിംകള്‍ക്കു മാത്രമല്ല, മെഡിക്കല്‍ കോളജിലെത്തുന്ന എല്ലാ ജാതി-മതസ്ഥര്‍ക്കും ഈ സമൂഹ വിരുന്നുകളില്‍ സ്ഥാനമുണ്ട്‌.
റമസാനിലെ ഈ സല്‍കര്‍മങ്ങള്‍ക്ക്‌ വക കണെ്ടത്തുന്നത്‌ ഇഫ്താറിനും ഇംസാക്കിനുമായി രണ്ടു ദിര്‍ഹം വീതം പ്രവാസി മലയാളികളില്‍ നിന്നും സ്വീകരിച്ചാണ്‌. കെ.എം.സി.സി പ്രവര്‍ത്തകരൊന്നാകെ ഈ യജ്ഞത്തില്‍ രണ്ടു ദിര്‍ഹം നല്‍കിയും പരിചയക്കാരെ കൊണ്ട്‌ നല്‍കിച്ചും പങ്കാളികളാകുന്നു. പെരുന്നാള്‍ ദിവസം മുന്‍ വര്‍ഷം 8,000 പേര്‍ക്കാണ്‌ സെന്ററില്‍ പെരുന്നാള്‍ സദ്യ ഒരുക്കിയത്‌. ഈ വര്‍ഷവും ഈ സദുദ്യമങ്ങള്‍ക്ക്‌ കെ.എം.സി.സി ഒരുങ്ങിക്കഴിഞ്ഞു.
യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റും യു.എ.ഇ സി.എച്ച്‌ സെന്റര്‍ പ്രസിഡന്റുമായ ഡോ. പുത്തൂര്‍ റഹ്മാന്‍, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറിയും സി.എച്ച്‌ സെന്റര്‍ യു.എ.ഇ ജന.സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അനീസ്‌ ആദം, ദുബയ്്‌ കെ.എം.സി.സി പ്രസിഡന്റ്‌ പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ ടി.പി മഹ്മൂദ്‌ ഹാജി, സി.എച്ച്‌ സെന്റര്‍ ദുബയ്്‌ ട്രഷറര്‍ പി.കെ ജമാല്‍, കോ-ഓര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്‌ എന്നിവരും മുസ്ലിം ലീഗ്‌ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ സി.എ.എം.എ കരീം, ജന.സെക്രട്ടറി കളത്തില്‍ അബ്ദുല്ല, ദുബയ്്്‌
കെ.എം.സി.സി സെക്രട്ടറി നാസര്‍ കുറ്റിച്ചിറ, ദുബയ്്‌-കോഴിക്കോട്‌ ജില്ലാ കെ.എം.സി.സി പ്രസിഡന്റ്‌ ഹംസ പയ്യോളി, പ്രവാസി ലീഗ്‌ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ എം.എസ്‌ അലവി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

News @ Thejas Daily

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes