Wednesday, September 25, 2013

'സി.എച്ച്: മായാത്ത വരകള്‍' കാര്‍ട്ടൂണ്‍ ശേഖരവുമായി കമാലുദ്ദീന്‍



തിരുവനന്തപുരം: മലയാളിയുടെ രാഷ്ട്രീയ, സാമൂഹ്യ ചിന്തകള്‍ക്ക് എക്കാലവും ചൂടുപകര്‍ന്ന ഓര്‍മകളാണ് മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയുടേത്. ആ ഓര്‍മകള്‍ വരഞ്ഞ അരനൂറ്റാണ്ടിന്റെ രേഖാചിത്രം ആദ്യമായി സാംസ്‌കാരിക കൈരളിക്ക് മുന്നിലെത്തുന്നു. സി.എച്ചിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ ദൃഷ്ടിയിലൂടെ കണ്ടെടുക്കുകയാണ്.

മലയാള പത്രങ്ങളില്‍ സി.എച്ചിനെ നായകനായും പ്രതിനായകനായും അവതരിപ്പിച്ച കാര്‍ട്ടൂണുകളുടെ സമാഹാരമാണിത്. കേരള സര്‍വകലാശാലയിലെ മുന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന എസ്. കമാലുദ്ദീനാണ് പുസ്തകം തയാറാക്കിയത്.

ജീവിച്ചിരുന്ന കാലത്ത് ഏറ്റവുമധികം കാര്‍ട്ടൂണ്‍ പരിഹാസങ്ങള്‍ക്ക് വിധേയനായ നേതാവായിരുന്നു സി.എച്ച്. സമകാലികരായ കാര്‍ട്ടൂണിസ്റ്റുകളുടെയെല്ലാം പ്രധാന ഇരയായിരുന്നു അദ്ദേഹം. എന്നാല്‍ സി.എച്ചിന് ഒരിക്കല്‍പോലും അസഹിഷ്ണുതയുണ്ടായിരുന്നില്ല. ചരിത്രം ആ മഹാനെ എങ്ങനെ ഓര്‍മിക്കുന്നുവെന്നും അദ്ദേഹം എന്തായിരുന്നുവെന്നും വാക്കുകളുടെ അകമ്പടിയില്ലാതെ കോറിയിടുന്ന പുസ്തകമാണിത്.

ഒരേയൊരു സി.എച്ച്, ഒപ്പത്തിനൊപ്പം, സ്വസമുദായത്തോട്, സി.എച്ചും മുസ്‌ലിം ലീഗും, രാഷ്ട്രീയ രംഗത്ത്, മന്ത്രിക്കസേരയില്‍ എന്നിങ്ങനെ ആറ് ഭാഗങ്ങളായി ചിട്ടപ്പെടുത്തിയ കാര്‍ട്ടൂണ്‍ ശേഖരം മലയാളത്തിലെ പല തലമുറയില്‍പെട്ട പ്രഗത്ഭരുടെ വരകള്‍ കൊണ്ട് സമ്പന്നമാണ്.

നമ്പൂതിരി, എം.വി ദേവന്‍, മലയാറ്റൂര്‍, സുകുമാര്‍, സോമനാഥന്‍, യേശുദാസന്‍, പി.വി കൃഷ്ണന്‍, വേണു, പി.കെ മന്ത്രി, നാഥന്‍, ബി.എം ഗഫൂര്‍, ശിവറാം, ബാലു, സിദ്ദീഖ് പറവൂര്‍, വൈ.എ റഹിം, മധു ഓമല്ലൂര്‍, ഹരി തുടങ്ങിയവര്‍ക്കൊപ്പം സി.എച്ചിന്റെ മകന്‍ ഡോ.എം.കെ മുനീറും പിതാവിന്റെ ദീപ്ത സ്മരണകള്‍ വരകളാക്കിയിരിക്കുന്നു.

സി.എച്ചിനെക്കുറിച്ച് നിരവധി പ്രബന്ധങ്ങളും പഠനങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സി.എച്ച് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട ഒരു കാലഘട്ടത്തിലെ മുസ്‌ലിം, പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യ നിലവാരം ഈ കാര്‍ട്ടൂണുകള്‍ അടയാളപ്പെടുത്തുന്നു.

സ്വന്തം സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സി.എച്ച് നടത്തിയ പോരാട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കാര്‍ട്ടൂണുകള്‍ ഉള്‍പെടെ അദ്ദേഹത്തെ ആഴത്തില്‍ മനസിലാക്കാന്‍ ചരിത്ര- രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതാണ് 'സി.എച്ച്: മായാത്ത വരകള്‍, മറയാത്ത രൂപങ്ങള്‍' എന്ന സമാഹാരം.

'കുട നന്നാക്കുന്നവരെയും വിറക് വെട്ടുന്നവരെയും വെള്ളം കോരികളെയും അറബി മുന്‍ഷിമാരാക്കി'യെന്ന ആക്ഷേപത്തിന് മുന്നില്‍ നെഞ്ചുവിടര്‍ത്തി നില്‍ക്കുന്ന സി.എച്ച് 'മുന്‍ഷിമാരുടെ മക്കളെ ഡോക്ടറും എഞ്ചിനീയറും അധ്യാപകരുമാക്കിയിട്ടേ ഞാനെന്റെ ശ്രമം അവസാനിപ്പിക്കൂ' എന്ന് മറുപടി നല്‍കുന്നതും ഈ കാര്‍ട്ടൂണ്‍ സമാഹാരത്തിലുണ്ട്.

കോളജ് വിദ്യാര്‍ത്ഥിയായ കാലം മുതല്‍ സി.എച്ചിനെ പിന്തുടരുന്ന എസ്. കമാലുദ്ദീന്‍ സി.എച്ചിന്റെ പ്രധാനപ്പെട്ട പ്രസംഗങ്ങള്‍ സമാഹരിച്ച് 'സി.എച്ചിന്റെ പ്രഭാഷണങ്ങള്‍' എന്ന പുസ്തകവും സി.എച്ചിന്റെ പ്രസംഗം റിക്കോര്‍ഡ് ചെയ്ത 'സി.എച്ച് ശബ്ദ സ്മരണിക' 'സി.എച്ച് വേര്‍പാടും സ്മരണകളും' എന്ന പേരില്‍ ആല്‍ബവും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

ഫിര്‍ദൗസ് കായല്‍പ്പുറം
 9/22/2013

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes