ഓർമ്മകൾക്ക് മുന്നിൽ ശമനമില്ലാത്ത വേദനകളായ് ചില വിയോഗങ്ങൾ നമ്മെ പിന്തുടരുമെങ്കിലും, സീ എച്ച് എന്ന് രാഷ്ട്രീയ നേതാവിന്റെ വിയോഗം ഇന്നും വലിയൊരു വിഭാഗത്തിന്റെ കരൾ പിളർത്തുന്ന വേദനകളായ് അവശേഷിക്കുകയാണ്. സീ.എച്ചിന്റെ രാഷ്ട്രീയ കാലം അതി വിദൂരമൊന്നുമല്ലായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ സീ.എച്ച് നമുക്കിടയിലെ ഓർമ്മപ്പെടുത്തലിന്റെ പ്രഭാകിരണമായിരുന്നു. പലരുടേയും സാന്നിദ്ധ്യവും, അസാന്നിദ്ധ്യവും കൊണ്ട് നമ്മെ നേരു പറഞ്ഞ് അത് പിന്തുടരുവാനുള്ള പ്രചോദന പ്രഘോഷണങ്ങൾ നിരന്തരം കേട്ടുവെങ്കിലും, “കേൾവിയും, കേൾപ്പോരുമില്ലാത്ത ഒരു സമുദായത്തെ” എന്ന് സീഎച്ച് പറഞ്ഞറിഞ്ഞ ഒരു സമുദായമാണിന്ന് സീ എച്ചിനെ ഓർത്തുകൊണ്ടിരിക്കുന്നത്. സാധാരണക്കാരെ തൊട്ട്കൊണ്ടുള്ള സീ എച്ചിന്റെ രാഷ്ട്രീയം സീ.എച്ച് തൊട്ട മേഖലകളിലാകമാനം പ്രഭ പരത്തുകയായിരുന്നു.
സവിശേഷതകളുടെ കലവറയായി വെറും മൂന്ന് പതിറ്റാണ്ട് മാത്രം കേരള രാഷ്ട്രീയത്തിന്റെ മർമ്മത്ത് നിന്ന് പയറ്റിയ രാഷ്ട്രീയം കൊണ്ട് സീ.എച്ച് പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ സമുദ്ധരിക്കുന്നതിൽ വമ്പിച്ച വിജയം വരിക്കുക തന്നെ ചെയ്തു. കർമ്മം രാഷ്ട്രീയം തന്നെ എന്ന നിലയിലേക്ക് സീ എച്ചിനെ ഉയർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചത് അദ്ദേഹത്തിന്റെ നിസ്തുലമായ നിരീക്ഷങ്ങളായിരുന്നു. 1983-സപ്തമ്പർ 28-നു 56-ആം വയസ്സിൽ ജീവിതത്തോട് വിടപറയുന്ന വേളയിൽ പോലും ഒരു സമുദായത്തിന്റെ ഭാവിയെകുറിച്ച് ആശങ്കയും, പ്രതീക്ഷയും ഒരുപോലെ കൊണ്ട് നടക്കാൻ സീ എച്ച് എന്ന യുഗപുരുഷനെ പ്രേരിപ്പിച്ചത് തന്റെ ജീവിത പ്രയത്നം കൊണ്ട് വരും തലമുറയെ ഉയർത്തികൊണ്ട് വരാൻ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയും, തന്നോടൊപ്പം സഞ്ചരിക്കുന്ന വലിയ വിഭാഗത്തിന്റെ സ്നേഹാർദ്രമായ സാമീപ്യവുമായിരുന്നു.
നിയമ സഭയുടെ തുടക്കം സീ എച്ച് എന്ന മിടുക്കന്റെ പ്രകടനം അമ്പരപ്പിച്ചത് അന്നത്തെ പ്രഗൽഭരായ പട്ടം താണുപ്പിള്ള, പി.ടി ചാക്കോ, നമ്പൂതിരിപ്പാട്, സി.അച്ചുതമേനോൻ, ജോസഫ് മുണ്ടശ്ശേരി, വി.ആർ കൃഷ്ണയ്യർ തുടങ്ങിയ പ്രഗൽഭരുടെ നിരയിൽ നിന്നും വേറിട്ടൊരു ശബ്ദം നിയമ സഭയിൽ ഉയർത്തിയപ്പോളായിരുന്നു. ആരോരുമില്ലാതിരുന്ന ഒരു സമുദായത്തിന്റെ പ്രാധിനിത്യ ശബ്ദമായി സീ.എച്ചിന്റെ തീ പാറുന്ന പ്രകടനം പരിഗണിക്കപ്പെടുകയായിരുന്നു. സീ എച്ചിന്റെ സൌമ്യ സൌന്ദര്യ പ്രകടനങ്ങൾ പലരേയും മുറിവേൽപ്പിച്ചത് അന്യായമായി അടിച്ചേൽപ്പിച്ച ചില നിയമങ്ങൾക്കെതിരെ പട നയിക്കാൻ സീ എച്ച് നിയുക്തനായപ്പോളായിരുന്നു.
മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ച് സീ.എച്ച് വാചാലനാവുമ്പോൾ, അതിനെതിരെ വാളും പരിചയുമായ് രംഗത്ത് വരുന്നത് കാണാം, “മുസ്ലിംകൾ വെള്ളം കോരികളും, വിറക് വെട്ടികളുമായി കഴിയേണ്ടവല്ല. വിദ്യഭ്യാസത്തെ ആത്മീയമെന്നും, ഭൌതികമെന്നും വേർതിരിച്ചു നിർത്തിയതാരാണെന്നെനിക്കറിയില്ല. കാലത്തിനൊത്ത വിദ്യഭ്യാസം മുസ്ലിംകൾ നേടണം. ശാസ്ത്രീയ രംഗത്ത് അവർ കൂടുതൽ ഉത്സുകരാകണം. ‘ഒന്നുമില്ലെങ്കിൽ ഞാൻ മീൻ വിറ്റുകഴിഞ്ഞോളാം’ എന്ന മനോഭാവം മാറ്റണം. മത്സ്യം പിടിക്കുന്നത് കൂടി ഇന്ന് ശാസ്ത്രീയ മാർഗ്ഗത്തിലാണ്.”
മുസ്ലിം രാഷ്ട്രീയത്തെ വിദ്യഭ്യാസവുമായി സീ.എച്ച് ബന്ധിപ്പിച്ചത് “വിദ്യഭ്യാസ പുരോഗതി കൈവരിച്ചില്ലെങ്കിൽ മുസ്ലിം സമുദായം എടുക്കാത്ത നാണയമായി മാറും. മുസ്ലിം സമുദായം വിദ്യാസമ്പന്നമാകുമ്പോൾ ലീഗ് നശിക്കുമെന്ന് ചിലർ പ്രചാരവേല ചെയ്തിരുന്നു. എന്നാൽ ഓരൊ പഞ്ചായത്തിലും ഓരോ ഹൈസ്കൂളുകൾ സ്ഥാപിച്ച് ലീഗ് അതിനെ വെല്ലുവിളിച്ചിരിക്കുന്നു. വിദ്യഭ്യാസമുള്ള പുതിയ തലമുറ യൂത്ത്ലീഗിന്റെ പിന്നിലാണ്.”
ആ ജീവിതത്തിന്റെ അധികസമയവും വിനിയോഗിച്ചത് വിദ്യഭ്യാസ രംഗത്തെ സംഘർഷങ്ങൾക്കിടയിൽ നമ്മുടെ സമൂഹത്തെ എങ്ങിനെ പഠിപ്പിച്ചെടുക്കാം എന്ന ചിന്തയായിരുന്നെന്ന് നമുക്ക് തോന്നിയെങ്കിൽ അതും ശരിയായിരിക്കാം. “നമ്മുടെ ഭാവി ഭാഗധേയം നിർണ്ണയിക്കേണ്ട വിദ്യാർത്ഥികൾ അസ്വസ്ഥരാണ്. ഈ രാജ്യത്തിന്റെ ഭരണ സാരഥ്യം വഹിക്കേണ്ടവർ, ഇന്ന് ഒരു നിലയുള്ള ട്രാൻപോർട്ട് ബസുകൾ ഇരു നിലയും, മൂന്ന് നിലകളുമാക്കേണ്ടവർ, അണ്ടർഗ്രൌണ്ട് തീവണ്ടികൾ ഓടിക്കേണ്ടവർ, ആറ്റം ശക്തി ഉപയോഗിച്ച് എങ്ങിനെ തീവണ്ടി ഓടിക്കാം എന്നു ചിന്തിക്കേണ്ടവർ, ഇന്നുള്ള ട്രാൻസ്പോർട്ട് ബസുകൾ തല്ലിപൊളിക്കാനും കല്ലെറിയാനും, കണ്ടക്ടറുടെ തലയുടെ ഉറപ്പ് പരിശോധിക്കാനും പുറപ്പെടുന്നത് എങ്ങിനെ നീതീകരിക്കാനാകുമെന്ന് മനസ്സിലാകുന്നില്ല.”
പത്രപ്രവർത്തകനായി രംഗത്തു വരികയും മലയാള ഭാഷയുടെ നവരസങ്ങൾ മുഴുവൻ ആവാഹിക്കുകയും ചെയ്ത സാഹിത്യകാരൻ, വാഗ്വിലാസം കൊണ്ട് കോരിതരിപ്പിച്ച പ്രഭാഷണ കലയുടെ കുലപതി, ഭരണ നിർവ്വാഹണ രംഗത്തെ നീതി കൊണ്ട് നേർക്ക് നടത്തിയ ഭരണാധികാരി, എല്ലാത്തിലും തികഞ്ഞ മനുഷ്യ സ്നേഹി. വിശേഷങ്ങൾ കൊണ്ട് വീർപ്പ് മുട്ടിച്ചാലും മതിവരാത്ത എല്ലാം തികഞ്ഞ മഹാൻ. അതായിരുന്നു സീ.എച്ച് മുഹമ്മദ് കോയ. അതുകൊണ്ട് തന്നെ മറ്റേതൊരു നേതാവിനും ഇടം കിട്ടാത്ത ഓർമ്മപ്പെടുത്തലുകളുമായി സീ.എച്ചിനെ നേരിൽ കാണാത്ത വലിയൊരു വിഭാഗം യുവജനങ്ങളും സീ.എച്ചിനെ പഠിച്ച് പറയുന്നത്, അങ്ങ് മഹാനായിരുന്നെന്ന്!
Source:
Thursday, May 16, 2013
സീ എച്ച് മുഹമ്മദ് കോയ, രാഷ്ട്രീയത്തിനപ്പുറത്തെ ഓർമ്മപ്പെടുത്തലുകളുമായ് വീണ്ടും
12:54 AM
Unknown
2 comments
2 comments:
good
very very thinging posion
Post a Comment