Thursday, May 16, 2013

അറബിഭാഷാ പഠനത്തില്‍ സി.എച്ചിന്റെ അടയാളങ്ങള്‍


അറബി ഭാഷക്ക് കേരളവുമായി ചരിത്രാതീത കാലം തൊട്ടുള്ള ബന്ധമുണ്ട്. സമുദ്രവ്യാപാരികളായിരുന്ന അറബികളുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു കേരളത്തിലെ തുറമുഖ നഗരങ്ങള്‍ക്ക്.

പ്രവാചകന്റെ ആഗമനത്തിനു ശേഷം ഇസ്‌ലാംമത പ്രചാരകര്‍ കൂടി എത്തിത്തുടങ്ങിയതോടെ ഈ ബന്ധം രൂഢമൂലമായി. ഖുര്‍ആന്റെ ഭാഷ എന്ന നിലയില്‍ മുസ്‌ലിം മതജീവിതത്തില്‍ അറബി ഭാഷ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മലബാറിലെ വാമൊഴിയില്‍ അറബ് പദങ്ങളുടേയും തത്സമയങ്ങളുടേയും കലര്‍പ്പുകള്‍ കാണാം.

മലയാളികളായ അറബ് പണ്ഡിതന്മാര്‍ നിരവധിയാണ്. 36 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ചരിത്രഗ്രന്ഥം, അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വരെ പഠിപ്പിച്ചിരുന്ന ‘ഫത്ഹുല്‍ മുഈന്‍’ എന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥം തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ ഈടുറ്റ അറബ് ഗ്രന്ഥങ്ങള്‍ മലയാളികളായ പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്. എന്തിനേറെ, ലോകത്തിനു ”ഖത്തുഫുന്നാനി” എന്ന ലിപിരൂപവും മലബാറില്‍ നിന്നുണ്ടായി.

മതപഠനത്തിന്റെ മാധ്യമം എന്ന നിലയില്‍ അറബി ഭാഷ കേരളത്തില്‍ പ്രചുര പ്രചാരം നേടി. അസംഖ്യം പള്ളി ദര്‍സുകളും മതപാഠശാലകളും അറബി ഭാഷാ പഠനം വ്യാപകമാക്കി. അറബി മലയാളത്തിന്റെ ആവിര്‍ഭാവം തന്നെ മതപഠനത്തിനു വേണ്ടിയായിരുന്നു. അറബ്‌ലിപികളില്‍ മലയാളമെഴുതുന്ന അറബി മലയാള ഭാഷയില്‍ നിരവധി കാവ്യങ്ങളും വൈദ്യം, ഗോളശാസ്ത്രം, ചരിത്രം തുടങ്ങിയ ശാഖകളില്‍ ഗ്രന്ഥങ്ങളുമുണ്ട്. കേരളമുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ അറബി മലയാളം ഇന്നും മദ്രസാക്ലാസുകളില്‍ അധ്യയന മാധ്യമമായി തുടരുന്നു. അതേസമയം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ രാജ്യത്തിന്റെ പൊതു അവസ്ഥ തകര്‍ത്തതിനോടൊപ്പം മുസ്‌ലിം സാമൂഹിക ജീവിതത്തേയും തകര്‍ത്തു.

ബ്രിട്ടീഷ് വിരോധത്തിന്റെ ഫലമായി ഇംഗ്ലീഷ് പഠനത്തോടും ആധുനിക വിദ്യാഭ്യാസ രീതിയോടും മുസ്‌ലിംകള്‍ വിമുഖത കാണിച്ചു. മുഖ്യധാരയില്‍ നിന്ന് പുറംതള്ളപ്പെടുകയായിരുന്നു അതിന്റെ ഫലം. ഇന്ത്യയിലൊട്ടാകെ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പരാജയത്തിനുശേഷം ഇതായിരുന്നു അവസ്ഥ. മലബാറില്‍ കര്‍ഷക കലാപങ്ങളായി ആളിപ്പടര്‍ന്ന അസ്വസ്ഥതകള്‍ 1921 കാലത്ത് അതിന്റെ പാരമ്യത്തിലെത്തി. ബ്രിട്ടീഷ്‌വിരോധത്തിന്റെ പ്രകടിതരൂപങ്ങളാണ് പിന്നീട് കണ്ടത്.

ഭരണകൂടവുമായി ഇടന്തടിച്ചു നില്‍ക്കുന്ന മുസ്‌ലിംകളെ അനുനയിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗം അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തോട് വിമുഖത കാണിക്കുന്ന മുസ്‌ലിംകളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ മതപഠനം കൂടി പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി. പ്രധാനമായും ഖുര്‍ആന്‍ പഠനമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 1887ല്‍ നിയമിതമായ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ചാണ് കല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെ ഓറിയന്റല്‍ സ്‌കൂള്‍ തുടങ്ങുന്നത്.

മലബാറില്‍ നടന്ന രക്തരൂക്ഷിതമായ കലാപങ്ങളെ തുടര്‍ന്നു മുസ്‌ലിം അസ്വസ്ഥതകളെക്കുറിച്ചു പഠിക്കാന്‍ നിയമിതമായ സ്ട്രാത്തം കമ്മീഷനും മുസ്‌ലിം പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു. ഓത്തുപള്ളികള്‍ സ്‌കൂളുകളാക്കി മാറ്റിയ എയ്ഡഡ് മാപ്പിള സ്‌കൂളുകള്‍ ഇതിന്റെ ഭാഗമാണ്. ഇങ്ങനെ ഖുര്‍ആന്‍ പഠനം സ്‌കൂളുകളിലെത്തി. 1930-ല്‍ മദിരാശി മുന്‍ ഗവര്‍ണ്ണര്‍ സര്‍ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് റിലീജിയസ് ഇസ്ട്രക്ടര്‍മാരെ നിയമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇവരെ പിരിച്ചു വിടുകയായിരുന്നു.

പക്ഷേ തിരുവിതാംകൂറില്‍ സ്ഥിതി ഏറെക്കുറെ മെച്ചമായിരുന്നു. 1911ല്‍ ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന യോഗ തീരുമാനമനുസരിച്ച് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘം തിരുവിതാംകൂര്‍ രാജാവിനെ കണ്ട് അറബ് ഭാഷാ പഠനം സംബന്ധിച്ചു നിവേദനം നല്‍കി. ഇതിനെ തുടര്‍ന്നു 1913-ല്‍ നിയമിതമായ ഡോ. ബിഷപ്പ് കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 25 മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു ഖുര്‍ആന്‍ ടീച്ചറെ നിയമിക്കാന്‍ ഉത്തരവായി. ഇങ്ങനെ 15 വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പഠന സമയത്തിനു മുമ്പ് ഖുര്‍ആന്‍ പഠനം നടന്നു.

പിന്നീട് സര്‍ സി.പി.രാമസ്വാമി അയ്യര്‍ ദിവാനായിരിക്കേ അദ്ദേഹം ഈ ക്ലാസുകള്‍ സ്‌കൂള്‍ പഠന സമയത്ത് തന്നെ ക്രമീകരിക്കുകയും അധ്യാപകര്‍ക്ക് അറബി മുന്‍ഷി എന്നു പേരു നല്‍കുകയും ചെയ്തു.
1956ല്‍ കേരളം രൂപവല്‍ക്കരിക്കുമ്പോള്‍ മലബാറില്‍ അപൂര്‍വ്വം സ്‌കൂളുകളില്‍ ഫസ്റ്റ് ഫോറം മുതല്‍ (ആറാം തരം) അറബി അധ്യാപകരുണ്ടായിരുന്നു. എന്നാല്‍ തിരുവിതാംകൂറിലേത് പോലെ പ്രൈമറി വിദ്യാലയങ്ങളില്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല.

1957ല്‍ ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത് മുതല്‍ ഇതില്‍ ഏകീകരണത്തിനു ശ്രമം തുടങ്ങി. അന്ന് മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഈ മേഖലയിലുള്ള സേവനം അവിടെ ആരംഭിക്കുന്നു. ഇ.എം.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മുന്നില്‍ അന്നത്തെ അറബി പണ്ഡിറ്റ് യൂണിയന്‍ പ്രസിഡണ്ട് ഫലക്കി മുഹമ്മദ് മൗലവിയുടേയും സെക്രട്ടറി കരുവള്ളി മുഹമ്മദ് മൗലവിയുടെയും നേതൃത്വത്തില്‍ ഒരു നിവേദക സംഘം പ്രശ്‌നം അവതരിപ്പിച്ചു. സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. തിരുവിതാംകൂറിലെ നിയമങ്ങളും ചട്ടങ്ങളും മലബാറിലേക്കു കൂടി കൊണ്ടു വരണം എന്നതായിരുന്നു ആവശ്യം.

ഇതിന്റെ ഫലമായി 1958-ലെ കേരള വിദ്യാഭ്യാസ നിയമങ്ങളില്‍ വ്യവസ്ഥയുണ്ടായി. 100കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അറബി തസ്തിക സൃഷ്ടിക്കാം. 15 പീരിയഡ് ഉണ്ടെങ്കില്‍ ഫുള്‍ടൈം ആയി പരിഗണിക്കാം. പക്ഷേ നിയമനം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് മാത്രമായിരിക്കും. പണമില്ല എന്ന പേരില്‍ തസ്തികകള്‍ അംഗീകരിക്കാത്ത പ്രശ്‌നമുണ്ടായി. കേരളത്തില്‍ പ്രസിഡണ്ട് ഭരണമായിരിക്കെ കെ.എം.സീതി സാഹിബിന്റേയും ഡോക്ടര്‍ കെ.ബി.മേനോന്റേയും നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീമാലിക്കും കേരള ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയതിന്റെ ഫലമായി കുറച്ചു തസ്തികകള്‍ അംഗീകരിക്കപ്പെട്ടു.

കേരളത്തിലെ അറബി പഠനത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാകുന്നത് സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ 1967 തൊട്ടാണ്. 1957 മുതല്‍ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നല്ല പരിചയം നേടിയിരുന്ന സി.എച്ച്. അറബി ഭാഷയുടെ പ്രചാരണത്തില്‍ എന്നും സജീവ ശ്രദ്ധ പുലര്‍ത്തിയ വ്യക്തിയാണ്. വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ സി.എച്ച് സ്വീകരിച്ച നടപടി അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് അധ്യാപക വിഭാഗത്തില്‍ നിന്നു ഭാഷാധ്യാപകരായി മാറ്റി എന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്. 365/67 വിദ്യാഭ്യാസം തിയ്യതി 18-8-1967) അനുസരിച്ചായിരുന്നു ഈ നടപടി. ക്രാഫ്റ്റ്, ഡ്രോയിംഗ്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, ഡാന്‍സ് തുടങ്ങിയ ഗ്രൂപ്പിലായിരുന്നു നേരത്തെ അറബി, സംസ്‌കൃതം, ഉര്‍ദു അധ്യാപകര്‍. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരുന്നു നിയമനാംഗീകാരം നല്‍കിയിരുന്നത്. ഇത് കാരണം പലപ്പോഴും തസ്തികകള്‍ അംഗീകരിക്കപ്പെട്ടില്ല. 1967-ലെ സപ്തകക്ഷി മന്ത്രിസഭയില്‍ പി.കെ കുഞ്ഞു ധനകാര്യ മന്ത്രിയായിരിക്കേ ആദ്യ ബജറ്റില്‍ നാലുലക്ഷം രൂപ പ്രത്യേകമായി വകയിരുത്തി കുറച്ചു തസ്തികകള്‍ അംഗീകരിച്ചു. പക്ഷേ ഭാഷാധ്യാപകരായി പരിഗണിക്കാന്‍ തുടങ്ങിയതോടെയാണ് ഈ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരമുണ്ടാകുന്നത്.

അറബി അധ്യാപക തസ്തിക അനുവദിക്കാന്‍ 100 കുട്ടികള്‍ വേണം എന്ന നിബന്ധന ഒഴിവാക്കി 28 കുട്ടികള്‍ പഠിക്കാന്‍ ഉണ്ടെങ്കില്‍ ഒരു പോസ്റ്റ് അനുവദിക്കാവുന്നതാണ് എന്നതായിരുന്നു മറ്റൊരു പ്രധാന മാറ്റം. ഇതിനെ തുടര്‍ന്ന് കൂടുതല്‍ സ്‌കൂളുകളില്‍ തസ്തികകള്‍ അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 10 കുട്ടികളുണ്ടെങ്കില്‍ ഒരു പാര്‍ട്ട് ടൈം പോസ്റ്റ് എന്നതാണ് വ്യവസ്ഥ.

1967 – 73 കാലത്ത് സി.എച്ച് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പിന്നാക്ക പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ വിദ്യാഭ്യാസസൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടായി. സ്വാഭാവികമായും മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ വന്നതോടെ അറബി അധ്യാപകരുടെ എണ്ണം ക്രമപ്രവൃദ്ധമായി വര്‍ദ്ധിച്ചു. 1967ല്‍ കേരളത്തില്‍ 1000 അറബി അധ്യാപകരുണ്ടായിരുന്നത് ഇന്നു പതിനായിരത്തിനടുത്താണ്.
മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം എജുക്കേഷന്‍ തസ്തിക ആറു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത് സി.എച്ചിന്റെ ഭരണകാലത്തായിരുന്നു. നേരത്തെ ഇത് മൂന്ന് മേഖലകളില്‍ മാത്രമായിരുന്നു. അറബി അധ്യാപകരുടെ പ്രമോഷന്‍ തസ്തികയായി ഇതുനിലനില്‍ക്കുന്നു. ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം ഗേള്‍സ് എജുക്കേഷന്‍ തസ്തികയില്‍ 3 സീനിയര്‍ അറബി അധ്യാപികമാര്‍ സേവനമനുഷ്ഠിക്കുന്നു. പില്‍ക്കാലത്ത് അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക ഉണ്ടാവുന്നത് സി.എച്ചിന്റെ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ്.

ഇന്നു ഒന്നാം തരം മുതല്‍ പി.ജി.ക്ലാസ് വരെ അറബി പഠിക്കാന്‍ കേരളത്തില്‍ സൗകര്യമുണ്ട്. പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിച്ചു കൊണ്ടുള്ള ഇത്ര വിപുലമായ അറബി പഠനസൗകര്യം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. അറബി അധ്യാപകര്‍ക്കു പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും ഓറിയന്റല്‍ ടൈറ്റില്‍ കോഴ്‌സുകള്‍ അറബി അധ്യാപക യോഗ്യതയായി നിശ്ചയിച്ചതും പ്രധാന നേട്ടങ്ങളാണ്. സി.എച്ചിന് ശേഷം ആദ്യകാല അറബിക് കോളജുകള്‍ക്ക് യൂണിവേഴ്‌സിറ്റി അഫിലിയേഷനും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളവും ഏര്‍പ്പെടുത്തിയതാണ് പ്രസ്താവ്യമായ മറ്റൊരു നാഴികക്കല്ല്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തില്‍ സി.എച്ച്. മുഹമ്മദ് കോയ വഹിച്ച പങ്ക് ഇങ്ങനെ ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്നു.

(കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച് മുഹമ്മദ് കോയ ചെയറും അറബി ഭാഷാ പഠന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ചത്)


Dec. 28
കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി

2 comments:

നാസര്‍ മുതുപറമ്പ് said...

thank u

Unknown said...

thanks

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes