Thursday, September 28, 2017

സി.എച്ചിന്റെ ജീവിതം നമ്മെ ഓര്‍മപ്പെടുത്തുന്നത്

മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ 34-ാം ചരമവാര്‍ഷികം കടന്നു വരുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരേ യോജിച്ചു പോരാടാനുള്ള സന്ദേശം ആ ജീവിതത്തില്‍ തെളിഞ്ഞുനില്‍പ്പുണ്ടെന്ന് കാണാം. സി.എച്ചിന്റെ ഏറ്റവും വലിയ നേട്ടം അദ്ദേഹം സ്വന്തം നാട്ടിലെ ജനങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നുവെന്നതാണ്. അത്തോളിയുടെ ഈ പ്രിയപുത്രന്‍ മതമൈത്രിയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും ദീപശിഖ ഉയര്‍ത്തിപ്പിടിച്ചു എന്നുമാത്രമല്ല അത് പ്രായോഗികമാക്കാന്‍ നാക്കും തൂലികയും അനവരതം ഉപയോഗിക്കുകയും ചെയ്തു.

കടലില്‍ ഏതാനും വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കം കരയില്‍ കലാപത്തിന് വഴിമരുന്നിട്ട സന്ദര്‍ഭം കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവില്ല. നടക്കാവ് പൊലിസ് സ്റ്റേഷനില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ഓടിയെത്തി ആദ്യം വിളിച്ചത് സി.എച്ചിനെയാണ്. കലാകാരനും സാഹിത്യകാരനുമായിരുന്ന കലക്ടര്‍ മലയാറ്റൂര്‍ രാമകൃഷ്ണന് സി.എച്ചിന്റെ സാന്നിധ്യം എന്തെന്നില്ലാത്ത ആത്മവിശ്വാസം നല്‍കി.

കോഴിക്കോട്ടെ പത്രാധിപ പ്രതിഭകളേയും സാംസ്‌കാരിക നായകരേയും കലക്ടറും സി.എച്ചും ചേര്‍ന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പിന്നെ വെള്ളയിലേക്കുള്ള ജാഥ. തടിച്ചുകൂടിയ ജനക്കൂട്ടത്തോടുള്ള സി.എച്ചിന്റെ സാരഗംഭീരമായ പ്രസംഗം. പ്രശ്‌നം ആളിക്കത്തിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഊതിക്കെടുത്തുകയാണുത്തമമെന്നും അദ്ദേഹം തീരവാസികളെ ഉണര്‍ത്തി.

നാടിന്റെ പേരിനെ ചൊല്ലി കലഹം മൂത്ത കാസര്‍കോട്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയെ കൂട്ടുപിടിച്ച് ‘വിദ്യാനഗര്‍’ എന്ന് പേരിട്ട സി.എച്ച് തലശ്ശേരിക്ക് കണ്ടുവച്ച പേര് ‘വിദ്യാപുരി’ എന്നായിരുന്നു. വിദ്യാഭ്യാസത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയ അദ്ദേഹം ‘പഠിക്കുക, കൂടുതല്‍ പഠിക്കുക’ എന്ന സന്ദേശമാണ് യുവതലമുറക്ക് നല്‍കിയത്. ഒരു നേതാവിന് നല്‍കുന്ന ആര്‍ഭാടസ്വീകരണത്തിന് പകരം ആ തുകകൊണ്ട് പാവപ്പെട്ട കുട്ടിയെ പഠിപ്പിക്കുന്നത് പുണ്യമാണെന്നും മിടുക്കന്മാരായ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി മാതൃക സൃഷ്ടിക്കണമെന്നും സി.എച്ച് നിര്‍ദേശിച്ചു.

സ്‌കോളര്‍ഷിപ്പ് എന്ന ആശയം വിദ്യാര്‍ഥി സംഘടനയെക്കൊണ്ട് അദ്ദേഹം പ്രാവര്‍ത്തികമാക്കി. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ അപഹസിച്ചവര്‍ക്ക് അദ്ദേഹം ഉരുളക്കുപ്പേരി നല്‍കി. കെ.പി കേശവമേനോന്‍ മുതല്‍ എസ്.കെ പൊറ്റക്കാട് വരെയുള്ളവരോട് ആത്മബന്ധം പുലര്‍ത്തിയ സി.എച്ച് അക്ഷരങ്ങളെ അളവറ്റ് സ്‌നേഹിച്ച് അക്ഷരവിപ്ലവം നടത്തി. അഴിമതി എന്താണെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു. സ്വജനപക്ഷപാതം അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല. നര്‍മത്തിന്റെ തേന്‍ ചാലിച്ച വാക്കുകളിലൂടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സാമ്രാജ്യം സി.എച്ച് കെട്ടിപ്പടുത്തു. മതത്തെ വിറ്റ് കാശാക്കുകയും മതത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരോട് അദ്ദേഹം സന്ധി ചെയ്തില്ല.

ഗള്‍ഫിലെ ഒരു പ്രതിനിധിയോടൊപ്പം യാത്ര ചെയ്യവെ വഴിവക്കില്‍ മൂത്രമൊഴിക്കുന്ന ഗ്രാമീണരെക്കണ്ട് സഹയാത്രികന്‍ ഷെയിം വിളിച്ചപ്പോള്‍ സി.എച്ചിന്റെ മനം നൊന്തു. ഗള്‍ഫിലെ യാത്രയില്‍ പകരം വീട്ടാനുറച്ച് ഇതേ രംഗം കണ്ട് ഷെയിം വിളിച്ച സി.എച്ചിന് സിന്ദാബാദുമായി വന്ന പ്രതി തന്റെ നാട്ടുകാരനാണെന്നറിഞ്ഞ് സി.എച്ച് അന്തംവിട്ടു. ‘വഴിതെറ്റുന്ന മലയാളിത്തനിമ’യെ കളിയാക്കിയ സി.എച്ച് അക്ഷരാര്‍ഥത്തില്‍ ഒരു കാലഘട്ടത്തെ ഇളക്കിമറിച്ചു.

നാട്ടിലും മറുനാട്ടിലും അജ്ഞരും അവശരും ആലംബഹീനരുമായ ജനതയെ മുഴുവന്‍ വാചാലതയിലൂടെ ഹര്‍ഷപുളകിതരാക്കിയ സി.എച്ചിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മൊഴിമുത്തുകളും ഗ്രന്ഥങ്ങളുമാണ്. സി.എച്ചിന്റെ പേരില്‍ അവാര്‍ഡ് സ്വീകരിക്കുന്നവര്‍ ഈ രീതിയാണ് അനുവര്‍ത്തിക്കേണ്ടത്.

കെ.പി കുഞ്ഞിമൂസ

Wednesday, December 28, 2016

സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല


പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)


പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്‌കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത സൗഹാര്‍ദ്ദത്തിലൂടെ അതിനെ ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തരാക്കുക എന്നതാണ് രാഷ്ട്രീയ ധര്‍മ്മമെന്ന് സി.എച്ച് ഓര്‍മ്മിപ്പിച്ചു. മതം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതി വീഴാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു സി.എച്ചിന്റേത്. വര്‍ഗീയ-തീവ്രവാദ സ്വാധീനങ്ങളെ വലിയൊരളവില്‍ ചെറുക്കുന്നതില്‍ അതു വഴിവെച്ചു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഇന്ത്യന്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സി.എച്ച് പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.

ജനാധിപത്യവും മത നിരപേക്ഷതയും ദേശീയതയും മത വിരുദ്ധമാണെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിച്ചിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് സ്വ സമുദായത്തെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ തന്നെ ഇതര സമുദായങ്ങളോട് സാഹോദര്യവും സഹവര്‍ത്തിത്വവും പുലര്‍ത്തി. ഇതര സമുദായങ്ങളുടെ അവകാശങ്ങളിലേക്ക് കടന്നു കയറാതിരിക്കാനുള്ള ജനാധിപത്യ ബോധവും സഹിഷ്ണുതയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സി.എച്ച് പുലര്‍ത്തി. മികച്ച വാഗ്മിയായിരുന്ന സി.എച്ച് മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചു. വാക്കുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ മറ്റ് ആയുധങ്ങളൊന്നും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല. വാക്കുകള്‍ തോല്‍ക്കുന്നിടത്തേ ആയുധം വേണ്ടൂ. സി.എച്ചിന്റെ വാക്കുകള്‍ ഒരിക്കലും തോറ്റിരുന്നില്ല. നിശ്ചിത മൂര്‍ച്ചയോടെ അതു ലക്ഷ്യസ്ഥാനങ്ങളില്‍ തറച്ചു.
1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്തു പുരോഗമന ആശയങ്ങള്‍ നടപ്പാക്കുന്നതിന്റെ വക്താവായി. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന മുസ്്‌ലിം സമൂഹത്തെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രാദേശിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്‌കൂളുകള്‍ തുറന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകള്‍ കൊണ്ടുവന്നതിന് പിന്നിലും സി.എച്ചിന്റെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു.

തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും പ്രഗല്‍ഭനായ പത്രാധിപരായി ശോഭിക്കാന്‍ സി.എച്ചിനായി. സാഹിത്യ തല്‍പരനായ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം മികച്ച വായനക്കാരനുമായിരുന്നു. ഇക്കാലത്തെ പ്രശസ്തരായ പല എഴുത്തുകാരും സി.എച്ചിന്റെ പ്രോത്സാഹനത്താല്‍ സാഹിത്യ മണ്ഡലത്തില്‍ ചുവടുറപ്പിച്ചവരാണ്. നിയമസഭാംഗം, സ്പീക്കര്‍, പ്രതിപക്ഷ പാര്‍ട്ടി നേതാവ്, മന്ത്രി, ഉപ മുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെ പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം കളങ്കമില്ലാത്ത സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്‍ സി.എച്ചിന് സാധിച്ചു. സ്പീക്കര്‍ എന്ന നിലക്ക് നിയമസഭാ നടപടികള്‍ ജനാധിപത്യ മൂല്യങ്ങളിലുറപ്പിച്ച് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അസാധാരണമായ പ്രാഗത്ഭ്യമാണ് കാണിച്ചത്.

ഏതൊക്കെ മേഖലകളില്‍ പ്രവര്‍ത്തിച്ചോ അവിടെയെല്ലാം തന്റെ മികവാര്‍ന്ന വ്യക്തിത്വത്തിന്റെ മുദ്ര പതിപ്പിക്കാന്‍ സി.എച്ചിന് കഴിഞ്ഞിരുന്നു. സ്പീക്കറായും മുഖ്യമന്ത്രിയായും പല ചുമതലകളില്‍ കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണായക ഘട്ടത്തില്‍ നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നൊരാളായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സി.എച്ചിന് എന്നും പ്രത്യേക കഴിവുണ്ടായിരുന്നു. മുമ്പില്‍ വന്നു നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കാണാതെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനം ഒരിക്കലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ശേഷം ആ നാടിനെകുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന് സത്യങ്ങള്‍ കാണുന്നതിന് ഒരിക്കലും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ തടസ്സമായില്ല. ഇങ്ങനെ പൊതുവില്‍ വിശാലമായൊരു സമീപനം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു.

ന്യൂനപക്ഷ പുരോഗതിക്ക് തന്റേതായ വഴികളിലൂടെ സഞ്ചരിച്ച നേതാവായിരുന്നു സി.എച്ച്. എന്നാല്‍, അതൊരിക്കലും ഇതര മതങ്ങളോടുള്ള ആദരവില്‍ കുറവുവരുത്തികൊണ്ടായിരുന്നില്ല. തന്റെ സമുദായം ഏതെങ്കിലും സ്വാധീനത്തിനു വഴങ്ങി മത വിദ്വേഷത്തിലേക്കു വഴുതി വീഴാതിരിക്കാനുള്ള ഉയര്‍ന്ന രാഷ്ട്രീയ ജാഗ്രത അദ്ദേഹം എന്നും പുലര്‍ത്തിയിരുന്നു. പൊതുമണ്ഡലത്തില്‍ മതേതര വീക്ഷണത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് അത്തരം ദര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി അവയുടെ സാക്ഷാത്കാരത്തിനു വേണ്ടി ധീരമായി നിലയുറപ്പിച്ച സി.എച്ച് മുഹമ്മദ്‌കോയയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഏതൊരു പ്രവൃത്തിയും അഭിനന്ദനാര്‍ഹമാണ്.

(കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്റെ സി.എച്ച് അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് )
News @ Chandrika Daily
22.12.2016

Saturday, December 10, 2016

CH Muhammed Koya @ Safari TV

Saturday, August 30, 2014

താനൂര്‍ ഗവ. കോളജിന് സി.എച്ചിന്റെ പേര് നല്‍കും

താനൂര്‍: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് സി.എച്ച്. മുഹമ്മദ് കോയയുടെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സി.എച്ചിന് ലഭിക്കുന്ന അനിയോജ്യ സ്മാരകമായി.

സി.എച്ച് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് താനൂരില്‍ നിന്നായിരുന്നു. 1957-ല്‍ നടന്ന ഐക്യകേരളത്തിന്റെ പ്രഥമ തെരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിച്ച സി.എച്ച് 5267 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നു തന്നെ സി.എച്ച്. വീണ്ടും 19448 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് സ്പീക്കറായും മന്ത്രിയായും ഉപമുഖ്യമന്ത്രിയായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. സി.എച്ച്. മുഹമ്മ് കോയ സാമാജിക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച മണ്ണില്‍ ഇപ്പോള്‍ അനുയോജ്യമായ സ്മാരകം തന്നെ ഉയര്‍ന്നിരിക്കുന്നു.

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ എല്‍.പി. സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത നവോത്ഥാന നായകന് മത്സ്യതൊഴിലാളികളുടെ തേരോട്ട ഭൂമിയില്‍ ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന സര്‍ക്കാര്‍ കോളജ് ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാകും. നിയോജക മണ്ഡലം എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് താനൂരിന്റെ ചരിത്രപരമായ തീരുമാനം മന്ത്രിസഭായ യോഗം കൈകൊണ്ടത്.

താനൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഈ തീരുമാനത്തിന് ചുക്കാന്‍ പിടിച്ചതും മറ്റൊരു നിയോഗമാകാം. കടുത്ത ് പ്രതിസന്ധികള്‍ക്കിടെയാണ് 2013 ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താനൂരിലെത്തി കോളജ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തന്നെ ഈ പേര് നല്‍കാന്‍ തീരുമാനിച്ചതും മറ്റൊരു ചരിത്രം

News @ Chandrika
8/28/2014 

Thursday, August 14, 2014

സി.എച്ച്.മുഹമ്മദ് കോയ തലമുറകളുടെ വഴികാട്ടി: വി.എം.സുധീരന്‍

കാഞ്ഞങ്ങാട്: മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ തലമുറകളുടെ വഴികാട്ടിയും രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭയുമായിമായിരുന്നുവെന്ന് മുന്‍ മന്ത്രി വി.എം.സുധീരന്‍.

സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ വാദിക്കുമ്പോഴും ഇതരജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അളവറ്റ മൂല്യം കല്‍പ്പിച്ച നീതിമാനായ ഭരണാധികാരിയുമായിരുന്നു സി.എച്ച്.

സി.എച്ചിന്റെ മുപ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സി.എച്ച്-കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭ എന്ന പ്രമേയത്തില്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖിതങ്ങള്‍, കെ.എം.സീതിസാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്‍ എന്നിവരുടെ ലാളനയേറ്റ് വളര്‍ന്നുവന്ന സി.എച്ച്.തോല്‍വിയറിയാത്ത ജേതാവായിരുന്നു. എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മുതല്‍ മുഖ്യമന്ത്രി പദം വരെ വഹിച്ചപ്പോഴൊക്കെ ജനനന്മ ലാക്കാക്കികൊണ്ടുള്ള നടപടികളാണ് അദ്ദേഹം കൈകൊണ്ടിരുന്നത്.

ദീര്‍ഘകാലം വിദ്യഭ്യാസ മന്ത്രി പദവിയിലിരുന്ന സി.എച്ചിനോട് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പുതിയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചും യൂണിവേഴ്‌സിറ്റി യൂണിയനുകള്‍ പുനര്‍ജ്ജീവിപ്പിച്ചും സെനറ്റിലും സിണ്ടിക്കേറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയും സി.എച്ച്.വിദ്യാര്‍ത്ഥി വര്‍ഗ്ഗത്തിന് ഉല്‍ക്കര്‍ഷത്തിന്റെ പാതയൊരുക്കി ചരിത്രം കുറിച്ചു.

സി.എച്ചിനോടൊപ്പം നിയമസഭയില്‍ അംഗമായിരിക്കാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യമായാണ് ഞാന്‍ കാണുന്നത്. നിയമത്തിന്റെ കടുകുമണി കീറി നര്‍മ്മം പുരട്ടിയ വാക്ശരങ്ങളിലൂടെ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റിയ സി.എച്ചിന്റെ പ്രസംഗങ്ങള്‍ നിയമസഭയുടെ ചുവരുകളില്‍ ഇന്നും പ്രതിദ്ധ്വനിക്കുന്നുണ്ട്.

അച്യുതമേനോന്‍, കെ.കരുണാകരന്‍, എ.കെ.ആന്റണി തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പം ജനാധിപത്യത്തിന്റെയും യു.ഡി.എഫിന്റെയും സത്തയും സൗരഭ്യവും പ്രസരിപ്പിക്കാന്‍ സി.എച്ചിന് കഴിഞ്ഞു.

മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്‍കിയ സി.എച്ച്. തീവ്രവാദത്തിന്റെ മായാ വലയത്തില്‍നിന്നും യുവജനങ്ങളെ പറിച്ചെടുത്ത് യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും വൃത്തത്തിനകത്ത് ഉറപ്പിച്ചു നിര്‍ത്തിയ മാന്ത്രികനായിരുന്നു. സദാചാര വിരുദ്ധരും അഴിമതി വീരന്മാരും പരസ്യമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്ന ഇക്കാലത്ത് നിഷ്‌കാര്‍മകര്‍മ്മിയായ സി.എച്ച്. നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. സി.എച്ചിന്റെ സ്ഥാനം എന്നിലെപ്പോഴും എന്റെ ഹൃദയത്തിലായിരിക്കും. സുധീരന്‍ തുടര്‍ന്നു പറഞ്ഞു.

പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. പി.വി. മുഹമ്മദ് അരീക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം എം.സി. ജോസ്, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, സി.പി.എം. നേതാവ് എ.കെ. നാരായണന്‍, ബി.ജെ.പി. നേതാവ് മടിക്കൈ കമ്മാരന്‍, സി.ടി.അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, പി.ഇസ്മയില്‍ വയനാട്, ബഷീര്‍ വെള്ളിക്കോത്ത്, കെ.ബി.എം.ഷെരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി. ജാഫര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, സി.എല്‍. റഷീദ് ഹാജി, പി.വി. മുഹമ്മദ് അസ്‌ലം, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല ആറങ്ങാടി, ഹസീന താജുദ്ദീന്‍, എ.പി. ഉമ്മര്‍, എം.കുഞ്ഞാമദ് പുഞ്ചാവി, എം.കെ.കുഞ്ഞബ്ദുല്ല, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, അഡ്വ. എന്‍.എ. ഖാലിദ്, പി. ഹക്കീം, ശംസുദ്ദീന്‍ കൊളവയല്‍, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, എ.കെ.ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ടി.വി റിയാസ്, എം.സി. ശിഹാബ്, ഇബ്രാഹിം ബേര്‍ക്ക, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

Tuesday, April 8, 2014

വാതില്‍പുറം

സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതവും കര്‍മ മണ്ഡലങ്ങളും ആസ്പദമാക്കി ചന്ദ്രിക പ്രസിദ്ധീകരിച്ച സി.എച്ച് ഉപഹാരത്തിന് ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ എഴുതിയ ആമുഖം

സന്ധ്യയുടെ മറവില്‍, ഇരുട്ടിന്റെ കയങ്ങളിലൂടെ കൊള്ളിയാന്‍ മിന്നുന്നതുപോലെ ഒരു മഹാവെളിച്ചം പാഞ്ഞുപോവുന്നത് കാണുമായിരുന്നു ചെറുപ്പത്തില്‍. ഉമ്മാമ പറഞ്ഞിരുന്നത് മാണിക്യം വിഴുങ്ങിയ പാമ്പ് പറക്കുകയാണ് അതെന്നാണ്. സര്‍പ്പത്തിന്റെ കവിളില്‍ കുരുങ്ങിക്കിടന്നിട്ടും പുറത്തേക്ക് ഇത്ര വെളിച്ചമുണ്ടാക്കുന്ന ഐതിഹ്യത്തിലെ മാണിക്യം ഒന്ന് കാണാന്‍ കൊതിയായിരുന്നു. അങ്ങനെ വീണ്ടുമൊരിക്കല്‍ ആ വാക്ക് കേട്ടു: - സമുദായത്തിന്റെ മാണിക്യം!

കവിഹൃദയമുള്ള ഏതോ വാഗ്മിയുടെ കണ്ടുപിടുത്തമാവാം സി.എച്ചിനെക്കുറിച്ചുള്ള ഈ വിശേഷണം. മുസ്‌ലിം സമുദായം സി.എച്ചിനെ കാത്ത് സൂക്ഷിച്ചത് സര്‍പ്പം മാണിക്യത്തെ എന്നപോലെയാണ്. ഒരു കവിള്‍ മാറ്റിപ്പിടിക്കുമ്പോള്‍ താഴെ വീഴരുതെന്ന കരുതലോടെ.

1970കളില്‍ മാവൂരിലെ പുല്‍പ്പറമ്പില്‍, സ്വതന്ത്ര തൊഴിലാളി യൂണിയന്റെ വലിയൊരു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് സി.എച്ചിനെ ആദ്യമായി കാണുന്നത്. പിന്നെ പലയിടങ്ങളില്‍നിന്ന് പലവട്ടം കാണുകയും തിരമാലകള്‍പോലെ ചരിഞ്ഞും ചാഞ്ഞും ചാഞ്ചാടിയുമുള്ള ആ ഗര്‍ജ്ജനം കേള്‍ക്കുകയും ചെയ്തു. കുറേക്കൂടി അടുത്തിടപഴകാന്‍ ആശിച്ചപ്പോഴേക്കും വിധി വൈപരീത്യങ്ങള്‍ അതിനെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു. 1974ലെ മുസ്‌ലിംലീഗിലെ പിളര്‍പ്പിന്റെ ഇരുട്ടിലൂടെ ആ മാണിക്യവും കൊത്തി വിധിയുടെ സര്‍പ്പം പറന്നകന്നു.

വര്‍ഷങ്ങള്‍ കുറച്ചുകൂടി മുമ്പോട്ട് നീങ്ങി. 1980കളുടെ ആരംഭം. കേരള നിയമസഭയുടെ പ്രസ് ഗാലറിയിലിരുന്ന് സി.എച്ചിന്റെ പ്രകടനങ്ങളെ മൂന്നര വര്‍ഷക്കാലം നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി. ഈ കുറിപ്പുകാരന്റെ പത്ര പ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ നാളുകളും 'സി.എച്ച് യുഗ'ത്തിന്റെ അവസാന നാളുകളുമായിരുന്നു അത്. വേണ്ടതിലധികം അസുഖങ്ങളുടെ പിടിയിലായിരുന്നു അന്നദ്ദേഹം. പക്ഷേ, നിയമസഭയുടെ പ്രത്യേക ആകര്‍ഷണം അപ്പോഴും ഉപ മുഖ്യമന്ത്രിയായ സി.എച്ച് തന്നെയായിരുന്നു.

1982ല്‍, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് തൊട്ടടുത്ത്‌വന്ന ഒരു റമസാനില്‍ തലസ്ഥാനത്തെ മുസ്‌ലിം പത്ര പ്രവര്‍ത്തകര്‍ക്കും നിയമസഭാ സാമാജികര്‍ക്കുമായി മുഖ്യമന്ത്രി ഒരു നോമ്പുതുറ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു ഇഫ്താര്‍. നോമ്പ് തുറന്ന് ഭക്ഷണം കഴിഞ്ഞ് കൈ കഴുകാന്‍ ബേയ്‌സിനടുത്തേക്ക് ചെന്നപ്പോള്‍ സി.എച്ച് ചോദിച്ചു:

''എന്താണ് പേര്?''

ഞാന്‍ പറഞ്ഞു: ചെറൂപ്പ എന്ന് പറയും. ലീഗ്‌ടൈംസ് ലേഖകനാണ്.''

ഉടനെ സി.എച്ചിന്റെ മറുപടി:

ഞാന്‍ കരുതിയിരുന്നത് ചെറൂപ്പ, എം. അലിക്കുഞ്ഞിയെപ്പോലെ ഒരു വൃദ്ധനായിരിക്കും എന്നാണ്. ശരിപ്പേര് എന്താണ്?''

''ഉണ്ണിമൊയ്തീന്‍.''

''ഉണ്ണിമൊയ്തീനൊ? അതിന് അലിക്കുഞ്ഞിയെക്കാള്‍ പ്രായമുണ്ടല്ലൊ?''

തിരുവനന്തപുരത്ത് ഏറെക്കാലം ചന്ദ്രികയുടെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു 60 കഴിഞ്ഞ എം. അലിക്കുഞ്ഞി സാഹിബ്.

ഇതേ ദിവസം മറ്റൊരു സംഭവമുണ്ടായി. നോമ്പ്തുറയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് അതിഥികള്‍ പിരിയാന്‍ നേരം, കൊയിലാണ്ടി എം.എല്‍.എ മണിമംഗലത്ത് കുട്ട്യാലി ഒരു വലിയ തളിക നിറയെ കാരക്കയുമായി വന്നു. അത് കണ്ടപ്പോള്‍ സി.എച്ച് പറഞ്ഞു: കുട്ട്യാലി നോമ്പിനെ അട്ടിമറിച്ചു.''

നോമ്പ് മുറിക്കുന്ന സമയത്ത് നല്‍കേണ്ട കാരക്ക എല്ലാം കഴിഞ്ഞ ശേഷം കൊണ്ടുവന്നതിനെ കളിയാക്കുകയായിരുന്നു 'അട്ടിമറി'യിലൂടെ സി.എച്ച്.

വയ്യാണ്ടിരിക്കുമ്പോഴും ഫലിതത്തിന്റെ കാര്യത്തില്‍ ആരോഗ്യവാനായിരുന്നു സി.എച്ച്. ഒരിക്കല്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞ് പാന്റ്‌സും സ്യൂട്ടും അഴിച്ചു വെക്കാതെ നേരിട്ട് നിയമസഭയിലേക്ക് വന്ന സീതിഹാജിയെ കളിയാക്കാന്‍ സി.എച്ച് ഒരു പോയന്റ് ഓഫ് ഓര്‍ഡര്‍തന്നെ ഉന്നയിച്ചു. സ്പീക്കറടക്കം അംഗങ്ങളൊക്കെയും കൗതുകത്തോടെ സി.എച്ചിലേക്ക് ശ്രദ്ധ തിരിക്കവെ അദ്ദേഹം ചോദിച്ചു: സര്‍, ബഹുമാനപ്പെട്ട ഒരംഗം മുണ്ടുടുക്കാതെ സഭയില്‍ പ്രവേശിച്ചിരിക്കുന്നു. ഇത് ഓര്‍ഡറിലാണോ?''


രാഷ്ട്രീയ വൈരുധ്യത്തിന്റെ രണ്ടറ്റങ്ങളില്‍, മുറിച്ച് മാറ്റപ്പെട്ടതുപോലെ കഴിഞ്ഞുകൂടേണ്ടിവന്ന ദൗര്‍ഭാഗ്യങ്ങളുടെ കാലഘട്ടത്തിലും സി.എച്ച് എന്ന വികാരം ഹൃദയത്തിന്റെ നെരിപ്പോടില്‍ ഉമിത്തീ പോലെ നീറിപ്പിടിച്ചു കിടന്നിരുന്നു. അനുരാഗത്തോളം അതിക്രമിച്ചു കഴിഞ്ഞിരുന്ന സ്‌നേഹത്തിന്റെ തൂവലുകള്‍ അദ്ദേഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വിതറിയിട്ടു കഴിഞ്ഞിരുന്നു. പക്ഷേ, രണ്ട് മുസ്‌ലിംലീഗുകാര്‍ക്കിടയില്‍ ഒരു സേതുബന്ധനം സാധ്യമാകാത്ത അഭിശപ്ത കാലമായിരുന്നു അത്.

ആ കാലത്തും തിരുവനന്തപുരത്തെ ഒഴിവു വേളകളില്‍ ഞാന്‍ സ്റ്റാച്യുവിലെ ചന്ദ്രിക ആപ്പീസിലെത്തുമായിരുന്നു. ചന്ദ്രികയുടെ ചീഫ് റിപ്പോര്‍ട്ടര്‍ കുഞ്ഞമ്മദ് വാണിമേലിന് അഭിമുഖമായി ഇട്ട ഒരു കസേരയില്‍.

പത്രങ്ങളില്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ വേണ്ടത്ര വികാസം കൊണ്ടിട്ടില്ലായിരുന്നു അന്ന്. ഒരു ടെലിപ്രിന്റര്‍ വെക്കുകപോലും വലിയ വികസനമായി കണ്ടകാലം. ചന്ദ്രികയുടെ തലസ്ഥാന ഓഫീസില്‍ ഒരു ടെലിപ്രിന്റര്‍ സ്ഥാപിക്കാന്‍ മന്ത്രിമാരായ അഹമദ് സാഹിബിന്റെയും ബീരാന്‍ സാഹിബിന്റെയും സി.എച്ചിന്റെയും മുമ്പില്‍ കുഞ്ഞമ്മദ് സാഷ്ടാംഗം കൊള്ളുകയാണ്. കുഞ്ഞമ്മദിനെ കാണുമ്പോള്‍, ടെലിപ്രിന്റര്‍ ചോദിച്ചേക്കുമോ എന്ന് ലീഗ് മന്ത്രിമാരും പേടിക്കുകയാണ്. ഒരിക്കല്‍ കുഞ്ഞമ്മദ് പറഞ്ഞു: ഇന്നൊരു തമാശയുണ്ടായി. ഞാന്‍ സി.എച്ചിനെ കണ്ടപ്പോള്‍ എന്റെ ടി.പി (ടെലിപ്രിന്റര്‍) യുടെ കാര്യം ഓര്‍മിപ്പിച്ചു. എടുത്തപടി സി.എച്ചിന്റെ മറുപടി: ടി.പി ചെറൂപ്പയെയോ? അയാളെ നമുക്ക് വാങ്ങാം.''

മാസങ്ങള്‍ കഴിഞ്ഞ് മുസ്‌ലിംലീഗിലെ പുനഃസമാഗമത്തിനുശേഷം 1984ലെ ഒരിടവേളക്ക് ഞാന്‍ ചന്ദ്രികയില്‍ ചേര്‍ന്നപ്പോള്‍ പക്ഷേ, സി.എച്ച് ഇല്ലായിരുന്നു. 'ബലാല്‍സംഘം' എന്ന് തെറ്റായി എഴുതിയ സബ് എഡിറ്ററെപ്പറ്റി ചിന്തിച്ച് എന്റെ കുട്ടികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍പോലും അറിയുകയില്ലല്ലൊ എന്ന് പരിതപിച്ച ആ പത്രാധിപര്‍ക്ക് ഒരു ദിവസമെങ്കിലും ശിഷ്യപ്പെടാന്‍ കഴിയാത്തതിന്റെ ദണ്ണം പലപ്പോഴും പത്ര പ്രവര്‍ത്തന ജീവിതത്തിലെ ഒരക്ഷരത്തെറ്റുപോലെ നെഞ്ചില്‍ പുകയാറുണ്ട്.

1983 സപ്തംബര്‍ 28ന് പുലര്‍ച്ചയോട് അടുത്ത സമയം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഞങ്ങള്‍ കുറേ പത്രലേഖകര്‍ ഉറക്കൊഴിച്ച് കാത്തിരിക്കുകയാണ്. ഹൈദരാബാദില്‍നിന്ന് സി.എച്ചിന്റെ മൃതദേഹം ആകാശത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

അകലെ ചക്രവാളത്തിന്റെ ഉത്തരീയത്തിനുമപ്പുറത്ത് ചുകന്ന വെളിച്ചത്തിന്റെ ഒരു പൊട്ട് വിടര്‍ന്ന് വിടര്‍ന്ന് വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും വല്ലാത്തൊരു പ്രളയമായി തീര്‍ന്നു. സമുദായത്തിന്റെ 'മാണിക്യക്കല്ലു'മായി ഹൈദരാബാദില്‍നിന്ന് വിമാനം വരികയായിരുന്നു. അത് റണ്‍വെയില്‍ ഉരുണ്ട് പ്രിയപ്പെട്ട കേരളത്തിന്റെ നെഞ്ചില്‍ നിശ്ചലമായി, പിന്നീട് അവിടം ഒരു കണ്ണീര്‍ കയമായി മാറുകയായിരുന്നു.



ജീവിതം എഴുതുക എന്നത് തീര്‍ത്തും സാഹസികമായ ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ഭാഷക്കും ഭാവനക്കും വലിയ ഇടം കിട്ടാത്ത ഒരു മേഖല എന്ന നിലക്ക് ജീവിതം പറയുമ്പോള്‍ രുചിനിഷ്യന്ദങ്ങള്‍ രസിപ്പിക്കാന്‍ എത്തിയെന്ന് വരില്ല. അപ്പോള്‍ ഡ്രൈനസ് വരും - വരള്‍ച്ച. ഈ വരള്‍ച്ച ഒഴിവാക്കാന്‍ കഴിയുക എന്നതാണ് ജീവിതമെഴുത്തുകാരന്റെ ക്രാഫ്റ്റ്.

ഈ സിദ്ധി വേണ്ടതിലധികമുണ്ടായിരുന്നിട്ടും സ്വന്തം ജീവിതമെഴുതാന്‍ സി.എച്ചിനെ നമ്മള്‍ അനുവദിച്ചില്ല. സി.എച്ചിന്റെ സമയം വൃഥാവിലാക്കുന്നതില്‍ മുസ്‌ലിം സമുദായം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പല നേതാക്കളുടെയും കാര്യത്തില്‍ സമുദായം ഇപ്പോഴും അതാവര്‍ത്തിക്കുന്നുമുണ്ട്. മുസ്‌ലിംലീഗില്‍ നില്‍ക്കാന്‍ സഹനശക്തി മാത്രമല്ല, ദഹനശക്തിയും വേണമെന്ന സി.എച്ചിന്റെതന്നെ പരാമര്‍ശം ഇത്തരം സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. നൂറ് തറക്കല്ലിടലുകള്‍ ഒഴിവാക്കിക്കൊടുത്തിരുന്നുവെങ്കില്‍ ആ സമയം കൊണ്ട് സി.എച്ച് സ്വന്തം ജീവിതത്തിന്റെ നൂറ് അധ്യായങ്ങള്‍ എഴുതുമായിരുന്നു. പക്ഷെ, നമ്മള്‍ ആ മഹാ മനുഷ്യനെ കൂടെത്തന്നെ കൊണ്ടുനടന്നു; സര്‍ഗാത്മകമായ ഒന്നിനും അനുവദിക്കാതെ.


ഗ്രാമ്യ നിഷ്‌കളങ്കതയും രാജ ധൈഷണികതയും നിസര്‍ഗ സിദ്ധിയും കൊണ്ട് അനുഗൃഹീതനായ, ഒരു കാലഘട്ടത്തിന്റെതന്നെ ഇതിഹാസമായിരുന്നു സി.എച്ച്. വാചാ വിലാസത്തിന്റെ അഴകാര്‍ന്ന വിവരണങ്ങളാല്‍ ബഹുസ്വര സമൂഹത്തിന്റെ, വിശേഷിച്ച് മുസ്‌ലിം സമുദായത്തിന്റെ ധമനികളില്‍ രക്തചംക്രമണ ധാര പ്രവൃദ്ധമാക്കി നിര്‍ത്തിയ സമുദ്ധാരകന്‍. എന്നാല്‍ ഇത്തരമൊരു വ്യക്തിത്വത്തെ ആഴത്തില്‍ അളന്നറിയാന്‍ അദ്ദേഹത്തിന്റെ നവോത്ഥാന കാലഘട്ടത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത.

സ്വന്തം കാലത്തെ എഴുത്തുകാരെയും സര്‍ഗ്ഗധനരെയും പ്രതിഭകളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ലുബ്ധലേശമെന്യെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു സി.എച്ച്. പക്ഷെ, സി.എച്ചിന് ആരില്‍നിന്നും അനശ്വരമെന്ന് കരുതാവുന്ന കാര്യമായ ഒന്നും തിരിച്ചുകിട്ടിയില്ല; സ്‌നേഹപ്പെരുമഴയില്‍ പൊടിയുന്ന കുമിള്‍ അല്ലാതെ. തിരുവനന്തപുരത്തും കോഴിക്കോട്ടും മുസ്‌ലിംലീഗ് മുന്‍കൈയെടുത്ത് നടത്തുന്ന സി.എച്ച് സെന്ററുകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പക്ഷെ ഒളിച്ചുവെക്കാനാവുകയില്ല. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ പി.എ റഷീദിന്റെ മേല്‍കൈയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കിയ സി.എച്ച് ചെയര്‍, രചനാത്മകമായ ചില സംഗതികള്‍ നിര്‍വഹിച്ചുവരുന്നുണ്ട്. പരലോകത്ത് സല്‍ക്കര്‍മ്മങ്ങള്‍ എന്നപോലെ, ഇഹലോകത്ത് ബാക്കി നില്‍ക്കുന്ന മനുഷ്യ സ്മാരകം അവര്‍ക്കായി/അവരാലായി വിരചിതമായ പുസ്തകങ്ങളാണെന്ന് വിചാരിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും തലമുറകള്‍ അത് വായിച്ചുകൊണ്ടിരിക്കും.

സി.എച്ചിന്റെ ജീവിതം പുരസ്‌കരിച്ച് അദ്ദേഹത്തിന്റെ തന്നെ കുറച്ച് കൃതികളും, എം.സി വടകര, ടി.സി മുഹമ്മദ്, നവാസ് പൂനൂര്, പി.എ മഹ്ബൂബ് തുടങ്ങിയവരുടേതായി ചില രചനകളും പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും സമഗ്രം എന്ന് പറയാവുന്ന ഒന്ന് ഉണ്ടായിത്തീര്‍ന്നിട്ടില്ല. ഇനി അങ്ങനെ ഒന്നുണ്ടാവുമൊ എന്ന് നിശ്ചയവുമില്ല. ഭാഷക്കും ചരിത്രത്തിനും രാജ്യത്തിനും സമൂഹത്തിനും വമ്പിച്ച നഷ്ടംതന്നെയാണത്. ഇത്തരമൊരു സാഹചര്യത്തിലാണ് സി.എച്ചിന്റെ കരള്‍തുണ്ടായ ചന്ദ്രിക, മരണാനന്തരം മുപ്പതാണ്ട് കഴിഞ്ഞ് ആ ഓര്‍മശേഷിപ്പുകള്‍ അന്വേഷിച്ചിറങ്ങിയത്. കര്‍മ നിരതവും കളങ്കരഹിതവുമായ സി.എച്ചിന്റെ ജീവിതത്തിലേക്ക് പുതിയ തലമുറയെ ഒരുമുഴം അടുപ്പിക്കാനായാല്‍ അത്രയെങ്കിലും ആയല്ലോ എന്ന ആശയോടെ.

ഉപജീവനം അന്വേഷിച്ച് വീടുവിട്ടിറങ്ങി, കിട്ടുന്ന അന്നപ്പൊതിയുമായി തിരിച്ചെത്തി, കുട്ടികളെ കുളിപ്പിച്ച് ഉടുപ്പുമാറ്റി, വിളക്കത്തിരുത്തി ഗൃഹപാഠം നല്‍കി, ഊട്ടി ഉറക്കുകയും ഉറക്കില്‍ അവര്‍ക്ക് കാവലിരിക്കുകയും ചെയ്യുന്ന ഒരു അച്ഛനെ/അമ്മയെ സങ്കല്‍പിക്കാനാവുമൊ. എങ്കില്‍ അതായിരുന്നു മുസ്‌ലിം സമുദായത്തില്‍ സി.എച്ച് നിര്‍വഹിച്ച ദൗത്യം. അദ്ദേഹം ചിന്തിച്ചു, അതെഴുതി, പ്രസംഗിച്ചു, അത് വാര്‍ത്തയാക്കി..... പ്രതിഭയുടെ അന്നം വിളമ്പി. അടിസ്ഥാന സൗകര്യ വികസനവും ആത്മീയ വിദ്യാഭ്യാസവും ഒരേ സമയം സി.എച്ച് നല്‍കി. ഭരണ നിര്‍വഹണത്തിലൂടെ സമുദായത്തിന് കൂട്ടിരിക്കുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളുടെ ഒരു ക്രോസ് സെക്ഷനാണ് ഈ ഉപഹാരമെന്ന് വിനയപൂര്‍വം അറിയിക്കട്ടെ. മഹാനായ ആ മനുഷ്യന്റെ പേരില്‍ ചന്ദ്രിക തയാറാക്കിയ ഈ കൃതി സാദരം സ്വീകരിച്ചാലും.

ടി.പി ചെറൂപ്പ (ചീഫ് എഡിറ്റര്‍)
Posted On: 4/1/2014 12:37:50 PM   

സി.എച്ച് ഉപഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: കേരളീയ സാമൂഹിക ജീവിതത്തിന് ഊര്‍ജം പകരുകയും മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും ചെയ്ത സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതവും കര്‍മ മണ്ഡലങ്ങളും ആസ്പദമാക്കി ചന്ദ്രിക പ്രസിദ്ധീകരിച്ച സി.എച്ച് ഉപഹാരം സി.എച്ച് ഓഡിറ്റോറിയത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഫിയാഫ് വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരന്‍ ഏറ്റുവാങ്ങി. സി.എച്ചിനെ സംബന്ധിച്ചിടത്തോളം ചന്ദ്രിക അദ്ദേഹത്തിന്റെ വീടായിരുന്നുവെന്ന് ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു.

ചന്ദ്രികയിലിരുന്ന് സി.എച്ച് നടത്തിയ പ്രവര്‍ത്തനം സമുദായ പരിഷ്‌കരണം തന്നെയായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം എപ്രകാരമായിരിക്കണം പുരോഗതി പ്രാപിപ്പിക്കേണ്ടത് എന്നാണ് സി.എച്ച് നിരന്തരം ആലോചിച്ചത്. അതിനായി അദ്ദേഹം കലവറ കൂടാതെ പ്രവര്‍ത്തിക്കുകയും ചെയ്തു. കേവലം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. സാഹിത്യവും പത്രപ്രവര്‍ത്തനവും നന്നായി വഴങ്ങിയിരുന്നു. അതിന് എത്രയോ ഉദാഹരണങ്ങള്‍ ചന്ദ്രികയില്‍ നിന്ന് തന്നെ കണ്ടെടുക്കാന്‍ സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

വര്‍ഗീയരഹിതവും മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതുമായ സാമൂഹിക ജീവിതത്തിന് അടിത്തറയിട്ട നേതാവായിരുന്നു സി.എച്ച് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.

സി.എച്ച് കടന്നുപോയിട്ട് 30 വര്‍ഷമായി. എന്നിട്ടും അദ്ദേഹത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഉപഹാരം ഒരുക്കാന്‍ തോന്നുന്നു എന്നത് വലിയ കാര്യമാണ്. ഭാവിതലമുറ ഇതൊരു മാതൃകയായി എടുക്കണം. പഴയ കാലത്തേക്ക് മാത്രമല്ല, പുതിയ കാലത്തും റഫര്‍ ചെയ്യാവുന്ന രാഷ്ട്രീയ പാഠപുസ്തകമാണ് സി.എച്ച് ഉപഹാരം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.എച്ചിന്റെ ഓര്‍മപുസ്തകം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിന്റെ ധന്യതയാണെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ ഫിയാഫ് വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരന്‍ പറഞ്ഞു. മലബാറിന്റെ വികസനത്തിനുവേണ്ടി സി.എച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പി.വി.ജി. അനുസ്മരിച്ചു. കോഴിക്കോട് വിമാനത്താവളവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമൊക്കെ അദ്ദേഹത്തിന്റെ സംഭാവനയാണ്. ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ ഗ്രന്ഥം പരിചയപ്പെടുത്തി.

സി.എച്ച് സ്‌കെച്ചുകളുടെ ആല്‍ബത്തിന്റെ പ്രകാശനം സി.എച്ചിന്റെ മകനും പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. കഥാകൃത്ത് യു.കെ കുമാരന്‍ ഏറ്റുവാങ്ങി. സി.എച്ച് കണ്ണും കരളുമായി കരുതിയിരുന്ന ചന്ദ്രിക അദ്ദേഹത്തിന്റെ സ്മരണിക പുറത്തിറക്കിയത് ചാരിതാര്‍ഥ്യജനകമാണെന്ന് മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്ക് പൊതുവെ അന്യമായ നര്‍മം ജീവിതത്തിലുടനീളം കൊണ്ടുനടന്ന ആളായിരുന്നു സി.എച്ച് എന്ന് പുസ്തകം ഏറ്റുവാങ്ങി യു.കെ കുമാരന്‍ അനുസ്മരിച്ചു.

മികച്ച പേജ് ലേ ഔട്ടിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് നേടിയ സബ് എഡിറ്റര്‍ എ.പി ഇസ്മായിലിന് ചന്ദ്രിക എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.വി അബ്ദുല്‍വഹാബ് ഉപഹാരം നല്‍കി.

ഒ. ഉസ്മാനുള്ള പുരസ്‌കാരം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അനസ് ചങ്ങമ്പള്ളി ഏറ്റുവാങ്ങി. റിപ്പോര്‍ട്ടര്‍ വാസുദേവന്‍ കുപ്പാട്ടിന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍ ഉപഹാരം സമ്മാനിച്ചു.

സി.എച്ച് ഉപഹാരം രൂപകല്‍പന ചെയ്ത നസീര്‍ പാണക്കാടിന് മന്ത്രി ഡോ. എം.കെ മുനീര്‍ ഉഹപാരം നല്‍കി. കൂടുതല്‍ മുന്‍കൂര്‍ വരിക്കാരെ ചേര്‍ത്ത ഏജന്റിനുള്ള പുരസ്‌കാരം മുഹമ്മദ് ഉബൈദ് ചെക്കോട്ടിക്ക് മുന്‍ എഡിറ്റര്‍ എം.ഐ തങ്ങള്‍ സമ്മാനിച്ചു.

പി. അബ്ദുല്‍ അസീസിന് മുന്‍ എഡിറ്റര്‍ സി.കെ താനൂരും കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ക്ക് മുന്‍ എഡിറ്റര്‍ മുഹമ്മദ്‌കോയ നടക്കാവും ഡി.ടി.പിയിലെ സി. വിജയന് മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവയും കെ.വികാസിന് ചന്ദ്രിക മുന്‍ പത്രാധിപര്‍ നവാസ് പൂനൂരും ഉപഹാരം നല്‍കി.

ചന്ദ്രിക ഡയറക്ടര്‍ പി.കെ.കെ ബാവ സ്വാഗതവും എഡിറ്റര്‍ സി.പി സൈതലവി നന്ദിയും പറഞ്ഞു. ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ചന്ദ്രിക മുന്‍ എഡിറ്റര്‍ അഹമ്മദ്കുട്ടി ഉണ്ണികുളം, കെ.കെ മുഹമ്മദ്, പി.കെ മുഹമ്മദ്, മിഡിലീസ്റ്റ് ഖത്തര്‍ ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ഡി.സി.സി പ്രസിഡണ്ട് കെ.സി അബു, സി.വി.എം വാണിമേല്‍, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍, ദുബൈ കെ.എം.സി.സി. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പി.എ ഹംസ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് നജീബ് കാന്തപുരം, ആഷിഖ് ചെലവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Chandrika Daily
Posted On: 3/28/2014 12:28:05 AM

Monday, November 25, 2013

വൈജ്ഞാനിക വിപ്ലവത്തിന് അടിക്കല്ല് പാകിയത് സി.എച്ച് എന്ന പ്രസ്ഥാനം: ഇ.ടി




ദോഹ: ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗത്തിന് കൈവന്ന വൈജ്ഞാനിക മുന്നേറ്റത്തിന്റെ കുതിപ്പിന് നാന്ദികുറിച്ചത് സി.എച്ച് മുഹമ്മദ് കോയയെന്ന ഭരണകര്‍ത്താവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സി.എച്ച് ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ വിദ്യാഭ്യാസ മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് പിന്നീട് വന്ന ഭരണാധികാരികള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഇന്നത്തെ നിലയില്‍ പ്രശോഭിതമാക്കാന്‍ സഹായകരമാക്കിയതെന്നും അദ്ദേഹം തുടര്‍ന്നു.

ഇന്ന് നാട്ടില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.എച്ച് തുടക്കംകുറിച്ചുപോയ വൈജ്ഞാനിക വിപ്ലവത്തിന്റെ ഉത്പന്നങ്ങളാണ്. തന്റെ സമുദായത്തിന് അര്‍ഹമായത് പിടിച്ചുപറ്റുമ്പോഴും സഹോദര സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനും സി.എച്ച് ഏറെ ശ്രദ്ധിച്ചു. അതിന്റെ പരിണിതഫലമാണ് കേരളത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷമെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ചിനുശേഷം വന്ന ഭരണാധികാരികള്‍ക്ക് സംസ്‌കൃത സര്‍വകലാശാലയും മലയാളം സര്‍വകലാശാലയും സ്ഥാപിക്കാന്‍ പ്രചോദനമായതും സി.എച്ച് ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളില്‍നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടുകൊണ്ടാണെന്നും ഇ.ടി പറഞ്ഞു.

ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം 'സ്മൃതി പഥങ്ങളില്‍ സി.എച്ച്' അനുസ്മരണവും പൊതു സമ്മേളനവും കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ടി.

സി മോയിന്‍ കുട്ടി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, കെ എം സി സി സംസ്ഥാന ഉപദേശകസമിതിയംഗം എസ്.എ.എം ബഷീര്‍, പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.വി അബ്ദുല്ല, താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.എസ് മുഹമ്മദലി പ്രസംഗിച്ചു.

സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ തായമ്പത്ത് കുഞ്ഞാലി, എ.പി അബ്ദുര്‍റഹ്മാന്‍, നിഅ്മതുള്ള കോട്ടക്കല്‍, എം.പി ഷാഫി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ഹറമൈന്‍ സംബന്ധിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി സീറോ ബാലന്‍സ് നേട്ടം കൈവരിച്ചു കുടിശ്ശിക രഹിത മണ്ഡലമായി പ്രഖ്യാപിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പറക്കല്‍ അബ്ദുല്ലയില്‍ നിന്നും ഉമ്മര്‍ പൂനൂര്‍, പി.സി മജീദ് എന്നിവര്‍ ഏറ്റുവാങ്ങി.

ജില്ലാ കെ.എം.സി.സി മലബാര്‍ മഹോത്സവം 2014 ബ്രോഷര്‍ പ്രകാശനം കലോത്സവം ചെയര്‍മാന്‍ അന്‍വര്‍ ബാബു വടകര, കായികോത്സവം ചെയര്‍മാന്‍ അസീസ് നരിക്കുനി, മിജിയാസ് മുക്കം മുജീബ് ദേവര്‍കൊവില്‍ എന്നിവര്‍ പ്രകാശനം ചെയ്തു. ബഷീര്‍ ഖാന്‍ കെ.പി, മുഹമ്മദ് അലി കെ.കെ.വി, ഫൈസല്‍ അരോമ എന്നിവര്‍ അതിഥി കള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ നല്‍കി കെ.കെ മൊയ്തു മൗലവി പ്രാര്‍ത്ഥന നടത്തി. ആക്ടിംഗ് പ്രസിഡന്റ് പുതുക്കുടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ തയ്യില്‍ സ്വാഗതവും സെക്രട്ടറി സി.പി സദഖത്തുല്ല നന്ദിയും പറഞ്ഞു. ഇസ്മാഈല്‍ കണ്ണൂക്കര, നവാസ് കോട്ടക്കല്‍, അജ്മല്‍ നബീല്‍, കെ.പി സലാം, മുജീബ് കൊയിശ്ശേരി, റിയാസ് ബാബു, അജ്മല്‍ ടി.കെ, മുനീര്‍ പയന്തോങ്ങ്, സാബിത്ത് തലായി, ഷാനവാസ് സി.പി, സഹദ് കാര്‍ത്തികപ്പള്ളി, സൂപ്പി, കല്ലറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Friday, October 18, 2013

Tuesday, October 8, 2013

സി.എച്ച് സ്മരണയില്‍ : ഡി. ബാബുപോള്‍ (മുന്‍ ചീഫ് സെക്രട്ടറി)


നേരില്‍ കാണുന്നതിന് മുമ്പ് സി.എച്ച്. മുഹമ്മദ്കോയ ആയി വേഷം കെട്ടിയ കഥ ആദ്യം പറയാം. ഇടത്തോട്ടുടുത്ത മുണ്ട്, അക്കാലത്തൊക്കെ പരിഷ്കാരമായി കരുതിവന്ന ബുഷ്കോട്ട് എന്ന് സായിപ്പ് പേരിട്ട ഷര്‍ട്ട്, പോക്കറ്റില്‍ സ്വര്‍ണക്യാപ്പുള്ള ഒരു പേന, തലയില്‍ ഒരു സി.എച്ച് തൊപ്പി. കാലം 1957-58. സ്ഥലം ആലുവ യു.സി കോളജിലെ ഓഡിറ്റോറിയം. സന്ദര്‍ഭം ഒരു മോക്ക് അസംബ്ളി. ഫൈനലിയറിലെ ഏതോ ഒരു പ്രസംഗശ്രീ ആയിരുന്നു പി.ടി. ചാക്കോ, പ്രതിപക്ഷ നേതാവ്. അദ്ദേഹം അവിശ്വാസപ്രമേയം അവതരിപ്പിച്ചു. സി.എച്ച്, അതായത് ഞാന്‍, പിന്താങ്ങി. അന്ന് പ്രമേയം വോട്ടിനിടുകയായിരുന്നോ, മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് എം.എല്‍.എമാര്‍ ബഹളം വെച്ചതിനാല്‍ സഭ പിരിച്ചുവിടുകയായിരുന്നോ എന്നൊന്നും ഓര്‍മവരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ 16 വയസ്സില്‍ കിട്ടിയ അംഗീകാരമായിരുന്നു സി.എച്ചായി പ്രസംഗിക്കാനുള്ള നിയോഗം എന്ന് ഗ്രഹിക്കാനാവുന്നുണ്ട്. കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ വാഗ്മികളുടെ നിരയിലാണല്ളോ സി.എച്ചിന്‍െറ സ്ഥാനം. മനോഹരമായ മലയാളം, വരമൊഴിയിലെ ശയ്യാസുഖ വാമൊഴിഭാവം കൈക്കൊള്ളുമ്പോള്‍ ശ്രോതാവിന് ലഭിക്കുന്ന ശ്രവണസുഖം, കടലിലെ അലകളെപ്പോലെ ഇടക്കിടെ ഉയര്‍ന്നും പിന്നെ താഴ്ന്നും പിന്നെപ്പിന്നെ പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ശാന്തമായും വീണ്ടും തുടിച്ചും. എന്തൊരു ചേലായിരുന്നു സി.എച്ചിന്‍െറ വാഗ്മിതയില്‍ അഭിരമിച്ചങ്ങനെ ഇരിക്കാന്‍!
1979. സി.എച്ച് മുഖ്യമന്ത്രിയാണ്. പെരുമ്പാവൂരിലെ ഞങ്ങളുടെ പള്ളിമുറ്റത്ത് ഒരു മഹാസമ്മേളനം. എന്‍െറ അച്ഛന്‍ വൈദികനായിട്ട് അരനൂറ്റാണ്ട് തികയുന്ന നാള്‍. ഏതാണ്ട് മൂന്ന് വ്യാഴവട്ടക്കാലം ഹെഡ്മാസ്റ്റര്‍ ആയിരുന്ന അച്ഛന്‍െറ വിപുലമായ ശിഷ്യസമൂഹം ജാതിമതഭേദമില്ലാതെ നടത്തിയ ആഘോഷം. ഗവര്‍ണര്‍ ജ്യോതി വെങ്കടചെല്ലവും മുഖ്യമന്ത്രിയും ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും എല്ലാം ഉള്ള വേദി. സി.എച്ച് 20 മിനിറ്റ് പ്രസംഗിച്ചു. അതിനിടെ ആ സദസ്സ് രണ്ട് പ്രാവശ്യം കൈയടിച്ചു. സദസ്സിനെ ഒപ്പംകൂട്ടി ഒരു യാത്ര. ഒരു ഗിരിശൃംഗത്തില്‍ എത്തുമ്പോള്‍ കരഘോഷം. പിന്നെ താഴ്വരയിലൂടെ ജനത്തെ നയിച്ച് അടുത്ത ഗിരിശൃംഗത്തിലേക്ക്. ഇടക്ക് യാത്രാക്ഷീണം അകറ്റാന്‍ ഒന്നുരണ്ട് നര്‍മോക്തികള്‍.
അതേ, സി.എച്ചിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന സിദ്ധി ആ വാഗ്വൈഭവംതന്നെയാണ്.
1960 കാലത്താണ് സി.എച്ചിനെ ആദ്യം നേരില്‍ കണ്ടത്. കോഴിക്കോടന്‍ സുഹൃത്തുക്കളായിരുന്ന പി.എം. മുഹമ്മദ്കോയ (പിന്നീട് ചീഫ് എന്‍ജിനീയര്‍), ബിച്ച എന്ന ടി.പി. ഇമ്പിച്ചമ്മദ് (എം.ഇ.എസ് നേതാവ്, വ്യവസായി), എന്‍ജിനീയറിങ് കോളജിന് തൊട്ടടുത്ത ലോ കോളജിലെ ഇ.അഹമ്മദ് (ലീഗ് നേതാവ്) തുടങ്ങിയവര്‍ക്കൊപ്പമാണ് സായാഹ്നസവാരിയെങ്കില്‍ പാളയത്തെ ക്രിസ്ത്യന്‍പള്ളിക്കും മുസ്ലിം പള്ളിക്കും ഒത്തനടുവില്‍, ക്ഷേത്രത്തിനും രക്തസാക്ഷിമണ്ഡപത്തിനും അടുത്ത്, നില്‍ക്കുന്ന സ്ഥാനംകൊണ്ട് നിലപാടും വീക്ഷണവും പ്രഖ്യാപിക്കുന്നു എന്ന മാതിരി നില്‍ക്കുന്ന യുവസുമുഖനായ നിയമസഭാ സ്പീക്കറെ കാണുകയും കോഴിക്കോട്ടുകാര്‍ കുശലംപറയുന്നതിന് സാക്ഷിയാവുകയും ചെയ്യുമായിരുന്നു. അവര്‍ക്കൊപ്പമല്ളെങ്കില്‍ ഞങ്ങള്‍ ശേഷം പേര്‍ ഒരിക്കലും അടുത്തുപോയില്ല. അദ്ദേഹം സ്പീക്കറാണല്ളോ.
അതിലും ഉണ്ടായിരുന്നു പ്രത്യേകത. സി.എച്ച് ഇന്ത്യയിലത്തെന്നെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കര്‍ ആയിരുന്നു. 30ഓ മറ്റോ ആയിരുന്നിരിക്കണം പ്രായം. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സി.എച്ച് ശ്രദ്ധേയനാവുന്നത് രണ്ട് സംഗതികള്‍ മൂലമാണ്. ഒന്ന്, വിദ്യാഭ്യാസത്തിന്‍െറ, പ്രത്യേകിച്ചും സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ, ഉള്ളടക്കത്തില്‍ സി.എച്ച് ശ്രദ്ധിച്ചു. ഒരു മന്ത്രിക്ക് ഉറങ്ങിയുണരുന്ന വേഗത്തില്‍ നടത്തിയെടുക്കാവുന്നതല്ല വിദ്യാഭ്യാസ പരിഷ്കരണം. സ്വാഭാവികമായും ഈ രംഗത്തെ സംഭാവനകള്‍ ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ട് പ്രസിദ്ധമാവുന്നതുവരെ സാമാന്യജനങ്ങള്‍ക്ക് തിരിച്ചറിയാനാവുകയില്ല. എങ്കിലും കൊച്ചി സര്‍വകലാശാല ഒരു തെളിവാണ്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കാനുള്ള ബില്‍ നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ മുണ്ടശ്ശേരി ഒരു പ്രഭാഷണം നടത്തി. ആ ദര്‍ശനം സി.എച്ചിനെ ആകര്‍ഷിച്ചു. മുണ്ടശ്ശേരിയെക്കൊണ്ട് രാജിവെപ്പിച്ച് അദ്ദേഹത്തെ വൈസ് ചാന്‍സലറാക്കി സി.എച്ച്. കക്ഷിരാഷ്ട്രീയത്തിനതീതമായ ദീര്‍ഘവീക്ഷണം. രണ്ടാമത്തെ സംഗതി, വിദ്യാഭ്യാസത്തെ സി.എച്ച് സാമൂഹികവിപ്ളവത്തിന്‍െറയും പ്രാദേശിക വികസനത്തിന്‍െറയും ആയുധമാക്കി എന്നതാണ്. കോഴിക്കോട് സര്‍വകലാശാലയും മലബാര്‍ പ്രദേശത്ത് ആരംഭിച്ച പള്ളിക്കൂടങ്ങളും കലാശാലകളും എല്ലാം അതിന് ദൃശ്യമായ തെളിവുകളാണല്ളോ. കുട നന്നാക്കുന്ന കാക്കാമാരെ അറബിമുന്‍ഷി എന്ന് പേരിട്ട് സര്‍ക്കാര്‍ ശമ്പളക്കാരാക്കി എന്ന ക്രൂരമായ ആരോപണം ഒക്കെ ഉണ്ടായി എന്നത് മറക്കുന്നില്ല. എന്നാല്‍, ആരോപണം ഉന്നയിച്ചവര്‍ക്കാണ് തെറ്റിയത് എന്നതിന് കാലമാണ് സാക്ഷി.
കെ.ടി. ജലീല്‍ ഇന്ന് ലീഗില്‍ അല്ളെങ്കിലും ജലീലുമാരുടെ തലമുറ സി.എച്ചിന്‍െറ സൃഷ്ടിയാണ് എന്ന് ‘മധ്യരേഖ’ നേരത്തേ നിരീക്ഷിച്ചിട്ടുള്ളതാണ്. ചേര്‍ത്തുപറയേണ്ടതാണ് മുസ്ലിംസ്ത്രീകളുടെ വിദ്യാഭ്യാസം പുരോഗതി പ്രാപിച്ചതും. ഏത് സമൂഹത്തിന്‍െറയും പുരോഗതി ആ സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരത്തോട് ബന്ധപ്പെട്ടിരിക്കുന്നു. 1968-71 കാലത്ത് മലബാറില്‍ വടക്ക് കണ്ണൂരും തെക്ക് പാലക്കാട്ടും ജോലി ചെയ്തിട്ടുണ്ട് ഞാന്‍. അന്നത്തെ അവസ്ഥയല്ല ഇന്ന് മുസ്ലിം സമുദായത്തിന്‍േറത്. കുറെപ്പേര്‍ പണക്കാരായി എന്നതല്ല സൂചിതം. വമ്പിച്ച തുക ചെലവാക്കി വലിയ പള്ളികള്‍ പണിതു എന്നതുമല്ല. ആധുനിക വിദ്യാഭ്യാസത്തില്‍ മുസ്ലിം സമുദായം കൈവരിച്ചിട്ടുള്ള പുരോഗതിയാണ് എന്നെ ആഹ്ളാദിപ്പിക്കുന്നത്. എം.എസ്.എഫിന്‍െറ ഒരു യോഗത്തില്‍ പോയത് ഓര്‍ക്കുന്നു. പത്തുനാലായിരം പേര്‍ ഇരിക്കുന്ന പന്തലില്‍ പകുതിയിലേറെ സര്‍വകലാശാലാ വിദ്യാര്‍ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍. 1957ല്‍ ആലുവ യു.സി കോളജിലെ പ്രീ പ്രഫഷനല്‍ ക്ളാസില്‍ ആയിഷ (എന്നാണോര്‍മ) എന്നൊരു സുന്ദരി മാത്രം ആണ് പ്രീ മെഡിസിന്‍ പഠിക്കാന്‍ ഉണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടി. ആയിഷക്ക് പിന്നെ എന്തുസംഭവിച്ചു എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഒരു ‘ഗൈനക്കോളജിസ്റ്റ് (റിട്ട.) ആയിരിക്കാം. ഏതായാലും ആയിഷ ഉമ്മുമ്മയുടെ കൊച്ചുമകള്‍ എം.ബി.ബി.എസ് ക്ളാസില്‍ ഒറ്റക്കായിരിക്കില്ല എന്നതുറപ്പാണ്. അത് സംവരണംകൊണ്ട് മാത്രം ഉണ്ടാകുന്ന പ്രതിഭാസം അല്ല.
സംവരണം പ്രയോജനപ്പെടുത്താന്‍ കഴിയുമാറ് പ്രാഗല്ഭ്യം ആര്‍ജിച്ച ഒരു തലമുറ ഉള്ളതുകൊണ്ടാണ് ഈ സ്ഥിതി സംജാതമാകുന്നത്. ഒരൊറ്റയാളുടെ മാന്ത്രികദണ്ഡുകൊണ്ട് സാധിക്കുന്നതല്ല അത് എന്നത് ശരിതന്നെ. എങ്കിലും ഒരൊറ്റയാളുടെ പേര് പറയേണ്ടിവന്നാല്‍ സി.എച്ച്. മുഹമ്മദ്കോയ എന്നുതന്നെ പറയണം. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരകാലത്ത് മലബാറിന്‍െറയും വിശേഷിച്ച് മുസ്ലിം സമുദായത്തിന്‍െറയും നവോത്ഥാന നായകന്‍ എന്ന് ചരിത്രം സി.എച്ചിനെ അടയാളപ്പെടുത്തുന്നത്.
സി.എച്ച് ഉണ്ടായിരുന്നെങ്കില്‍ മുളയില്‍ നുള്ളപ്പെടുമായിരുന്ന വിവാദങ്ങള്‍ നാം ഇന്ന് കാണുന്നുണ്ട്. സി.എച്ച് ഉണ്ടായിരുന്നെങ്കില്‍ മുള പൊട്ടുകപോലും അസാധ്യമായിരുന്ന വിവാദങ്ങള്‍ നാം ശ്രദ്ധിക്കുന്നുമുണ്ട്. ഋതുമതിയായാലുടനെ കെട്ടിച്ചുവിടണമെന്നും നാല്കെട്ടാനുള്ള അനുവാദം അങ്ങനെ ചെയ്തുകൊള്ളണമെന്നുള്ള നിയമമായി പരിഗണിച്ചുകൊള്ളണമെന്നും മറ്റും പറയുന്നവര്‍ സൂക്ഷ്മന്യൂനപക്ഷം ആണെങ്കിലും അവര്‍ അസ്മാദൃശന്മാരെ അനുസ്മരിപ്പിക്കുന്നത് ആ അതികായന്‍െറ അസാന്നിധ്യത്തെക്കുറിച്ചാണ്.

Saturday, October 5, 2013

ഓര്‍മകള്‍ തോരാതെ- എം.കെ മുനീര്‍

എന്നെ ഒരു ഡോക്ടറാക്കുക എന്നതായിരുന്നു ബാപ്പയുടെ എക്കാലത്തെയും മോഹം. എത്രയോ കാലം ബാപ്പ മനസ്സില്‍ കൊണ്ടുനടന്ന മോഹമാണതെന്ന് മുതിരുംതോറും എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്റെ ചെറുപ്പത്തില്‍ തന്നെ ഉമ്മക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നു. 11 തവണ ഗര്‍ഭം ധരിച്ചെങ്കിലും മൂന്ന് കുട്ടികള്‍ മാത്രമാണുണ്ടായത്.

വൈദ്യന്മാരെയും ഡോക്ടര്‍മാരെയും നിരന്തരം സന്ദര്‍ശിക്കുക പതിവായിരുന്നു. വൈകാതെ ബാപ്പയെയും രോഗങ്ങള്‍ പിടികൂടി തുടങ്ങിയിരുന്നു. ഒരുപക്ഷെ ഇതും എന്നെ ഡോക്ടറാക്കാനുള്ള ആഗ്രഹത്തിന് പ്രേരകമായിട്ടുണ്ടാവാം. പഠിക്കുന്ന കാലത്ത് ശരാശരി നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. അന്ന് എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചിരുന്നില്ല. ഏറ്റവും കൂടിയ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് മെഡിസിനു പ്രവേശനം ലഭിച്ചിരുന്നത്.

എന്റെ ചെറുപ്പത്തില്‍ തന്നെ എനിക്ക് ബാപ്പ വാങ്ങിത്തന്ന കളിക്കോപ്പുകള്‍ അധികവും മെഡിക്കല്‍ ഉപകരണങ്ങളായിരുന്നു. ഒരിക്കല്‍ ഒരു മെഡിക്കല്‍ കിറ്റ് എനിക്ക് കൊണ്ടുവന്നു തന്നു. സ്‌തെതസ്‌കോപ്പും ഫസ്റ്റ്എയ്ഡ് ഉപകരണങ്ങളുമായിരുന്നു ആ പെട്ടിയില്‍. ഒരുപാടു കാലം ഞാന്‍ ആ സ്‌തെതസ്‌കോപ്പും തൂക്കി നടന്നിട്ടുണ്ട്. എന്റെ കൊച്ചു നാളില്‍ തന്നെ മനസ്സിലേക്ക് ഒരു ഡോക്ടറെ സന്നിവേശിപ്പിക്കുകയായിരുന്നു ബാപ്പയുടെ ലക്ഷ്യമെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

എസ്.എസ്.എല്‍.സി പാസായപ്പോള്‍ ഫസ്റ്റ് ഗ്രൂപ്പിന് ചേരാമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ബാപ്പയുടെ മോഹം വേറെയായിരുന്നു. ക്രിസ്ത്യന്‍ കോളജില്‍ എന്നെ ചേര്‍ക്കാന്‍ ബാപ്പ തന്നെ നേരിട്ടു വന്നു. അന്നു പ്രിന്‍സിപ്പല്‍ ചോദിച്ചു: എന്തിനാണ് നിങ്ങള്‍ ബുദ്ധിമുട്ടി വന്നത്. ആരെയെങ്കിലും കൂടെ അയച്ചാല്‍ മതിയായിരുന്നല്ലോ? ബാപ്പ ചിരിച്ചു. ആ ചിരിയില്‍ നിന്ന് എനിക്ക് എല്ലാം വായിക്കാമായിരുന്നു.

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വലിയ മാര്‍ക്കൊന്നുമില്ല. കേരളത്തില്‍ മെഡിസിനു ചേരാന്‍ കഴിയില്ലെന്ന് എനിക്കുറപ്പായി. അപ്പോഴും ബാപ്പ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. ബാംഗ്ലൂരില്‍ ആ വര്‍ഷം ഒരു പുതിയ മെഡിക്കല്‍ കോളജ് തുടങ്ങുന്നുണ്ടായിരുന്നു. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ഗുണ്ടുറാവുവുമായി ബാപ്പക്ക് അടുത്ത ബന്ധമാണ്. അദ്ദേഹമാണ് അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് ശരിയാക്കി തന്നത്.

മെഡിസിനു ചേര്‍ന്നതു മുതല്‍ ഞാന്‍ കോട്ട് ധരിച്ചു കാണാന്‍ ബാപ്പക്ക് വലിയ കൊതിയായിരുന്നു. പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ കോട്ടില്ലെങ്കില്‍ മുഖത്ത് പ്രസാദം നഷ്ടപ്പെടും. ബാപ്പയുടെ സന്തോഷത്തിന് ക്രസന്റ് ഹൗസില്‍ ഞാനൊരു കോട്ട് വാങ്ങിവെച്ചു. ബാപ്പ വീട്ടില്‍ വരുമ്പോഴെല്ലാം പിന്നീട് ആ കോട്ട് ധരിച്ചാണ് മുന്നില്‍ ചെല്ലാറുള്ളത്. അത് കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു.

ഞാന്‍ മെഡിസിനു ചേര്‍ന്നപ്പോഴേക്കും ബാപ്പയുടെ ആരോഗ്യം വല്ലാതെ മോശമായിരുന്നു. രോഗപീഡകള്‍ ശരീരത്തെ തളര്‍ത്തിയപ്പോഴും മനസ്സിന് ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ ഒരു കേണലിന്റെ വീടിന് മുകളില്‍ പേയിങ് ഗസ്റ്റായാണ് ഞാന്‍ താമസിച്ചിരുന്നത്. ബാപ്പ ജിന്റാലില്‍ പ്രകൃതിചികിത്സക്ക് വന്നപ്പോള്‍ എന്റെ മുറി കാണാന്‍ വന്നു. വീടിന്റെ മുകളിലേക്കുള്ള കോണി കയറാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും വളരെ കഷ്ടപ്പെട്ട് മുകളിലേക്ക് വന്നു. എന്റെ മെഡിക്കല്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആ കണ്ണിലുണ്ടായിരുന്ന തിളക്കം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.

വീട്ടില്‍ രാഷ്ട്രീയം പറയുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. മുസ്‌ലിംലീഗ് പിളര്‍പ്പിന്റെ ഏറ്റവും വാശിയേറിയ ഘട്ടത്തിലും ഞങ്ങള്‍ പലരെക്കുറിച്ചും ഓരോന്നു ചോദിക്കും. എന്നാല്‍ അതൊന്നും പറയാന്‍ ബാപ്പ കൂട്ടാക്കിയിരുന്നില്ല. സ്വതസിദ്ധമായ തമാശകളില്‍ മുഖരിതമായിരുന്നു ക്രസന്റ് ഹൗസിന്റെ അകത്തളം. പ്രസംഗിക്കാന്‍ പോകുമ്പോള്‍ പലപ്പോഴും എന്നെയും ഇത്താത്തയെയും കാറില്‍ കൂടെക്കൂട്ടും. ജനങ്ങള്‍ ബാപ്പയോട് കാണിക്കുന്ന സ്‌നേഹവും ആദരവും കാണുമ്പോള്‍ ഞങ്ങള്‍ കോരിത്തരിച്ചിട്ടുണ്ട്. ബാപ്പക്ക് എന്നും ഇഷ്ടം ആള്‍ക്കൂട്ടത്തിനകത്തു ജീവിക്കാനായിരുന്നു.

കോയമ്പത്തൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ ശേഷം രോഗം മൂര്‍ഛിച്ചു. ഒട്ടും സുഖമില്ലാതിരുന്നിട്ടും ആളുകളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കോയമ്പത്തൂരിലേക്ക് പോയത്. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ബാപ്പക്ക് അസുഖമാണെന്നും കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞ് അങ്ങോട്ടുപോയി. ബാപ്പ കണ്ണടച്ചുകിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. ഞാന്‍ കുറേനേരം ബാപ്പയെ നോക്കിനിന്നു. ഒരിക്കലും ഇങ്ങനെ കിടക്കുന്നത് കണ്ടിട്ടില്ല. ദു:ഖമടക്കാനാവാതെ ഞാന്‍ കരഞ്ഞു. പിന്നീടാണറിഞ്ഞത് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയിരിക്കുന്നു. മുഖം ഒരു വശത്തേക്ക് കോടുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ലണ്ടനില്‍ ചികിത്സക്കായി കൊണ്ടുപോകുന്നത്.

മണ്ടന്മാര്‍ ലണ്ടനില്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് ബാപ്പ ലണ്ടനില്‍ നിന്ന് തിരിച്ചുവന്നത്. സിനിമാ പോസ്റ്റര്‍ കണ്ടപ്പോള്‍ ഉമ്മയോട് പറഞ്ഞു. 'നമ്മള്‍ ലണ്ടനില്‍ പോയതും സിനിമയാക്കിക്കളഞ്ഞല്ലോ' എന്ന്. ബാപ്പയുടെ ഒരുപാട് തമാശകള്‍ ഞങ്ങള്‍ ആസ്വദിച്ച് ചിരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് ടൂര്‍ പോയി. ഉമ്മയും പെങ്ങന്മാരും ബാബുക്കയും കൂടെയുണ്ട്. ഡല്‍ഹിക്ക് പോകുമ്പോള്‍ തന്നെ ബാപ്പ ഉമ്മയോട് പറഞ്ഞു. രണ്ടു ഹിന്ദി വാക്കെങ്കിലും നീ പഠിക്കണം. 'തുമാരാ നാം ക്യാഹെ' എന്നു ചോദിച്ചാല്‍ 'മേരാ നാം ആമിന ഹെ' എന്നു പറയണം. 'ആപ്‌കോ കിത്‌നാ ബച്ചാഹെ'? എന്നു ചോദിച്ചാല്‍ 'ഹംകോ തീന്‍ ബച്ചെ ഹെ' എന്നും പറയണം. ഉമ്മ ഏതാണ്ട് ഇത് മന:പാഠമാക്കിയെങ്കിലും ഇടക്ക് ബാപ്പ ചോദിക്കുമ്പോള്‍ ഉത്തരം തലതിരിഞ്ഞായിരിക്കും പറയുക.

അങ്ങനെ ഞങ്ങളെല്ലാവരും ഒരു മൃഗശാല കാണാന്‍ പോയി. വ്യത്യസ്ത മൃഗങ്ങളുടെ മുരള്‍ച്ചയും അലറലും മൃഗശാലയെ ഭീതിദമാക്കിയിരുന്നു. അപ്പോഴാണ് ഒരു കൂട്ടമാളുകള്‍ നിലവിളിച്ച് ഓടുന്നു. കണ്ടവരെല്ലാം ഓടാന്‍ തുടങ്ങി. പലരും മരക്കൊമ്പില്‍ കയറി. ഞങ്ങളും ഓടുകയാണ്. അപ്പോള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണം സൂക്ഷിക്കുന്ന ഒരു മുറി കണ്ടു. ഞങ്ങള്‍ ആ മുറിയില്‍ കയറി കതകടച്ചു. ഞങ്ങള്‍ കരുതിയത് സിംഹമോ കടുവയോ കൂടുതുറന്നു പുറത്തെത്തിയെന്നായിരുന്നു. പിന്നീട് ഒരു ചിമ്പാന്‍സിയാണ് കൂട് തുറന്നോടിയതെന്ന് ബോധ്യമായി. രംഗം ശാന്തമായപ്പോള്‍ ബാപ്പയുടെ കമന്റ് വന്നു. ആമിനയുടെ ഹിന്ദി കേട്ടാണ് ചിമ്പാന്‍സി ഇറങ്ങി ഓടിയത്. യാത്രകളില്‍ അങ്ങനെ എത്രയോ അനുഭവങ്ങള്‍!

ബാംഗ്ലൂരില്‍ എന്റെ മുറിയില്‍ വന്നുപോയശേഷം ബാപ്പ എനിക്കൊരു കത്തയച്ചു. ആദ്യമായും അവസാനമായും ബാപ്പ എനിക്കയച്ച കത്തായിരുന്നു അത്. യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ സ്ഥിരമായി വായിക്കണമെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ നീ ബാംഗ്ലൂരില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ടെന്നും ആ കത്തിലുണ്ടായിരുന്നു. ഇന്നും ഒരു നിധിപോലെ ഞാന്‍ ആ കത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മൂത്ത പെങ്ങളെ ഇന്ദിരാഗാന്ധിയുടെ അടുത്ത് കൊണ്ടുപോയിരുന്നു. പിന്നീട് ഡോ. സക്കീര്‍ ഹുസൈനെയും ഇന്ദിരാഗാന്ധിയെയും കാണാന്‍ പോയപ്പോള്‍ എന്നെയും കൊണ്ടുപോയി. യാത്രകളിലെപ്പോഴും ഞങ്ങള്‍ ആരെങ്കിലും കൂടെയുണ്ടാവും.

ബാപ്പയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ പലപ്പോഴും രോമാഞ്ചമുണ്ടാകുമായിരുന്നു. പരിപാടി നടക്കുമ്പോള്‍ എന്നെയും സ്റ്റേജിലിരുത്തും. അക്കാലത്ത് പാടത്തും പറമ്പിലുമൊക്കെയാണ് ഏറെയും വേദികളുണ്ടാവുക. സ്റ്റേജിന്റെ മേശപ്പുറത്ത് വന്നിരിക്കുന്ന ഈച്ചയെ പിടിക്കലായിരുന്നു എന്റെ പ്രധാന ഹോബി. 80-ലെ ഭാഷാസമരത്തിനുശേഷം ബാംഗ്ലൂരില്‍ ഒരു പ്രസംഗത്തിന് പോയപ്പോള്‍ ബാപ്പ എന്നേയും കൂടെ കൊണ്ടുപോയിരുന്നു. പ്രസംഗത്തിനിടയില്‍ ആവേശഭരിതരായ ജനങ്ങള്‍ക്ക് മുമ്പില്‍ ബാപ്പ തന്റെ തൊപ്പി ഊരി കാണിച്ചു. അതില്‍ പ്രവര്‍ത്തകര്‍ നിറച്ചത് ആയിരക്കണക്കിന് രൂപയായിരുന്നു.

ജീവിതത്തിലൊരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തത് ബാപ്പയുടെ മരണമാണ്. അന്നെനിക്ക് 21 വയസ്സായിരുന്നു. വ്യവസായമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാപ്പ ഹൈദരാബാദിലായിരുന്നു. ആയിടെ ഹൈദരാബാദില്‍ ഒരു കലാപവുമുണ്ടായിരുന്നു. കലാപത്തിനിരയായവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും യാത്രയിലുണ്ടായിരുന്നു. ഞാനും ഉമ്മയും അത്തോളിയില്‍ എളാപ്പയുടെ വീട്ടിലാണുണ്ടായിരുന്നത്.

ബാപ്പക്ക് തീരെ സുഖമില്ലെന്നും അടിയന്തരമായി ഹൈദരാബാദിലേക്ക് പോവണമെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ നടക്കാവിലേക്ക് പുറപ്പെട്ടു. ക്രസന്റ് ഹൗസില്‍ അപ്പോള്‍ ബി.വി അബ്ദുല്ലക്കോയ സാഹിബും എം.കെ.സി അബുഹാജിയും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും മുഖത്ത് ദു:ഖം തളംകെട്ടിനില്‍ക്കുന്നു. നമുക്ക് വേഗം പുറപ്പെടാമെന്ന് ഇരുവരും പറഞ്ഞു. ഞങ്ങള്‍ കാറില്‍ കയറി ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് വിമാനമാര്‍ഗം ഹൈദരാബാദിലെത്താനായിരുന്നു ആലോചന. യാത്ര തുടങ്ങിയപ്പോള്‍ തുടങ്ങിയ ചാറ്റല്‍മഴ കനത്തു. വയനാട് ചുരത്തിലെത്തിയതോടെ ഓരോ തടസ്സങ്ങള്‍ ഞങ്ങളുടെ യാത്ര മുടക്കിക്കൊണ്ടിരുന്നു. രണ്ടുതവണ ടയര്‍ പഞ്ചറായി. ഓരോ വളവിലും വണ്ടി ബ്രേക്ക് ഡൗണായി. എന്റെ മനസ്സില്‍ ആധി നിറഞ്ഞിരുന്നു. നേതാക്കള്‍ ഒന്നും പറയുന്നില്ല. ഉമ്മ ആകെ തളര്‍ന്നിരിക്കുകയാണ്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. എന്തോ അപകടം സംഭവിക്കുന്നുണ്ടെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ഇഴഞ്ഞും ഞെരങ്ങിയും കാര്‍ മൈസൂരിലെത്തി. പെട്രോള്‍ അടിക്കാന്‍ ഒരു പമ്പില്‍ കയറിയപ്പോള്‍ ബി.വി പുറത്തുപോയി ഫോണ്‍ ചെയ്തു വന്നു. അതോടെ ഇരുവരുടെയും മുഖം വല്ലാതെ വിളറിയിരുന്നു. യാത്ര തുടരുമ്പോള്‍ ഞാന്‍ പിറകിലേക്ക് തിരിഞ്ഞുനോക്കി. അപ്പോള്‍ എം.കെ.സിയുടെ കണ്ണുകള്‍ നിറഞ്ഞുതൂവുകയാണ്. എന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ബി.വി എന്റെ ചെവിയില്‍ പറഞ്ഞു. 'ബാപ്പ പോയി.'

തേങ്ങല്‍ ഉള്ളില്‍ തളംകെട്ടിനില്‍ക്കുകയാണ്. ഒരു തുള്ളി കണ്ണുനീര്‍പോലും പുറത്തുവരുന്നില്ല. ഹൃദയമിടിപ്പ് കൂടിയിരിക്കുന്നു. ബാംഗ്ലൂരിലെ വോള്‍ഗ ഹോട്ടലില്‍ ഞങ്ങളെത്തുമ്പോള്‍ അവിടെ വന്‍ ജനക്കൂട്ടമാണ്. പലരും പൊട്ടിക്കരയുന്നു. എന്നെ ബാംഗ്ലൂരിലേക്ക് കൊണ്ടുവരുമ്പോള്‍ ബാപ്പ ആദ്യം വന്നത് ഈ ഹോട്ടലിലാണ്. ഓര്‍മ്മകള്‍ തിരയടിച്ചുവന്നു. ബാപ്പയില്ലാത്ത ഒരു ലോകത്തേക്കാണ് എനിക്ക് ഇനി മടങ്ങാനുള്ളത്. ആശ്വാസവാക്കുകള്‍ക്കൊന്നും എന്നെ സമാധാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ യാന്ത്രികമായി നില്‍ക്കുകയാണ്. മടക്കയാത്രയില്‍ ഉമ്മ ബോധരഹിതയായി എന്റെ മടിയിലേക്ക് വീണു.

ക്രസന്റ് ഹൗസില്‍ തിരിച്ചെത്തുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ വിങ്ങിപ്പൊട്ടിനില്‍ക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ബാപ്പയുടെ മയ്യിത്ത് തിരുവനന്തപുരത്തേക്കാണ് കൊണ്ടുവരുന്നത്. പിന്നീട് കോഴിക്കോട്ടും പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ക്രസന്റിലേക്കെത്തുക. ഞാന്‍ പ്രാര്‍ത്ഥനയോടെ യാചിച്ചു. ഇതു താങ്ങാനുള്ള കരുത്ത് നല്‍കണേ അള്ളാ...

ചേതനയറ്റ ബാപ്പയുടെ മുഖത്തേക്ക് ഒരു നോട്ടം. അതുവരെ പിടിച്ചുനിര്‍ത്തിയ എല്ലാ ദു:ഖവും അണപൊട്ടി ഒഴുകി. ഞാന്‍ അനാഥനായിരിക്കുന്നുവെന്ന വേദന. എന്നെ സ്‌നേഹംകൊണ്ടുമൂടിയ ബാപ്പ പോയിക്കഴിഞ്ഞു. അണമുറിയാതെ ഞാന്‍ കരഞ്ഞു. പുറത്ത് മഴ ആര്‍ത്തലച്ചു പെയ്യുകയാണ്. ബാപ്പയുടെ കല്യാണത്തിനു പുതിയാപ്പിള വരുമ്പോഴും തോരാത്ത മഴയാണെന്ന് ഉമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ അവസാനത്തെ യാത്രയിലും മഴ തിമര്‍ത്തുപെയ്യുന്നു.

എന്റെ മനസ്സ് ശൂന്യമായിരുന്നു. വീടിന്റെ തെക്കുഭാഗത്ത് നടക്കാവ് പള്ളിയുടെ ഓരത്ത് അവസാനത്തെ ഒരുപിടി മണ്ണും ആ ഖബറിലേക്ക് വെച്ചു തിരിച്ചുനടന്ന 21 കാരന്‍ എന്നും എന്റെ മനസ്സിലുണ്ട്. ഓരോരുത്തരായി കോലായില്‍ വന്ന് എന്റെ കൈപിടിച്ച് പടിയിറങ്ങി പോവുന്നു. ആയിരക്കണക്കിനാളുകളെ ബാപ്പ സലാം ചൊല്ലി സ്വീകരിച്ച അതേ കോലായില്‍ ഞാന്‍ ആളുകളെ യാത്രയയക്കുകയാണ്. നെഞ്ചുപിളര്‍ത്തിയ മുറിവുകളില്‍ എരിയുന്ന വേദന അടക്കിപ്പിടിച്ച് ഞാന്‍ കോലായില്‍ തന്നെ നിന്നു. ഇനിയൊരിക്കലും ഈ കോലായില്‍ ബാപ്പ ഉണ്ടാവില്ലെന്ന് വിശ്വസിക്കാനാവാതെ....

Chandrika Daily
9/28/2013 1

ഒരു പുസ്തക രചനയുടെ ഓര്‍മകള്‍ - എം.സി വടകര

േ്രശഷ്ഠഭാഷാപദവി നേടിയ മലയാളത്തിലെ പ്രായേണ ശുഷ്‌കമായ സാഹിത്യശാഖയാണ് ജീവചരിത്രം. മുപ്പത് കൊല്ലം മുമ്പാണെങ്കില്‍ ഇന്നത്തേതിനേക്കാള്‍ ശുഷ്‌കമായിരുന്നു അവസ്ഥ. ആ കാലത്താണ് സി.എച്ച് മുഹമ്മദ്‌കോയ എന്ന അതികായന്റെ ജീവചരിത്രമെഴുതാന്‍ താന്‍ നിയുക്തനാകുന്നത്. വലിയൊരു സാഹസിക കൃത്യത്തിനാണ് മുതിരുന്നതെന്ന് വൈകാതെ തന്നെ എനിക്ക് ബോധ്യപ്പെട്ടു. പുസ്തകരചനയുടെ 'രസതന്ത്രം' എനിക്ക് വശമില്ലായിരുന്നു. ആവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമല്ല. ഉള്ള പുസ്തകങ്ങളാണെങ്കില്‍ ആധികാരികങ്ങളുമായിരുന്നില്ല. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തെ കരിവാരിതേച്ചുകൊണ്ട് അവതരിപ്പിക്കുന്നവയായിരുന്നു മിക്ക രാഷ്ട്രീയ ഗ്രന്ഥങ്ങളും. ആ പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മുസ്‌ലിംലീഗ് നേതാവിന്റെ ജീവചരിത്രമെഴുതാന്‍ തുടങ്ങിയാല്‍ നാം തുലഞ്ഞുപോവുകയേയുള്ളൂ.

വസ്തുതകളെ തമസ്‌ക്കരിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് സത്യത്തിന്റെ അടരുകള്‍ ചിക്കിയെടുക്കുകയെന്ന കര്‍മ്മം അഥവാ ധര്‍മം ആണ് ആദ്യം ചെയ്യേണ്ടിയിരുന്നത്.

1948ന് ശേഷം മുസ്‌ലിംലീഗിന്റെ നിലപാടുകളെ അനുകൂലിക്കുന്ന കാര്യമായ ഒരു പുസ്തകം പോലും മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ എല്ലാം പുതുതായി തുടങ്ങേണ്ടിവന്നു.

യാദൃശ്ചികമായാണ് ഈ ദൗത്യം എന്റെ മുതുകില്‍ വന്ന് വീണത്. ഒരു ദിവസം രാത്രി ഞാന്‍ 'ചന്ദ്രിക'യില്‍ ഇരിക്കുമ്പോള്‍ പരേതരായ റഹീം മേച്ചേരിയും കെ.കെ മൊയ്തുവും എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. 1982ലാണ് ഈ സംഭവം. മേച്ചേരിയും മൊയ്തുവും അന്ന് ചന്ദ്രികയുടെ സഹപത്രാധിപന്മാരായിരുന്നു. ''താങ്കള്‍ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബിന്റെ ജീവചരിത്രമെഴുതണം''- ഇതാണ് അവര്‍ക്ക് എന്നോട് പറയാനുണ്ടായിരുന്നത്. ഞാന്‍ സര്‍വശക്തിയുമുപയോഗിച്ചുകൊണ്ട് എന്റെ നിസ്സഹായത വെളിപ്പെടുത്തി. പക്ഷേ അവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവന്നതേയുള്ളൂ. പി.എ റഷീദ്, ടി.സി മുഹമ്മദ്, റഹ്മാന്‍ തായലങ്ങാടി മുതലായ അനേകം സുഹൃത്തുക്കളും ഇതേ കാര്യത്തിന് വേണ്ടി എന്നെ നിര്‍ബന്ധിച്ച് തുടങ്ങി. കണ്ണില്‍ ഇരുട്ട് കയറിയതുപോലെ ഞാന്‍ അന്ധാളിച്ച് നില്‍ക്കുന്നതിന്നിടയിലാണ് 'ചന്ദ്രിക'യുടെ ഒന്നാം പേജില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നത്. ''എം.സി എഴുതുന്ന സി.എച്ച് മുഹമ്മദ്‌കോയാ സാഹിബിന്റെ ജീവചരിത്രം ഉടനെ പുറത്തിറങ്ങുന്നു'' എന്നായിരുന്നു ആ പരസ്യത്തിന്റെ ചുരുക്കം. എന്നെ ഈ ഉദ്യമത്തിലേക്ക് എടുത്ത് ചാടിക്കുവാന്‍ അവര്‍ പ്രയോഗിച്ച വിദ്യയായിരുന്നു ഈ പരസ്യതന്ത്രം. ''അന്തമില്ലാതുള്ളൊരാഴത്തിലേക്ക്'' താഴ്ന്ന് പോകുന്നതുപോലെ തോന്നി എനിക്ക്. കത്ത് പാട്ടില്‍ ചോദിച്ചതുപോലെ ''എഴുതുകയല്ലാതെ വേറെന്ത് വഴിയുണ്ട്'' എന്ന സ്ഥിതിയിലായപ്പോള്‍ ഏറെ ഭയാശങ്കകളോടെ ആ ഭാരമേറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ് അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. അതായിരുന്നു ഏക പിടിവള്ളി. കാര്യങ്ങളെല്ലാം അദ്ദേഹത്തോട് ചോദിക്കാമല്ലോ. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാന്‍ മാത്രമുള്ള ഹൃദയബന്ധം എനിക്കുണ്ട്. പക്ഷേ ആ ആനുകൂല്യം മുഴുവനായി അനുഭവിക്കാനായില്ല. കാരണം കഠിനമായ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓര്‍മശക്തി മങ്ങിത്തുടങ്ങിയിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞുതന്ന കൊല്ലങ്ങളും തിയതികളും സംഭവങ്ങളും ഒന്നുകൂടി വെരിഫൈ ചെയ്‌തേ രേഖപ്പെടുത്താന്‍ കഴിയുമായിരുന്നുള്ളൂ.

സി.എച്ച് മുഹമ്മദ്‌കോയ എന്ന രാഷ്ട്രീയ വ്യക്തിത്വം ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് പൊട്ടിമുളച്ചുണ്ടായതല്ല. അനേക ശതാബ്ദങ്ങളിലൂടെ ഉറഞ്ഞുവന്ന രാഷ്ട്രീയ പ്രക്രിയകളുടെ പരിണിതിയാണ് ആ വ്യക്തിത്വം. അതിനാല്‍ ആ രാഷ്ട്രീയ ഗതിവിഗതികളുടെ ഉറവിടം അന്വേഷിച്ച് ചെല്ലേണ്ടിവന്നു. ഇതിനുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എത്രയോ പുസ്തകങ്ങള്‍ നിര്‍ബന്ധപൂര്‍വം വായിക്കേണ്ടിവന്നു. രണ്ടായിരത്തിലേറെ പേജുകളുള്ള ഒരു ഇംഗ്ലീഷ് പുസ്തകം മുഷിച്ചിരുന്ന് വായിച്ചതിന് ശേഷം അതില്‍ നിന്ന് ഉദ്ധാരണയോഗ്യമായി എനിക്ക് ലഭിച്ചത് ഒരു വാചകം മാത്രമാണ്. എന്നിട്ടും പഴയ പുസ്തകങ്ങള്‍ തേടി മലബാറിലെ ലൈബ്രറികള്‍ തോറും ഞാന്‍ അലയുകയായിരുന്നു.

ചൗധരീ ഖലീക്കുസ്സമാന്റെ ആത്മകഥയായ PATHWAY TO PAKISTAN, മുഹമ്മദ് നോമന്റെ MUSLIM INDIA മുതലായ അമൂല്യഗ്രന്ഥങ്ങള്‍ ഫാറൂഖ് കോളജ് ലൈബ്രറിയില്‍ നിന്ന് എനിക്ക് എടുത്തുതന്നത് അന്ന് അവിടുത്തെ അധ്യാപകനായ എം.പി അബ്ദുസമദ് സമദാനിയാണ്. ഡോക്ടര്‍ ഷാന്‍ മുഹമ്മദിന്റെ HISTORY OF ALL INDIA MUSLIM LEAGUE എന്ന ഗ്രന്ഥസമുച്ചയവും അദ്ദേഹത്തിന്റെ തന്നെ SIR SYED AHAMMADKHAN എന്ന പ്രസിദ്ധ ഗ്രന്ഥവും മീറത്തിലെ മീനാക്ഷി പ്രകാശനില്‍ നിന്ന് എഴുതിവരുത്തി. അങ്ങനെ രാപ്പകലില്ലാത്ത പുസ്തക വായനാ യജ്ഞത്തിലാണ് ഞാന്‍ ഏര്‍പ്പെട്ടത്. അപ്പോഴെക്കും പുസ്തകത്തിന്റെ രചനാതന്ത്രം ഞാന്‍ ഏറക്കുറെ തയ്യാറാക്കിവച്ചു.

മുസ്‌ലിം രാഷ്ട്രീയത്തിന്റെ വികാസ പരിണാമ കഥകള്‍ വിവരിക്കുക, അതിന്നിടയില്‍ ഇതള്‍ വിരിയുന്ന സി.എച്ചിനെ അവതരിപ്പിക്കുക. അതായിരുന്നു രചനാതന്ത്രം.

ഏതാനും അധ്യായങ്ങള്‍ എഴുതിതീര്‍ത്തതിനു ശേഷമാണ് ഞാനും കെ.കെ മൊയ്തുവും സി.എച്ചിനെ കാണാന്‍ തിരുവനന്തപുരത്ത് ക്ലിഫ്ഹൗസില്‍ ചെന്നത്. ഞങ്ങളെ അദ്ദേഹം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സെറ്റിയില്‍ ഇരുത്തി. എന്നിട്ട് പരിചാരകരെ വിളിച്ച് ''ചരിത്രകാരന്മാര്‍ക്ക് ചായ കൊടുക്കൂ'' എന്നു പറഞ്ഞുകൊണ്ട് സി.എച്ച് പുറത്തേക്കിറങ്ങിപോയി. ഏതോ പരിപാടി കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. എഴുതിയേടത്തോളമുള്ള അധ്യായങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വം വായിച്ചുകേട്ടു. അതദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. തന്റെ പ്രൈമറി സ്‌കൂള്‍ ജീവിതത്തെപ്പറ്റി ചില കാര്യങ്ങള്‍കൂടി അദ്ദേഹം പറഞ്ഞുതന്നു. ആതപ്പാറ പാച്ചര്‍ മാസ്റ്ററെ പോലുള്ള ചില അധ്യാപകരെ കാണാനും ഉപദേശിച്ചു.
സി.എച്ചിനെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനാണ് പാച്ചര്‍ മാസ്റ്റര്‍. ഞാന്‍ അത്തോളിയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. വിലയേറിയ കുറേ വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ചു. അപ്പോഴെല്ലാം പുസ്തക രചന ഒച്ചിന്റെ വേഗതയില്‍ ഇഴയുകയായിരുന്നു. ഒന്നാം അധ്യായത്തിലെ ആദ്യത്തെ വാചകമായ ''ഞങ്ങള്‍ ഉറങ്ങുകയായിരുന്നു'' എന്ന വാചകം എഴുതിക്കഴിഞ്ഞു ഒരു മാസത്തിന് ശേഷമാണ് അടുത്ത വാചകമെഴുതാന്‍ സാധിച്ചത്. അലസതയായിരുന്നു എന്റെ കൂടപ്പിറപ്പ്.

അങ്ങനെയിരിക്കുമ്പോഴാണ് സി.എച്ച് മരണപ്പെട്ടു എന്ന വാര്‍ത്ത വന്നത്. എല്ലാവര്‍ക്കും അതൊരു ഞെട്ടലായിരുന്നുവെങ്കില്‍ എനിക്കത് ഇരട്ട ഞെട്ടലായിരുന്നു. പുസ്തകം പൂര്‍ത്തിയാക്കാത്തതിന് ഒരുപാട് ശകാരം കേള്‍ക്കേണ്ടിവന്നു. നാട്ടിലും മറുനാട്ടിലുമുള്ള എത്രയോ നിര്‍ലോഭമായ പ്രോത്സാഹനങ്ങളുമായി മുന്നോട്ട് വന്നു. മസ്‌ക്കത്തില്‍ നിന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഒരു പെട്ടി മേത്തരം ബാള്‍പെന്‍ അയച്ചുതന്നു- സി.എച്ചിന്റെ ജീവചരിത്രം ആ പേനകള്‍ ഉപയോഗിച്ച് ഉടനെ എഴുതിതീര്‍ക്കണം എന്ന അപേക്ഷയും.

പിന്നീട് വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. വാശിയോടുകൂടി തന്നെ എഴുതിതുടങ്ങി. രാത്രി ഒരുപോള കണ്ണടക്കാതെ പുലരുവോളം എഴുതി. സുബഹി നിസ്‌ക്കരിച്ചതിനുശേഷം പകല് മുഴുവനുമെഴുതി. ന്യൂസ്പ്രിന്റിന്റെ പതിനായിരക്കണക്കിന് ക്വാര്‍ട്ടര്‍ ഷീറ്റുകള്‍ ഞാന്‍ എഴുതിനിറച്ചു. രാത്രി മുഴുവന്‍ എഴുതിത്തീര്‍ത്ത നൂറുക്കണക്കിന് ഷീറ്റുകള്‍ രാവിലെ വായിച്ചുനോക്കി ഭംഗി പോരെന്ന് തോന്നിയാല്‍ അവയെല്ലാം കീറിക്കളയുന്നു. എന്നിട്ട് വീണ്ടുമെഴുതുന്നു. അങ്ങനെ ഇതിലെ ഓരോ അധ്യായവും രണ്ടും മൂന്നും തവണ മാറ്റി എഴുതിയതാണ്.

വസ്തുതകള്‍ കുറ്റമറ്റതാക്കാന്‍ എത്രയോ വ്യക്തികളെ പലതവണ ചെന്നുകണ്ടു. പൊടിപിടിച്ച ഓര്‍മകള്‍ തട്ടിയെടുത്ത് അവരെല്ലാം സഹായിച്ചു. ഒരു സംസ്‌കൃതപദത്തിന്റെ ശരിരൂപം മനസ്സിലാക്കാന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മലയാളം പ്രഫസര്‍ എ.പത്മനാഭക്കുറുപ്പിനെ കാണാന്‍ ഞാനും റഷീദും അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സംഭവം ഓര്‍ക്കുന്നു. രചനയുടെ ഓരോ ചുവടിലും നിഴലുപോലെ റഷീദുമുണ്ടായിരുന്നു.

രാപ്പകല്‍ ഭേദമെന്യെ എത്രയോ ദിവസം കുനിഞ്ഞിരുന്ന് എഴുതിയതിന്റെ ഫലമായി എനിക്ക് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റീസ് എന്ന രോഗം പിടിപെട്ടു. കഠിനമായ കഴുത്ത് വേദനയും തലകറക്കവും. ഇപ്പോഴും അതുകൊണ്ട് നടക്കുന്നു.

കയ്യെഴുത്ത് പ്രതിയുടെ കൂറ്റന്‍ ഭാണ്ഡവുമായി കെ.കെ മൊയ്തുവും സംഘവും പാണക്കാട്ടേക്ക് പോയി. ആ സംഘത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ശിഹാബ് തങ്ങളെക്കൊണ്ട് അവതാരിക എഴുതിക്കാനാണ് അവര്‍ പാണക്കാട്ടേക്ക് പോയത്. കയ്യെഴുത്ത് പ്രതിയുടെ കൂമ്പാരം തങ്ങളെ അത്ഭുതപ്പെടുത്തിയത്രേ. ''ഇതെല്ലാം എം.സി എഴുതിതീര്‍ത്തോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.'' ''ഓരോ വീട്ടിലും സൂക്ഷിച്ചുവെക്കേണ്ട ഗ്രന്ഥമാണിതെ''ന്ന് അദ്ദേഹം അവതാരികയില്‍ എഴുതി.

കോഴിക്കോട് പാരമൗണ്ട് ടവറില്‍ നിറഞ്ഞുകവിഞ്ഞ സദസ്സില്‍ വെച്ച് ശിഹാബ്തങ്ങള്‍ തന്നെ 'സി.എച്ച് മുഹമ്മദ്‌കോയ'യുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു. അങ്ങനെ ഒരു ജന്മസാഫല്യം പൂര്‍ത്തിയായി. ബി.വി അബ്ദുല്ലക്കോയാ സാഹിബായിരുന്നു ചടങ്ങിന്റെ അധ്യക്ഷന്‍. പ്രശസ്ത സാഹിത്യകാരന്‍ പി.എ മുഹമ്മദ്‌കോയ മുഖ്യാതിഥിയുമായി.
ഒന്നാം പതിപ്പ് അതിവേഗം വിറ്റഴിഞ്ഞു. അപ്പോഴേക്കും ലീഗ് രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. കഠിന ശത്രുതയിലായിരുന്ന 'അഖിലേന്ത്യാ ലീഗ്', ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗില്‍ ലയിച്ചു. അതോടെ അടുത്ത പതിപ്പില്‍ നിന്ന് ചില രൂക്ഷപരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിവന്നു. അഖിലേന്ത്യാ ലീഗിന്നെതിരായ വിമര്‍ശനങ്ങളുള്ള രണ്ട് അധ്യാങ്ങളും ചില അധ്യായങ്ങളിലെ ചില ഖണ്ഡികകളും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എടുത്തുമാറ്റിക്കൊണ്ടാണ് രണ്ടാം പതിപ്പ് പുറത്തിറങ്ങിയത്.

എം.ടി വാസുദേവന്‍ നായരാണ് രണ്ടാം പതിപ്പ് പ്രകാശനം ചെയ്തത്. ''ഞാന്‍ ഈ പുസ്തകം ഒരാവര്‍ത്തി വായിച്ചു. കൂടുതല്‍ ഗൗരവമായ വായന ആവശ്യമാണെന്ന് തോന്നുകയാല്‍ വീണ്ടും വായിക്കാന്‍ വേണ്ടി മാറ്റിവെച്ചിട്ടുണ്ട്''- എം.ടി പറഞ്ഞു. അത് വലിയൊരു പ്രശംസയായി. വളരെ വേഗം മൂന്നാം പതിപ്പും പുറത്തുവന്നു. പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ഡോക്ടര്‍ എം.കെ മുനീര്‍ ശ്രമിച്ചുവരുന്നുണ്ട്.

Chandrika Daily
9/28/2013 1:30:32 AM   

മേഘജ്യോതിസ്സു പോലെ സി.എച്ചിന്റെ കഥ - നവാസ് പൂനൂര്‍

ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ചവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ വിരളമാണ്. ആ ഗണത്തില്‍പെടുന്നു സി.എച്ച്. മുഹമ്മദ്‌കോയ സാഹിബ്. അര്‍ഹമായ സ്ഥാനങ്ങള്‍ മാത്രം നേടുകയും നേടിയ പദവികളോട് നീതി പുലര്‍ത്തുകയും ചെയ്തു അദ്ദേഹം.

1969 ഒക്‌ടോബറില്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ വീഴുന്നു. കേരള രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം. എങ്ങും ചൂടേറിയ ചര്‍ച്ചകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ സഫാരി സൂട്ട് ധരിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍ കയ്യില്‍ ഒരു ബ്രീഫ് കേസുമായി ഡല്‍ഹിയില്‍ നിന്ന് വന്നിറങ്ങി. രാജ്യസഭാ അംഗമായിരുന്ന സി.അച്യുതമേനോനായിരുന്നു അത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയില്‍ ഡല്‍ഹി വിട്ട് വന്ന ഈ സി.പി.ഐ നേതാവിനെ പത്രക്കാര്‍ വളഞ്ഞു. കേരളത്തിലെ രാഷ്ട്രീയാനിശ്ചിതത്വവുമായി ബന്ധമുണ്ടോ താങ്കളുടെ പെട്ടെന്നുള്ള ഈ വരവിന് എന്ന് ചോദിച്ച പത്രക്കാരോട് സുസ്‌മേരവദനനായി മേനോന്‍ പറഞ്ഞു. ''എനിക്കറിയില്ല, ബാഫഖി തങ്ങള്‍ വരാന്‍ പറഞ്ഞു. ഞാന്‍ വന്നു. എനിക്ക് തങ്ങളെ കാണണം.'' കേരളത്തിലെ ചെറിയ പാര്‍ട്ടിയുടെ ഈ വലിയ നേതാവിനെ ബാഫഖിതങ്ങള്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി പദവി കയ്യില്‍ കൊടുത്തു. അദ്ദേഹത്തിന് പോലും അത് വിശ്വസിക്കാനായില്ല.

1969 നവംബര്‍ 1-ന് സി.അച്യുതമേനോന്‍ എം.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചൊല്ലി. ഇത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്ന ചരിത്രം. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളില്‍ ഉന്നത നേതാക്കള്‍ മുന്നോട്ട് വെച്ച ആശയം മറ്റൊന്നായിരുന്നു. സി.എച്ച് മുഖ്യമന്ത്രിയാവുക. ഈ നിര്‍ദേശം വന്നപ്പോള്‍ സി.എച്ച് പറഞ്ഞു. ''സമയമായില്ല.'' ഇത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കറിയില്ല. ചരിത്ര ഗവേഷകര്‍ക്ക് മാത്രമറിയുന്ന സത്യം. അത് കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷമാണ് സി.എച്ച് സര്‍വ്വസമ്മതനായി മുഖ്യമന്ത്രി പദവിയിലെത്തുന്നത്.
ആത്മഹര്‍ഷത്തിന്റെ ആരവങ്ങള്‍ ആകാശത്തോളമുയര്‍ത്തി മലയാള നാട് ആദരിച്ചോമനിച്ച സി.എച്ചുമായി ഏറെ അടുത്ത ഹൃദയ ബന്ധം സ്ഥാപിക്കാനായത് എന്റെ യോഗ്യതയല്ല, ഭാഗ്യമാണ്. ബന്ധത്തിന്റെ മുന്‍തലക്ക് എന്റെ പ്രായത്തേക്കാള്‍ പഴക്കം. ബാപ്പ റിട്ട. ജഡ്ജ് അബ്ദുല്‍മജീദ് അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്നു.

1952-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കുറ്റിച്ചിറ വാര്‍ഡില്‍ അങ്കംകുറിച്ചുകൊണ്ടാണ് സി.എച്ച് തെരഞ്ഞെടുപ്പ് രംഗത്ത് വരുന്നത്. മുഖദാറില്‍ മത്സരിക്കാന്‍ ബാഫഖിതങ്ങള്‍ പ്രഖ്യാപിച്ചത് സി.എച്ചിന്റെ സുഹൃത്തായ അഡ്വ.ടി.അബ്ദുല്‍മജീദിനെ. വാശിയേറിയ മത്സരത്തില്‍ രണ്ട് പേരും ജയിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് മജിസ്‌ട്രേറ്റ് സെലക്ഷന്‍ കിട്ടിയപ്പോള്‍ ബാപ്പയും സി.എച്ചും ബാഫഖിതങ്ങളും സീതിസാഹിബുമായി ചര്‍ച്ച ചെയ്തു. ബാഫഖി തങ്ങള്‍ സീതിസാഹിബിന്റെ അഭിപ്രായത്തിന് വിട്ടു. സീതിസാഹിബ് പറഞ്ഞു ''കൗണ്‍സിലറാവാന്‍ നമുക്ക് മിടുക്കന്മാരായ ധാരാളം ആളുകളുണ്ട്. ന്യായാധിപന്മാരാകാന്‍ നമുക്കധികം പേരില്ല.'' അങ്ങനെ രാജിവെച്ച് ജുഡീഷ്യറിയില്‍ ചേക്കേറിയെങ്കിലും അവസാനം വരെ അവരുടെ ആത്മബന്ധം തുടര്‍ന്നു.

ശൈശവ-ബാല-കൗമാര ഘട്ടങ്ങളിലൊക്കെ സി.എച്ചിന്റെ സ്‌നേഹവും പരിലാളനയും ഒരു പാട് കിട്ടിയിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ അദ്ദേഹം മുഖ്യപത്രാധിപരായ ചന്ദ്രികയില്‍ സഹപത്രാധിപരായി നിയമിച്ചു. ഒരു വിദേശയാത്ര കഴിഞ്ഞ് വന്നപ്പോള്‍ കറുത്ത ഒരു ഷീപേഴ്‌സ് പേന എനിക്ക് സമ്മാനിച്ചു.
സി.എച്ച് ആവേശമോ വികാരമോ ഒക്കെയായിരുന്നു മറ്റ് പലരെയുംപോലെ എനിക്കും. ഓര്‍മയില്‍ സൂക്ഷിക്കാന്‍, താലോലിക്കാന്‍ എത്രയെത്ര അനുഭവങ്ങള്‍ സമ്മാനിച്ചു സ്‌നേഹനിധിയായ സി.എച്ച്.

ആ വലിയ മനുഷ്യന്റെ ജീവിതം എന്നെപോലെ ഒരാള്‍എഴുതുക ധിക്കാരമാണെന്ന് തോന്നി. നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ ധൈര്യമുണ്ടായില്ല. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന കുടുംബബന്ധത്തിന്റെ ബലത്തില്‍ എന്റെ ഉള്ളില്‍ പതയുന്ന മോഹം കത്തിലൂടെ ഞാനറിയിച്ചു. നാലാം നാള്‍ മറുപടി. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്. അങ്ങനെ ഞാന്‍ തുടങ്ങി. തിരുവനന്തപുരം കണ്ടോണ്‍മെന്റില്‍, കോഴിക്കോട് ഗസ്റ്റ്ഹൗസില്‍, ബാംഗ്ലൂര്‍ ജിന്താല്‍ പ്രകൃതി ചികിത്സാലയത്തില്‍ അദ്ദേഹത്തോടൊപ്പം നിരവധി ദിവസങ്ങള്‍.
ആ ഹൃദയത്തിന്റെ കുളിര്‍മ്മയില്‍ നിന്ന് ഊറിവീണ മഞ്ഞ് തുള്ളികളുടെ അഴകും ആഴവും വായിച്ചെടുക്കാനായി. അര്‍ജുനന്റെ ശരമഴ പോലെ എതിര്‍ ചേരിയെ വാക് ശരങ്ങള്‍കൊണ്ട് കടന്നാക്രമിക്കാന്‍ കഴിഞ്ഞ യോദ്ധാവിന്റെ ആവനാഴി തൊട്ടറിയാനായി. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ ''സുന്ദരമായ ആ കൊടുങ്കാറ്റിന്റെ'' ശീതളിമ അടുത്തറിയാനായി. ഒരു കുലുങ്ങി ചിരിയുടെ പ്രസാദാത്മകത ആ ജീവിതത്തെ പൊതിഞ്ഞ് നില്‍ക്കുന്നതായി തോന്നി. സ്വന്തം പേര് കാലഘട്ടത്തിന്റെ പര്യായമാക്കിയ അപൂര്‍വ്വം ചിലരില്‍ എന്റെ നേതാവും ഉണ്ടെന്ന് ബോധ്യമായി.

ഖാഈദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നയതന്ത്രജ്ഞതയും സീതിസാഹിബിന്റെ വാഗ് വിലാസവും ബാഫഖിതങ്ങളുടെ മതസൗഹാര്‍ദ്ദ ചിന്തയും പോക്കര്‍ സാഹിബിന്റെ കൂര്‍മ്മ ബുദ്ധിയും പൂക്കോയ തങ്ങളുടെ സ്‌നഹോഷ്മളതയും ഒരു പോലെ സമന്വയിച്ചിരിക്കുന്നു സി.എച്ചില്‍.

സി.എച്ചിനോടൊപ്പമുള്ള യാത്രകളും താമസവും ചര്‍ച്ചകളും എല്ലാം രസകരമായിരുന്നു. പ്രത്യേകിച്ച് ബാംഗ്ലൂരില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ പ്രകൃതി ചികിത്സാലയമാണ് ജിന്താല്‍. ഒരു പാട് ഏക്കര്‍ സ്ഥലം. പ്രകൃതി രമണീയം. ആദ്യ ദിവസങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് വയറ് നിറഞ്ഞെന്ന് പറഞ്ഞ സി.എച്ച് പിന്നീടുള്ള ദിവസങ്ങളില്‍ വിശപ്പിന്റെ വിലയറിഞ്ഞു. ഭക്ഷണക്രമത്തില്‍ കടുത്ത നിയന്ത്രണമാണ്. ഇളനീര്‍ വെള്ളവും പപ്പായ കഷ്ണവും മറ്റുമാണ് പ്രധാനമായും കിട്ടുക. ആമിനത്താത്തയും ചികിത്സയിലാണ്. ഒരു ദിവസം ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ആമിനത്താത്ത കുളിമുറിയിലായിരുന്നു. സി.എച്ച് അദ്ദേഹത്തിന്റെ രണ്ട് കഷ്ണം പപ്പായയും ഇളനീരും കഴിച്ചു. വിശപ്പടങ്ങുന്നില്ല, അല്‍പം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഓഹരിയും മൂപ്പര്‍ അകത്താക്കി. നിസ്‌കാരം കഴിഞ്ഞ് വന്നപ്പോള്‍ സി.എച്ച് പറഞ്ഞു: ''ഇന്ന് നീ ഇളനീര്‍ മാത്രം കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു''. സി.എച്ചിനെ നന്നായറിയാവുന്ന ഭാര്യ ഹൃദ്യമായൊന്ന് ചിരിച്ചു. അമര്‍ത്തി ഒന്ന്മൂളി.

മണ്ണില്‍ കിടക്കുക, മണ്ണ് കൊണ്ട് മൂടുക ഇങ്ങനെ പല ചികിത്സാ രീതികളുമുണ്ട് അവിടെ. കാവേരി നദി ഒഴുകുന്നത് പ്രകൃതി ചികിത്സാലയത്തിന് അടുത്തുകൂടെയാണ്. ഒരു ദിവസം ദാഹിച്ച് വലഞ്ഞപ്പോള്‍ സി.എച്ച് പറഞ്ഞു: ''ഈ കാവേരി ഞാന്‍ കുടിച്ച് വറ്റിക്കും.''

ഇങ്ങനെ എത്രയെത്ര തമാശകളാണ് സി.എച്ച് പറഞ്ഞത്. പതിവ് പോലെ ഭാര്യയേയും സി.എച്ചിന്റെ നിഴലായ ബാബുവിനെയും മറ്റും കളിയാക്കലും തുടര്‍ന്നു.

സി.എച്ചിന്റെ കഥ എന്ന പേര് തന്നെ സി.എച്ചിന് നന്നേ ബോധിച്ചു. എഴുതീത്തീര്‍ത്ത ഓരോ അധ്യായങ്ങളും സി.എച്ചിനെ വായിച്ചു കേള്‍പ്പിച്ചു. വസ്തുതാപരമായ പിഴവുകള്‍ അദ്ദേഹം തിരുത്തും. എല്ലാ അധ്യായങ്ങളും വായിച്ച് കഴിഞ്ഞു. 1983 സപ്തംബര്‍ 25ന് രാവിലെ 9 മണിക്ക് വീട്ടില്‍ സി.എച്ചിന്റെ ഫോണ്‍. അദ്ദേഹം ഗസ്റ്റ് ഹൗസിലുണ്ടെന്ന്. ഉടനെ ഗസ്റ്റ് ഹൗസില്‍ ചെന്നു. കൈ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം ചോദിച്ചു ''എന്റെ കഥ കഴിഞ്ഞില്ലേ.''

ചിരിക്കാതെയുള്ള ചോദ്യം. ഞാന്‍ തളര്‍ന്നുപോയി. കേട്ട് നിന്ന അദ്ദേഹത്തിന്റെ പി.എ മലയില്‍ അബ്ദുല്ലക്കോയയും വല്ലാതായി. ''ഇല്ല'' ഞാന്‍ പറഞ്ഞൊപ്പിച്ചു. ''കഴിയാറായില്ലേ'' വീണ്ടും ചോദ്യം. ബൈന്റിംഗ് കഴിഞ്ഞില്ലെന്നറിയിച്ചപ്പോള്‍ പറഞ്ഞു. ''കുഴപ്പമില്ല അടിച്ച ഫോറങ്ങള്‍ മുഴുവന്‍ എനിക്ക് വേണം''. സി.എച്ചിന്റെ കഥാരചനയില്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്ന എം.എന്‍ കാരശ്ശേരിയും കൂടെ ഉണ്ടായിരുന്നു. സി.എച്ചിന്റെ ഒരുപുസ്തകത്തിന്റെ പുതിയ എഡിഷന്‍ എടുത്ത് അദ്ദേഹം എഴുതി: ''നിരൂപകനായ കാരശ്ശേരിക്ക് വിമര്‍ശനത്തിന്'' ഒപ്പിട്ട് പുസ്തകം കാരശ്ശേരിക്ക് നല്‍കി. തുറന്ന മനസോടെ വിമര്‍ശനം സ്വാഗതം ചെയ്യാനുള്ള സി.എച്ചിന്റെ ഹൃദയ വിശാലത. കാരശ്ശേരി വാചാലനായി, തിരിച്ചുള്ള ഞങ്ങളുടെ യാത്രയില്‍.

തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അടിച്ച ഫോറങ്ങള്‍ കൊണ്ടുപോയിക്കൊടുത്തു. ''റിലീസിംഗിന് ഒരാളെ വേണം'' ''സി.എം പോരെ'' സി.എച്ച് ചോദിച്ചു. ''ഗവര്‍ണ്ണറെ കിട്ടിയാല്‍ നന്നായിരുന്നു.'' എന്റെ ആഗ്രഹമറിയിച്ചു.

''ഹൈദരാബാദില്‍ പോയിവരട്ടെ. മൂന്നാം തിയ്യതി തിരുവനന്തപുരത്ത് വരൂ. നമുക്ക് ഗവര്‍ണറെ കാണാം''. ആ മുഖത്ത് പ്രസന്നത കൂടിയപോലെ. മൂന്നാം തിയ്യതി വന്നു, ഞാന്‍ തിരുവനന്തപുരത്ത് പോയില്ല, എനിക്ക് പോകേണ്ടി വന്നില്ല. അതിനിടയില്‍ സെപ്തംബര്‍ 28ന് സി.എച്ച് നമ്മെ പിരിഞ്ഞു. സുന്ദരമായി ആ കൊടുങ്കാറ്റ് നിലച്ചു. ഭാഷാ വൈഭവത്തിന്റെയും ശൈലീ സൗന്ദര്യത്തിന്റെയും അനര്‍ഗള പ്രവാഹം ഓര്‍മ്മയായി. ആശയത്തെ പുതുമയുടെ ആഘോഷമാക്കി മാറ്റിയ സി.എച്ച് നടന്നുപോയ വഴികളിലെല്ലാം അദ്ഭുതങ്ങള്‍ ബാക്കിവെച്ചു.
1983 നവംബര്‍ 5-ന് കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു സി.എച്ചിന്റെ കഥയുടെ പ്രകാശനം. സി.എച്ച് ആഗ്രഹിച്ചത് പോലെ മുഖ്യമന്ത്രി കരുണാകരന്‍ അത് നിര്‍വ്വഹിച്ചു. ആദ്യപ്രതി സി.എച്ചിന്റെ പുത്രന്‍ മുനീര്‍ ഏറ്റുവാങ്ങി. അഖിലേന്ത്യാ ലീഗ് നേതാക്കളെയും പ്രകാശന ചടങ്ങിന് ക്ഷണിക്കണമെന്ന് സി.എച്ച് ഒരിക്കല്‍ പറഞ്ഞിരുന്നു. പി.എം അബൂബക്കര്‍ പങ്കെടുക്കാമെന്നേറ്റു. പ്രകാശന ദിവസം പുലര്‍ച്ചെ അഖിലേന്ത്യാ പ്രസിഡണ്ട് എം.കെ ഹാജി മരണപ്പെട്ടു. പ്രകാശനം മാറ്റിവെക്കാനുള്ള എന്റെ താല്‍പര്യമറിഞ്ഞ പി.എം വിളിച്ചു: ''ചടങ്ങ് മാറ്റിവെക്കരുത്. ഖബറടക്കം കഴിഞ്ഞ് ഞാനെത്തും''. പി.എം ഓടിക്കിതച്ച് സമയത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗശേഷം പി.എം വികാരോജ്ജ്വലമായ പ്രസംഗം നടത്തി. സി.എച്ചും എം.കെയും ചെയ്ത സേവനങ്ങള്‍ വിവരിച്ച പി.എം പറഞ്ഞു: ''ആ രണ്ട് നേതാക്കളോടും നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഒന്ന്മാത്രം. അവരിരുവരം ആഗ്രഹിച്ചപോലെ സമുദായത്തിന്റെ ഐക്യം സാധ്യമാക്കുക. അതിന് പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക.അല്ലാഹു നമ്മെ അനുഗ്രഹിക്കും''. മാസങ്ങള്‍ക്കകം തന്നെ മുസ്‌ലിം ലീഗ് ഐക്യം യാഥാര്‍ത്ഥ്യമായി.

സി.എച്ചിന്റെ കഥയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ചവരില്‍ ആദ്യത്തെ ആള്‍ സി.എച്ചിന്റെ പത്‌നി ആമിന മുഹമ്മദ്‌കോയയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി.എസ്.സി ചെയര്‍മാനുമായിരുന്ന ടി.എം സാവാന്‍കുട്ടി, എം.എന്‍ കാരശ്ശേരി, ടി.പി ചെറൂപ്പ, കാനേഷ് പൂനൂര്‍ തുടങ്ങിയ ഒരുപാട് പേര്‍ കാര്യമായ സഹായം നല്‍കി.

മേഘജ്യോതിസ്സുപോലെ ക്ഷണികമായിരുന്നു ആ ജീവിതം. ചരിത്രം അതിന്റെ ചെറുതും വുലതുമായ നിയോഗം നിറവേറ്റാന്‍ ചിലരെ തെരഞ്ഞെടുക്കാറുണ്ട്. അത്തരക്കാരുടെ വിയോഗം മൂലം അവരുടെ ദേഹവിയോഗമേ സംഭവിക്കുന്നുള്ളൂ. അവരുടെ ജീവിതത്തിന്റെ തുടര്‍ച്ച നമുക്കിടയില്‍ പിന്നെയും നിലനില്‍ക്കും- അവര്‍ നയിച്ച പ്രസ്ഥാനത്തിലൂടെ, പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലൂടെ, പ്രചരിപ്പിച്ച ആശയത്തിലൂടെ.

Chandrika Daily
9/28/2013 1:39:31 AM

ഒരു പൊതി ചോറ് കരുതിയിരുന്നു സി.എച്ച്‌


കനത്ത പൊലീസ് അകമ്പടിയില്‍, കൊടിവെച്ച സ്റ്റേറ്റ് കാര്‍ പൂക്കോട്ടൂര്‍ അങ്ങാടിയിറങ്ങി പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇല്ലിക്കല്‍ മൊയ്തു മറ്റൊന്നും ചിന്തിച്ചില്ല. ആഭ്യന്തര മന്ത്രിയുടെ കാറിനു നേര്‍ക്ക് കൈനീട്ടി. മന്ത്രിക്കാര്‍ പെട്ടെന്നു ചവിട്ടി നിര്‍ത്തിയതിന്റെ ഒച്ച കേട്ട് പള്ളിപ്പടിയിലെ വീട്ടുകാര്‍ എത്തിനോക്കി. മാര്‍ക്‌സിസ്റ്റ്-നക്‌സലൈറ്റ് വധഭീഷണിയുടെ നിഴലില്‍ കഴിയുന്ന ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളില്‍ നിന്ന് സായുധ പൊലീസ് യുദ്ധസജ്ജരായി ചാടിയിറങ്ങി.

ഒരു കള്ളിമുണ്ട് മാത്രമുടുത്ത്, മുഷിഞ്ഞ തോര്‍ത്തു കൊണ്ട് ചുമല്‍ മറച്ച് ക്ഷീണിതനായ ആ വയസ്സന്‍ ബീഡി തൊഴിലാളി കാറിനടുത്തേക്ക് ചെന്നു. കൈമുറുകെ പിടിച്ച് മന്ത്രി ചോദിച്ചു: ''എന്തിനാ വണ്ടി നിര്‍ത്തിച്ചത്?'' മൊയ്തു പറഞ്ഞു: ''സി.എച്ച് ഇതിലെ വരുന്നൂന്ന് പത്രത്തിലുള്ളതായി കുട്ടികള്‍ പറഞ്ഞു കേട്ടു. അപ്പോള്‍ കാണാനൊരു പൂതി''. ''എന്നിട്ടു കണ്ടില്ലേ? ഇനി ഞാനെന്താ വേണ്ടത്''; മന്ത്രി ചോദിച്ചു. ''ഒന്നും വേണ്ട, കണ്ടല്ലോ; അതുമതി''. മൊയ്തു പറഞ്ഞു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ''എന്നാല്‍ പോട്ടേ?'' കൂട്ടിപ്പിടിച്ച കൈകള്‍ കുലുക്കി മന്ത്രി സലാം ചൊല്ലി. കണ്‍മറയുവോളം കാര്‍ നോക്കി നിന്ന മൊയ്തു തോളിലെ തോര്‍ത്തെടുത്ത് കണ്ണുകളൊപ്പി. ഒരു രാജ്യം സ്വന്തമായി കിട്ടിയ ആഹ്ലാദത്തോടെ തിരിഞ്ഞു നടന്നു.

പൂക്കോട്ടൂരിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കെ.കെ. ഹംസയാണ് തന്റെ ബാല്യം സാക്ഷിയായ ഈ കാഴ്ച പതിറ്റാണ്ടുകള്‍ക്കു മുമ്പൊരിക്കല്‍ പറഞ്ഞുതന്നത്. പിന്നീടൊരിക്കല്‍ മലപ്പുറത്ത് ഒരു ചായമേശക്ക് മുന്നിലിരുന്ന്, സി.എച്ചിന്റെ സ്‌നേഹപാത്രമായിരുന്ന റഹീം മേച്ചേരിയോട് ഈ കഥ കൈമാറിയപ്പോള്‍ ഒന്നും മിണ്ടാതെ നിറകണ്ണുമായി ഏറെ നേരമിരുന്ന് ചായ ബാക്കിയാക്കി ഇറങ്ങിപ്പോയി ആ സ്‌നേഹം.

ഒരുപക്ഷേ, ഇങ്ങനെയെല്ലാമായിരിക്കണം ''സാനഡു എന്ന മണിമാളികയില്‍ നിന്ന് ഞാനിതാ ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിലേക്ക് താമസം മാറ്റിയിരിക്കുന്നു''വെന്ന് ചങ്കൂറ്റത്തോടെ സി.എച്ച്. വിളിച്ചുപറഞ്ഞത്. ഇങ്ങനെയാവണം മറ്റാരും പ്രകടിപ്പിക്കാത്ത ആ ആത്മവിശ്വാസം, ജനത്തെ കാണാച്ചരടില്‍ കോര്‍ത്ത് സി.എച്ച് എന്ന ഭരണാധികാരിയില്‍ തളിരിട്ട് പൂത്തുലഞ്ഞത്. കേരള രാഷ്ട്രീയത്തിലെ മത്തഗജങ്ങള്‍ മേയുന്ന കാലം. സി. കേശവനും പനമ്പിള്ളിയും സി.കെ.ജിയും ആര്‍. ശങ്കറും പി.ടി ചാക്കോയും കരുണാകരനും മന്നവും പട്ടവും ഇ.എം.എസും എ.കെ.ജിയും എം.എനും ടി.വിയും അച്യുതമേനോനും പൊതുരംഗം നിയന്ത്രിക്കുന്ന യുഗം. ഖാഇദേമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും മുസ്‌ലിംലീഗിന്റെ അമരം നയിക്കുന്നു. ആ കുംഭഗോപുരങ്ങള്‍ക്കു മധ്യേയാണ് സി.എച്ച് മുഹമ്മദ് കോയ എന്ന താഴികക്കുടം വിദൂര പ്രഭ ചൊരിഞ്ഞു നിന്നത്. പതിമൂന്നു വയസ്സില്‍ തുടങ്ങി അമ്പത്തഞ്ചിലവസാനിച്ച ഒരു പൊതുജീവിതം യുഗങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന അമര സ്മരണയുടെ കൈത്തിരിനാളമായി മാറിയ വീര കഥയാണത്. തലമുറകള്‍ പാടിനടക്കുന്ന ഇതിഹാസം.

1983 സെപ്തംബര്‍ 28 കടന്നുപോയിട്ട് വര്‍ഷം മുപ്പതായി. എന്നിട്ടും ഒരു പണത്തൂക്കം കുറയുന്നില്ല മാറ്റ്. ഓര്‍മ്മപ്പൂക്കളില്‍ നിന്നു കണ്ണീരിറ്റി വീണു തിളക്കം കൂടിക്കൂടിവരുന്നു സി.എച്ച് എന്ന മരതകക്കല്ലിന്. വര്‍ണചിത്രങ്ങള്‍ക്ക് ഇത്ര മിഴിവില്ലായിരുന്നു ആ സി.എച്ച് യുഗത്തില്‍. ചലന ദൃശ്യങ്ങള്‍ പകര്‍ത്തിവെക്കാവുന്ന സാങ്കേതികത കൈയെത്താ ദൂരത്താണന്ന്. ശബ്ദരേഖ പോലും ദുര്‍ലഭം. മനസ്സില്‍ കൊത്തിവെച്ച ചിത്രവും ശബ്ദവുമാണേറെയും. കണ്ടവരും അടുത്തുനിന്നു കേട്ടവരും കുറഞ്ഞുവരുന്നു. എന്നിട്ടും ഒരു ജനതയുടെ ഹൃദയരാഗമായി സി.എച്ച് താളമിടുന്നു. പിന്നെയും പിന്നെയും പുനര്‍ജ്ജനിക്കുന്ന വീരപൗരുഷം. ഒരായുസ്സിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റവാക്കിലൊരു മറുപടി മതിയായിരുന്നു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതി നേരം കളഞ്ഞില്ല. പക്ഷേ, ഒരു തുള്ളിനര്‍മ്മം കൊണ്ട് മദയാനക്കൂട്ടത്തെ തന്നെ തളയ്ക്കും. അതാണ് ഒരു നിര്‍വചനത്തിനും വഴങ്ങാത്ത സി.എച്ച് എന്ന മാസ്മര പ്രഭ.

സി.എച്ച് മുഹമ്മദ്‌കോയക്കു മൂക്കുകയറിടണമെന്ന് മാര്‍ക്‌സിസ്റ്റ് നേതാവിന്റെ പ്രസ്താവന വന്ന ദിവസമാണ് വിദ്യാഭ്യാസ മന്ത്രി സി.എച്ച് പാലക്കാട് വഴി പോകുന്നത്. അവിടെ സി.പി.എം പ്രകടനം കാരണം ഗതാഗത തടസ്സം. മന്ത്രി തല്‍ക്കാലം ഗസ്റ്റ്ഹൗസില്‍ തങ്ങി. വിവരമറിഞ്ഞ പത്രക്കാര്‍ ഓടിയെത്തി. എന്തിനാണ് പാലക്കാട്ട് വന്നത് എന്ന് ചോദ്യം. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മൂക്കിന് അളവു കൊടുക്കാന്‍ വന്നതാണെന്ന് മറുപടി. പിറ്റേ ദിവസം ആ വാര്‍ത്ത വായിച്ച സി.പി.എമ്മുകാരും ചിരിച്ചുപോയി.

സി.എച്ചിന്റെ പ്രാണനായിരുന്ന 'ചന്ദ്രിക'യുടെ മുറ്റത്ത് ഒരു നിമിഷം തനിച്ചു നിന്നാല്‍ മതി; ഓര്‍മ്മയിലോടിവരാതിരിക്കില്ല സി.എച്ച്. ആ മുറ്റത്തെ ചവിട്ടിത്തേഞ്ഞു മിനുസമാര്‍ന്ന ചരല്‍ക്കല്ലുകള്‍ പോലും സി.എച്ചിന്റെ പാദസ്പര്‍ശമോര്‍ത്ത് പുളകമണിയുന്നുണ്ടിന്നും. നിശ്ശബ്ദ യാമങ്ങളില്‍ ഏകാന്തമായി കാതോര്‍ത്തു നിന്നാല്‍ പ്രതിഭയുടെ താപമേറ്റ ആ കുസൃതികളും ഉപമകളും പൊട്ടിച്ചിരികളും എങ്ങുനിന്നോ ഒഴുകിവരുന്നത് ഇപ്പോഴും കേള്‍ക്കാമെന്ന് സി.എച്ചിനൊപ്പം കഴിഞ്ഞവര്‍ പറയും. സി.എച്ചിന്റെ കളിയാക്കലിന് പാത്രമാകുന്നതു പോലും ബഹുമതിയായി കണ്ടു ആ തലമുറ. ആത്മമിത്രങ്ങള്‍ക്കാണ് പലപ്പോഴും സി.എച്ച് ചെല്ലപ്പേരിടാറുള്ളത്.

നല്ല എണ്ണക്കറുപ്പുള്ള ഒരു സെക്ഷന്‍ മാനേജരുണ്ടായിരുന്നു. ഉറ്റ തോഴന്‍. ഒഴിവ് കിട്ടുമ്പോഴൊക്കെ സി.എച്ച് ചെന്നിരിക്കാറുള്ളതും ആ മാനേജരുടെ മുറിയില്‍. അദ്ദേഹത്തെ സി.എച്ച് പറയുക: 'ഹജറുല്‍ അസ്‌വദ്' എന്നാണ്. വിശുദ്ധ കഅബയില്‍ സ്ഥാപിച്ച സ്വര്‍ഗത്തിലെ കറുത്ത കല്ല്. അതുകേട്ട് രസിച്ച് ഊറിച്ചിരിക്കും സുഹൃത്ത്. അപരന്റെ ആത്മാവില്‍ ചേര്‍ന്നുനില്‍ക്കുന്ന ഗാഢസ്‌നേഹമാകാന്‍ സി.എച്ചിനെന്നും കഴിഞ്ഞു.

നോക്കിയിരിക്കെ പെരുകിപ്പെരുകി വരുന്ന അത്ഭുതമായിരുന്നു സി.എച്ച്. 'അത്തോളി മണ്ണ്' എന്ന കവിതയില്‍ യൂസുഫലി കേച്ചേരി വിശേഷിപ്പിച്ച 'പട്ടിണിത്തീയില്‍ മുളച്ചുവന്നാശതന്‍ പച്ചത്തലപ്പ് കാണിച്ച'വന്‍. ദരിദ്ര ബാല്യം. അന്നത്തിനു തന്നെ കഷ്ടിയായിടത്ത് അക്ഷരാഭ്യാസത്തിന് ആര് തുണക്കാന്‍. പക്ഷേ, ഫീസ് കൊടുത്തു പഠിക്കേണ്ട പ്രായമെത്തിയപ്പോള്‍ കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ ബാഫഖി തങ്ങളുടെ പഠന സഹായം കാത്തിരിപ്പുണ്ടായിരുന്നു മറ്റു പലര്‍ക്കുമൊപ്പം മുഹമ്മദ്‌കോയ എന്ന അത്തോളിക്കാരന്‍ കുട്ടിയെയും. പഠനത്തിലെ മികവിന് കിട്ടിയ സ്‌കോളര്‍ഷിപ്പ് ആ കടങ്ങള്‍ ബാക്കിവെക്കാതിരിക്കാനുള്ള മറ്റൊരു ഭാഗ്യം. സ്‌കൂള്‍ പ്രായത്തിലേ തെളിഞ്ഞു വാഗ്‌വൈഭവത്തിന്റെ നക്ഷത്രത്തിളക്കം. നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും പില്‍ക്കാലം പാക്കിസ്താന്റെ പ്രധാനമന്ത്രിയുമെല്ലാമായ നവാബ് സാദാലിയാഖത്തലി ഖാന്‍ മലബാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ എം.എസ്.എഫ് പ്രതിനിധിയായി പ്രസംഗ പീഠത്തില്‍ സി.എച്ച്. അന്ന് പ്രായം 16.

ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നേയുള്ളൂ. ഘോരമാരി നിലച്ച പ്രതീതിയായിരുന്നു പ്രസംഗമവസാനിക്കുമ്പോള്‍. ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നാസാഹിബ് പ്രസിഡന്റായ സര്‍വേന്ത്യ മുസ്‌ലിം ലീഗിന്റെ സെക്രട്ടറി ജനറല്‍, രാജരക്തമായ നവാബ് സാദാ അരികില്‍ ചേര്‍ത്തു പിടിച്ച് ദരിദ്രനില്‍ ദരിദ്രനായ മലബാറിന്റെ രാജകുമാരനോട് ചോദിച്ചു: 'വരുന്നോ ഉത്തരേന്ത്യയിലേക്ക്'? മറുപടി രാഷ്ട്രീയ ഗുരുവിന്റേതായിരുന്നു: 'ഇല്ല; കൊണ്ടുപോകാനനുവദിക്കില്ല. ഇവിടെ വേണം. നാളെ നയിക്കാന്‍. ഞങ്ങള്‍ക്കിവന്‍ വേണം. സത്താര്‍ സേട്ട് സാഹിബിന്റെ വാശി. കെ.എം. സീതി സാഹിബ് ഏല്‍പിച്ച എം.എസ്.എഫ് എന്ന വിത്ത് കുഴിച്ചിട്ട് വന്‍മരമാക്കി വളര്‍ത്തിയെടുത്തു സി.എച്ച്. പഠിക്കാന്‍ വന്ന കോഴിക്കോട് മഹാനഗരം തന്റെ കളിമുറ്റമായി, കര്‍മക്ഷേത്രമായി, വാസ സ്ഥാനമായി, അന്ത്യവിശ്രമ സങ്കേതമായി മാറിയതും ആ ഇതിഹാസ കഥയിലെ ഒരേട്. 1946-ല്‍ പതിനെട്ടാം വയസ്സില്‍ 'ചന്ദ്രിക'യുടെ പത്രാധിപ സമിതിയിലംഗം, മൂന്നുവര്‍ഷം കഴിഞ്ഞ് ഇരുപത്തൊന്നാം വയസ്സില്‍ പത്രാധിപര്‍, പിന്നാലെ മുഖ്യ പത്രാധിപര്‍. ഇരുപത്തിനാലാം വയസ്സില്‍ കോഴിക്കോട് നഗരസഭയിലംഗം.

വര്‍ഗീയ വൈരത്തിന്റെ ചോരപ്പുഴകളൊഴുകുന്നിടത്ത് ജീവന്‍ പണയംവെച്ച് ധീരനായി കടന്നുചെന്ന് സാന്ത്വനത്തിന്റെ കൊടിമരങ്ങള്‍ സ്ഥാപിച്ചു. 'ചത്തകുതിരക്കുയിേരകുമത്ഭുത തത്വവിജ്ഞാനം' കൊണ്ട് പണ്ഡിറ്റ് നെഹ്‌റുവിന് മറുപടി പറഞ്ഞ മാപ്പിളച്ചെറുപ്പക്കാരന്‍ അരനൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ കേട്ട പൗരുഷമാര്‍ന്ന സ്വരമാണെന്ന് സി. അച്യുതമേനോന്‍ പറഞ്ഞതിന് സാക്ഷിയാകാന്‍ ഞങ്ങളുടെ തലമുറക്കും സിദ്ധിച്ചു ഭാഗ്യം.

ഐക്യ കേരളത്തിന്റെ ഒന്നാം നിയമസഭയിലേക്ക് ഹരിതമുദ്ര മാറിലണിഞ്ഞെത്തിയ എട്ടംഗ സംഘത്തില്‍ ഇളയവന്‍ - ഇരുപത്തൊമ്പതു വയസ്സില്‍ നിയമസഭാ കക്ഷി നേതാവായി. വ്യവസ്ഥാപിത ബാലറ്റിലൂടെ അധികാരമേറിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന് ലോകം വാഴ്ത്തിയ ഇ.എം.എസ്. മന്ത്രിസഭ 'ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം' കുടിക്കുന്നത് എങ്ങനെയെന്നു കാണാന്‍ സി.എച്ചിന്റെ ഊഴം വരുന്നതും കാത്തിരുന്നു നിയമസഭ.

കവിത മയങ്ങുന്ന ഭാഷയും അറിവിന്റെ ആഴങ്ങള്‍ തൊട്ട ഉദ്ധരണികളും ഉപമകളുടെ അലങ്കാര ചമയവും സ്വരഗാംഭീര്യവും ഉള്‍ചേര്‍ന്ന ഒരു ഗോവര്‍ദ്ധനം സി.എച്ച് എന്ന സാഗരത്തില്‍ നിന്ന് പൊങ്ങി വരുന്നത് കണ്ടുകണ്ടങ്ങനെ നിന്നു കേരളം. ആ വിരലനക്കത്തിനൊപ്പം ചുവടുവെച്ചു ഒരു ജനത. കമ്മ്യൂണിസ്റ്റ് വാഴ്ചയില്‍ നിന്ന് കേരളത്തെ വിമോചിപ്പിച്ച ജനമുന്നേറ്റത്തിന്റെ ഇന്ധനമായി സി.എച്ചിന്റെ വാക്കുകള്‍. മുപ്പത്തിമൂന്നു വയസ്സില്‍ കേരള നിയമസഭയുടെ സ്പീക്കര്‍. ആര്‍. ശങ്കറും ഇ.എം.എസും പി.ടി. ചാക്കോയുമുള്ള സഭയുടെ അധ്യക്ഷന്‍. 'രാജകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വന്നിരിക്കുന്ന കാക്കയുടെ തല ചെരിച്ചു പിടിച്ച നോട്ടത്തില്‍പോലുമുണ്ട് അധികാരത്തിന്റെ ഒരഹന്ത' എന്ന് 'യയാതി'യില്‍ ഖാണ്‌ഡേക്കര്‍ പറയുന്നുണ്ട്. അധികാരമില്ലാത്ത സമുദായത്തിനു ആദ്യമായി കിട്ടിയ പദവിയുടെ തൂക്കവും സി.എച്ചിന്റെ പ്രായവുംവെച്ച് അളന്നാല്‍ ആര്‍ക്കും അങ്ങനെ തോന്നിപ്പോകാവുന്ന നേരം. പക്ഷേ, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ട് നിന്ന് ഫോണ്‍ ചെയ്തു പറഞ്ഞു സി.എച്ചിനോട്: 'ഈ മുന്നണി ബന്ധം തുടരാനാവില്ല; ഈയാഴ്ച തന്നെ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്ന്. ഫോണിന്റെ മറുതലക്കല്‍ നിന്ന് മറുപടി: 'ഞാനിതാ രാജിവെച്ചു കഴിഞ്ഞു'.

'അധികാരം ഒരു പിച്ചളപ്പിന്നുപോലെ വലിച്ചെറിഞ്ഞ് ഇതാ ഇറങ്ങിവരുന്നു ജനഹൃദയങ്ങളുടെ മാണിക്യക്കൊട്ടാരത്തിലേക്കെന്ന് സി.എച്ച് പ്രഖ്യാപിച്ചത് അക്ഷരംപ്രതി ശരിയായി. 1962-ലെ ലോക്‌സഭാ ഇലക്ഷനില്‍. തോല്‍ക്കുമെന്നുറപ്പുള്ള കോഴിക്കോട് സീറ്റില്‍ മുന്നണി ബന്ധങ്ങളുടെ ഭാരവും തുണയുമില്ലാതെ തനിച്ച് നിന്നൊരു പോരാട്ടം. ജയിച്ചു സി.എച്ച്. വയസ്സ് 34ല്‍ പാര്‍ലമെന്റംഗം. മഞ്ചേരിയില്‍ മുസ്‌ലിം ഇന്ത്യയുടെ ആത്മാവായ ഖാഇദേമില്ലത്തും. പണ്ഡിറ്റ് നെഹ്‌റുവിന്റെ പാര്‍ലമെന്റില്‍, ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായ സഭയില്‍ ഒരു സി.എച്ച് സ്പര്‍ശം. മുപ്പത്തൊമ്പത് വയസ്സില്‍ മന്ത്രി. ഇ.എം.എസ്. മന്ത്രിസഭയില്‍.

ഉന്മൂലന രാഷ്ട്രീയത്തിന്റെ വധശ്രമത്തില്‍ നിന്ന് തലനാരിഴയില്‍ രക്ഷപ്പെടുമ്പോള്‍ ആ ആഭ്യന്തര മന്ത്രിക്ക് പ്രായം 42. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാകുന്ന അത്ഭുതം ഇന്ത്യന്‍ രാഷ്ട്രീയം കണ്ണിമചിമ്മാതെ നോക്കിനിന്നു. 1979 ഒക്‌ടോ. 12 വെള്ളിയാഴ്ച. സി.എച്ചിനപ്പോള്‍ അമ്പത്തൊന്ന് വയസ്സ്.

രണ്ടു തവണ ഉപമുഖ്യമന്ത്രി. എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത മന്ത്രി. കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യത്തെ മൂന്ന് സര്‍വ്വകലാശാലകളുടെയും സ്ഥാപകന്‍. ഏഷ്യയിലെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും (കുസാറ്റ) കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും കാര്‍ഷിക സര്‍വകലാശാലയും. മലപ്പുറം ജില്ല. എണ്ണമറ്റ സ്‌കൂളുകള്‍, കോളജുകള്‍, അക്കാദമികള്‍, പൊലീസ് സേനയുള്‍പ്പെടെ കൈവെച്ച വകുപ്പിലെല്ലാം ആധുനിക വത്ക്കരണത്തിന്റെ സി.എച്ച് മുദ്രകള്‍. അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളുടെ സംരക്ഷണം. മുസ്‌ലിം - നാടാര്‍ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്, മുസ്‌ലിം വനിതാ വിദ്യാഭ്യാസ മുന്നേറ്റം, സര്‍വകലാശാലയിലെ -- വിദ്യാര്‍ത്ഥി പ്രാതിനിധ്യം, വിദ്യാഭ്യാസം, സംവരണം, സാമൂഹിക പരിഷ്‌കരണം--. മുസ്‌ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ സര്‍വ പുരോഗതിയുടെയും അസ്തിവാരമിട്ട ശില്‍പി. ''നമസ്‌ക്കാരത്തഴമ്പും ചന്ദനക്കുറിയും വെന്തിങ്ങയും ഒരുമിച്ചു ഘോഷയാത്ര'' നടത്തുന്ന വസന്ത കാലത്തിനായി നിലമൊരുക്കിയ മനുഷ്യ സ്‌നേഹി. ചൂഷണത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ വില്ലു കുലച്ച വിപ്ലവകാരി. എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, വാഗ്മി, സഞ്ചാര സാഹിത്യകാരന്‍, ഭരണ തന്ത്രജ്ഞന്‍, സമുദായ പരിഷ്‌കര്‍ത്താവ്, അവകാശ സമര പോരാളി.

മനസ്സിന്റെ ആര്‍ദ്രതയും മുഖമാകെ പടര്‍ന്ന് നില്‍ക്കുന്ന നിറ പുഞ്ചിരിയും ആരും കൊതിച്ചുപോകുന്ന ആകാര സൗഷ്ഠവവുമായി വ്യക്തി പ്രഭാവത്തിന്റെ സര്‍വ ചിഹ്നങ്ങളും മാറിലണിയാന്‍ പ്രാപ്തമായ മഹാപുരുഷ പ്രഭ. മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ സ്ഥാപക നേതൃത്വം മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സാരഥ്യം വരെ. അനുഗൃഹീതമായ സര്‍വ പ്രതിഭയും പ്രാണനും സമര്‍പ്പിച്ചത് തന്റെ ജനതക്കുവേണ്ടി,. കൂട്ടത്തില്‍ ദരിദ്രനായവനെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു.

അവഗണനയും നിരക്ഷരതയും കൂടിക്കുഴഞ്ഞ കറുത്ത ഭൂഖണ്ഡങ്ങളില്‍ നിത്യ നിരാശയുടെ പാഴ്‌ചേറിലമര്‍ന്ന് കഴിഞ്ഞിരുന്ന ജനതതിയെ വിളിച്ചുണര്‍ത്തി ആത്മധൈര്യത്തിന്റെ ഉത്തരീയമണിയിച്ച് അവരില്‍ അവകാശ ബോധത്തിന്റെ പതാകയേല്‍പിച്ചു സി.എച്ച്. അക്ഷരം അവര്‍ക്ക് ആയുധമായി നല്‍കി. ഹരിതക്കൊടിയുടെ തണലില്‍ ആ ജനത സ്വയം തിരിച്ചറിഞ്ഞു. വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറിയ ആ മനുഷ്യര്‍ അധികാര ശക്തിയായി മാറി. ഭരണകൂടങ്ങളാല്‍ നിരന്തരം തോല്‍പിക്കപ്പെട്ട ജനതയുടെ അധികാരാരോഹണം. അവഗണിക്കപ്പെട്ടവര്‍ അധികാര ശക്തിയായ ഘോഷയാത്രയുടെ ചരിത്രമുടനീളം പൂരവിളക്കായി ജ്വലിച്ചുനില്‍ക്കുന്നു സി.എച്ച് എന്ന ഗോപുരം. ദേഹം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും മരണംവരെ മനസ്സുലയാതെ നിന്ന വീരനായകന്‍. സി.എച്ചിന്റെ പന്തിയില്‍ എന്നും കൂടെയിരുന്നത് ദരിദ്രന്റെ സ്വപ്‌നങ്ങളായിരുന്നു. ആരുമില്ലാത്തവര്‍ക്ക് ഞാനുണ്ട് കൂടെയെന്ന് ഒരു പൊതി ചോറ് കരുതി സി.എച്ച് എന്നും.

മുന്‍മന്ത്രി എം.പി. ഗംഗാധരന്‍ ഒരു തീവണ്ടി യാത്രയുടെ അനുഭവത്തിലൂടെ ഞങ്ങളെകൊണ്ടുപോയി ഒരിക്കല്‍. സി.എച്ച്. എന്ന സുല്‍ത്താന്റെ പ്രജകളെ.
''കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരുടെ സംഘം ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. പഞ്ചാബിലേക്കാണ് അടുത്ത യാത്ര. സി.എച്ച്. തന്നെയാണ് തലവന്‍. 1981 കാലം. സി.എച്ച് അവശനാണ്. രാത്രി ഏറെ വൈകിയിരിക്കുന്നു. കഴിക്കാന്‍ ചോറുതന്നെ കിട്ടി. എല്ലാവരും കൈകഴുകിവന്നു. സി.എച്ച് പെട്ടി തുറന്ന് ഒരു പേപ്പറെടുത്തു. സീറ്റില്‍ വിരിക്കാനായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. അല്‍പം ചോറ് പ്ലേറ്റിലിട്ട് ബാക്കി പൊതിഞ്ഞുവെക്കുന്നു. എന്തിനാവുമിത്. പ്രാതലിന് വേണ്ടി കരുതിവെക്കേണ്ട. കിട്ടിയ ചോറാണെങ്കില്‍ ഒരാള്‍ക്ക് കഴിക്കാനേയുള്ളൂ. ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ നോക്കിയിരുന്നു. സി.എച്ച് പൊതിയുമായി എഴുന്നേറ്റു. വാഷ്‌ബേസിനടുത്തേക്ക് പോകുന്നു. എന്തിനാകും? പുറത്തേക്കെറിയാനോ! ഞങ്ങള്‍ പിന്നാലെ ചെന്നു. ആ ഇടനാഴിയില്‍ വയസ്സുവയസ്സായി എല്ലുന്തിയ ഒരു മനുഷ്യക്കോലം ഉറങ്ങുന്നു. ഭിക്ഷക്കാരിയാണെന്ന് തോന്നുന്നു. സി.എച്ച് അവരെ വിളിച്ചുണര്‍ത്തി. മുഖം കഴുകാന്‍ വെള്ളം കൊടുത്തു. ആ വൃദ്ധയുടെ മുന്നില്‍ സി.എച്ച് ചമ്രംപടിഞ്ഞിരുന്നു. ചോറ് ഉരുളയാക്കി കൈകളില്‍ വെച്ച് കൊടുക്കുന്നു. ആ കാഴ്ച ഞങ്ങളെ തളര്‍ത്തി. ഇങ്ങനെയും ഒരു മനുഷ്യനോ? അജ്ഞാതമായ ഏതോ ദിക്കിലെ ഭിക്ഷക്കാരിക്ക് ചോറ് വാരിക്കൊടുക്കുന്ന ഇയാള്‍ മാലാഖയാണോ! ഞങ്ങള്‍ക്കന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. ഓര്‍ത്തോര്‍ത്ത് കണ്ണുനിറഞ്ഞ് ആ രാത്രി ഉറങ്ങിയില്ല. സി.എച്ച് പക്ഷേ ഒന്നുമറിയാത്തപോലെ വന്നു

സി.പി സൈതലവി
9/27/2013

Saturday, September 28, 2013

സി.എച്ച് ജേര്‍ണലിസം അവാര്‍ഡുകള്‍ സമ്മാനിച്ചു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായ സി.എച്ച് മുഹമ്മദ്‌കോയയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സി.എച്ച് ജേര്‍ണലിസം അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ജന്മദേശമായ അത്തോളിയില്‍ നടന്ന പ്രൗഢഗംഭീരമാര്‍ന്ന ചടങ്ങില്‍ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ജയറാം രമേശ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. തെഹല്‍ക്കയിലെ ആഷിഷ് ഖേതാന്‍, ഡോ. പ്രണോയ് റോയിക്കുവേണ്ടി എന്‍.ഡി.ടി.വി എഡിറ്റര്‍ മായാ ശര്‍മ, മലയാള മനോരമ എക്‌സിക്യുട്ടീവ് എഡിറ്റര്‍ തോമസ് ജേക്കബ്, ഇന്ത്യാവിഷന്‍ ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ്ജ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കേരള രാഷ്ട്രീയത്തില്‍ എന്നപോലെ സാമൂഹിക ജീവിതത്തിലും മഹത്തായ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സി.എച്ച് എന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് അനുസ്മരിച്ചു. കേരളത്തിന്റെ പൊതുജീവിതത്തിന് സി.എച്ചിനെ പോലുള്ളവരുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന സന്ദര്‍ഭം കൂടിയാണിത്. ഗൗരവമായ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും സ്വതസിദ്ധമായ നര്‍മം വിടാത്ത വ്യക്തിത്വമായിരുന്നു സി.എച്ചിന്റേത്. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നി്‌സ്തുലമാണ്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളം മാതൃകയാണ്. എന്നാല്‍, ഇന്ന് മതേതരത്വത്തിന് പലവിധ ഭീഷണികള്‍ നേരിടേണ്ടിവരുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം ഭീഷണികളെ ചെറുത്തുതോല്‍പിക്കാന്‍ യോജിച്ച മുന്നേറ്റം നടത്തണം. മതത്തെയും വിശ്വാസത്തെയും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം -ജയറാം രമേശ് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഇവിടെ തന്നെ തൊഴിലവസരം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന വ്യവസായവകുപ്പിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍, ചരിത്രകാരന്‍, ബഹുമുഖപ്രതിഭ എന്നീ നിലകളില്‍ യശസ്സ് നേടിയ സി.എച്ച് സ്വന്തം സമുദായം ചരിത്രപരമായി പിന്നാക്കം പോയതിന്റെ കാരണം അന്വേഷിച്ച നേതാവായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമുദായം ഒരിക്കലും തരംതാഴാന്‍ പാടില്ലെന്നായിരുന്നു സി.എച്ചിന്റെ ആഹ്വാനം. രാഷ്ട്രീയജീവിതത്തില്‍ അനുസരണയും അച്ചടക്കവും പാലിക്കാന്‍ സി.എച്ച് കാണിച്ച വ്യഗ്രതയും അനുകരണീയമായിരുന്നു - തങ്ങള്‍ അനുസ്മരിച്ചു. ചന്ദ്രിക ദിനപത്രം സി.എച്ചിന്റെ ഏറ്റവും വലിയ ആശയമായിരുന്നു. അതിനുവേണ്ടി അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. മുസ്‌ലിംസമുദായം വിദ്യാഭ്യാസപരമായി മുന്നേറണമെന്ന് സി.എച്ച് എപ്പോഴും ആഗ്രഹിച്ചിരുന്നു - ഹൈദരലി തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദം വേറിട്ടു കേള്‍പ്പിക്കാന്‍ യത്‌നിച്ച സി.എച്ച് വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പ്രസ്താവിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായത്തെ അവകാശം നേടിയെടുക്കാന്‍ പര്യാപ്തമാക്കുകയാണ് സി.എച്ച് നിര്‍വഹിച്ചത്. മതേതരത്വം ജീവവായുപോലെ പ്രധാനമായി കണ്ട നേതാവായിരുന്നു സി.എച്ച് - അഹമ്മദ് അനുസ്മരിച്ചു.

സി.എച്ചിന്റേത് അകാല വിയോഗമായിരുന്നുവെന്ന് വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവിച്ചിരുന്നുവെങ്കില്‍ ഇന്നും പ്രസ്ഥാനത്തിന് അദ്ദേഹം മുതല്‍ക്കൂട്ടാകുമായിരുന്നു. തീവ്രവാദത്തിനെതിരെ എന്നും പടവെട്ടിയ നേതാവായിരുന്നു സി.എച്ച്. സാക്ഷരതയും വിദ്യാഭ്യാസവും സാര്‍വത്രികമാക്കുന്നതിനും ഉത്സാഹിച്ചു - കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. സി.എച്ചിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഒരു മകനെന്നപോലെ തനിക്കും കിട്ടിയിട്ടുണ്ടെന്ന് ചടങ്ങില്‍ പ്രസംഗിച്ച തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലേക്ക് മാറുമ്പോഴും തന്റെ പിതാവിന് ഏറ്റവും വലിയ പ്രയാസം സി.എച്ചിനെ പിരിയുന്നതായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ പിതാവ് സി.എച്ചിനെ ആലിംഗനം ചെയ്ത് കരഞ്ഞ രംഗം ഇന്നും മനസ്സിലുണ്ട് - ഷിബു ബേബിജോണ്‍ പറഞ്ഞു.

ചടങ്ങില്‍ സി.എച്ച് ജര്‍ണലിസം അവാര്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ സ്വാഗതം ആശംസിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ഹംസ അതിഥികളെ പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രശസ്തിപത്രം സമര്‍പ്പിച്ചു. പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍, കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ്, എം.കെ രാഘവന്‍ എം.പി, എം.എല്‍.എ മാരായ പുരുഷന്‍ കടലുണ്ടി, എ.കെ ശശീന്ദ്രന്‍, മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മായില്‍, മുന്‍ എം.എല്‍.എ യു.സി.രാമന്‍, കെ.യു. ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ.മൊയ്തീന്‍ കോയ, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, പി.കെ. ഫിറോസ്, ഡി.സി.സി പ്രസിഡണ്ട് കെ.സി അബു, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, പി.ദാമോധരന്‍,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ചന്ദ്രഹാസന്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമാ പാലോത്ത്, പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രന്‍, അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ഞിരോളി മുഹമ്മദ്‌കോയ പ്രസംഗിച്ചു.

Chandrika
9/28/2013

സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ പങ്ക് മഹത്തരം: സി. മമ്മൂട്ടി എം.എല്‍.എ


-


തിരൂര്‍: വിവിധ സി.എച്ച് സെന്ററുകള്‍വഴി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ നേതൃത്വത്തില്‍ വിദേശത്ത് വ്യത്യസ്ത ചാപ്റ്റററുകളായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു. തിരൂര്‍ ജില്ലാ ആസ്പത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിനുള്ള റിയാദ് ചാപ്റ്റര്‍ ഫണ്ടിന്റെ ആദ്യഗഡു കുഞ്ഞുട്ടി ആതവനാടില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരൂര്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ നടത്തുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും സെന്റര്‍ പ്രസിഡണ്ട് കൂടിയായ എം. എല്‍.എ പറഞ്ഞു. ശംസു പൊന്നാനി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഫൈസല്‍ പറവണ്ണ, യൂസുഫ് താനൂര്‍, പി.കെ സലാം പൊന്നാനി പ്രസംഗിച്ചു. സലാം പറവണ്ണ സ്വാഗതവും സുനീര്‍ വാണിയന്നൂര്‍ നന്ദിയും പറഞ്ഞു.

Chandrika
9/6/2013 9:18:19 AM

അബുദാബിയില്‍ സി.എച്ച് അനുസ്മരണ വാരത്തിന് ഇന്നാരംഭം

അബുദാബിയില്‍ സി.എച്ച് അനുസ്മരണ വാരത്തിന് ഇന്നാരംഭം
- gulf desk
Posted On: 9/27/2013 6:44:12 PM  


അബുദാബി: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ സമ്മേളനത്തിന് ഇന്ന് അബുദാബിയില്‍ തുടക്കം കുറിക്കും. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് പ്രമുഖ പ്രവാസി കാര്‍ട്ടൂണിസ്റ്റ് നസീര്‍ രാമന്തളിയുടെ സി.എച്ചിന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്ര പ്രദര്‍ശനം നടക്കും. ഒരാഴ്ച നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഭാരവാഹികള്‍ വ്യക്തമാക്കി.

അടുത്ത മാസം മൂന്നു വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഗായകരുടെ നേതൃത്വത്തില്‍ സി.എച്ച് അനുസ്മരണ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സദസ് നടക്കും. മൂന്നിന് നടക്കുന്ന അനുസ്മരണ സമാപന സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.

Wednesday, September 25, 2013

'സി.എച്ച്: മായാത്ത വരകള്‍' കാര്‍ട്ടൂണ്‍ ശേഖരവുമായി കമാലുദ്ദീന്‍



തിരുവനന്തപുരം: മലയാളിയുടെ രാഷ്ട്രീയ, സാമൂഹ്യ ചിന്തകള്‍ക്ക് എക്കാലവും ചൂടുപകര്‍ന്ന ഓര്‍മകളാണ് മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയുടേത്. ആ ഓര്‍മകള്‍ വരഞ്ഞ അരനൂറ്റാണ്ടിന്റെ രേഖാചിത്രം ആദ്യമായി സാംസ്‌കാരിക കൈരളിക്ക് മുന്നിലെത്തുന്നു. സി.എച്ചിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ ദൃഷ്ടിയിലൂടെ കണ്ടെടുക്കുകയാണ്.

മലയാള പത്രങ്ങളില്‍ സി.എച്ചിനെ നായകനായും പ്രതിനായകനായും അവതരിപ്പിച്ച കാര്‍ട്ടൂണുകളുടെ സമാഹാരമാണിത്. കേരള സര്‍വകലാശാലയിലെ മുന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന എസ്. കമാലുദ്ദീനാണ് പുസ്തകം തയാറാക്കിയത്.

ജീവിച്ചിരുന്ന കാലത്ത് ഏറ്റവുമധികം കാര്‍ട്ടൂണ്‍ പരിഹാസങ്ങള്‍ക്ക് വിധേയനായ നേതാവായിരുന്നു സി.എച്ച്. സമകാലികരായ കാര്‍ട്ടൂണിസ്റ്റുകളുടെയെല്ലാം പ്രധാന ഇരയായിരുന്നു അദ്ദേഹം. എന്നാല്‍ സി.എച്ചിന് ഒരിക്കല്‍പോലും അസഹിഷ്ണുതയുണ്ടായിരുന്നില്ല. ചരിത്രം ആ മഹാനെ എങ്ങനെ ഓര്‍മിക്കുന്നുവെന്നും അദ്ദേഹം എന്തായിരുന്നുവെന്നും വാക്കുകളുടെ അകമ്പടിയില്ലാതെ കോറിയിടുന്ന പുസ്തകമാണിത്.

ഒരേയൊരു സി.എച്ച്, ഒപ്പത്തിനൊപ്പം, സ്വസമുദായത്തോട്, സി.എച്ചും മുസ്‌ലിം ലീഗും, രാഷ്ട്രീയ രംഗത്ത്, മന്ത്രിക്കസേരയില്‍ എന്നിങ്ങനെ ആറ് ഭാഗങ്ങളായി ചിട്ടപ്പെടുത്തിയ കാര്‍ട്ടൂണ്‍ ശേഖരം മലയാളത്തിലെ പല തലമുറയില്‍പെട്ട പ്രഗത്ഭരുടെ വരകള്‍ കൊണ്ട് സമ്പന്നമാണ്.

നമ്പൂതിരി, എം.വി ദേവന്‍, മലയാറ്റൂര്‍, സുകുമാര്‍, സോമനാഥന്‍, യേശുദാസന്‍, പി.വി കൃഷ്ണന്‍, വേണു, പി.കെ മന്ത്രി, നാഥന്‍, ബി.എം ഗഫൂര്‍, ശിവറാം, ബാലു, സിദ്ദീഖ് പറവൂര്‍, വൈ.എ റഹിം, മധു ഓമല്ലൂര്‍, ഹരി തുടങ്ങിയവര്‍ക്കൊപ്പം സി.എച്ചിന്റെ മകന്‍ ഡോ.എം.കെ മുനീറും പിതാവിന്റെ ദീപ്ത സ്മരണകള്‍ വരകളാക്കിയിരിക്കുന്നു.

സി.എച്ചിനെക്കുറിച്ച് നിരവധി പ്രബന്ധങ്ങളും പഠനങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സി.എച്ച് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട ഒരു കാലഘട്ടത്തിലെ മുസ്‌ലിം, പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യ നിലവാരം ഈ കാര്‍ട്ടൂണുകള്‍ അടയാളപ്പെടുത്തുന്നു.

സ്വന്തം സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സി.എച്ച് നടത്തിയ പോരാട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കാര്‍ട്ടൂണുകള്‍ ഉള്‍പെടെ അദ്ദേഹത്തെ ആഴത്തില്‍ മനസിലാക്കാന്‍ ചരിത്ര- രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതാണ് 'സി.എച്ച്: മായാത്ത വരകള്‍, മറയാത്ത രൂപങ്ങള്‍' എന്ന സമാഹാരം.

'കുട നന്നാക്കുന്നവരെയും വിറക് വെട്ടുന്നവരെയും വെള്ളം കോരികളെയും അറബി മുന്‍ഷിമാരാക്കി'യെന്ന ആക്ഷേപത്തിന് മുന്നില്‍ നെഞ്ചുവിടര്‍ത്തി നില്‍ക്കുന്ന സി.എച്ച് 'മുന്‍ഷിമാരുടെ മക്കളെ ഡോക്ടറും എഞ്ചിനീയറും അധ്യാപകരുമാക്കിയിട്ടേ ഞാനെന്റെ ശ്രമം അവസാനിപ്പിക്കൂ' എന്ന് മറുപടി നല്‍കുന്നതും ഈ കാര്‍ട്ടൂണ്‍ സമാഹാരത്തിലുണ്ട്.

കോളജ് വിദ്യാര്‍ത്ഥിയായ കാലം മുതല്‍ സി.എച്ചിനെ പിന്തുടരുന്ന എസ്. കമാലുദ്ദീന്‍ സി.എച്ചിന്റെ പ്രധാനപ്പെട്ട പ്രസംഗങ്ങള്‍ സമാഹരിച്ച് 'സി.എച്ചിന്റെ പ്രഭാഷണങ്ങള്‍' എന്ന പുസ്തകവും സി.എച്ചിന്റെ പ്രസംഗം റിക്കോര്‍ഡ് ചെയ്ത 'സി.എച്ച് ശബ്ദ സ്മരണിക' 'സി.എച്ച് വേര്‍പാടും സ്മരണകളും' എന്ന പേരില്‍ ആല്‍ബവും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

ഫിര്‍ദൗസ് കായല്‍പ്പുറം
 9/22/2013

Sunday, September 22, 2013

സി.എച്ച് അനുസ്മരണ സംഗമം നടത്തി

 


ദമ്മാം: ചരിത്രത്തില്‍ ഒരു സാമുദായിക രാഷ്ട്രീയക്കാരനായി ഒതുക്കിനിര്‍ത്തേണ്ട കേവല നേതാവ് മാത്രമല്ല സി.എച്ച് മുഹമ്മദ് കോയയെന്നും കൈവെച്ച മേഖലകളിലൊക്കെയും ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ റോള്‍ മോഡലായി വരുംതലമുറക്ക് ചൂണ്ടിക്കാണിക്കാനാകുന്ന അപൂര്‍വ വ്യക്തികളില്‍ ഒരാളായി ഇന്നും ജീവിക്കുകയാണ് അദ്ദേഹമെന്നും കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.

കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി വാഴുമ്പോഴും അധികാരത്തിന്റെ സോപാനങ്ങള്‍ കീഴടക്കുമ്പോഴും മത ജാതീയ സങ്കുചിത ചിന്തകള്‍ക്കതീതമായി അതിരുകളില്ലാത്ത മാനവികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു സി.എച്ചിന്റെ പ്രയാണം.

അതേസമയം അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശ സംരക്ഷണ രംഗത്ത് അധികാരത്തിന്റെ കാര്‍ക്കശ്യം ഉപയോഗപ്പെടുത്താനും അദ്ദേഹം ആരെയും ഭയപ്പെട്ടില്ല. നിസ്വാര്‍ഥമായ ആ നീക്കങ്ങളുടെ ഗുണഫലമാണ് വര്‍ത്തമാന കേരളം ഇന്നനുഭാവിക്കുന്നതെന്ന് സംഗമം അനുസ്മരിച്ചു.
ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

കിഴക്കന്‍ പ്രവിശ്യ പ്രസിഡണ്ട് ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സി ഹാശിം, സി.എച്ച് മൗലവി, എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍, ഇസ്മായില്‍ വള്ളിയോത്ത് പ്രസംഗിച്ചു. നാസര്‍ അണ്ടോണ അനുസ്മരണ ഗാനമാലപിച്ചു.

കോഴിക്കോട് സി.എച്ച് സെന്ററിലേക്ക് ദമ്മാം ചാപ്റ്റര്‍ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ ഫണ്ട് അബ്ദുറഹ്മാന്‍ മലയമ്മയില്‍നിന്ന് ഖാദര്‍ ചെങ്കള ഏറ്റുവാങ്ങി. കണ്‍വീനര്‍മാരായ അമീറലി തളിപ്പറമ്പ് സ്വാഗതവും സക്കീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. അനസ് മൗലവി ഖിറാഅത്ത് നടത്തി.

News @ Chandrika
9/22/2013 4:24:02 PM  

Wednesday, August 14, 2013

ഭരണപാതയില്‍ സി.എച്ചിന്റെ ദീര്‍ഘദൃഷ്ടി

പുരോഗമന കാര്യങ്ങള്‍ക്കൊപ്പം നടക്കുകയും ഭാവിയിലേക്ക് ദീര്‍ഘവീക്ഷണം നടത്തുകയും ചെയ്തിരുന്ന മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ പല ആവശ്യങ്ങളും മുമ്പേ പറഞ്ഞ വ്യക്തി. ബ്രിട്ടീഷുകാരന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പണിതീര്‍ത്ത നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാത പില്‍ക്കാലത്ത് വലിയ നഷ്ടത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും ആദായമില്ലെന്ന് പറഞ്ഞ് എടുത്തുകളയുവാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. സി.എച്ച് നിയമസഭയില്‍ 1958 ജൂലൈ 9ന് അനൗദ്യോഗിക പ്രമേയം കൊണ്ടുവരികയും ഫറോക്കില്‍നിന്ന് മേലാറ്റൂരിലേക്ക് മറ്റൊരു റെയില്‍ പാത കൂടി ബന്ധിപ്പിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നും സ്ഥാപിച്ചെടുത്തു.

അന്നത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ശക്തിയുക്തം വിഷയം കൊണ്ടുവന്നു. കേന്ദ്ര മെമ്പറായിരുന്ന ഹാജി അബ്ദുല്‍സത്താര്‍, ഹാജി ഇസ്ഹാഖ് സേട്ട് തുടങ്ങിയവരും പാര്‍ലമെന്റ് മെമ്പറായിരുന്ന പോക്കര്‍ സാഹിബും വിഷയം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ഫറോക്കില്‍നിന്ന് മേലാറ്റൂരിലേക്ക് ഒരു റെയില്‍വെ ലൈന്‍ കൊണ്ടുവന്നാല്‍ ഏറനാട്, വള്ളുവനാട് ദേശങ്ങള്‍ വളരെയേറെ വികസിക്കുകയും ജനങ്ങളുടെ യാത്ര എളുപ്പമാവുകയും ചെയ്യുമെന്ന് സി.എച്ച് വാദിച്ചു.

മലബാറിനോട് എക്കാലത്തും അവഗണന പുലര്‍ത്തിയിരുന്ന മദ്രാസ് ഗവണ്‍മെന്റിന്റെ നിലപാടാണ് ഇങ്ങനെ ഒരു പാത ഉണ്ടാവാതെ പോയതെന്ന് സി.എച്ച് തെളിവുസഹിതം സ്ഥാപിച്ചു. ഇങ്ങനെ ഒരു റെയില്‍പാത വരുന്നതിനാല്‍ മറ്റൊരു പാതയുടെയും പണി തുടങ്ങരുതെന്ന് പറയുന്നില്ല. ചെലവ് കുറഞ്ഞ പ്രസ്തുത പാതകൊണ്ട് നമ്മുടെ വാണിജ്യപരവും വ്യാവസായികവുമായ വളര്‍ച്ചക്ക് വലിയ ആക്കം കൂട്ടുമെന്ന് സി.എച്ച് പറഞ്ഞുനിര്‍ത്തി. അതേസമയം ഇന്ന് കാര്യമായ ചര്‍ച്ചയോ പ്രവര്‍ത്തനമോ ഇങ്ങനെ ഒരു റെയില്‍പാതയുടെ കാര്യത്തില്‍ നടക്കുന്നില്ല. നമ്മുടെ നിയമസഭാ സാമാജികരും എം.പിമാരും മന്ത്രിമാരുമൊക്കെ ആത്മാര്‍ത്ഥമായ സമീപനം എടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും സി.എച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനംചെയ്ത ഫറോക്ക്- മേലാറ്റൂര്‍ റെയില്‍പാത മഞ്ചേരിയെ ബന്ധിപ്പിച്ച് നടപ്പില്‍ വരുമായിരുന്നു.

വര്‍ത്തമാനകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ 1979 ഒക്‌ടോബര്‍ 23ന് സി.എച്ച് നിയമസഭയില്‍ കൊണ്ടുവന്നു. 1886 ഒക്‌ടോബര്‍ 29ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവും ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറിയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി അന്നത്തെ മദിരാശി സര്‍ക്കാര്‍ 1897ലാണ് പ്രസ്തുത ഡാം പണികഴിപ്പിച്ചത്. കരാറിന്റെ കാലാവധി കണക്കാക്കിയിരുന്നത് 01-01-1886 മുതല്‍ 999 വര്‍ഷമായിരുന്നു. 1241 അടി നീളവും 158 അടി ഉയരവുമുള്ള മുല്ലപ്പെരിയാര്‍ 1972 മുതല്‍ ഭീഷണി സൃഷ്ടിച്ചിരുന്നു. 145 അടി ഉയരത്തില്‍ മാത്രമേ ജലനിരപ്പ് ഉയരാവൂ എന്ന കേരള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാറിനേയും മദിരാശി സര്‍ക്കാറിനേയും കേരള ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ മുഖേന അറിയിച്ചിരുന്നു. 1972ലും 73ലും ഡാമിന്റെ ഡ്രില്‍ ചെയ്‌തെടുത്ത സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. നാല്‍പത് വര്‍ഷത്തിലേറെയായി കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടത്തെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാറിനെ അറിയിച്ചുകൊണ്ടിരിക്കുന്നു.

1979 ഒക്‌ടോബര്‍ 11ന് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതുവരെയും അതിനു ശേഷവും മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണെന്ന് കേന്ദ്രത്തിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും നിരന്തരം ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. സി.എച്ചിന്റെ ആ ദീര്‍ഘദൃഷ്ടി തുടര്‍ന്നുള്ള സര്‍ക്കാറുകള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നുവേണം പറയാന്‍. മുഖ്യമന്ത്രിപദത്തില്‍ കുറച്ചുകാലംകൂടി സി.എച്ച് തുടര്‍ന്നിരുന്നെങ്കില്‍ പെരിയാര്‍ ഡാമിന്റെ ഭീഷണി കേരളത്തിനുണ്ടാകുമായിരുന്നില്ല. കേരളത്തിലെ മൊത്തം ജനങ്ങളുടെ ക്ഷേമം മാത്രം മനസില്‍ കൊണ്ടുനടന്ന സി.എച്ച് തന്റെ ഹ്രസ്വമായ ജീവിതത്തിനിടയില്‍ മൊത്തം സമൂഹത്തിനു വാരിക്കോരി കൊടുത്ത നേട്ടങ്ങള്‍ നിരവധിയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാണ് കൊണ്ടുവന്നത്. കേരള യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും നിലവില്‍ വന്നു.

കോഴിക്കോട് വിമാനത്താവളം സി.എച്ചിന്റെ മറ്റൊരു നേട്ടമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആര്‍ക്കും ആവലാതിയില്ലാതെ പുരോഗതികളുടെ സുവര്‍ണ്ണകാലമായിരുന്നു സി.എച്ചിന്റെ യുഗം.
കേരളത്തിന്റെ ജനഹൃദയങ്ങളിലെ മാണിക്യകൊട്ടാരത്തിലെ കിരീടംവെക്കാത്ത സുല്‍ത്താനായി സി.എച്ച് ഇന്നും ജീവിക്കുന്നു. എല്ലാവരും സി.എച്ചിലേക്ക് മടങ്ങുന്നു. ആ ജീവിതം പവിത്രമായിരുന്നു; സംശുദ്ധമായിരുന്നു. നമുക്ക് കുറേക്കാലം അഭിമാനിക്കാം-സി.എച്ചിനെ കുറിച്ചോര്‍ത്ത്.

News @ Chandrika
ടി.എച്ച് കുഞ്ഞാലി
8/12/2013 

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes